7 July 2020

ലഘുയോഗവാസിഷ്ഠം - 30

ലഘുയോഗവാസിഷ്ഠം - 30

ദേവപൂജോപാഖ്യാനം

വസിഷ്ഠ മഹര്‍ഷി പറഞ്ഞു. പണ്ടൊരുകാലത്തു ദിവ്യധാമമായ കൈലാസപര്‍വ്വതത്തിന്റെ പരിസരത്തില്‍ ഗംഗാതീരത്തു് ഒരു പര്‍ണ്ണശാല കെട്ടി അതില്‍ സിദ്ധന്മാരായ ഏതാനും തപസ്വികളോടുംകൂടി ശാസ്ത്രാര്‍ത്ഥവിചാരവും ചെയ്തു ശ്രീപരമേശ്വരനെ സേവിച്ചുകൊണ്ടു ഞാന്‍ താമസിക്കുകയുണ്ടായി. അക്കാലത്തൊരിക്കല്‍ ശ്രാവണമാസത്തില്‍ അഷ്ടമിദിവസം ഏതാണ്ടു് അര്‍ദ്ധരാത്രിയായപ്പോള്‍ ഞാന്‍മാത്രം സമാധി വിട്ടുണര്‍ന്നു ബാഹ്യദ്യക്കായിരുന്നു. മറെറല്ലാവരും അപ്പോഴും സമാധിയില്‍ത്തന്നെയായിരുന്നു. ഒരു ശബ്ദവും എവിടെയും കേള്‍ക്കാനുണ്ടായിരുന്നില്ല. എങ്ങും ഗാഢമായ അന്ധകാരം കട്ടപിടിച്ചു നിറഞ്ഞു പരന്നിരുന്നു.

പെട്ടെന്നു അനേകം പൂര്‍ണ്ണചന്ദ്രന്‍മാര്‍ ഒന്നിച്ചുദിച്ചാലുണ്ടാവുന്ന തേജസ്സുപോലെ അത്യുജ്വലവും കുളിര്‍മ്മയേറിയതുമായ ഒരു മഹാതേജസ്സു് അവിടെ മുഴുവന്‍ പരന്ന് ആ കാടിനെയും ഗിരികൂടങ്ങളെയും പ്രകാശമാനങ്ങളാക്കി തീര്‍ത്തു. ദിക്കുകളിലെല്ല‍ാം പരന്ന ആ ദിവ്യജോതിസ് എന്താണെന്ന ആശ്ചര്യത്തോടെ ഞാന്‍ ചുററുപാടുംനോക്കിയപ്പോള്‍, ഹേ രാമ‍ചന്ദ്ര, കൈലാസപതിയായ സാക്ഷാള്‍ ശ്രീപരമേശ്വരന്‍ ഉമാദേവിയുടെ ത്യക്കയ്യും പിടിച്ചു് പതുക്കെ നടന്നു വരുന്നതായിക്കണ്ടു. നന്ദികേശ്വരന്‍ ഭഗവാന്റെ തിരുമുമ്പില്‍ വഴികാണിച്ചുകൊണ്ടു് ഒപ്പം തന്നെനടക്കുന്നുണ്ടു്. ഈ ആശ്ചര്യദര്‍ശനം കിട്ടിയതോടെ സന്തുഷ്ടനായ ഞാന്‍ വേഗത്തില്‍ അവിടെ കിടന്നുറങ്ങുന്ന ശിഷ്യന്‍മാരെയൊക്കെ വിളിച്ചുണര്‍ത്തി. അപ്പോഴേയ്ക്കും ഭഗവാന്‍ സമീപത്തു് വന്നെത്തികഴിഞ്ഞു. ഞാന്‍ ഉടനെതന്നെ മററുളളവരോടുകൂടി അവിടുത്തെ എതിരേററു് കൂട്ടികൊണ്ടുവന്നു അര്‍ഘ്യപാദ്യങ്ങളെ സമര്‍പ്പിച്ചു ഉത്തമാസനത്തിലിരുത്തി പാദപുജചെയ്തു. ദിവ്യങ്ങളായ മന്ദാരാദിപുഷ്പങ്ങളെ ധാരാളം വാരിവര്‍ഷിച്ചു. പ്രദക്ഷിണം ചെയ്തു വീണ്ടും വീണ്ടും വീണുനമസ്കരിച്ചു. അനന്തരം എഴുന്നേറ്റു കൂപ്പിത്തൊഴുതുകൊണ്ടും അവിടുത്തെ മഹിമകളെ കീര്‍ത്തിച്ചുകൊണ്ടും ദിവ്യകടാക്ഷങ്ങളേററുകൊണ്ടു് തിരുസന്നിധിയില്‍തന്നെ നിന്നു. സഖിമാരോടുകൂടിയ ഉമാദേവിയേയും ഒരുമിച്ചുളള പ്രമഥവൃന്ദത്തേയും അതുപോലെ പൂജിക്കുകതന്നെ ചെയ്തു.

അപ്പോള്‍ ഭഗവാന്‍, “ഹേ മഹര്‍ഷേ, അങ്ങയുടെ സംവിത്തു വേണ്ടത്ര ശ്രമംകൊണ്ടും സംസാരത്തില്‍ നിന്നും നിവര്‍ത്തിച്ചു പരമപദത്തില്‍ വിശ്രാന്തവും നിശ്ചലവുമായിരിക്കുന്നില്ലേ? തപസിന് വിഘ്നങ്ങളൊന്നുമില്ലല്ലോ” എന്നു ചോദിച്ചു. “കരുണാനിധിയും ലോകനാഥനുമായ ഭഗവാനേ, അവിടുത്തെ ത്യപ്പാദങ്ങളെത്തന്നെ എപ്പോഴും ആശ്രയിക്കുകയും ധ്യാനിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഭക്തനു കിട്ടാത്തതായി ഒന്നുംതന്നെയില്ല. എപ്പോഴും അവിടുത്തെ ധ്യാനമാകുന്ന ചിന്താമണിയെ ധരിച്ചുകൊണ്ടിരിക്കുന്ന എനിക്കു കിട്ടാത്തതായിട്ടൊന്നുമില്ല. ഒരു ഭയവും എന്നെ ബാധിക്കുന്നുമില്ല. അവിടുത്തെ അനുഗ്രഹത്താല്‍ത്തന്നെ എല്ല‍ാം സംശയങ്ങളും നീങ്ങുകയും ചെയ്തിരിക്കുന്നു. എന്നിരുന്നാലും, ഭഗവാനേ, ദേവപൂജ എന്നതു് എങ്ങനെയാണു് ചെയ്യേണ്ടതെന്നും എന്തെല്ല‍ാം ഉപകരണങ്ങളാണു് അതിനാവശ്യമായിട്ടിരിക്കുന്നതെന്നും അറിഞ്ഞാല്‍ക്കൊളളാമെന്നാഗ്രഹിക്കുന്നു.” എന്നിങ്ങനെ ഞാനറിയിച്ചപ്പോള്‍ കരുണാനിധിയായ മഹേശ്വരന്‍ പറയാന്‍ തുടങ്ങി.

