ഉദ്ദിഷ്ടകാര്യസിദ്ധിക്കു പന്ത്രണ്ടു നോമ്പ്
ആലപ്പുഴ ജില്ലയിലെ നീരേറ്റുപുറത്തു സ്ഥിതി ചെയ്യുന്ന ചക്കുളത്തുകാവിലെ പ്രധാന അനുഷ്‌ഠാനമാണ് പന്ത്രണ്ടു നോമ്പ് മഹോത്സവം. ധനു ഒന്നിന് തുടങ്ങി പന്ത്രണ്ടിനാണ് പന്ത്രണ്ടു നോമ്പ് അവസാനിക്കുന്നത്. ഉദ്ദിഷ്ട കാര്യസാധ്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനുമാണ് ഭക്തർ പന്ത്രണ്ടു ദിവസത്തെ നോമ്പു നോൽക്കുന്നത്.
സ്ത്രീ -പുരുഷഭേദമന്യേ എല്ലാവർക്കും എടുക്കാവുന്ന വ്രതമാണ് പന്ത്രണ്ടു നോമ്പ്.
ഒന്നാം തീയതി രാവിലെ മാലയിട്ടു വ്രതം തുടങ്ങണം. മത്സ്യ-മാംസാദികൾ കഴിക്കുന്നതു വർജിക്കണം. ഈ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും കുളി കഴിഞ്ഞു വന്നു ദേവിയെ ഭജിക്കണം. ബ്രഹ്മചര്യ നിഷ്ഠയും മനഃശുദ്ധിയും ശരീരശുദ്ധിയും ഉണ്ടാവണം. വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ ഒരു ജീവിയെയും ഹിംസിക്കരുത്. കളങ്കമില്ലാത്ത ഭക്തിയും സ്നേഹവും വ്രതം നോൽക്കുന്നവരും ശീലിക്കണം. പന്ത്രണ്ടു നോമ്പു ദിവസങ്ങളിൽ ക്ഷേത്രത്തിൽ ഭജനമിരിക്കുന്ന ഭക്തരും ഉണ്ട്. പതിനൊന്നാം ദിവസം ഭക്തർ നടത്തുന്ന പ്രസിദ്ധമായ വഴിപാടാണ് കലശാഭിഷേകം. പിറ്റേന്നു പന്ത്രണ്ടാം നാൾ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമെല്ലാം അമ്മയ്ക്കു മുൻപിൽ കാവടി എടുക്കുന്നു. അമ്മച്ചിക്കാവടി എന്നാണ് ഇതറിയപ്പെടുന്നത്. ലഹരിവസ്തുക്കൾ, ചൂതുകളി, മദ്യപാനാസക്തി എന്നിവ മാറാൻ നടത്തുന്ന വിളിച്ചു ചൊല്ലി പ്രാർഥന ഇവിടത്തെ മാത്രം പ്രത്യേകതയാണ്.
പന്ത്രണ്ടു നോമ്പിനോടനുബന്ധിച്ചു നടത്തുന്ന പ്രധാന ചടങ്ങാണ് നാരീപൂജ. എവിടെ സ്ത്രീകളെ പൂജിക്കുന്നുവോ അവിടെ ദേവതമാർ സന്തോഷിക്കുന്നു എന്നു മനുസ്‌മൃതി പറയുന്നു. സർവ പാപങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും മുക്തി നേടാൻ ഭക്തർ നിഷ്ഠയോടെ പന്ത്രണ്ടു നോമ്പ് നോൽക്കുന്നു.
No comments:
Post a Comment