16 December 2020

മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

മുച്ചിലോട്ട് ഭഗവതി ക്ഷേത്രം [പയ്യന്നൂര്‍ പുന്തുരുത്തി]

ഉള്ളുരുകി പ്രാർഥിക്കുന്നവർക്ക് അനുഗ്രഹവുമായി പൂന്തുരുത്തി ദേശത്തിന്റെ മുഖപ്രസാദമായ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരുകയാണ്. പൈതങ്ങൾക്കെല്ലാം പകരംവെക്കാനില്ലാത്ത മാതൃഭാവമാണ് മുച്ചിലോട്ട് ഭഗവതി. നിത്യകന്യകയായ തമ്പുരാട്ടിയുടെ താലികെട്ടുകല്യാണമാണ് ഓരോ പെരുങ്കളിയാട്ടവും. ഒരുവ്യാഴവട്ടക്കാലത്തെ ഭക്തരുടെയും ദേവിയുടെയും കാത്തിരിപ്പിന്റെ അവസാനം കൂടിയാണത്.

വടക്ക് കുമ്പളയിലെ പെരുതണ മുച്ചിലോട്ട് മുതൽ തെക്ക് വടകര ചോറോട് വൈക്കലശ്ശേരി രാമോത്ത് പുതിയകാവ് വരെയുള്ള 108 മുച്ചിലോട്ട് കാവുകളിൽ 27 എണ്ണത്തിൽ ഒരു വ്യാഴവട്ടക്കാലത്തിലൊരിക്കലാണ് മുച്ചിലോട്ടു ഭഗവതിയുടെ മാംഗല്യച്ചടങ്ങുകളായി പെരുങ്കളിയാട്ടം നടത്തുന്നത്.

പയ്യന്നൂർ നഗരത്തിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ സമീപത്തായാണ് പൂന്തുരുത്തി മുച്ചിലോട്ട്. 600 വർഷത്തിലേറെ പഴക്കമുണ്ട് ക്ഷേത്രത്തിന്. കണ്ണങ്ങാട്ട് ഭഗവതിയുടെ ആരൂഢമായ കണ്ണങ്ങാട്ടുകാവാണ് പിന്നീട് മുച്ചിലോട്ടുകാവായി മാറിയതെന്നാണ് ഐതിഹ്യം.

വസൂരിമഴ
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഒരിക്കൽ പയ്യന്നൂർ പ്രദേശത്ത് വസൂരി പടർന്നുപിടിച്ചു. ആർക്കും ആ വിപത്തിന് പ്രതിവിധി കണ്ടെത്താനായില്ല. നാടുമുഴുവൻ പ്രാർഥനയോടെ പയ്യന്നൂർ പെരുമാളിന്റെ നടയ്ക്കെലത്തി. എന്നാൽ ക്ഷേത്രത്തിലെ തന്ത്രിയെപ്പോലും വസൂരി ബാധിച്ചിരിക്കുകയാണെന്നും പൂജാകർമങ്ങൾ മുടങ്ങിയിരിക്കുകയാണെന്നുമാണ് ജനങ്ങൾക്ക് അറിയാൻ കഴിഞ്ഞത്.
പെട്ടെന്ന് പൂന്തുരുത്തി കണ്ണങ്ങാട്ടെ പടോളി ഊരാളൻ വെളിപാടുണ്ടായി പെരുമാളിന്റെ നടയ്ക്കലെത്തി. കോറോത്ത് മുച്ചിലോട്ട് കാവിൽ അടിയന്തിരകർമം നടക്കുന്നു, മുച്ചിലോട്ട് ഭഗവതി എഴുന്നള്ളിയാൽ രോഗം ഭേദമാവുമെന്ന അരുളിപ്പാടിനുശേഷം ഊരാളൻ ലക്ഷ്മി തറയിലെത്തി.