ബ്രഹ്മജ്ഞാനികള്‍ വാഴ്ത്താറുളള ദേവാര്‍ച്ചനത്തെ, ഹേ മഹര്‍ഷേ, ഞാന്‍ പറയ‍ാം. ശ്രദ്ധവെച്ചു കേള്‍ക്കൂ. ലക്ഷ്മീവല്ലഭനായ ശ്രീ നാരായണനോ സരോജാസനനായ ബ്രഹ്മദേവനോ ഞാനോ ദേവനാവാന്‍ വയ്യ. ശരീരാദ്യുപാധികളെക്കൊണ്ടു പരിച്ഛിന്നന്മാരായവരൊന്നും ദേവന്മാരാവാന്‍ വയ്യ. അതുപോലെ മൂര്‍ത്തങ്ങളും ദ്യശ്യങ്ങളുമായ പദാര്‍ത്ഥങ്ങളൊന്നും ദേവനാവാന്‍ വയ്യ. എങ്ങും നിറഞ്ഞും അപരിച്ഛിന്നവും സച്ചിദാനന്ദാകാരവുമായ ചിദാകാശംതന്നെ ദേവന്‍. കേവലം മൂഢന്മാരായ പ്രാകൃതന്മാരാണു് പരിച്ഛിന്നങ്ങളും മൂര്‍ത്തങ്ങളുമായ വിഗ്രഹാദികളെ പൂജിക്കുന്നതും. എന്നാല്‍ അതൊരു തെറ്റല്ല. ഒരു യോജനദൂരം നടക്കാന്‍ കഴിയാത്തവന്‍ ഒരു നാഴിക ദൂരം നടക്കാറില്ലേ? അതുപോലെയെന്ന് കരുതിയാല്‍ മതി. അമൂര്‍ത്തവും അപരിച്ഛിന്നവുമായ ചിത്തിനെ ഭാവിക്കാന്‍പോലും കഴിയാത്തവന്‍ മൂര്‍ത്തമായ വിഗ്രഹത്തെ ദേവനാക്കി കല്പിച്ചു മൂര്‍ത്തങ്ങളായ ജലഗന്ധാദ്യുപകരണങ്ങളെക്കൊണ്ടും പൂജിക്കുന്നു. അതും നല്ലതുതന്നെ. അങ്ങനെ ചെയ്തുചെയ്തു കാലംകൊണ്ടു് അവര്‍ക്കും ദേവബോധമുണ്ടാവും.

എങ്ങും നിറഞ്ഞു പ്രകാശിക്കുന്ന അപരിച്ഛിന്ന ചിത്തുതന്നെ ദേവന്‍. ആ ദേവനെത്തന്നെ പൂജിക്കേണ്ടതും. ദൃശ്യങ്ങളുടെ യാതൊരു സ്പര്‍ശമില്ലാത്തതും അതിര്‍ത്തിയില്ലാത്തതും നിശ്ചലവുമായ ചൈതന്യംമാത്രം എല്ലായിടത്തും പ്രകാശിക്കുന്നു. ഇപ്പോഴും പ്രളയാവസാനത്തിലും അതു് ഉളളതായിട്ടിരിക്കുന്നു. എപ്പോഴും ഉളളതായിട്ടിരിക്കുന്നതു് അതൊന്നുമാത്രം. അതിനാല്‍ അതുതന്നെ ദേവന്‍. അതിനെത്തന്നെ പൂജിക്കേണ്ടതു്. ജ്ഞാനം, സമതാഭാവം, ഉപശമം എന്നീ പുഷ്പങ്ങളെക്കൊണ്ടാണ് പ്രസ്തുത ദേവനെ പൂജിക്കേണ്ടത്. ധ്യാനംതന്നെ പൂജ. ഹേ മഹര്‍ഷേ, അങ്ങനെയുള്ള പൂജ മാത്രമേ വാസ്തവത്തില്‍ ദേവപൂജയാവൂ! അഭൗമവും നിരുപാധികവും ദിവ്യവുമായ ആനന്ദാനുഭൂതിയാകുന്ന ഫലത്തിലെത്താനും അത്തരം പൂജയ്ക്കേ സാധിക്കൂ. അങ്ങനെ പൂജിച്ചാല്‍ പൂജകന്‍ വളരെ വേഗത്തില്‍ അമൃതനിര്‍വ്വിശേഷമായ പരാനുഭുതിയില്‍ മുങ്ങി ലയിക്കുകയും ചെയ്യും. സകലകലകള്‍ക്കും ഭാവാഭാവങ്ങള്‍ക്കും അതീതമായ സംവിത്തു സത്താസത്തകളുടെ മധ്യസ്ഥിതമായിത്തീരുമ്പോള്‍ ദേവനെന്നു പറയപ്പെടുന്നു. സത്താസാമാന്യമെന്നു പറയപ്പെടുന്ന അതേ മഹാസത്തെതന്നെ വികല്പമിശ്രാജാഡ്യത്തിനെ സ്മരിച്ചു ക്രമേണ ചില്‍സ്വരൂപത്തെവിട്ടു ദൃശ്യമായിത്തീരുന്നു. അതുതന്നെ ജഗത്ത് അല്ലെങ്കില്‍ പ്രപഞ്ചം. പിന്നെ കാലദേശങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ജീവനും പിന്നീടു് ഉപാധികളുടെ ചേര്‍ച്ചകൊണ്ടു ബുദ്ധിയും അഹങ്കാരവും മനസ്സും എല്ലാമായിത്തീരുന്നു. പ്രസ്തുത മനസ്തത്വംകൊണ്ടു വിഷയങ്ങളെ ഗ്രഹിക്കുകയും തത്തദുപാധികളെ ഞാന്‍ ഞാനെന്ന് അഭിമാനിക്കുകമൂലം അനേകവിധ ജനനമരണങ്ങളും മറ്റുമാകുന്ന സംസാരപ്രവാഹത്തില്‍ പതിച്ചു കരകാണാത്ത നിലയില്‍ എത്രയോകാലം ഒഴുകാനും ഇടയായിത്തീരുന്നു. അങ്ങനെ ചളിയില്‍ വീണ ആനയെന്നപോലെ അത്യന്ത ദുരന്തമായ ദു:ഖത്തെ പ്രാപിക്കുന്നു.

