22 September 2020

സേതുബന്ധന സ്മരണയില്‍ ശ്രീരാമന്‍ചിറ

സേതുബന്ധന സ്മരണയില്‍ ശ്രീരാമന്‍ചിറ

സീതാദേവിയെ വീണ്ടെടുക്കാനുള്ള യാത്രയ്ക്കിടയില്‍ രാമേശ്വരത്തു നിന്ന്‌ ലങ്കയിലേക്ക്‌ സേതുബന്ധനം നടത്തിയതിന്റെ ഓര്‍മ്മക്കായി എല്ലാവര്‍ഷവും സേതുബന്ധനച്ചടങ്ങുകള്‍ നടത്തപ്പെടുന്ന ഭൂമിയിലെ ഒരേ ഒരു സ്ഥലമാണ്‌ ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ചിറ. തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറിനടുത്താണ്‌ ചെമ്മാപ്പിള്ളി. ഇവിടെ നിന്നും കുറച്ചു കിഴക്കുമാറിയാണ്‌ ചാത്തന്മാരുടെ സ്വന്തം നാടായ പെരിങ്ങോട്ടുകര സ്ഥിതി ചെയ്യുന്നത്‌, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം എന്നിവിടങ്ങളിലേക്ക്‌ ഇവിടെ നിന്നുള്ള ദൂരം തുല്യമാണ്‌. തൃപ്രയാറപ്പന്റെ പാദാരവിന്ദങ്ങളെത്തഴുകി ഒഴുകുന്ന കനോലി കനാലിനും ശ്രീരാമന്‍ ചിറയ്ക്കും ഇടയ്ക്കുള്ള പ്രദേശമാണ്‌ ചെമ്മാപ്പിള്ളി എന്ന പ്രകൃതി രമണീയമായ സ്ഥലം.

താന്ന്യം പഞ്ചായത്തിലെ ഏക സ്വാഭാവിക ശുദ്ധജലസ്രോതസ്സാണ്‌ ശ്രീരാമന്‍ ചിറയെന്നറിയപ്പെടുന്ന 900 പറ പാടശേഖരം. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിന്റെ നേതൃത്വവും ശ്രീരാമഭഗവാന്‍ നേരിട്ടു നടത്തിയ ചടങ്ങിനെ അനുസ്മരിക്കുന്നതിനാലുമാണ്‌ ഈ പാടശേഖരത്തിന്‌ ശ്രീരാമന്‍ ചിറയെന്നു പേര്‍ ലഭിച്ചത്‌. ആചാരപ്പെരുമയോടെ, ആഘോഷത്തോടെ ചിറകെട്ടി വെള്ളം ശേഖരിച്ചിരുന്ന സമയത്ത്‌ ഇവിടെ ശുദ്ധജലക്ഷാമം ഉണ്ടായിരുന്നില്ല. കടുത്ത വേനലില്‍പ്പോലും പ്രദേശത്തെ കുളങ്ങളും കിണറുകളും ജലസമൃദ്ധമായിരുന്നു. ശ്രീരാമന്‍ ചിറ, പെരിങ്ങോട്ടുകരപ്പാടം, കണ്ണന്‍ ചിറ എന്നിങ്ങനെയുള്ള മൂന്ന്‌ തൊള്ളായിരം പറ പാടശേഖരം തൃപ്രയാര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ശ്രീരാമന്‍ ചിറയില്‍ ഒരുപ്പൂ കൃഷിയും മറ്റു രണ്ടു പാടശേഖരങ്ങളില്‍ ഇരുപ്പൂ കൃഷിയും ആണ്‌ നടന്നിരുന്നത്‌. വേനലില്‍ നടക്കുന്ന കൃഷിയ്ക്ക്‌ ജലസംഭരണിയായി ശ്രീരാമന്‍ ചിറയെ ഉപയോഗിച്ചിരുന്നു. ഒരു പ്രാവശ്യം മാത്രമേ കൃഷിയുള്ളൂവെങ്കിലും ഒരു വര്‍ഷത്തേയ്ക്കുള്ള നെല്ല്‌ ഇവിടെ നിന്നും ലഭിച്ചിരുന്നു. ആര്യന്‍ ഇനത്തില്‍പ്പെട്ട നെല്ലായിരുന്നു വിതച്ചിരുന്നത്‌.

