29 September 2020

ഋഗ്വേദം

ഋഗ്വേദം

മഹർഷിമാരുടെ ഗോത്ര പരമ്പര വഴിക്ക് ഗുരുമുഖത്തിൽ നിന്ന് ശ്രവിച്ച്, മനനം ചെയ്ത് അനുഷ്ടിച്ചിരുന്നതാണ് വേദത്തിന്റെ മൂലസ്വരൂപം. അതിനാൽ വേദത്തെ 'അനാലേഖ്യ സരസ്വതി' (എഴുതപ്പെടാത്ത വിദ്യ) എന്നു പറഞ്ഞിരുന്നു. ക്രമേണ ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നിങ്ങനെ വേദങ്ങൾ സാമേന്യേന നാലായി വിഭജിക്കപ്പെട്ടു.

ഋഗ്വേദം :

പത്തു മണ്ഡലങ്ങളിലായി വിഭജിച്ചിരിക്കുന്ന ഋഗ്വേദത്തിൽ ആകെ 1028 സൂക്തങ്ങളുണ്ട്. ഒാരോ വേദസൂക്ത സമൂഹത്തെ മണ്ഡലമായി തിരിച്ചിരിക്കുന്നു.
ഒന്നാം മണ്ഡലത്തിൽ 191
രണ്ടാം മണ്ഡലത്തിൽ 43
മൂന്നാമത്തേതിൽ 62
നാലാമത്തേതിൽ 58
അഞ്ചാമത്തേതിൽ 87
ആറാമത്തേതിൽ 75
ഏഴാമത്തേതിൽ 104
എട്ടാമത്തേതിൽ 103
ഒമ്പതാമത്തേതിൽ 114
പത്താമത്തേതിൽ 191
എന്നീ ക്രമത്തിലാണ് ഋഗ്വേദ സൂക്തങ്ങളുടെ സംഖ്യ. ഇൗ പത്തു മണ്ഡലങ്ങളും കൂടി മൊത്തം 85 അനുവാകങ്ങളുണ്ട്. ഇതിൽ അഗ്നി, വായു, സൂര്യൻ, ഇന്ദ്രൻ, വരുണൻ, രുദ്രൻ, വിഷ്ണു, സരസ്വതി, ഋതുക്കൾ, മരുത്ത് മുതലായ 79ൽ പരം ദേവതകളുടെ സൂക്തങ്ങളും ഉപാസനാ ക്രമങ്ങളും അടങ്ങിയിരിക്കുന്നു. അനുഷ്ടുപ്, അഷ്ടി, അതിധൃതി, അതിജഗതി, ധൃതി, ദ്വിപദി, ത്രിഷ്ടുപ്, ഗായത്രി, പംക്തി, പ്രഗാഥ മുതലായി 60ൽ പരം ഛന്ദസ്സുകളിലൂടെ 300ൽ പരം ഋഷികളാൽ രചിക്കപ്പെട്ടതാണ് ഋഗ്വേദം. 'ഋക്ക്' എന്ന ശബ്ദത്തിന്റെ പര്യായമായി, വിവിധ ചൈതന്യ വസ്തുക്കൾ വിവിധ ഛന്ദസ്സുകളിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നു.

ഋഗ്വേദം വേദവ്യാസമഹർഷി തന്റെ ശിഷ്യനായ പൈല ഋഷിയെ പഠിപ്പിച്ചുവെന്ന് വിഷ്ണു പുരാണത്തിൽ പറയുന്നു. കാത്യായന ഋഷി ഇൗ വേദത്തെ എട്ട് അദ്ധ്യായങ്ങൾ വീതമുള്ള എട്ട് അഷ്ടകങ്ങളായും പഠിപ്പിച്ചിട്ടുണ്ട്. ഋഗ്വേദ ദേവതകളെപ്പറ്റിയും അതിലെ സൂക്തങ്ങളെയും ഉപാസനാ രീതികളെപ്പറ്റിയും ശൗനക ഋഷി രചിച്ചിട്ടുള്ള 'ബൃഹദ്ദേവത' എന്ന് ഗ്രന്ഥത്തിൽ വിസ്തരിച്ച് വർണ്ണിച്ചിരിക്കുന്നു.