സങ്കല്പമാത്രയില്‍ ഈ സംസാരം ഉണ്ടായിത്തീര്‍ന്നു. സങ്കല്പംകൊണ്ടുതന്നെ നിലനില്‍ക്കുകയും ചെയ്യുന്നു. സങ്കല്പമില്ലാതായാല്‍ വളരെ വേഗത്തില്‍ അതില്ലാതായിത്തീരുകയും ചെയ്യും. അതിലെന്താണിത്രയൊക്കെ പരിഭ്രമിക്കാനുള്ളത്? സംസാരം ക്ലേശകരമായി തോന്നുന്നുവെങ്കില്‍ സങ്കല്പങ്ങളെ അടക്കേണ്ടതേയുള്ളൂ. വിവേകമാകുന്ന കാറ്റില്‍ സങ്കല്പമേഘങ്ങള്‍ പറന്നു പോകാനിടവന്നാല്‍ ശരത്കാലത്തെ നിര്‍മ്മലാകാശമെന്നപോലെ ചിത്തം സ്വച്ഛവും നിര്‍മ്മലവുമായിത്തീരും. വസ്തുസ്വരൂപത്തെ അറിയുന്നതോടെ സംസാരത്തിന്റെ ബാധയും അവസാനിക്കും. വാസ്തവത്തില്‍ സകലശക്ത്യാത്മകനായ പരമാത്മാവുതന്നെയാണ് തന്റെ ശക്തികളുടെ പലവിധ നടനങ്ങള്‍ക്കു വിധേയനായി ഇല്ലാത്ത സംസാരത്തെ അനുഭവിച്ചു തപിക്കുന്നത്. പരമാത്മാവില്‍ പ്രകാശിക്കുന്ന ശക്തികള്‍ക്ക് അവസാനമില്ല. സര്‍വ്വഗനും സമചിന്മാത്രനും സമനും അനാകൃതിയുമായ പരമേശ്വരനില്‍ ഇച്ഛാസത്ത, ആകാശസത്ത, കാലസത്ത, നിയതിസത്ത, മഹാസത്ത, ജ്ഞാനശക്തി, ക്രിയാശക്തി, കര്‍ത്തൃത്വം, അകര്‍ത്തൃത്വം തുടങ്ങി അവസാനമില്ലാത്ത ശക്തിവിശേഷങ്ങള്‍ എപ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കുന്നു. പ്രസ്തുത ശക്തികളുടെയൊക്കെ ഉല്ലാസംകൊണ്ടു സംസാരം പരിപുഷ്ടമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവയുടെ നിരോധം കൊണ്ടു് സംസാരം കേവലം ക്ഷയിക്കുകയും കേവലം ഇല്ലാതായിത്തീരുകയും ചെയ്യുന്നു. അതിനേറ്റവും പറ്റിയതാണ് മുന്‍പറഞ്ഞ ദേവപൂജ.

അനേകവിധത്തിലുള്ള പൂജാവിധാനങ്ങളുണ്ടെങ്കിലും അവയിലെല്ലാറ്റിലും വെച്ച് ഏറ്റവും ഹൃദ്യമായ പൂജാവിധാനം തന്റെ ഭാവനയെ ദഹിപ്പിക്കല്‍തന്നെയെന്നു അറിവുള്ളവര്‍ പറയുന്നു. ജഡവും കല്പനാമാത്രവുമായ ഈ ശരീരത്തില്‍ ഞാനെന്നുള്ള ബോധത്തെ ദൂരത്തകറ്റി പരിച്ഛിന്നമല്ലാത്ത വിജ്ഞാനഘനചൈതന്യമാണ് താനെന്നുറപ്പിക്കുന്നതില്പപരമായ പൂജ മറ്റൊന്നും തന്നെയില്ല. സ്വയംദേഹരഹിതനെങ്കിലും എല്ലായിടത്തും കണ്ണുതുടങ്ങിയ ഇന്ദ്രിയങ്ങളും മനസ്സുതുടങ്ങിയ കരണങ്ങളുമുള്ള പൂര്‍ണ്ണനായ ആ ദേവനെ എല്ലാ നേരവും എല്ലാ ജനങ്ങളും പൂജിക്കേണ്ടതാണ്. എന്നാല്‍ ഏകാന്തവും ഏകാഗ്രവുമായ ധ്യാനംതന്നെ പൂജനം. അല്ലാതെ ബാഹ്യോപചാരങ്ങളൊന്നുംതന്നെ ആവശ്യമില്ല. സംവില്‍സ്വരൂപനായ ദേവനു് ബാഹ്യങ്ങളായ മൂര്‍ത്തപദാര്‍ത്ഥങ്ങളൊന്നും തന്നെ വേണമെന്നില്ല. ധ്യാനപൂജതന്നെ ഏറ്റവും വലിയ പൂജ.