കന്നിമാസത്തിലെ തിരുവോണദിനത്തില്‍ ചിറ കെട്ടുന്ന ഈ ചടങ്ങ്‌, വളരെ ഉത്സാഹത്തോടെ ചിറകെട്ടോണമായി ആഘോഷിച്ചു വരുന്നു. ഈ പ്രദേശങ്ങളില്‍ (തൃപ്രയാര്‍) തേവരുടെ ഓണം എന്നുകൂടി ഈ ആഘോഷം അറിയപ്പെട്ടിരുന്നു. അന്നേദിവസം പുലര്‍ച്ചെ 3 മണിയ്ക്ക്‌ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിയമവെടി കേള്‍ക്കുമ്പോള്‍, ശ്രീരാമന്‍ചിറയില്‍ തൃക്കാക്കരയപ്പനെ എഴുന്നള്ളിച്ചു വയ്ക്കുന്നതോടെയാണ്‌ ചിറകെട്ടോണത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്നത്‌. അതിനുശേഷം തൃക്കാക്കരയപ്പനു മുന്നിലിരുന്ന്‌ ചിറകെട്ട്‌ ചടങ്ങ്‌ നടത്തുന്നതു വരെ (വൈകുന്നേരം വരെ)  ചെണ്ടകൊട്ട്‌ തുടരുന്നു. പുലര്‍ച്ചെയുള്ള ഈ ചെണ്ടകൊട്ട്‌ കേള്‍ക്കുമ്പോഴാണ്‌ ചെമ്മാപ്പിള്ളി – പെരിങ്ങോട്ടുകര പ്രദേശങ്ങളിലുള്ളവര്‍ വീടുകളിലും ഈ ചടങ്ങ്‌ നടത്തിയിരുന്നത്‌. വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതിനു ശേഷം പൂവടയ്ക്ക്‌ പുറമേ അരി, പയര്‍ എന്നിവ വറുത്തതും പ്രത്യേകമായി നിവേദിച്ചിരുന്നു.

900 പറ വിസ്തീര്‍ണ്ണമുള്ള ഈ പാടശേഖരത്തിന്റെ തെക്കേ അറ്റത്താണ്‌ ബണ്ട്‌ നിര്‍മ്മിച്ചിരുന്നത്‌. പാടശേഖരത്തിനു കുറുകേ നീളത്തില്‍ കെട്ടുന്ന ഒരു നീളന്‍ കെട്ടും, അതിനു പുറത്ത്‌ അര്‍ദ്ധവൃത്താകൃതിയില്‍ കെട്ടുന്ന വട്ടക്കെട്ടും. നീളന്‍ കെട്ടിനു ബലക്ഷയം സംഭവിച്ചാലും സംഭരിച്ച വെള്ളം നഷ്ടപ്പെടാതിരിക്കുന്നതിനു വേണ്ടിയാണ്‌ വട്ടക്കെട്ട്‌. ചിറ നിര്‍മ്മിക്കുന്നതിനുള്ള മണ്ണ്‌, മുള, ഓല, മറ്റ്‌ അനുബന്ധ വസ്തുക്കള്‍ തുടങ്ങിയവയെല്ലാം തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ നിന്നാണ്‌ നല്‍കി വന്നിരുന്നത്‌. അവയെല്ലാം എത്തിക്കുന്നതിനും മറ്റുമായി നിരവധി തൊഴിലാളികള്‍ ഇവിടെ പണിയെടുത്തിരുന്നതും ചരിത്രം. കെട്ടിയ ചിറ ഉറയ്ക്കുന്നതിനായി ഇവിടെ നരബലി നടന്നിരുന്നതായി പറയപ്പെടുന്നു. അവസാനമായി ബലിനല്‍കിയത്‌ ചേന്നന്‍ എന്നയാളെ ആയിരുന്നുവെന്നും, ചേന്നനെ ബലിനല്‍കിയ കോള്‍ (പാടശേഖരം) എന്ന അര്‍ത്ഥത്തില്‍ , ഈ സ്ഥലത്തെ ചേന്നന്‍ കോള്‍ എന്നു വിളിച്ചു വന്നു എന്നുമാണ്‌ പറയപ്പെടുന്നത്‌. മൂന്നു പതിറ്റാണ്ടുകള്‍ മുമ്പു വരെ ചേന്നന്‍ കോള്‍ എന്നറിയപ്പെട്ട സ്ഥലമാണ്‌ ഇപ്പോള്‍ ചെമ്മാപ്പിള്ളി എന്ന പേരില്‍ അറിയപ്പെടുന്നത്‌.

