ലഘുയോഗവാസിഷ്ഠം - 29
ഭ്രസുണ്ഡോപാഖ്യാനം
നാരദാദി ഋഷികള്‍ ചിരംജീവികളുടെ കഥ പറയുന്നതിനെ കേട്ടുകൊണ്ടിരുന്നു . അക്കൂട്ടത്തില്‍ ശാതാതപനെന്ന ഒരു ഋഷി ശ്രേഷ്ഠനുമുണ്ടായിരുന്നു. അദ്ദേഹം ഒരു കഥ പറഞ്ഞു . സുമേരുപര്‍വ്വതത്തിന്റെ ഈശാനകോണിലുള്ള കൊടുമുടിയില്‍ വളരെ പൊക്കവും വലിപ്പവും പഴക്കവുമുളള ഒരു കല്പകവൃക്ഷമുണ്ട്. അതിന്റെ തെക്കുഭാഗത്ത് വലിയകൊമ്പില്‍ ഒരു കൂടുണ്ട്. അതിന്റെ ഭ്രസുണ്ഡനെന്നു പ്രസിദ്ധനായ ഒരു കാക്ക താമസിച്ചുവരുന്നുണ്ട്. ഭ്രസുണ്ഡനെന്ന ശബ്ദത്തിനുതന്നെ ലോകങ്ങളിലൊക്കെ സുഖമായി വിഹരിക്കുന്നവന്‍ എന്നര്‍ത്ഥമാണ്. ആ കാക്കയെപ്പോലെ ദീര്‍ഘാസ്സുണ്ടായിട്ടു ഭ്രലോകത്തോ ദേവലോകത്തോ ആരുംതന്നെയില്ല. അതുപോലെ തപസ്സ്, ശാന്തി, വിശ്രാന്തി, ത്യാഗം എന്നീ ഗുണങ്ങളും ഭ്രസുണ്ഡനോളം ആര്‍ക്കൂം തന്നെയില്ല. അദ്ദേഹമാണ് ശരിയായ ചിരഞ്ജീവിയും മഹാത്മാവും.
എന്നിങ്ങനെ പറഞ്ഞപ്പോള്‍ കേട്ടവരെല്ലാം വളരെയധികം ആശ്ചര്യപ്പെട്ടു. പിന്നെ ആ സഭ പിരിഞ്ഞു് എല്ലാവരും അവരവരുടെ സ്ഥാനങ്ങളിലേയ്ക്കും പുറപ്പെട്ടപ്പോള്‍ ഭ്രസുണ്ഡനെ ഒന്നു കാണണമെന്നു നിശ്ചയിച്ചു ഞാന്‍ മേരുപര്‍വ്വതത്തിലേയ്ക്കു യാത്ര തിരിച്ചു. അവിടെ ചെന്നു കണ്ടപ്പോള്‍ വളരെ ആശ്ചര്യം തോന്നി. ധാരാളം പക്ഷി വര്‍ഗ്ഗങ്ങള്‍ അവിടെ ചുററുപാടുമായി താമസിച്ചുവരുന്നുണ്ടു്. ബ്രഹ്മദേവന്റെ വാഹനമായ ഹംസത്തിന്റെ കട്ടികള്‍ സാമഗാനങ്ങളെ പാടിക്കൊണ്ട് ചുററിലും നടന്നു വിഹരിക്കുന്നു. അങ്ങനെത്തന്നെ ധാരാളം മയിലുകളും പീലിവിരുത്തിയും ആടിയും രമിച്ചുകൊണ്ടിരിക്കുന്നു.
ശൈവതത്വങ്ങളെ വളരെ ഭംഗിയായി പാടുന്നു മയിലുകള്‍. വേറെയും പലതരം പക്ഷികള്‍ വേദമന്ത്രങ്ങളെ ഗാനം ചെയ്തു കൊണ്ടും തത്വങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ടും വിഹരിക്കുന്നു. കല്പകവൃഷത്തിലാണെങ്കില്‍ അസംഖ്യം കാക്കകളുണ്ട്. അവ പ്രാണസ്പന്ദനം പോലും അടക്കി എപ്പോഴും അന്തര്‍മ്മുഖവ്യത്തികളും നിശ്ചലങ്ങളുമായിട്ടിരിക്കുന്നു. അവരുടെ മദ്ധ്യത്തില്‍ ഉന്നതകായനും അര്‍ദ്ധനിമീലിതനേത്രനുമായി ഭ്രസുണ്ഢന്‍ ഇരിക്കുന്നതു കണ്ടു. കാഴ്ചയില്‍ത്തന്നെ അദ്ദേഹം അത്യന്തം സുഖിയും ശാന്തനും വിശ്രാന്തനുമാണെന്നു ബോധ്യമായി.
