8 October 2020

കപിലൻ

കപിലൻ

ബ്രഹ്മാവിന്റെ പുത്രനായ കർദ്ദമപ്രജാപതിക്ക് സ്വായംഭൂമനുവിന്റെ പുത്രിയായ ദേവഹൂതിയിൽ കപിലൻ പിറന്നു. പ്രിയവ്രതൻ, ഉത്താനപാദൻ  എന്നീ പുത്രന്മാരും ആഹൂതി, ദേവഹൂതി, പ്രസൂതി എന്നിങ്ങനെ പുത്രിമാരും സ്വായംഭൂമനുവിന്റെ സന്തതികൾ. ആഹൂതിയെ രുചിപ്രജാപതിയും ദേവഹൂതിയെ കർദ്ദമപ്രജാപതിയും പ്രസൂതിയെ ദക്ഷപ്രജാപതിയും വിവാഹം ചെയ്തു.

ലോകസഞ്ചാരം നടത്തിയിരുന്ന കർദ്ദമ - ദേവഹൂതി ദമ്പതിമാർക്ക് വിശ്വവിഖ്യാതനും സംഖ്യാമതാചാര്യനും മഹാസിദ്ധനുമായ കപിലനും ഒൻപത് പുത്രിമാരും പിറന്നു.  വിഷ്ണുവിൻറെ അവതാരമായി കരുതിപ്പോരുന്ന കപിലമഹർഷിക്ക് ചക്രധനുസ്സ് എന്നു കൂടി പേരുണ്ട്.

കപിലൻ ഘോരതപസ്സിലായിരിക്കേ കർദ്ദമൻ ഇഹലോകവാസം വെടിഞ്ഞു. കപിലന്റെ മാതാവായ ദേവഹൂതി കപിലനെ സമീപിച്ചു ഭക്തിമാർഗ്ഗമപേക്ഷിച്ചു. കപിലൻ അതു ഉപദേശിക്കുകയും ദേവഹൂതി തപസ്വനിയായി മാറുകയും ചെയ്തു.

കപിലന്റെ ജീവിതത്തിലെ ഒരു സുപ്രധാനമായ സംഭവമാണ് അറുപതിനായിരം സഗരപുത്രന്മാരെ പാതാളത്തിൽ വച്ച് ഭസ്മമാക്കിയത്. സഗരന്റെ യാഗാശ്വത്തെ തട്ടിയെടുത്ത ഇന്ദ്രൻ അശ്വത്തെ പാതാളത്തിൽ തപസ്സു ചെയ്യുകയായിരുന്ന കപിലനരികിൽ കെട്ടിയിട്ടു. യാഗാശ്വത്തെ തേടി വന്ന അറുപതിനായിരം സഗരനുത്രന്മാരും കപിലമഹർഷിയുടെ ഹൂങ്കാരശബ്ദത്തിൽ ചാമ്പലായി. ഇവരുടെ ഉദകക്രീയ നടക്കായ്കയാൽ ഭൂമിയിൽ വരൾച്ചയും കെടുതികളും വന്നു ഭവിച്ചു.  അംശുമാന്റെ പുത്രൻ ഭഗീരഥന്റെ ഘോരതപസ്സിനാൽ ആകാശഗംഗയെ ഭൂമിയിലൂടെ പാതാളത്തിലെത്തിച്ച് സഗരന്മാർക്ക് മോക്ഷം നല്കി.

കപിലനാൽ വിരചിതമായ കപിലശാസ്ത്രം ആദ്യം ഉപദേശിച്ചത് മാതാവിനാണത്രേ. കപിലമഹർഷിയുടേതായി  സംഖ്യാസൂത്രം. തത്ത്വസമാസം, വ്യാസപ്രഭാകരം , കപില പഞ്ചരാത്രം തുടങ്ങി എട്ടോളം കൃതികളുണ്ട്.

ഭൂമിയെ ഐശ്വര്യ പൂർണ്ണമാക്കിയ ഗംഗ ഇവിടേക്കൊഴുകാൻ കാരണക്കാരനായ ഈ മഹർഷി ഭൂമിയും ഗംഗയും ഉള്ളിടത്തോളം വാഴ്ത്തപ്പെടും.

No comments:

Post a Comment