ശ്രീരാമന്‍ ചിറയില്‍ ചിറകെട്ടുന്നതിനായി തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദീപാരാധനയും അത്താഴപൂജയും നേരത്തേത്തന്നെ കഴിഞ്ഞ്‌, ക്ഷേത്രനട നേരത്തേ അടയ്ക്കുന്നു. അതിനുശേഷം ദേവസ്വം ശ്രീകാര്യം (ദേവസ്വം ഓഫീസര്‍), ഒരു ശാന്തിക്കാരന്‍ എന്നിവര്‍ മറ്റ്‌ ക്ഷേത്ര ജീവനക്കാര്‍ക്കൊപ്പം ചിറകെട്ട്‌ നടക്കുന്ന സ്ഥലത്ത്‌ ചെന്ന്‌ അനുമതി നല്‍കിയതിനു ശേഷമാണ്‌ ചിറകെട്ട്‌ ആരംഭിക്കുന്നത്‌. ശാന്തിക്കും അവകാശങ്ങള്‍ അളന്നു നല്‍കുന്നവര്‍ക്കും കുളിക്കുന്നതിനായി മഠത്തിലകായിയിലെ കുളം എന്നറിയപ്പെട്ടിരുന്ന കുളമാണ്‌ ഉപയോഗിച്ചിരുന്നത്‌.

ക്ഷേത്രനട അടച്ചതിനു ശേഷം തൃപ്രയാര്‍ തേവര്‍ മുതലപ്പുറത്ത്‌ കയറി ശ്രീരാമന്‍ ചിറയില്‍ എത്തുമെന്നാണ്‌ സങ്കല്‍പ്പം. നട അടയ്ക്കുന്ന സമയത്ത്‌ ക്ഷേത്രത്തിന്റെ മീനൂട്ട്‌ കടവില്‍ (കനോലിപ്പുഴയില്‍) അസാധാരണമായ തിരയിളക്കം കാണാന്‍ സാധിക്കാറുണ്ടെന്ന്‌ തൃപ്രയാര്‍ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിമാരടക്കമുള്ള പൂര്‍വ്വികര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ചിറകെട്ടുന്ന അന്ന്‌ പെയ്യുന്ന മഴയില്‍ ശ്രീരാമന്‍ചിറ നിറയുമെന്നാണ്‌ വിശ്വാസം. ആ വിശ്വാസം തെറ്റാതെ കാലം കാത്തു സൂക്ഷിച്ചിട്ടുമുണ്ട്‌. ശ്രീരാമന്‍ ചിറ കെട്ടുന്നതിനായി തൃപ്രയാര്‍ ക്ഷേത്രനട അടച്ചുകഴിഞ്ഞാല്‍ പിന്നെ ആരും ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പ്രവേശിക്കരുതെന്ന്‌ വിധിയുണ്ട്‌. 

ചിറകെട്ടുദിവസത്തിനു പുറമേ, ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുവാന്‍ പോകുന്നതിനു മാത്രമാണ്‌ തൃപ്രയാര്‍ ക്ഷേത്രനട നേരത്തേ അടയ്ക്കുന്നത്‌ എന്നതില്‍ നിന്നും ചിറകെട്ടുന്ന ചടങ്ങിന്റെ പവിത്രതയും പ്രാധാന്യവും എത്രത്തോളമുണ്ടെന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. ആയിരത്തഞ്ഞൂറ്‌ വര്‍ഷത്തിലധികം പഴക്കമുള്ള തൃപ്രയാര്‍ ക്ഷേത്രത്തിന്റെ അത്രയും തന്നെ പഴക്കം ശ്രീരാമന്‍ചിറ കെട്ടുന്നതിനും, ചിറകെട്ടോണത്തിനും ഉണ്ടെന്നുള്ളതില്‍ തര്‍ക്കമില്ല. 