ഇങ്ങനെയുളള വിചിത്രാനുഭവങ്ങളെയെല്ലാം നോക്കിക്കണ്ടാനന്ദിച്ചുകൊണ്ടു ഞാന്‍ പതുക്കെ ഭ്രസുണ്ഡന്റെ മുന്നില്‍ചെന്നു. അപ്പോള്‍ ഞാനവിടെ ചെല്ലുമെന്നദ്ദേഹം ധരിച്ചിട്ടുണ്ടായിരുന്നില്ലെങ്കിലും ചെന്നപ്പോള്‍ ”വസിഷ്ഠ”നാണെന്നു മനസിലായി. ഉടനെത്തന്നെ വ്യക്ഷത്തിന്റെ ഇലകളുടെ ഇടയില്‍ നിന്നു കുടഞ്ഞെഴുന്നേററു് അല്ലയോ മഹര്‍ഷേ അങ്ങയ്ക്കു സ്വാഗതമെന്നു പറഞ്ഞു. സങ്കല്പമാത്രംകൊണ്ടു പെട്ടെന്നുണ്ടായിത്തീര്‍ന്ന കൈകളാല്‍ ധാരാളം പുഷ്പങ്ങള്‍ വാരി എന്റെ പാദങ്ങളിലര്‍ച്ചിക്കുകയും ചെയ്തു. അനന്തരം കല്പവ്യക്ഷത്തിന്റെ ഇളംതളിരുകള്‍ പൊട്ടിച്ച് ആസനമുണ്ടാക്കി അതില്‍ എന്നോടിരിക്കാന്‍ അപേക്ഷിക്കുകയും ഞാനതിലിരിക്കുകയും ചെയ്തു. മഹാനായ ഭ്രസുണ്ഡന്‍ എന്നെ ഇങ്ങനെയൊക്കെ സല്ക്കരിക്കുന്നതു കണ്ടപ്പോള്‍ ആരാണിദ്ദേഹമെന്ന ജിജ്ഞാസയോടും ആശ്ചര്യത്തോടും കൂടി അവിടെയുളള പക്ഷിസമൂഹങ്ങളും എന്നെതന്നെ ഉററുനോക്കി. പിന്നെ അര്‍ഘ്യപാദ്യങ്ങളെ നല്‍കി ഭ്രസുണ്ഡന്‍ എനിക്കഭിമുഖമായിരുന്ന് സംസാരിക്കാന്‍ തുടങ്ങി.
“മഹാത്മാവായ മഹര്‍ഷേ, അവിടുത്തെ ദര്‍ശനം ഞങ്ങളെ എത്രയാണ് സന്തോഷിപ്പിക്കുന്നതെന്നു പറയാന്‍ വയ്യ. കണ്ടപ്പോള്‍തന്നെ ആഗമനോദ്ദേശം മനസ്സിലായി. ചിരഞ്ജീവികളെ സ്മരിച്ച കൂട്ടത്തില്‍ ഇവനെയും സ്മരിച്ചു. അപ്പോള്‍ കാണാനുളള കൗതുകംകൊണ്ടു പുറപ്പെട്ടതാണെന്നു മനസിലായി. എങ്കിലും അവിടുത്തെ മുഖത്തില്‍നിന്നുതന്നെ അമൃതായമാനങ്ങളായ വാക്കുകളുച്ചരിച്ചു കേട്ടാല്‍ക്കൊളളാമെന്നാഗ്രഹമുണ്ട്.” എന്നിങ്ങനെ ഭ്രസുണ്ഡന്‍ പറഞ്ഞപ്പോള്‍ താന്‍ മറുപടി പറയാന്‍ തുടങ്ങി.
“പക്ഷിശ്രഷ്ഠാ, അങ്ങ് പറഞ്ഞതു സത്യമാണ്. ചിരഞ്ജീവിയായ അങ്ങയെ കാണാനുളള കൗതുകം കൊണ്ടുതന്നെ വന്നതാണ്. വേറെ വിശേഷിച്ചുദ്ദേശമൊന്നുമില്ല. എങ്കിലും അങ്ങയെ കാണാന്‍ സാധിച്ച സ്ഥിതിക്കു ചിലതുകൂടി അറിഞ്ഞാല്‍ കൊളളാമെന്നുണ്ടു്. ഏത് വംശത്തിലാണ് ജനനം? എന്നാണ് ജ്ഞാതജ്ഞേയനായത്? വയസ്സത്രയായി? ആരാണു് താമസിക്കാനീ സ്ഥലം കാണിച്ചുതന്നത്? ചിരകാലം മുമ്പ് കഴിഞ്ഞുപോയ പ്രധാനപ്പെട്ട വല്ല കാര്യങ്ങളും ഓര്‍ക്കുന്നുണ്ടോ? എന്നുകൂടി അറിയാനാഗ്രഹമുണ്ട്” എന്നിങ്ങനെ ഞാന്‍ ചോദിച്ചപ്പോള്‍ ഭ്രസുണ്ഡന്‍ പ്രത്യേകമായി സന്തോഷിക്കുകയോ വെറുക്കുകയോ ചെയ്യാതെ അങ്ങയെപ്പോലുളള മഹാത്മാക്കളുടെ വാക്കിനെ ആരാണ് ലംഘിക്കുന്നതു്? എല്ലാം പറയാമെന്നു പറഞ്ഞുംകൊണ്ടു ഹേ രാമചന്ദ്ര ! ആ പക്ഷിശ്രഷ്ഠന്‍ എന്റെ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ തുടങ്ങി.