വിഷമംകൂടാതെ കിട്ടാവുന്നതും തന്നില്‍തന്നെയുള്ളതും അത്യന്തശീതളവുമായ ബോധമാകുന്ന അമൃതം തന്നെ പൂജയ്ക്കുള്ള മുഖ്യമായ ഉപകരണം. നിരന്തരം പരതത്വത്തെ വിസ്മരിക്കാതെ എപ്പോഴും സ്മരിച്ചികൊണ്ടിരിക്കുകയെന്നതുതന്നെ ധ്യാനം. അതുതന്നെ പരയായിടുന്ന പൂജയും. കാണുക, കേള്‍ക്കുക തുടങ്ങിയ ഇന്ദ്രിയവ്യാപാരങ്ങളെ ചെയ്യുമ്പോഴും ദേവനെ മറക്കാതിരിക്കണം. അങ്ങനെ എപ്പോഴും തത്ത്വത്തെ മറക്കാതിരിക്കലാകുന്ന ധ്യാനം തന്നെ ഏറ്റവും വലിയപൂജാദ്രവ്യവും പൂജയും. ധ്യാനംകൊണ്ടല്ലാതെ മറ്റൊന്നും കൊണ്ടും ആ ദേവനെ ആര്‍ക്കും പ്രാപിക്കാന്‍ സാധ്യമല്ല. ധ്യാതാവായ താനും ധ്യേയമായ പരതത്ത്വവും ഒഴിച്ചു മൂന്നാമതൊന്നിന്റെയും സ്ഫുരണംപോലും ഇല്ലാതിരിക്കുന്നതാണ് ധ്യാനക്രിയ. അതു വേണ്ടത്ര ശ്രദ്ധയോടും ഏകാഗ്രതയോടുംകൂടി കുറച്ചു സമയമെങ്കിലും ഒരാള്‍ക്കു ചെയ്യാന്‍ കഴിഞ്ഞാല്‍ വലിയ കാര്യമായി. ഒരു ദിവസം മുഴുവന്‍ പ്രസ്തുത ധ്യാനക്രിയയില്‍ത്തന്നെ മുഴുകി മറ്റൊന്നിന്റെയും സ്ഫുരണത്തെ അനുഭവിക്കാതെ ഇരിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ആ ആള്‍ എപ്പോഴും ബ്രഹ്മപ്രകാശത്തില്‍ത്തന്നെ രമിക്കും. സംസാരതാപങ്ങളില്‍ ഒന്നുപോലും പിന്നീടനുഭവിക്കാനിടയായില്ല. യോഗത്തിന്റെയും തപസ്സിന്റെയും എല്ല‍ാം പരമഫലവും ഇപ്രകാരമുള്ള ധ്യാനനിഷ്ഠതന്നെ.

എന്നാല്‍ പറയപ്പെട്ട ധ്യാനക്രിയയാകുന്ന ഈ പൂജയും സ്ഥൂലമാണ്, അല്ലെങ്കില്‍ ബാഹ്യയാണെന്നു പറയണം. സൂക്ഷ്മയും ആന്തരയുമായ മറ്റൊരു പൂജയെക്കൂടി ഞാനിനിപ്പറയ‍ാം. ഇരിക്കുക, നടക്കുക തുടങ്ങി ചെയ്യപ്പെടുന്ന കര്‍മ്മങ്ങള്‍ക്കൊക്കെ കര്‍ത്ത‌ത്വം വഹിച്ചുകൊണ്ടിരിക്കുന്ന താനാകുന്ന ജീവനെതന്നെ സാക്ഷാല്‍ പരമശിവനെന്നും പരതത്ത്വമെന്നുമുള്ള ബോധത്തോടുകൂടി ധ്യാനിക്കണം. എങ്ങനെ ധ്യാനിക്കണമെന്നാണെങ്കില്‍ പറയ‍ാം. ആദ്യം തന്നെ സ്നാനം ചെയ്യണം. ഘടം, പടം തുടങ്ങിയ പദാര്‍ത്ഥങ്ങളെ വിചാരിക്കുമ്പോള്‍ ചിത്തവൃത്തിയാണല്ലോ തത്തദ്ദൃശ്യ പദാര്‍ത്ഥങ്ങളായിതീരുന്നത്. ആത്മചൈതന്യത്തിന്റെ സാനിദ്ധ്യമാണ് ചിത്തവൃത്തികളെ ത്വരിപ്പിക്കുന്നതെന്നും പറയാണ്ടതില്ലല്ലോ. ചിത്തവൃത്തിസ്ഫുരണങ്ങള്‍ക്കാസ്പദമായി പ്രകാശിക്കുന്ന ആത്മചൈതന്യത്തിന്റെ നിരന്തരാനുസന്ധാനം തന്നെ സ്നാനം. പ്രസ്തുത സ്നാനം കൊണ്ടു ധ്യാതാവു് പരിശുദ്ധനായിത്തീരും. അങ്ങനെ സ്നാനശുദ്ധിയെ വരുത്തിയശേഷം പൂജയ്ക്കുള്ള പീഠത്തെ വെയ്ക്കണം. ബോധം തന്നെ പീഠം.

എങ്ങനെയുള്ള പീഠമാണെന്നു പറയ‍ാം. മനസ്സിന്റെ മനനക്രിയക്കാസ്പദവും ഹൃദയം, കണ്ഠം, താലു എന്നീ മൂന്നവയവങ്ങളുടെ മധ്യത്തില്‍ ഭൂമദ്ധ്യപര്യന്തം വിളങ്ങുന്ന യാതൊരു ബോധമുണ്ടോ, അതുതന്നെ പീഠം. പ്രസ്തുതബോധത്തെ ഉപാസിച്ചുറപ്പിക്കല്‍ തന്നെ പീഠം വെയ്ക്കല്‍. പിന്നെ പീഠത്തില്‍ ദേവനെ പ്രതിഷ്ഠിക്കണം. മനസ്സിന്റെ ഉല്‍ബുദ്ധാവസ്ഥയാകുന്ന ഉന്മനീദശയേയും അതിക്രമിച്ചുനില്‍ക്കുന്ന ബോധലിംഗം അല്ലെങ്കില്‍ ചിരാദാസന്‍ തന്നെ ദേവന്‍. അങ്ങനെ ദേവനെയും പ്രതിഷ്ഠിച്ചു കഴിഞ്ഞാല്‍ പിന്നെ ക്രമപ്രകാരം ധ്യാനം ആരംഭിക്ക‍ാം. ഞാന്‍ തന്നെയാണു പ്രസ്തുതദേവനെന്നു ബോധിക്കലാണ് ധ്യാനത്തിന്റെ ആദ്യത്തെ നില. അതുറച്ചു കഴിഞ്ഞാല്‍ പിന്നെ തന്റെ വിഭൂതികളേയും അനുഭൂതികളേയും ഓരോന്നായി ധ്യാനിച്ചുറപ്പിക്ക‍ാം.

