29 September 2020

മീനമൃത്

മീനമൃത്

ഉത്തര മലബാറിലെ ചില കളിയാട്ടങ്ങളിൽ കാണുന്ന അനാദൃശ്യമായ ചടങ്ങുകളിലൊന്നാണ് 'മീനമൃത്'. മത്സ്യബന്ധനം കുലത്തൊഴിലായിട്ടുള്ള വെള്ളുവ സമുദായത്തിൽ പെട്ട ആളുകൾക്കാണ് മീനമൃത് എടുക്കുവാനുള്ള അധികാരം. ഈ കുടുംബത്തിൽ പെട്ട ഒരാളെ വെള്ളുവക്കുറുപ്പായി സ്ഥാനം നൽകിയിട്ടുണ്ടാകും. വെള്ളുവക്കുറുപ്പിന്റെ നേതൃത്വത്തിലാണ് മീനമൃത് കൊണ്ടുവരിക. കളിയാട്ടത്തോടനുബന്ധിച്ച തെയ്യങ്ങൾ വൈകുന്നേരങ്ങളിലാണ് ഉണ്ടാവുകയെങ്കിലും, മീനമൃതിനുള്ള തയ്യാറെടുപ്പ് രാവിലെ മുതൽ തന്നെ ആരംഭിക്കും. കാവിൽ / അമ്പലത്തിൽ നിന്നുള്ള തീർത്ഥവുമായി പുഴക്കരയിലുള്ള തറവാട്ടിലേക്ക് രാവിലെ തന്നെ വെള്ളുവക്കുറുപ്പ് പുറപ്പെടും. വീട്ടിലൊരുക്കിയ സദ്യ കഴിച്ചതിനു ശേഷം തറവാട്ടിൽ വിളക്കു കൊളുത്തി മീൻ പിടിക്കാനായി സംഘത്തോടൊപ്പം യാത്രയാവും. മീനമൃതിനാവശ്യമായത്ര മീൻ ലഭിച്ചു കഴിഞ്ഞാൽ തറവാട്ടിലേക്ക് തിരിച്ചു വരും. പരൽ മീനുകളാണ് മീനമൃതിനായി സാധാരണ ഉപയോഗിച്ചു വരുന്നത്. അവിടെ വച്ച് മീനുകളെ ‘കോയ’കളാക്കി തിരിക്കും. ഈർക്കിൽ ഉപയോഗിച്ച് ലഭിച്ച മീനുകളെ കോർത്താണ് ‘കോയ’കളുണ്ടാക്കുന്നത്. പ്രസ്തുത ‘കോയ’കൾ കാലകാലങ്ങളായി ഉപയോഗിച്ചു വരുന്ന ‘തണ്ടിൽ’ കൊളുത്തിയിട്ട് വൈകുന്നേരം അമ്പലത്തിലേക്ക്/ കാവിലേക്ക് പുറപ്പെടുകയായി. വള്ളുവക്കുറുപ്പും പരിവാരങ്ങളും ‘ശീ....ഓം......, ശീം.. ഓം...... വിളികളുമായും ചീനിക്കുഴൽ, മദ്ദളം, ഇലത്താളം എന്നീ വാദ്യങ്ങളുടെ അകമ്പടിയോടെയും യാത്രയാകും. അമ്പലത്തിൽ/ കാവിലേക്ക് എത്തുന്ന വെള്ളവക്കുറുപ്പിനെയും, മീനമൃതിനെയും ക്ഷേത്രത്തിലെ ആചാരക്കാർ അരിയെറിഞ്ഞു സ്വീകരിക്കും. അമ്പലമുറ്റത്ത് / കാവിലെ മുറ്റത്ത് സമർപ്പിക്കുന്ന മീനമൃത് ക്ഷേത്രത്തിലെ അവകാശികൾക്കും മറ്റുള്ളവർക്കുമായി വീതിച്ചു നൽകും.
            

No comments:

Post a Comment