ദേവദേവനും സര്‍വ്വദേവതാവ്യന്ദവന്ദ്യനും സര്‍വ്വലോകൈകനാഥനുമായ ശ്രീ പരമേശ്വരന്‍ തന്റെ പരിവാരങ്ങളോടെ ശ്രീ കൈലാസത്തില്‍ വിജയിച്ചരുളുന്നു. വിചിത്രങ്ങളും വിക്യതസത്വങ്ങളുമായ പല ഭൂതഗണങ്ങളും അവിടുത്തെ നിത്യകൈങ്കര്യത്തെ വരിച്ചു പാദാശ്രിതന്മാരായി കഴിഞ്ഞുവരുന്നു. അവരുടെ കൂട്ടത്തില്‍ മാതാക്കളുണ്ട്. മാതാക്കളുടെ കൂട്ടത്തില്‍ ജയ, വിജയ, ജയന്തി, അപരാജിത, സിദ്ധ, രക്ത, അലംബുഷ, ഉല്പല എന്നീ എട്ടുപേര്‍ പ്രസിദ്ധദേവതാസ്വരുപിണികളും മററുളളവരുടെ നേത്യത്വമുളളവരാണ്.
ഇവരില്‍ അലംബുഷയെന്ന മാതാവിന്റെ വാഹനം ചണ്ഢനെന്നു പേരായ ഒരു കാകനാണു്. വൈഷ്ണവീദേവിക്ക് ഗരുഡനെന്നതുപോലെയാണു് അലംബുഷയ്ക്ക് ചണ്ഡന്‍. അഞ്ജനപര്‍വ്വതംപോലെ കറുത്തുതടിച്ച് തീഷ്ണതുണ്ഡനായ ആ കാക്ക പര്‍വ്വതാകാരനും മഹാശക്തനും കൂടിയാണു്. അഷൈ്ടശ്വര്യസിദ്ധികളും മററു പലകഴിവുമുളള മുന്‍പറഞ്ഞ ദേവിമാര്‍ ഒരിക്കല്‍ എന്തോ കാരണത്താല്‍ എല്ലാവരും കൂടിച്ചേര്‍ന്ന് ആകാശത്തില്‍ വെച്ചൊരു ഉത്സവമാഘോഷിച്ചു. മദ്യപാനം ചെയ്തും നര്‍ത്തനം ചെയ്തും പാട്ടുപാടിയും അവര്‍ രസിക്കാന്‍ തുടങ്ങി. ആ സമയത്തു് അവരുടെ വാഹനങ്ങളും മദ്യപാനംചെയ്തും മതിമറന്നു നര്‍ത്തനംചെയ്തും ഗാനമാലപിച്ചും രസിച്ചുവന്നു. ബ്രഹ്മാണീദേവിയുടെ രഥവാഹകങ്ങളായ അന്നപ്പേടകള്‍ അങ്ങൊരു ദിക്കില്‍ രമിച്ചുകൊണ്ടിരുന്നു.
അവിടെ തന്നെയാണ് ചണ്ഡനെന്ന കാകനും ചെന്നുകുടിയത്. മദ്യപാനംകൊണ്ട് മതിമറന്നു രതിക്രീഡ ചെയ്തതിനാല്‍ ഉത്സവം കഴിഞ്ഞുനോക്കുമ്പോള്‍ അന്നപ്പേടകളൊക്കെ ഗര്‍ഭിണികളായിക്കണ്ടു. ദേവിമാര്‍ അവരവരുടെ സ്ഥാനങ്ങളിലേയ്ക്കു പുറപ്പെട്ട സമയത്തു് അന്നപ്പേടകള്‍ ബ്രപ്മാണിദേവിയെ സമീപിച്ചു ലജ്ജയോടുകൂടുംവണ്ണം തങ്ങളുടെ ഗര്‍ഭാവസ്ഥയെ അറിയിച്ചു. ദേവി കാരുണ്യത്തോടുകൂടുംവണ്ണം അവരെ കടാക്ഷിച്ചു. അനന്തരം ഗര്‍ഭക്ലേശം കഴിയുന്നതുവരെ എവിടെയെങ്കിലും പോയിരുന്നുകൊളളാന്‍ അനുവദിക്കുകയും ചെയ്തു. പിന്നീടു കുറേക്കാലം ദേവി നിര്‍വ്വികല്പസമാധിയില്‍ മുഴുകുകയും ചെയ്തു. അന്നപ്പേടകള്‍ മാനസസരസ്സിന്റെ തീരപ്രദേശത്തു ചുററിസഞ്ചരിച്ച് കഴിഞ്ഞുകുടി. ക്രമേണ ഗര്‍ഭം പരിപക്വമായിത്തീര്‍ന്നപ്പോള്‍ യഥാകാലം മുട്ടകളിടുകയും അവ ക്രമേണ വിരിഞ്ഞു കുഞ്ഞുകളായിത്തീരുകയും ചെയ്തു .