മനസ്സും ഇന്ദ്രിയങ്ങളുമാകുന്ന കരണങ്ങളുടെ വൃത്തികളാകുന്ന ശക്തികള്‍ ഗൃഹസ്ഥനെ പത്നിമാരെന്നപോലെ എന്നെ എപ്പോഴും ആദരവോടുകൂടി ശുശ്രുഷിച്ചുകൊണ്ടിരിക്കുന്നു. ത്രൈലോക്യത്തെ അറിയിക്കുന്ന മനസ്സ് വാസ്തവത്തില്‍ എന്റെ ദ്വാരപാലകനാണെന്നും പറയ‍ാം. ത്രൈലോക്യത്തിലും അപ്പപ്പോഴുണ്ടാവുന്ന വിശേഷങ്ങളെല്ല‍ാം അപ്പപ്പോള്‍ എന്നെ അറിയിക്കുന്ന മനസ്സു കാവല്‍ക്കാരന്‍ തന്നെ. സംശുദ്ധനായ ചിന്ത എപ്പോഴും എന്റെ ആജ്ഞയെയും നോക്കിനില്ക്കുന്ന നല്ലൊരു പ്രതീഹാരിയാണെന്നു പറയണം. വിചിത്രങ്ങളും വിഭിന്നങ്ങളുമായ ജ്ഞാനങ്ങളൊക്കെയും എനിക്കലങ്കാരങ്ങളാണ്. ആഭരണങ്ങള്‍ സ്ഥൂലശരീരത്തെ എങ്ങനെ അലങ്കരിക്കുന്നുവോ, അതു പോലെയാണ് അവ എന്നെ അലങ്കരിക്കുന്നത്. ജ്ഞാനകര്‍മ്മയങ്ങളായ പത്തിന്ദ്രിയദ്വാരങ്ങള്‍തന്നെ എന്റെ ദ്വാരപ്രദേശങ്ങള്‍. അങ്ങനെയുള്ള ഈ പ്രത്യക്ഷജ്ഞാനം തന്നെയാണ് തല്‍പദജ്ഞാനമൂര്‍ത്തിയും ആത്മാവുമായ ഞാന്‍. അനഘനും അപരിച്ഛിന്നനും അന്തര്യാമിയും പൂര്‍ണ്ണനുമായ ഞാന്‍ ഏകന്‍ തന്നെ ഈ ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്നു. അഥവാ ലോകം തന്നെ എന്നില്‍ വിളങ്ങുന്നു എന്നിങ്ങനെ ഭാവിച്ചുറപ്പിക്കണം.

സാമ്യഭാവത്തോടും സാമ്യാചാരത്തോടും കൂടി ഇപ്രകാരമുള്ള ധ്യാനപൂജനത്തെ എപ്പോഴും ചെയ്യുന്ന പുരുഷന്‍ ദേവനെ അറിയുന്നവനാണ്. അവന്‍ കൈവല്യത്തെ പ്രാപിക്കുമെന്നുള്ളതും തര്‍ക്കമറ്റ സംഗതിയാണ്. ആത്മാവായി സര്‍വ്വവ്യാപിയും അന്തര്യാമിയുമായ ശിവനെ പൂജിക്കുന്നതിനു ദുര്‍ല്ലഭങ്ങളായ വിഭവങ്ങളെ ഒരുക്കാന്‍ വേണ്ടി ക്ലേശിക്കേണ്ടതില്ല. സുലബങ്ങളും തന്നില്‍തന്നെയുള്ളവയുമായ പദാര്‍ത്ഥങ്ങളെക്കൊണ്ടു പൂജിച്ചാല്‍ ആ സര്‍വ്വേശ്വരന്‍ പ്രസാദിക്കും. ശിവപ്രസാദംകൊണ്ടു സംസാരനിവൃത്തിയും കൈവല്യപ്രാപ്തിയും ഉണ്ടാവുകതന്നെ ചെയ്യും. ആധിവ്യാധികള്‍, ആപത്തുകള്‍, ക്ലേശങ്ങള്‍, ദാരിദ്ര്യദുഃഖങ്ങള്‍ എന്നിവയെല്ല‍ാം ശിവനെ പൂജിക്കുന്നതിനുള്ള വിഭവങ്ങളാണ്. അവകൊണ്ടൊന്നും ചിന്തയോ ആവലാതിയോ വ്യഥയോ ഇല്ലാതിരിക്കല്‍ തന്നെ അവ കൊണ്ടുള്ള പൂജനം. നഷ്ടം വന്നവയെ ത്യജിക്കലും കിട്ടുന്നവയെ സ്വീകരിക്കലും നിര്‍വ്വികാരതയോടുകൂടി ചെയ്യുന്ന പക്ഷം അതും ഉത്തമമായ ശിവപൂജ തന്നെയാണ്. പ്രഥമദര്‍ശനത്തില്‍ നല്ലതെന്നും ചീത്തയെന്നും തോന്നപ്പെടുന്ന രണ്ടുതരം പദാര്‍ത്ഥങ്ങളും കേവലം ആത്മസ്വരൂപങ്ങളെന്നു ബോധിച്ചു ഭാവനയോടുകൂടാതെ അവയെ സ്വീകരിക്കുന്നുവെങ്കില്‍ അതും മഹേശ്വരപൂജതന്നെ.

എവിടെ എപ്പോള്‍ എന്ത് ഏത് രൂപത്തില്‍ കാണപ്പെട്ടാലും അതെല്ല‍ാം ബ്രഹ്മമാണെന്ന ദൃഡമായബോധമുണ്ടാവണം. അങ്ങനെയുള്ളവര്‍ക്കേ ശിവപൂജനം ശരിയായിചെയ്യാന്‍ സാധിക്കൂ. കിട്ടാത്തതിനെ ചിന്തിക്കാതെയും കിട്ടിയതിനെ ഉപോക്ഷിക്കാതെയും ചിന്തയും ആവലാതിയുമില്ലാതെ സ്വാഭാവികമായി വന്നുചേരുന്ന ഭോഗങ്ങളെ അനുഭവിച്ചു തൃപ്തനായിക്കഴിയണം. നിസ്സാരങ്ങളോ അല്ലെങ്കില്‍ പ്രബലങ്ങളോ ആയ കാര്യങ്ങളിലൊന്നും ഭേദബുദ്ധിയോ വ്യത്യസ്ത ഭാവമോ ഉണ്ടാവാതിരിക്കണം. എന്തു തന്നോടു ചേര്‍ന്നാലും വിട്ടാലും ആകാശത്തിനെപ്രകാരം ഭേദഭാവമുണ്ടാകുന്നില്ലയോ, അതുപോലെയായിരിക്കണം ജ്ഞാനിയും. കാലദേശകര്‍മ്മങ്ങള്‍ വഴിക്കു നന്മയോ തിന്മയോ എന്തുണ്ടായാലും അതിലൊന്നും ചിന്തയില്ലാതെ നിര്‍വ്വികാരനായിരിക്കണം. അത് ശരിയായ ആത്മപൂജനമാണ്. ആത്മപൂജയ്ക്ക് എന്തെല്ല‍ാം ദ്രവ്യങ്ങളുണ്ടായിരുന്നാലും അവയെല്ല‍ാം ഉപശമരസം കലര്‍ത്തപ്പെട്ടവയാണെങ്കില്‍ നല്ല മധുരദ്രവ്യങ്ങളായി ,പിന്നെ അവയിലൊന്നും യാതൊരു ഭേദഭാവവും അഭിജ്ഞനുണ്ടാവാന്‍ വയ്യ. നിര്‍വ്വികാരകതയാകുന്ന ഉപശമമില്ലാത്തതുകൊണ്ടാണു് ഭേദഭാവം അങ്കുരിക്കുന്നത്.