ഹിന്ദു സമൂഹത്തിലെ ഒൻപത് സമുദായങ്ങളില്‍ നിന്നുള്ളവരുടെ സഹകരണം ഈ ചടങ്ങിനാവശ്യമായിട്ടുണ്ട്‌. ചിറകെട്ടുന്നതിനുള്ള അവകാശം വേട്ടുവ സമുദായത്തിനും, ചിറകെട്ടിയതിനു ശേഷം പടിഞ്ഞാറു ഭാഗത്തുള്ള കൊട്ടാരവളപ്പില്‍ ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ പൂജ നടത്തുന്നതിന്‌ നമ്പൂതിരിയും, നാഴി അല്ലെങ്കില്‍ ഇടങ്ങഴി വയ്ക്കുന്നതിന്‌ ആശാരിയും, ഇരുമ്പുകത്തി സമര്‍പ്പിക്കുന്നതിനായി കരുവാനും, മോതിരം സമര്‍പ്പിക്കുന്നതിനായി തട്ടാനും, മാറ്റും വെള്ളയും കരിമ്പടവും കൊണ്ടു വരുന്നതിനായി വെളുത്തേടത്ത്‌ നായരും, നെല്ലും കാഴ്ചക്കുലയും സമര്‍പ്പിക്കുന്നതിനായി നായരും, കൊട്ടാരപ്പറമ്പിലെ പൂജാദ്രവ്യങ്ങളൊരുക്കുന്നതിനും തോരണമിട്ട്‌ അലങ്കരിക്കുന്നതിനുമായി ഈഴവരും ഓലക്കുട സമർപ്പിക്കുന്നതിന്  പറയരും (സാംബവ) എന്നിങ്ങനെയാണ്‌ ഓരോ വിഭാഗത്തിനും കല്‍പ്പിച്ചു നല്‍കിയിട്ടുള്ള ചുമതലകള്‍. ഇതിനു പുറമേ, കൊട്ടാരവളപ്പില്‍ സമര്‍പ്പിക്കുന്ന നെല്ല്‌ കുത്തി അരിയാക്കി, അതുപയോഗിച്ചുള്ള നിവേദ്യം പിറ്റേന്ന്‌ തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഭഗവാന്‌ സമര്‍പ്പിക്കുകയും വേണം. അതുപോലെ മറ്റ്‌ സമര്‍പ്പിത വസ്തുക്കളും ക്ഷേത്രത്തില്‍ കൊണ്ടുപോയി ശ്രീകോവിലില്‍ ഭഗവാന്റെ സമീപത്ത്‌ വയ്ക്കണമെന്നും ഉണ്ടത്രേ.

ഈഴവാദി പിന്നോക്ക സമുദായങ്ങളടക്കം ഇത്രയധികം സമുദായങ്ങള്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതായ ആചാരപ്പെരുമയോടു കൂടിയുള്ള ചടങ്ങുകള്‍ വേറെ മഹാക്ഷേത്രങ്ങളിലൊന്നും തന്നെ കാണാന്‍ സാധിക്കില്ലെന്നുള്ളത്‌ എടുത്തു പറയേണ്ടകാര്യമാണ്‌. കൂടാതെ ആറാട്ടുപുഴ ദേവമേള ദിവസം, തൃപ്രയാര്‍ തേവര്‍ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയാക്കി തിരിച്ചെത്തുമ്പോള്‍ പൂരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനു തൊട്ടു മുമ്പായി ചിറകെട്ട്ചടങ്ങില്‍ പങ്കെടുക്കുന്ന ആശാരി, കരുവാന്‍, തട്ടാന്‍ സമുദായാംഗങ്ങള്‍ക്ക്‌ അവകാശം നല്‍കുന്ന ഒരു ചടങ്ങുണ്ട്‌. പ്രസ്തുത അവകാശം ക്ഷേത്രത്തിനകത്തു വച്ചു തന്നെയാണ്‌ നല്‍കി വരുന്നത്‌. തൃപ്രയാര്‍ തേവര്‍ കല്‍പ്പിച്ചു നല്‍കിയ ഈ അവകാശം സ്വീകരിക്കുന്നത്‌ പുണ്യമായി അവകാശികള്‍ കരുതി വരുന്നു. 

തൃപ്രയാര്‍ ക്ഷേത്രം പണിയുന്നതിനായി എത്തിയവരാണ്‌ ഈ സമുദായാംഗങ്ങളുടെ മുന്‍ തലമുറക്കാര്‍. തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നും കല്‍പ്പിച്ചു നല്‍കിയ തറവാട്ടുപേരുകളാണ്‌ അവര്‍ ഇപ്പോഴും ഉപയോഗിച്ച്‌ വരുന്നത്‌. ആശാരി, തട്ടാന്‍ സമുദായങ്ങള്‍ക്ക്‌ കൂട്ടുമാക്കല്‍ എന്നും, കരുവാന്‍ സമുദായത്തിന്‌ നെടുന്തേടത്ത്‌ എന്നുമാണ്‌ ആ പേരുകള്‍. ഇതിനു പുറമേ ചെമ്മാപ്പിള്ളി കൂട്ടുമാക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം പണിതത്‌ തൃപ്രയാര്‍ ക്ഷേത്രം പണിതതിനു ശേഷം ബാക്കി വന്ന സാമഗ്രികള്‍ ഉപയോഗിച്ചാണെന്നും വിശ്വസിക്കപ്പെടുന്നു.