ഹേ! മഹര്‍ഷേ! അങ്ങനെ ഞങ്ങളിരുപത്തൊന്നു പേരുണ്ടായി. ചണ്ഡപുത്രന്മാരായ ഞങ്ങളിരുപത്തൊന്നുപേരും അമ്മമാരോടുകൂടി ബ്രഹ്മാണിയെ സേവിച്ചുകൊണ്ടു കഴിഞ്ഞു വന്നു. സന്ദര്‍ഭം വന്നപ്പോള്‍ ദേവി സമാധിയില്‍നിന്നുണര്‍ന്നു. ഞങ്ങളെയൊക്കെക്കണ്ടപ്പോള്‍ സന്തുഷ്ടയായിത്തീര്‍ന്ന ദേവി സംസാരമുക്തന്മാരായി തീരട്ടെയെന്നനുഗ്രഹിച്ചു. കാരുണ്യപൂര്‍ണ്ണമായ ആ അനുഗ്രഹം വേണ്ടത്ര സഫലമായി. ഞങ്ങളെല്ലാവരും മുക്തന്മാരായിത്തീരുകയും ചെയ്തു. അനന്തരം സംതൃപ്തരും കൃതകൃത്യരുമായ ഞങ്ങള്‍ ശാന്തന്മാരായി എവിടെയെങ്കിലും ധ്യാനനിഷ്ഠന്മാരായി കഴിയണമെന്നു തീര്‍ച്ചപ്പെടുത്തി അമ്മയച്ഛന്മാരെ വന്ദിച്ചു് അച്ഛനോടു വിവരമറിയിച്ചു. തക്കതായ സ്ഥാനം നിര്‍ദ്ദേശിച്ചുതരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അലംബുഷാദേവിയുടെ നിര്‍ദ്ദേശപ്രകാരം അച്ഛന്‍ ഞങ്ങള്‍ക്ക് കല്പവ്യക്ഷത്തെ കാട്ടിത്തന്നു. അന്നു മുതല്‍ക്ക് ഞങ്ങളീ വ്യക്ഷത്തിന്മേല്‍ താമസവുമായി. ഹേ മഹര്‍ഷേ, പുണ്യാതിരേകത്താല്‍ ഇന്നിപ്പോള്‍ അങ്ങയുടെ ദര്‍ശനം സാധിച്ചു. സല്‍സംഗത്തേക്കാള്‍ ശ്രേഷ്ഠമായി എന്തൊരനുഭവമാണീ ലോകത്തിലുളളതു്! അതു സാധിച്ചുവെന്നത് പുണ്യഫലമല്ലാതെ മറെറന്താണ്? എന്നൊക്കെപ്പറഞ്ഞു വീണ്ടും അര്‍ഘ്യപാദ്യങ്ങളെ അര്‍പ്പിച്ച ആ തപസ്വിയോട് അങ്ങയുടെ സോദരന്മാരായ മററിരുപതുപേരുമെവിടെയെന്നു ഞാന്‍ ചോദിച്ചു.
ഹേ! രാമ! അതിനു് അവരെല്ലാം കാലഗതിയെ പ്രാപിച്ചുവെന്നദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ഭ്രസുണ്ഡന്‍ മാത്രം ഇത്രയും കാലമായിട്ടും കാലഗതിയെ പ്രാപിച്ചില്ലെന്നും അതിന്റെ കാരണം നിയതി അങ്ങനെയാണെന്നുളളതുതന്നെയാണെന്നും വ്യക്തമാക്കി. ആര്‍ക്കെല്ലാം എന്തെല്ലാം യോഗ്യതകളുണ്ടായാലും നിയതിയെ അതിക്രമിക്കുകയെന്നതാര്‍ക്കും സാദ്ധ്യമല്ലെന്നും എന്തു എങ്ങനെ സംഭവിക്കണമോ അതു് അങ്ങനെതന്നെ സംഭവിക്കുന്നതാണു് നിയതിയെന്നുമൊക്കെ ആ പക്ഷിശ്രേഷ്ഠന്‍ പറഞ്ഞു. എന്നാലും ഭൂമ്യാദിതത്വങ്ങള്‍ ഒരോന്നായാലോചിച്ചു ലോകം തന്നെ ഇല്ലാതായിത്തീരുമ്പോള്‍ എങ്ങനെയാണ് നിലനിലക്കുന്നതെന്നു ചോദിച്ചതിന് ഏതൊരു തത്വം ശേഷിക്കുന്നുവോ അതിനോടു താദാത്മ്യഭാവം പ്രാപിച്ചുകൊണ്ടാണ് തന്റെ വ്യക്തിഭാവത്തെ നിലനിര്‍ത്തിപ്പോരുന്നതെന്നും ആ പക്ഷിശ്രഷ്ഠന്‍ പറഞ്ഞു. അത്യന്തസുദീര്‍ഘമായ അങ്ങയുടെ ആയുഷ്കാലത്തില്‍ എന്തെല്ലാം വിശേഷങ്ങളാണ് ഈ ലോകത്തില്‍ കണ്ടിട്ടുളളതെന്നാണ് പിന്നീട് ഞാന്‍ ചോദിച്ചതു് . ഹേ! രാമചന്ദ്ര! അതിനു് അദ്ദേഹം പറഞ്ഞ മറുപടി ആശ്ചര്യങ്ങളില്‍വെച്ച് അത്യാശ്ചര്യമെന്നേ പറയാനുളളു.
