23 September 2020

ആസ്തികൻ

ആസ്തികൻ

ആസ്തികൻ എന്ന മഹർഷിയാണ്. ആസ്തികന്റെ ജനനകഥ വളരെ വിചിത്രമാണ്.  കശ്യപ പത്നിമാരായ കദ്രുവും വിനതയുമായി ഒരു തർക്കമുണ്ടായി. ദേവേന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിന്റെ വാൽ കറുപ്പാണെന്ന കദ്രുവിൻറെ തെറ്റായ വാദം ശരിയാണെന്ന് തെളിയിച്ച് വിനതയെ അടിമയാക്കാൻ കദ്രു മക്കളായ വിഷനാഗങ്ങളോട് കുതിരയുടെ വാലിൽ കടിച്ചുതൂങ്ങാൻ ആവശ്യപ്പെട്ടു. അത് അനുസരിക്കാൻ കൂട്ടാക്കാത്ത നാഗങ്ങൾ ജനമേജയന്റെ സർപ്പസത്രത്തിൽ വെന്തടിയട്ടേ എന്ന് കദ്രൂ ശപിച്ചു.

ജരൽക്കാരു എന്ന മഹർഷി തനിക്ക് പുത്രന്മാരില്ലാത്തതിനാൽ  പൂർവ്വികരുടെ സ്വർഗ്ഗപ്രാപ്തിക്കു തടസ്സമാണെന്ന് അറിഞ്ഞു വിവാഹിതനാകാൻ തീരുമാനിച്ചു.  എന്നാൽ തന്റെ അതെ നാമമുളളവളാകണം വധു എന്ന് നിശ്ചയിച്ചു. നാഗരാജാവായ വാസുകി തന്റെ സഹോദരിയും ശിവഭക്തയുമായ ജരൽക്കാരുവിനെ ജരൽക്കാരു മഹർഷിക്ക് വിവാഹം ചെയ്തു നല്കി.  അങ്ങനെ അവർ പുഷ്ക്കരതീർത്ഥതീരത്ത് വസിക്കുന്ന ഒരു നാൾ മഹർഷി പത്നിയുടെ മടിയിൽ തലവച്ചുറങ്ങുകയായിരുന്നു. സന്ധ്യാവന്ദനത്തിന് സമയമായിട്ടും പതി ഉണരാഞ്ഞതിൽ, സന്ധ്യാ വന്ദനം മുടങ്ങുമെന്ന ഭയത്താൽ ജരൽക്കാരു പതിയെ ഉണർത്തി.  അതിൽ കോപിച്ച് മഹർഷി പത്നിയെ ഉപേക്ഷിച്ചു. ദുഃഖിതയായ പത്നിയോട് നിനക്കു ഗുണവാനും തപസ്വിയും കീർത്തിമാനുമായ ഒരു പുത്രൻ പിറക്കുമെന്നും അവൻ വംശരക്ഷകനായി ഭവിക്കുമെന്നും അനുഗ്രഹിച്ചു.

ഗർഭസ്ഥശിശു ആദ്യം തന്നെ പിതാവിൽ നിന്നും പിന്നീട് ശിവപാർവ്വതിമാരിൽ നിന്നും ശ്രവിച്ച ജ്ഞാനോപദേശത്താൽ ജനിക്കും മുമ്പേ മഹാജ്ഞാനിയായി.  അവന് പരലോകത്തെയും ദൈവത്തെയും വിശ്വസിക്കുന്നൻ എന്നർത്ഥം വരുന്ന ആസ്തികൻ എന്ന് പേര്  . ആ പേരിന് മറ്റൊരു കാരണം. ജരൽക്കാരു മഹർഷി,  പത്നിയെ പിരിയുമ്പോൾ 'ആസ്തി തേ സുഭഗേ ഗർഭം അഗ്നിയോടു സമപ്രഭം' എന്നനുഗ്രഹിക്കയുണ്ടായത്രെ.

പരീക്ഷിത്ത് മഹാരാജാവ് തക്ഷകദംശനത്താൽ മൃത്യുപൂകിയതിന് പ്രതികാരമായി അദ്ദേഹത്തിന്റെ പുത്രൻ ജനമേജയൻ സർപ്പസത്രം ആരംഭിക്കുകയും ധാരാളം സർപ്പങ്ങൾ അതിൽ വെന്തടിയുകയും ചെയ്തു. തക്ഷകൻ ഇന്ദ്രനെ അഭയം തേടിയതറിഞ്ഞ്  ഇന്ദ്രനൊപ്പം തക്ഷകനെ ആവാഹിക്കാൻ തുടങ്ങിയപ്പോൾ ദേവന്മാർ ജരൽക്കാരുവിനെ അഭയം പ്രാപിച്ചു.  ദേവി,  പുത്രനായ ആസ്തികനെ സർപ്പസത്രം നടക്കുന്നിടത്ത് അയയ്ക്കുകയും സർപ്പങ്ങളെ രക്ഷിക്കുകയും ചെയ്തു.

No comments:

Post a Comment