സേതുബന്ധന സമയത്ത്‌ വെള്ളത്തില്‍ മുങ്ങി മണ്ണില്‍ക്കിടന്നുരുണ്ട്‌ ആ മണ്ണ്‌ തന്റെ ദേഹത്തു നിന്നും കുടഞ്ഞ്‌ താഴെയിട്ട്‌ ചിറകെട്ടുന്നതിന്‌ സഹായിച്ച അണ്ണാറക്കണ്ണനെ ഓര്‍ക്കാനെന്നവണ്ണം, ഒരു പിടി മണ്ണ്‌ വാരിയിട്ട്‌ ചിറകെട്ടുന്നതിന്‌ സഹായിക്കുന്ന എല്ലാവര്‍ക്കും നെല്ല്‌ അളന്നുനല്‍കി പ്രാതിനിധ്യം ഇല്ലാത്തവരുടെ കൂടി സഹകരണം ക്ഷേത്രഭരണകര്‍ത്താക്കള്‍ ഉറപ്പാക്കിയിരുന്നു. ഇവര്‍ക്കുപുറമേ കൈകൊട്ടിക്കളി, കുമ്മാട്ടിക്കളി, വടിതല്ല്‌, കാളകളി തുടങ്ങിയ നാടന്‍ കലാരൂപങ്ങള്‍ ചിറക്കെട്ടുത്സവത്തില്‍ അവതരിപ്പിച്ചവര്‍ക്കുള്ള അവകാശവും നല്‍കിയിരുന്നു. വിവിധ വസ്തുക്കള്‍ സമര്‍പ്പണം നടത്തിയവര്‍ക്കും ചിറകെട്ടില്‍ പങ്കെടുത്തവര്‍ക്കും കളിക്കാര്‍ക്കും ഉള്ള അവകാശം വിതരണം ചെയ്തിരുന്നത്‌ കൊട്ടാരവളപ്പില്‍ ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ വച്ചായിരുന്നു. ഇന്നത്തെപ്പോലെത്തന്നെ ദേവസ്വം ശ്രീകാര്യം നേരിട്ട്‌ വന്നിട്ടായിരുന്നു എല്ലാവര്‍ക്കുമുള്ള അവകാശങ്ങള്‍ വിതരണം ചെയ്തിരുന്നത്‌.

ആവണേങ്ങാട്ട്‌ കളരിയിലെ (പെരിങ്ങോട്ടുകരയിലുള്ള പുരാതന ചാത്തന്‍ ക്ഷേത്രമാണിത്‌) കാരണവന്മാര്‍ ഈ ചടങ്ങ്‌ നടത്തുന്നതിനായി കൊണ്ടുവന്നിരുന്ന പറയ സമുദായത്തില്‍പ്പെട്ടവരായിരുന്നു ആദ്യകാലത്ത്‌ ചിറകെട്ടിയിരുന്നത്‌. ചിറകെട്ടുന്നതിനും മാസങ്ങള്‍ക്കുമുമ്പേ അവര്‍ ആയതിനുള്ള സാധനസാമഗ്രികള്‍ എത്തിച്ച്‌ ഇതിനു സമീപം എല്ലാവരും കൂടി താമസിക്കുകയായിരുന്നു പതിവ്‌. പിന്നീട്‌ അവര്‍ അവകാശം ഉപേക്ഷിച്ചു പോയപ്പോള്‍ ചിറകെട്ട്‌ മുടങ്ങാതിരിക്കുന്നതിനായി തൃപ്രയാര്‍ ക്ഷേത്രത്തിന്റെ ഊരായ്മ ഇല്ലങ്ങളിലൊന്നായ ചെമ്മാപ്പിള്ളി പുന്നപ്പിള്ളിമനയിലെ കാരണവന്മാര്‍ കൊണ്ടുവന്ന്‌ ഇല്ലപ്പറമ്പില്‍ താമസിപ്പിച്ച വേട്ടുവസമുദായക്കാരുടെ പിന്മുറക്കാര്‍ക്കാണ്‌ ഇപ്പോള്‍ ചിറകെട്ടുന്നതിനുള്ള അവകാശമുള്ളത്‌.