ഋഗ്വേദത്തിൽ എെതരേയമെന്നും ശാഖായനമെന്നും യഥാക്രമം നാൽപതും മുപ്പതും അദ്ധ്യായങ്ങൾ ഉള്ള രണ്ട് ബ്രാഹ്മണങ്ങളുണ്ട്. എെതരേയമെന്നും കൗഷീതകിയെന്നും ആരണ്യകങ്ങൾ രണ്ടാണ്. ഷഡംഗങ്ങളിൽ 'ശൗനകീയ ശിക്ഷ'യൊഴിച്ച് മറ്റൊന്നും ഇന്നു കിട്ടാനില്ല. ശാകലം, വാസ്കലം, ആശ്വലായനം, സാംഖ്യായനം മുതലായി 21 ശാഖകളുള്ളതിൽ ശാകല ശാഖയാണ് ഇപ്പോൾ പ്രചാരത്തിലിരിക്കുന്നത്.

'ആയുർവേദ'മാണ് ഋഗ്വേദത്തിന്റെ ഉപവേദം. ലോകത്തിലെ എല്ലാ ചികിത്സാ സമ്പ്രദായങ്ങളും ആയുർവേദത്തോടു കടപ്പെട്ടിരിക്കുന്നു. ശാരീരികമായ ആരോഗ്യവും മാനസികമായ സു:സ്ഥിതിയും എങ്ങിനെ നിലനിർത്താമെന്ന് ആയുർവേദത്തിൽ സാംഗോപാംഗമായി വിവരിച്ചിരിക്കുന്നു. ആദിയിൽ ആയിരം അദ്ധ്യായങ്ങളും ഒരു ലക്ഷം ശ്ളോകങ്ങളുമുള്ള ആയുർവേദം ബ്രഹ്മാവ് പ്രജാപതിക്കു നൽകി. പ്രജാപതിയിൽ നിന്ന് അശ്വനീകുമാരൻമാർ അതു പഠിച്ചു. അവരിൽനിന്ന് ഇന്ദ്രനും, ഇന്ദ്രദേവനിൽ നിന്ന് ധന്വന്തരിയും അതു പഠിച്ചു. ധന്വന്തരിയിൽ നിന്ന് ശ്രവിച്ച് മനന ധ്യാനങ്ങൾ ചെയ്ത് സുശ്രുത മുനി ഗ്രന്ഥം രചിച്ചു. അഷ്ടാംഗങ്ങളോട് കൂടിയ ആയുർവേദത്തിന് അനേകം ഉപഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ കൂടുതൽ പഴക്കമുള്ള അഗ്നീധ്രുസു രാജഗ്രന്ഥത്തിൽ 56000 ശ്ളോകങ്ങളും കർണ്ണപ്രഭയിൽ 12000 ശ്ളോകങ്ങളും ധാതുവാദ ഗ്രന്ഥത്തിൽ 60000 ശ്ളോകങ്ങളും ധന്വന്തരീ സൂത്രത്തിൽ 10000 ശ്ളോകങ്ങളും മാന സൂത്ര ഗ്രന്ഥത്തിൽ 12009 ശ്ളോകങ്ങളും ഉണ്ട്. ചരണവ്യൂഹപ്രകാരം ഋഗ്വേദത്തിന്റെയും സുശ്രുതാദിപ്രകാരം അഥർവ്വ വേദത്തിന്റെയും ഉപവേദമാണ് ആയുർവേദമെന്നു കാണുന്നുണ്ടെങ്കിലും മൂലവേദത്തിന്റെ മുഖ്യമായ ഉപവേദമാണെന്നതിന്ന് രണ്ടുപക്ഷമില്ല.

No comments:

Post a Comment