ഉപശമം ഒന്നുകൊണ്ടുതന്നെ വ്യക്തി അമൃതസ്വരൂപനായിതീരുന്നു. അല്ലെങ്കില്‍ ചിത്തത്തിന്റെ സംക്ഷോഭമല്ലാതെ മറ്റെന്താണ് സംസാരം? നിര്‍വ്വികാരമാകുന്ന ഉപശമം കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണതിനെ ജയിക്കുന്നത്? ശാസ്ത്രബോധവും ഗുരൂപദേശവുമാണ് ആത്മജ്ഞാനത്തെ പ്രകാശിപ്പിക്കുന്നതെന്നു് പറയാറുണ്ട്. എന്നാല്‍ വാസ്തവത്തില്‍ അതുശരിയല്ല. അവ രണ്ടുമുണ്ടായിട്ടും പലര്‍ക്കും ആത്മജ്ഞാനം ഉണ്ടാവാതിരിക്കാറുണ്ട്. ശരിയായ ആത്മോപാസനം തന്നെയാണ് ആത്മാവിനെ പ്രകാശിപ്പിക്കുന്നത്. പക്ഷേ ആത്മോപാസത്തിനു് ശാസ്ത്രാര്‍ത്ഥജ്ഞാനവും ഗുരൂപദേശവുമൊക്കെ ആവശ്യമാണെന്നു പറയ‍ാം. ആത്മാവിനെ പ്രകാശിപ്പിക്കുന്നതു നിരന്തരോപാസനം തന്നെയാണെന്നുപറയണം. കാലം, ദേശം തുടങ്ങിയ ആത്മവിഭൂതികളിലൂടെ പ്രകാശിക്കുന്ന നാമരൂപങ്ങളും ഗുണധര്‍മ്മങ്ങളാകുന്ന എല്ലാ വസ്തുക്കളെകൊണ്ടും മുന്‍പറഞ്ഞ തോതില്‍ ദേവപൂജചെയ്ത് ആത്മാനുസന്ധാനത്തിനു മുറിവുവരുത്താതിരിക്കുന്നവന്‍ കാലംകൊണ്ട് എല്ലാ പ്രകൃതി ഭാവങ്ങളെയും സ്വയം ബ്രഹ്മമായിത്തീരുന്നു. അങ്ങനെയുള്ളവര്‍ ലോകത്തില്‍ എല്ലാവര്‍ക്കും എല്ലാക്കാലത്തും പൂജ്യന്മാരുമായിത്തീരുന്നു. ബ്രഹ്മാദിദേവശ്രേഷ്ഠന്‍മാര്‍പോലും അവര്‍ക്കു് ഭൃത്യന്മാരെന്നപോലായിത്തീരും.

വാസ്തവത്തില്‍ കാണപ്പെടുന്ന ഈ ലോകം മൂന്നുകാലത്തും ഇല്ലാത്തതാണ്. എങ്കിലും അജ്ഞാനദൃഷ്ടിയില്‍ ഉള്ളതെന്നപോലെ കാണപ്പെടുന്നു. മൂന്നുലോകവും കയറില്‍ പാമ്പെന്നപോലെ വെറും ആഭാസം മാത്രമല്ലാതെ യാതൊന്നുമുണ്ടായിട്ടില്ല. ബ്രഹ്മം, അവ്യയം, പരംജ്യോതിസ്സ് എന്നീ ശബ്ദങ്ങളെകൊണ്ടു് സൂചിപ്പിക്കപ്പെടുന്ന കേവലസത്തയല്ലാതെ മറ്റൊന്നും തന്നെ ഉണ്ടായിട്ടില്ല. കേവലസത്തയാകുന്ന സംവിത്തു് സംവേദ്യമെന്നപോലായി തീര്‍ന്നപ്പോഴാണ് നാമയോഗ്യമായിത്തീര്‍ന്നതു്. അപ്പോള്‍ അഹങ്കാരമുണ്ടായി. മനുഷ്യന്‍ സങ്കല്പംകൊണ്ടു സ്വപ്നത്തില്‍ കാട്ടാനയും മറ്റുമായിത്തീരാറില്ലേ, അതുപോലെ സത്താമാത്രമായ കേവലചൈതന്യം സംവേദ്യഭാവംകൊണ്ടു ഘനീഭവിച്ച് അഹങ്കാരമായിത്തീരുന്നു. അഹന്താരൂപിയായ സംവിത്തില്‍നിന്നു് കാലശക്തിയും ദേശശക്തിയും അങ്കുരിക്കുകയായി. അവയുടെ സമ്മര്‍ദ്ദശക്തികൊണ്ട് അതേസത്തതന്നെ പിന്നെ ജീവനുമായിത്തീരുന്നു. അജ്ഞാനസ്വരൂപിയായ ജീവസത്തയില്‍നിന്നു ബുദ്ധിയും ഇച്ഛാജ്ഞാനക്രിയാദിശക്തികളും വികസിക്കാന്‍ തുടങ്ങുന്നു. ക്രമേണ അവയെല്ല‍ാം കൂടിചേര്‍ന്നു സങ്കല്പസ്വരൂപമായ മനസ്സായിത്തീരുന്നു. ഈ മനസ്സിനെത്തന്നെയാണ് വിദ്വാന്‍മാര്‍ ആതിവാഹികശരീരമെന്നു പറയുന്നത്. സംഖ്യാതീതങ്ങളായ ശക്തികള്‍ മനസ്സില്‍ അടങ്ങിയിരിപ്പുണ്ട്. സന്ദര്‍ഭം വരുമ്പോള്‍ അവയോരോന്നും വികസ്സിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ആ മനസ്സുതന്നെയാണ് പിന്നീടു ആകാശദിഭൂതങ്ങളായി ക്രമേണ ജഗത്തായി പരിണമിച്ചതു്. മന്ദാന്ധകാരത്തില്‍ വെറും ശൂന്യത വേതാളാദിരൂപങ്ങളായി പരിണമിക്കുംപോലെയാണ് ചിത്തവാസന ജഗത്തായി തീര്‍ന്നിരിക്കുന്നത്.