വ്യക്ഷലതാദികള്‍ തീരെയില്ലാതെ കല്ലും മണ്ണും മാത്രമായുളള ഭൂമിയെയും, പര്‍വ്വതങ്ങള്‍ കേവലമില്ലാതെ സമതലം മാത്രമായ ഭൂമിയെയും, വളരെക്കാലം ഭസ്മം മാത്രമായ ഭൂമിയേയും അദ്ദേഹം കണ്ടിട്ടുണ്ട്. അഗസ്ത്യമഹര്‍ഷിയില്ലായിരുന്ന കാലം ഓര്‍മ്മയുണ്ട്. അക്കാരണത്താല്‍ത്തന്നെ വിന്ധ്യപര്‍വ്വതം വളര്‍ന്നു ലോകം മുഴുവന്‍ നിറഞ്ഞതായും ഓര്‍മയുണ്ട്. മദ്യപാനം ചെയ്യുന്ന ബ്രാഹ്മണരും മദ്യപാനംചെയ്യാത്ത ശൂദ്രരും ഉണ്ടായിരുന്ന കാലവും അക്കാലത്തുതന്നെ പതിവ്രതാസ്ത്രീകള്‍ സ്വൈരിണികളായിരുന്നതും അദ്ദേഹത്തിനോര്‍മ്മയുണ്ട്. ആദിത്യചന്ദ്രന്മാരില്ലാതിരുന്ന കാലവും അവരുടെ ഉല്പത്തിയും ഹിരണ്യാക്ഷന്റെ ജനനവും ഭൂമിയെ പാതാളത്തിലാഴ്ത്തിയും ശ്രീനാരായണന്‍ വരാഹമായി അവതിച്ച് ഭൂമിയെ മേല്പോട്ടു കൊണ്ടുവന്നതും ഹിരണ്യാക്ഷനെ കൊന്നതും അദ്ദേഹം കണ്ടിട്ടുണ്ട്. ഭൂമിയെ സ്വസ്ഥാനത്തുറപ്പിച്ചതും മത്സ്യാവതാരവും വേദങ്ങളെ വീണ്ടെടുത്തതും മന്ദരപര്‍വ്വതത്തെ പുഴുക്കിയെടുത്തതും പാല്‍സമുദ്രത്തെക്കടഞ്ഞതും ഗരുഡന്‍ പക്ഷഹീനനായിരുന്നതുമെല്ലാം അദ്ദേഹത്തിന്നോര്‍മ്മയുണ്ട്. അദ്ദേഹം ചോദിക്കയാണ് കുറച്ചുമുമ്പു കഴിഞ്ഞ സംഗതികള്‍ ആക്കാണു് ഓര്‍മ്മയുണ്ടാവാത്തതെന്ന്. അത്രി, മരീചി, വസിഷ്ഠന്‍ തുടങ്ങിയ മഹര്‍ഷിമാരും, ഇന്ദ്രന്‍ തുടങ്ങിയ ദേവന്മാരും, ഗണേശന്‍, ഷണ്‍മുഖന്‍ തുടങ്ങിയ ദേവശ്രഷ്ഠന്മാരും ഉണ്ടായതൊക്കെ അദ്ദേഹത്തിനറിയാം.
എട്ടാമത്തെ ജന്മമാണ് വസിഷ്ഠന്റേതെന്നും ഈ ജന്മത്തില്‍ അദ്ദേഹത്തെക്കാണാനിടവരുമെന്നും ഭ്രസുണ്ഡന്‍ മുമ്പു തന്നെ അറിഞ്ഞിട്ടുണ്ടത്രെ. കൂര്‍മ്മാവതാരം അഞ്ചു പ്രാവശ്യം നടന്നതായി ഭ്രസുണ്ഡന്നറിയാം. പന്ത്രണ്ടു പ്രാവശ്യം പാല്‍സമുദ്രം കടയുന്നതു് അദ്ദേഹം കണ്ടിട്ടുണ്ട്. ഹിരണ്യാക്ഷന്‍ ഭൂമിയെ പാതാളത്തിലേയ്ക്കു കൊണ്ടപോയതു മൂന്നു പ്രാവശ്യം കണ്ടിട്ടുണ്ടു്. അതുപോലെ ശ്രീപരമേശ്വരന്റെ ത്രിപുരദഹനം മുപ്പതു പ്രാവശ്യം കണ്ടിട്ടുണ്ട്. എന്നാല്‍ വീരഭദ്രന്റെ ദക്ഷാദ്ധ്വരദ്ധ്വംസനം രണ്ടു പ്രാവശ്യമേ കണ്ടിട്ടുണ്ടുളളൂ. പരമേശ്വരന്‍ ക്രോധിച്ചു് ഇന്ദ്രനെക്കൊന്നതും അര്‍ജ്ജുനനോടു യുദ്ധം ചെയ്തതും പല പ്രാവശ്യം കണ്ടിട്ടുണ്ട്. യുഗംതോറും മനുഷ്യരുടെ ബുദ്ധിക്ക് വീര്യം ഏറിയും ചുരുങ്ങിയും വരുന്നതുകൊണ്ട് വേദങ്ങളുടെ അംഗങ്ങളും പാഠങ്ങളും ക്രിയകളും പലപ്പോഴും പലരൂപത്തില്‍ മാറിമാറി സംഭവിച്ചു. രാമായണം, ഭാരതം തുടങ്ങിയ ഇതിഹാസങ്ങള്‍ ഇല്ലാതിരുന്ന കാലവും പിന്നീടുണ്ടായതും കല്പംതോറും പുതുതായുണ്ടായിത്തീര്‍ന്നതും ഓര്‍മ്മയുണ്ട്. എന്നുവേണ്ട, ഹേ രാമചന്ദ്ര! ആ കാകശ്രേഷ്ഠന്‍ പറഞ്ഞ കാര്യങ്ങളെക്കേട്ടു ഞാന്‍ അത്ഭുതം കൊണ്ടു സ്തബ്ധനായി. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അങ്ങുവ്യവഹാരിയായിരുന്നിട്ടും എന്തുകൊണ്ടാണു് ശരീരം നശിക്കാത്തതെന്നും ചോദിച്ചു.