എന്നാൽ പയ്യന്നൂരിലെ പൊതുവാൾമാരും കോറോത്തെ നായൻമാരും തമ്മിൽ അന്നു നിലനിന്നിരുന്ന കുടിപ്പക കാരണം പയ്യന്നൂരിൽനിന്ന് ആരും കോറോത്തേക്ക് പോയിരുന്നില്ല. കോറോത്തേക്കു പോകുന്നവർക്ക് എന്റെ അമ്മോൻ പെരുമാളും താനും തുണയുണ്ടാകുമെന്ന് പടോളി ഊരാളന്റെ അടുത്ത അരുളപ്പാട്. അങ്ങനെ ദൂതൻമാർ കോറോത്തേക്ക് പുറപ്പെട്ടു. അതേസമയം കോറോം മുച്ചിലോട്ടുകാവിലെ അടിയന്തിര കർമത്തിനിടെ അസാധാരണമായി കോമരത്തിന് വെളിപാടുണ്ടായി. എന്റെ അമ്മോൻ പെരുമാളുടെ കാഴ്ച പുറപ്പെട്ടിരിക്കുകയാണെന്നും, അത് എത്തിയാൽമാത്രമേ ഇനി ചടങ്ങുകളുള്ളൂ എന്നും കോമരം അരുൾചെയ്തു. പയ്യന്നൂരിൽനിന്ന് പുറപ്പെട്ടവർ കാവിന്റെ പടിപ്പുരയിൽ എത്തിച്ചേർന്നപ്പോൾ അവരിൽനിന്ന് കാര്യങ്ങൾ മനസ്സിലാക്കിയ കോമരം കൈവിളക്കുകാരെയും വാല്യക്കാരെയും കൂട്ടി പയ്യന്നൂരിലെത്തി ഉറഞ്ഞുതുള്ളി.
കോറോം മുച്ചിലോട്ടെ കോമരവും ആൾക്കാരും പെരുമാളിന്റെ സന്നിധിയിലെത്തി. ലക്ഷ്മിത്തറയിൽ ഉപവിഷ്ടനായ പടോളി ഊരാളൻ ഓടിപ്പോയി ചിറപ്പടവിൽവച്ച് മുച്ചിലോടിയെ എതിരേറ്റു. ശക്തിസ്വരൂപിണികളായ മുച്ചിലോട്ടുഭഗവതിയും കണ്ണങ്ങാട്ടു ഭഗവതിയും ഒന്നിച്ച് പെരുമാളിന്റെ തന്ത്രിയുടെ അടുക്കലെത്തി. തന്റെ തിരുവായുധത്താൽ പടോളി ഊരാളൻ തന്ത്രിയുടെ പുതപ്പുമാറ്റി. വസൂരിക്കുമിളകൾ നിറഞ്ഞ തന്ത്രിയുടെ ദേഹത്തേക്ക് മുച്ചിലോട്ടു ഭഗവതി മഞ്ഞൾക്കുറി വാരിയെറിഞ്ഞു. തന്ത്രിയുടെ രോഗം ശമിച്ചു. ദേശത്തെ വസൂരിബാധയ്ക്കും ശമനമുണ്ടായി.

ദൗത്യം പൂർത്തീകരിച്ചപ്പോഴേക്കും മുച്ചിലോട്ടു ഭഗവതിയുടെ തിരുവായുധം വെക്കാനും സന്ധ്യാവന്ദനത്തിനുമുള്ള സമയമായിരുന്നു. പെരുമാളിന്റെ ക്ഷേത്രസന്നിധിയിൽ തിരുവായുധം വെക്കാൻ നിർദേശിക്കപ്പെട്ട സ്ഥാനങ്ങളെല്ലാം അനുയോജ്യമല്ലെന്നു കണ്ടതോടെ കണ്ണങ്ങാട്ടു ഭഗവതി തന്റെ സ്ഥാനം മുച്ചിലോട്ടു ഭഗവതിക്കായി ഒഴിഞ്ഞുകൊടുത്തു. അങ്ങനെയാണ് പൂന്തുരുത്തി കണ്ണങ്ങാട് പൂന്തുരുത്തി മുച്ചിലോടായി മാറിയതെന്നാണ് ഐതിഹ്യം. അത് അനുസ്മരിച്ചാണ് മുച്ചിലോട്ടുകാവുകളിൽ കണ്ണങ്ങാട്ടു ഭഗവതിയെ വലതുഭാഗത്ത് കുടിയിരുത്തുന്നത്.

രണ്ട് ഭഗവതിമാർ
💢●●●●●ॐ🔥🔱🔥ॐ●●●●●💢
മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ല. ചടുലമായ വാക്കും ചലനവും മുച്ചിലോട്ട് ഭഗവതിക്കില്ല. സർവാലങ്കാര വിഭൂഷിതയായി തിരുമുടി ഉയർത്തിയാണ് മുച്ചിലോട്ടമ്മ ഭക്തർക്ക് മുന്നിലെത്തുന്നത്. രണ്ടു മുച്ചിലോട്ടു ഭഗവതിമാർ പൂന്തുരുത്തി കാവിൽ കെട്ടിയാടുന്നു. രണ്ട് തമ്പുരാട്ടിമാർ കെട്ടിയാടുന്ന രണ്ടുക്ഷേത്രങ്ങളിലൊന്നാണിത്. നീലേശ്വരം പുതുക്കൈ മുച്ചിലോട്ടാണ് മറ്റൊന്ന്. ഭഗവതിമാരുടെ കോലധാരിയാകാനുള്ള സൗഭാഗ്യം അഞ്ഞുറ്റാനും വണ്ണാൻ സമുദായത്തിൽ പെട്ടവർക്കുമാണ്.

മുച്ചിലോട്ടു ഭഗവതിയുടെ ഉപദേവതകളായി കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, കൂവളന്താറ്റിൽ ഭഗവതി (കൂളന്താട്ട് ഭഗവതി) എന്നീ ദേവതകളെയും കാവിൽ ആരാധിക്കുന്നു. കുണ്ടോർ ചാമുണ്ഡി, മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി എന്നീ ദേവതകളെയും പെരുങ്കളിയാട്ടത്തിൽ കെട്ടിയാടിക്കുന്നു.

No comments:

Post a Comment