ആചാരങ്ങള്‍ മുറതെറ്റാതെ ഈ ചടങ്ങുകളെല്ലാം നടത്തി വന്നിരുന്നതാകട്ടെ ചിറകെട്ടി തുലാവര്‍ഷ ജലം ശേഖരിക്കുന്നതിനു വേണ്ടിയായിരുന്നു എന്നത്‌ എടുത്തുപറയേണ്ട കാര്യമാണ്‌. മഴക്കാലം തീരുന്നതോടെ (നവംബര്‍ മാസത്തില്‍) തൃപ്പാദയാറെന്നറിയപ്പെടുന്ന കനോലിപ്പുഴയില്‍ ഉപ്പുവെള്ളം കയറി ഉപയോഗയോഗ്യമല്ലാതാകും.
അപ്പോള്‍ കനോലി കനാലിന്റെ തീരത്ത്‌ താമസിക്കുന്നവരുടെ കിണറുകളും, കുളങ്ങളുമെല്ലാം ഉപ്പുരസമുള്ള വെള്ളത്താല്‍ നിറയും. ജല സമൃദ്ധമായിരുന്ന പോയ കാലത്തിന്റെ സ്മരണയായി ഒരു ഓര്‍മ്മത്തെറ്റു പോലെ രണ്ട്‌ കുളിക്കടവുകളും ഇന്നും ശ്രീരാമന്‍ ചിറയുടെ ബണ്ടിന്മേല്‍ ഉണ്ട്‌.  മീന്‍ പിടിച്ച്‌ ഉപജീവനം നടത്തിയിരുന്നവരും ശ്രീരാമന്‍ ചിറയെ ആശ്രയിച്ചിരുന്നു. വരാല്‍, വാള, പരല്‍, മുണ്ടത്തി തുടങ്ങിയ നാടന്‍ ശുദ്ധജല മത്സ്യങ്ങളാല്‍ സമൃദ്ധമായിരുന്നു ശ്രീരാമന്‍ ചിറ. ചിറകെട്ടി വെള്ളം സംഭരിക്കുന്നത്‌ നിലച്ചതോടെ പലതരം മത്സ്യങ്ങളും അന്യം നിന്നു പോയിട്ടുണ്ട്‌.

റെയിന്‍ വാട്ടര്‍ ഹാര്‍വസ്റ്റിങ്ങും, മഴക്കുഴികളുമെല്ലാം നമ്മുടെ ഭരണകര്‍ത്താക്കള്‍ ചിന്തിച്ചു തുടങ്ങുന്ന ഇക്കാലത്ത്‌ , ബണ്ടു നിര്‍മ്മിച്ച്‌ ജലം സംഭരിക്കാതെ കിടക്കുന്ന ഈ പാടശേഖരം നമുക്കു മുന്നില്‍ ഒരു ചോദ്യചിഹ്നമാവുകയാണ്‌. നമ്മുടെ പൂര്‍വ്വികര്‍, പ്രത്യേകിച്ചും ഒരു ക്ഷേത്രം, മനുഷ്യന്റെ അടിസ്ഥാനാവശ്യമായ ജലത്തിനു വേണ്ടി എങ്ങിനെ പ്രകൃതിയോട്‌ ഇടപഴകി? ജനങ്ങളുടെ ആവശ്യത്തിന്‌ എത്രമാത്രം ശ്രദ്ധ ചെലുത്തി? എല്ലാം പുതിയ തലമുറയോട്‌ വിളിച്ചറിയിക്കേണ്ട ചുമതല നമുക്കില്ലേ?

ചിറയെപ്പറ്റിയുള് ഷോർട്ട് ഫിലിം ലിങ്ക് : പൈതൃകം
https://youtu.be/RyMPcu_dN_Y

ചിറയെപ്പറ്റി കേട്ടിട്ടുള്ള ഒരു കഥ: ചിറയുറയ്ക്കാൻ നരബലി

https://youtu.be/QX0uNd70djA

ചിറയെപ്പറ്റി മറ്റൊരു കഥ: *ചിറക്കെട്ടിലെ നിധി

https://youtu.be/B0FNfVgNHPk

No comments:

Post a Comment