ഹേ രാമചന്ദ്ര ! എന്റെ ചോദ്യത്തെക്കേട്ടു ഭ്രസുണ്ഡന്‍ മറുപടി പറയാന്‍ തുടങ്ങി. ഹേ ഋഷിശ്രഷ്ഠ! അങ്ങയെക്കെല്ലാമറിയാം. അങ്ങറിയാത്തതായി ഒന്നുമില്ല അതിനാല്‍ അങ്ങയോടൊന്നും പറയേണ്ടതുമില്ല. എന്നിരുന്നാലും അങ്ങു ചോദിച്ചതുകൊണ്ടു ഞാന്‍ പറയാം. സജ്ജനങ്ങളുടെ ആജ്ഞയെ ആചരിക്കുന്നതില്‍പ്പരം ശ്രേയസ്കരായി മറെറന്തുണ്ട്? വാസനകള്‍ ആരുടെ ഹ്യദയത്തില്‍ അല്പംപോലും ഇല്ലാതിരിക്കുന്നുവോ, അവനെ മൃത്യു ബാധിക്കില്ല. മനസ്സിന് ദു;ഖം, ക്രോധം, പാരുഷ്യം തുടങ്ങിയ ഭാവങ്ങളില്ലാത്തവനെയും മൃത്യു ബാധിക്കില്ല. വാസനകള്‍ കേവലം നശിച്ചവന് അങ്ങനെയുളള ഭാവങ്ങളും ഉണ്ടാവില്ലെന്നുതന്നെ പറയണം. ചിന്തകളും ആശങ്കളും ഇല്ലാത്തവനെയും മ്യത്യു ബാധിക്കില്ല. രാഗം, ദ്വേഷം, ലോഭം തുടങ്ങിയ വികാരങ്ങളില്ലാത്തവനെയും മൃത്യു ബാധിക്കില്ലന്നു പറയണം. അതുപോലെ ക്രോധമില്ലാത്തവനെയും മൃത്യു ബാധിക്കാന്‍ വയ്യ. കാമത്തിന്റെ ബാധയില്ലാത്തവനെയും മൃത്യുവിന് വിഴുങ്ങാന്‍ വിഷമമാണു് . സംസാരതാപത്തിന് ഹേതുഭൂതങ്ങളായ പറയപ്പെട്ട ചിത്തദോഷങ്ങള്‍ മുഴുവന്‍ നീങ്ങി ആരുടെ ചിത്തമാണോ എപ്പോഴും ലക്ഷ്യവസ്തുവായ തുരീയപദത്തില്‍ വിശ്രാന്തമായിട്ടിരിക്കുന്നതു്, എപ്പോഴും സമാധഭാവമല്ലാതെ സംസരസ്ഫുരണം തന്നെ ആരില്‍ ഒരിക്കലും ഉണ്ടവുന്നില്ലയോ അവനു മൃത്യുബാധയില്ല. പുത്രമിത്രാദികളോ ആധിവ്യാധികളോ ആകുന്ന സംസാരവൃക്ഷകുസുമങ്ങളുടെ ഗന്ധംപോലുമുണ്ടാവില്ല സമാധിയുക്തമനസ്സായിട്ടുളളവന്.
തേജോമയമായ ഹ്യദയാകാശത്തെ ഇരുട്ടടപ്പിക്കുന്ന കാമക്രോധാദികളോടുകൂടിയ ചിന്തകളും സമാഹിതമനസ്സിനെ ബാധിക്കില്ല. ദുര്‍ഗ്ഗുണൗഘങ്ങള്‍, ദുരാരംഭങ്ങള്‍, ദുരാഗ്രഹങ്ങള്‍, ദുര്‍വ്വിചാരങ്ങള്‍ തുടങ്ങിയവയൊന്നും സമാഹിതമനസ്സിനെ അല്പംപോലും ബാധക്കില്ല. അതിനാല്‍ അവിദ്യയെ നീക്കി സംസാരത്തിന്റെ യാതൊരു ബാധയുമില്ലാതെ നിര്‍വ്വാണത്തിന് ഹേതുവായി ലക്ഷ്യവസ്തുവില്‍ എപ്പോഴും തല്‍പരമാക്കി അടക്കിനിര്‍ത്തിക്കൊണ്ടിരിക്കണം. മനസ്സിനെ സര്‍വ്വദുഃഖങ്ങളെയും നശിപ്പിക്കുന്ന ഒരു ദിവ്യാമൃതം ലോകത്തിലുണ്ടെങ്കില്‍ ഹേ മഹര്‍ഷേ അതു് ആത്മചിന്തമാത്രമാണ്. അങ്ങയെപ്പോലുളള മഹാത്മാക്കള്‍ക്കതിനൊട്ടും വിഷമമില്ല. എല്ലാകലനകളുമറ്റ നിഷ്കളങ്കവും പരകോടിയുമായ ഈ പരമപദത്തെ മന്ദബുദ്ധികള്‍ പ്രാപിക്കാന്‍ വിഷമംതന്നെയാണു്. ഇനി ആത്മചിന്തകളുണ്ടു്. അതുകൊണ്ടു് ഒരാള്‍ക്കു നിര്‍വ്വാണപദത്തെ പ്രാപിക്കാം. അങ്ങനെയുളള ചിന്തകളില്‍ ഒന്നാണു് പ്രാണചിന്ത അതിനെയാണ് ഞാന്‍ ചെയ്തുവരുന്നതു്.