അതിനാല്‍ ചിത്തവാസന നശിച്ചാല്‍ കൈവല്യത്തിന്നു് അല്പംപോലും താമസമില്ല. അഹങ്കാരത്തിലും ജഗത്തിലും പരമാര്‍ത്ഥബുദ്ധിയുള്ളവന്‍ മൃഗതൃഷ്ണാജലത്തെയും പരമാര്‍ത്ഥമാണെന്നു വിശ്വസിച്ചാല്‍ തെറ്റില്ല. അങ്ങനെയുള്ളവന്‍ ബ്രഹ്മോപദേശത്തിന്നു പാകതവന്നവനല്ല. അവനോടുപദേശിച്ചിട്ടു വിശേഷിച്ചു പ്രയോജനവുമില്ല. വിവേകമുള്ളവനുമാത്രമേ ബ്രഹ്മോപദേശം പ്രയോജനപ്പെടൂ. വിവേകമുള്ളവന്‍ ജഗത്തിനെയോ അഹങ്കാരത്തെയോ സത്യമെന്നു വിശ്വസിക്കുകയുമില്ല. സ്വപ്നത്തില്‍ കണ്ട പുരുഷനു തന്റെ പുത്രിയെ കല്ല്യാണംകഴിച്ചു കൊടുക്കാമെന്നു വിചാരിക്കുമ്പോലെയാണ് മൂര്‍ഖന്മാര്‍ക്ക് ബ്രഹ്മോപദേശംചെയ്തു സഫലമാക്കാമെന്നുള്ള വിചാരവും. അതൊരിക്കലും സംഭവിക്കാന്‍ പോവുന്നില്ല. അതിനാല്‍ വിദ്വാന്മാര്‍ മൂര്‍ഖന്മാര്‍ക്കുപദേശിക്കലേ പതിവില്ല.

എന്തിനധികം പറയുന്നു? മഹര്‍ഷേ, അങ്ങാവശ്യപ്പെട്ട ദേവപൂജതന്നെ ഞാന്‍ പറഞ്ഞുതന്നല്ലോ. ഇനി അതിനെ വേണ്ടപോലെ ആചരിച്ച് ചാരിതാര്‍ത്ഥനാവൂ എന്നുപറഞ്ഞ് ഭഗവാന്‍ ശ്രീപരമേശ്വരന്‍ പാര്‍വ്വതീദേവിയുടെ കൈയ്യും പിടിച്ചെഴുന്നേറ്റു വീക്ഷണക്രിയകൊണ്ടു ഞങ്ങളെയൊക്കെ അനുഗ്രഹിച്ച് അപ്പോള്‍തന്നെ പ്രമഥവൃന്ദങ്ങളോടുകൂടി അന്തര്‍ദ്ധാനവും ചെയ്തു. ഹേ, രാമചന്ദ്രാ, അപ്പോഴപ്പോള്‍ സന്ദര്‍ഭത്തിനനുരൂപമായി വന്നുചേരുന്ന ക്രിയാചാരങ്ങളെകൊണ്ടു നിസ്സംഗനായി അന്തര്യാമിയായ ആത്മദേവനെ ആരാധിക്കുന്നുവെങ്കില്‍ അതില്‍പ്പരം ശ്രേഷ്ഠമായ മറ്റൊരു നിഷ്ഠയില്ല. കേവലം ബഹിര്‍മ്മുഖന്മാരായ പ്രാകൃതന്മാര്‍ക്ക് അതെത്രയോ നിസ്സാരമായ ഒന്നായിതോന്നാമെങ്കിലും നിസ്സാരതയില്ല. അതെത്രയോ വലിയ ആരാധനം തന്നെ. എനിക്ക് ഉണ്ണണം, ഉറങ്ങണം തുടങ്ങിയ വിഷയതൃഷ്ണകളെകൊണ്ടു പീഡിതന്മാരായിരിക്കുന്നു സാധാരണ പ്രാകൃതജനങ്ങള്‍. അതേസമയത്തു യോഗിയാവട്ടെ, അന്വേഷണംകൂടാതെ യാദൃച്ഛികമായി വന്നുചേരുന്ന ഭോഗപുഷ്പങ്ങളെകൊണ്ടു് ആത്മദേവനെ ആരാധിച്ചു് കൃതകൃത്യനാവുകയും ചെയ്യുന്നു. ഹേ രാമചന്ദ്രാ, ഈ ദൃഷ്ടിയോടുകൂടിയാണു് നീ ലോകത്തില്‍ വിഹരിക്കുന്നതെന്നു വന്നാല്‍ എത്രകാലം കഴിഞ്ഞാലും എന്തൊക്കെ സംഭവിച്ചാലും ദുഃഖത്തിന്റെ ലേശംപോലും നിന്നെ ബാധിക്കാന്‍ പോവുന്നില്ല. എന്നിങ്ങനെ വസിഷ്ഠമഹര്‍ഷി പറഞ്ഞവസ്സാനിച്ചപ്പോള്‍ അപാരമായ സന്തോഷം കൊണ്ടും ചാരിതാര്‍ത്ഥ്യം കൊണ്ടും ആവിഷ്ടനായ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ അദ്ദേഹത്തെ വളരെയധികം പുകഴ്ത്തുകയും ശ്രവണംകൊണ്ടു തനിക്കുണ്ടായ അനുഭവത്തെ വ്യക്തമാക്കുകയും ചെയ്തു. ഇതുപോലെ തത്വസംഫുല്ലങ്ങളായ വാക്യങ്ങളെ ഇനിയും കേട്ടാല്‍കൊള്ളാമെന്ന ആഗ്രഹത്തെ പ്രകടിപ്പിച്ച ശ്രീരാമചന്ദ്രനോടു വസിഷ്ഠമഹര്‍ഷി വീണ്ടും പറയാന്‍ തുടങ്ങുകയും ചെയ്തു.