എന്നിങ്ങനെ ആ കാകപ്രമാണി പറഞ്ഞപ്പോള്‍ അറിവുണ്ടെങ്കിലും കേള്‍ക്കാനുളള കൗതുകംകൊണ്ട് ഹേ രാമചന്ദ്ര! പ്രാണചിന്തയെന്നാല്‍ എന്താണെന്നും അതെങ്ങനെയാണു് ചെയ്യേണ്ടതെന്നും ഞാന്‍ ചോദിച്ചു, അതു കേട്ടപ്പോള്‍ ഭ്രസുണ്ഡന്‍ പറയാന്‍തുടങ്ങി. ശരീരത്തിന്റെ നേരെ മധ്യത്തില്‍ ഹ്യദയമാകുന്ന പുണ്ഡരീകം വിടര്‍ന്നു പ്രകാശിച്ചുകൊണ്ടിരിക്കുന്നു. അതില്‍ പ്രാണനെന്നും അപാനനെന്നും പേരായി രണ്ടു വായുക്കള്‍ ഇപ്പോഴും മേലും കീഴുമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവയുടെ ഗതിയെ എപ്പോഴും ഞാന്‍ അനുസ്മരിച്ചുകൊണ്ടും അനുഗമിച്ചുകൊണ്ടുമിരിക്കുന്നു. ഒരു നിമിഷമെങ്കിലും ഞാനവയെ മറന്നോ , അവയുടെ ഗതിയെ വിട്ടോ നിലക്കാറില്ല. ആ സമ്പ്രദായംതന്നെ പ്രാണചിന്തനം. എപ്പോഴും ആകാശത്തില്‍ സഞ്ചരിക്കുന്നവയും ശീതോഷ്ണവീര്യങ്ങളോടുകൂടിയവയുമാണ്. ഹ്യദയമാകുന്ന ആകാശത്തിലെ ആദിത്യചന്ദ്രന്മാരാണ് പ്രസ്തുത രണ്ടു വായുക്കളെന്നു പറഞ്ഞാല്‍ തെറ്റില്ല. ഒരിക്കലും അല്പംപോലും ക്ഷീണമോ തളര്‍ച്ചയോ ഇല്ലാതെ എപ്പോഴും ഈ ശരീരയന്ത്രത്തെ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നതു പ്രസ്തുത വായുക്കളാണ്. ജാഗ്രദാദി മൂന്നവസ്ഥകളിലും ഞാനവയുടെ ഗതിയെ ദ്യഢമായി അനുസരിക്കുന്നുവെന്ന കാരണത്താല്‍ സുഷുപ്തിസ്ഥിതിതനെന്നപോലെ കാലംകൊണ്ടു് എന്റെ വാസനകളെല്ലാം അകന്നു. വാസനകള്‍ നീങ്ങിയാല്‍ സംസാരത്തിന്റെ ബാധയില്ലെന്നു പറയേണ്ടതില്ലല്ലോ. അത്യന്തസൂഷ്മമായ താമരനൂലിനെക്കാള്‍ വളരെ സൂഷ്മമാണ് അവയുടെ ഗതിയെന്നു പറയണം. അതിനാല്‍ സ്ഥൂലബുദ്ധികള്‍ക്ക് അറിയാന്‍തന്നെ വിഷമം. എങ്കിലും സുഷ്മബുദ്ധികള്‍ക്ക് വിഷമംകൂടാതെ ഗ്രഹിക്കാനും അനുസരിക്കാനും കഴിയുകയും ചെയ്യും. പ്രാണാപാനന്മാരാകുന്ന പ്രസ്തുത രണ്ടു വായുക്കളും ചലനശക്തിയോടുകൂടിയാണ് ശരീരത്തിന്റെ ബാഹ്യാഭ്യന്തരങ്ങളില്‍ ഊര്‍ദ്ധ്വമുഖമായിട്ടാണ് അപാനന്‍ സഞ്ചരിക്കുന്നതെന്നേ വ്യത്യാസമുളളൂ. ജാഗ്രത്തിലും സ്വപ്നത്തിലുമെന്നുവേണ്ട എപ്പോഴും അഭിജ്ഞന്മാരായ മഹാത്മാക്കള്‍ ചെയ്തുവരുന്ന പ്രാണായാമത്തിന്റെ സ്വഭാവത്തെ ഞാന്‍ പറയാം. അതു കേള്‍ക്കുന്നുവെന്നതുതന്നെ ശ്രേയസ്കരമാണ്.