ഹേ രാമചന്ദ്രാ, ആഗ്രഹിക്കപ്പെട്ട ഒരുപദാര്‍ത്ഥം കയ്യില്‍കിട്ടുമ്പോള്‍ അല്പസമയം സന്തോഷമുണ്ടാകും. പക്ഷേ കുറച്ചു കഴിയുമ്പോഴേക്ക് ആ സന്തോഷം നിലനില്ക്കില്ല. വാസ്തവത്തില്‍ ആഗ്രഹിക്കുന്ന സമയത്തുണ്ടാവുന്ന സന്തോഷം എപ്പോഴും ആ വസ്തുവില്‍നിന്നു കിട്ടുന്നില്ല. ഈ പരമാര്‍ത്ഥമാര്‍ക്കാണറിയാത്തത്? അങ്ങിനെ അത്രയും ക്ഷണികമായ സന്തോഷത്തെ കേവലം ബാലിശബുദ്ധികളല്ലാതെ പ്രൗഢബുദ്ധികള്‍ എങ്ങനെ ഇഷ്ടപ്പെടും. ആഗ്രഹസമയത്തുണ്ടായ പ്രീതിക്കു ഹേതു ആഗ്രഹമല്ലാതെ പദാര്‍ത്ഥമാവാന്‍ വയ്യെന്നു് പറയേണ്ടതുണ്ടോ? ആ ദൃഷ്ടിയിലൂടെ വീക്ഷിക്കുമ്പോള്‍ ഈ ലോകത്തിലെ ഏതുപദാര്‍ത്ഥമാണ് ഒരാളെ സന്തോഷിപ്പിക്കുന്നത്? ഒന്നുംതന്നെ സന്തോഷിപ്പിക്കുന്നില്ലെന്നുപറയണം. അങ്ങനെയാണെങ്കില്‍ പിന്നെ പദാര്‍ത്ഥങ്ങളെസ്സംബന്ധിച്ച ആഗ്രഹത്തെ നിലനിര്‍ത്തുന്നതെന്തിനാണ്? ആഗ്രഹം വളരുംതോറും ദുഃഖം വര്‍ദ്ധിക്കലല്ലാതെ സുഖമെങ്ങനെയുണ്ടാകും? അതിനാല്‍ ആദ്യംതന്നെ എല്ലാവിധത്തിലുള്ള ആഗ്രഹങ്ങളെയും ഒരാള്‍ വലിച്ചു കളയണം. അല്പമെങ്കിലും ആഗ്രഹമെന്ന ഒന്നുള്ളടത്തോളം കാലം ആര്‍ക്കും സമാധാനം കിട്ടാന്‍ പോകുന്നില്ല. അതുകൊണ്ടു നിന്റെ ആശനിരാശതയെയും ഭാവനഅഭാവത്തെയും മനസ്സു് അമനസ്ത്വത്തെയും പ്രാപിക്കട്ടെ. വാസനാഹീനങ്ങളായിത്തീരുന്നു കാരണങ്ങളെന്നിരിക്കട്ടെ, അവയെക്കൊണ്ടു ക്രിയകളെ ചെയ്യുന്ന ഒരാള്‍ ആകാശമെന്നപോലെ ഒരിക്കലും വികാരത്തെ പ്രാപിക്കാനിടവരില്ല.

മനസ്സിന്റെ ഉന്മേഷനിമേഷങ്ങളാണു് പ്രപഞ്ചത്തിന്റെ ഉദയപ്രളയങ്ങള്‍. അവ അടങ്ങിയാല്‍ സംസാരത്തിന്റെ ബാധതന്നെ ഒരാള്‍ക്കില്ലാതായി. പ്രാണരോധം കൊണ്ടും ചിത്തത്തെ അടക്ക‍ാം. അഭ്യാസപ്രയോഗങ്ങളെകൊണ്ടു ചിത്തം ശാന്തവും നിരുന്മേഷമായിത്തീര്‍ന്നാല്‍ സംസാരത്തിന്റെ പ്രളയോദയങ്ങളോ ബാധയോ കേവലം ഇല്ലാതായിതീരുക തന്നെ ചെയ്യും. അതിനാല്‍ എത്രയും കഴിയുന്ന വേഗത്തില്‍ അതാണ് സിദ്ധിക്കേണ്ടതായിട്ടിരിക്കുന്നത്. ഏതേരു സുഖത്തിന്റെ അനുഭുതിയില്‍ ചിത്തത്തിന്റെ സ്ഫുരണമുണ്ടാകുന്നില്ലയോ, അതാണ് ഉത്തമവും നാശരഹിതവുമായ സുഖം. അതുണ്ടാവുകയോ നശിപ്പിക്കുകയോ ചെയ്യുന്നില്ല. പ്രസ്തുത സുഖത്തില്‍ മുഴുകിയ മഹാത്മാവിനു ചിത്തമുണ്ടാകില്ല. അല്പമായി സ്ഫുരിച്ചാലും അതു ചിത്തമല്ല; അതിനെ സത്യമെന്നാണ് പറയാറു്. അറിയപ്പെടുന്ന ദൃശ്യങ്ങളില്‍ നിന്നൊക്കെ വേറെയായിരിക്കുന്ന ചിത്തം ബ്രഹ്മജ്ഞാനമുണ്ടാകുമ്പോള്‍ ദൃശ്യത്തോടുകൂടിച്ചേര്‍ന്നു ഒന്നായിത്തീരുന്നു. മാത്രമല്ല, ആസ്ഥിതിയിലെത്തിയ ചിത്തം അധികം താമസിയാതെ തുരീയാവസ്ഥയിലേക്കുയരുകയും ചെയ്യും. തുരീയാവസ്ഥയില്‍ ചിത്തം ചില്‍സ്വരൂപമായി മാറുകയും ചെയ്യുന്നു. പിന്നെ തുരീയാതീതത്വവും പിന്നെ ബ്രഹ്മാത്മകതയും പ്രാപിക്കുകയും ചെയ്യുന്നു.

അജ്ഞാനാവസ്ഥയില്‍, ഹേ രാഘവാ, പല നാമരൂപങ്ങളായി കാണപ്പെടുന്നതും ബ്രഹ്മമല്ലാതെ മറ്റൊന്നുമില്ല. ബ്രഹ്മമല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ല. ചിത്തം മുതലായ വസ്തുക്കള്‍ എപ്രകാരം കല്പനാമാത്രങ്ങളും പരമാര്‍ത്ഥദര്‍ശനത്തില്‍ ഇല്ലാത്തവയുമാകുന്നുവോ, അതുപോലെത്തന്നെയാണ് എല്ലാവസ്തുക്കളും; കല്പനാമാത്രങ്ങളല്ലാതെ പരമാര്‍ത്ഥസ്വരൂപങ്ങളല്ല.

No comments:

Post a Comment