പ്രയത്നംകൂടാതെ ഹ്യദയപത്മത്തില്‍നിന്നു് പ്രാണങ്ങള്‍ പുറമേയ്ക്കു നിര്‍ഗ്ഗമിക്കുന്നതുതന്നെ അകത്തുളള രേചകം. പുറത്തേയ്ക്കു പന്ത്രണ്ടംഗുലത്തോളം നീണ്ടു വികസിക്കുന്ന പ്രാണങ്ങളുടെ അംഗസ്പര്‍ശം പുറത്തുളള പൂരകവുമാണു്. അപാനവായു പുറത്തുനിന്നകത്തേയ്ക്കു കടന്നു വികസിക്കുമ്പോള്‍ സുലഭമായി സിദ്ധിക്കുന്ന ശരീരപൂര്‍ണസ്പര്‍ശം അന്തഃപൂരണമെന്നും പറയപ്പെട്ടു വരുന്നു. അപാനന്‍ ഹ്യദയത്തിലസ്തമിച്ചു പ്രാണന്‍ ഉദിക്കുന്നതിനു മുമ്പുളള കേവലമായ നിശ്ചലാവസ്ഥയെ യോഗീശ്വരന്മാരനുഭവിക്കുന്നു. അതിനെ അന്തഃകുഭകമെന്നു പറഞ്ഞുവരുന്നു. ബാഹ്യോന്മുഖനായ പ്രാണന്റെ നാസാഗ്രത്തോളമുളള ഗതിയെയാണു് ബാഹ്യപൂരകമെന്ന് അറിവുള്ളവര്‍ പറയുന്നതു്. നാസാഗ്രത്തില്‍ പന്ത്രണ്ടംഗുലത്തോളമുള്ള പ്രാണന്റെ സഞ്ചാരഗതിയും ബാഹ്യപൂരകമെന്നുതന്നെയാണ് പറയുന്നത്.എന്നാല്‍ അതിനെ അപാരമായ ബാഹ്യപൂരകമെന്നു പറയുന്നു എന്നുമാത്രം. അതുപോലെ പുറമേ പ്രാണനസ്തമിച്ചു് അപാനന്‍ ഉദിക്കുന്നതിനു മുമ്പുളള സൂഷ്മമായ സാമ്യാവസ്ഥയെ ബഹിഃകുഭകമെന്നു പറയും. അപാനന്റെ ഉദയമാകുന്ന അന്തര്‍മ്മുഖത്വം ബാഹ്യരേചകവുമാണു് . പ്രാണാപാനന്മാരുടെ ബാഹ്യാഭ്യന്തരങ്ങളിലുളള ഈ ഗതിയെ എപ്പോഴും സ്മരിക്കുന്നതു മുക്തിക്കു ഹേതുവാണു് . മാത്രമല്ല വായുഗതിയെ ശരിയായിട്ടറിയുന്നവന്‍ ആരാലും പിന്നിടു സംസാരത്തില്‍ ജനിക്കാനിടവരില്ലെന്നുതന്നെ പറയണം.
പ്രാണാപാനന്മാരുടെ ഗതിവിശേഷത്തെക്കാണിക്കുന്ന എട്ടു പ്രകൃതികളെ ഇവിടെപ്പറഞ്ഞു. അവയെ ശരിക്കറിഞ്ഞു മനസ്സിനെ അല്പംപോലും പുറത്തേയ്ക്കുവിടാതെ നിരന്തരോപാസനം ചെയ്യുന്നവന്‍ ചില ദിവസങ്ങളെ ക്കൊണ്ടുതന്നെ പത്മപദത്തെ പ്രാപിക്കും. പറയപ്പെട്ട അഭ്യാസത്തെ ചെയ്യാന്‍ തുടങ്ങിയാല്‍ത്തന്നെ ഒരാള്‍ക്കു വിഷയസ്നേഹം ചുരുങ്ങിച്ചരുങ്ങി കേവലം ഇല്ലാതാവും. വിഷയബാധയില്ലാതെ നിരന്തരാഭ്യാസം ചെയ്യുമ്പോള്‍ അധികം താമസിക്കാതെത്തന്നെ പ്രാപ്തവ്യത്തെ പ്രാപിക്കുകയും ചെയ്യും.
ഹ്യദയപത്മത്തിലുദിച്ചു ബഹിര്‍ഗ്ഗമിക്കുന്ന പ്രാണന്‍ നാസാദ്വാരത്തില്‍നിന്നു പന്ത്രണ്ടംഗലംവരെ പോയി അവിടെ അസ്തമിക്കും. പ്രാണന്‍ എവിടെ അസ്തമിക്കുന്നുവോ, ഉദിച്ചു അന്തര്‍മുഖമായി ഹൃദയത്തിലേക്ക് വരും. അപാനന്‍ അസ്തമിക്കുന്നിടത്തു പ്രാണന്‍ ഉദിക്കുകയും ചെയ്യും. പ്രാണന്‍ അപാനനിലോ അഥവാ അപാനനന്‍ പ്രാണനിലോ ഏതെങ്കിലും ഒന്നു മറെറാന്നില്‍ ലയിച്ചു സാമ്യമായിത്തീരുന്നുവെന്നിരിക്കട്ടെ, യാതൊരു ദു;ഖത്തിന്റേയും സ്പര്‍ശമില്ലാതെ കേവലപദത്തെ അപ്പോള്‍ പ്രാപിക്കും. പ്രസ്തുത പ്രാണന്റേയും അപാനന്റേയും മദ്ധ്യത്തില്‍ അത്യന്തസൂഷ്മമായ കേവലപദം പ്രകാശിക്കുന്നു. അതിനെ അറിഞ്ഞു് പ്രാപിച്ചവന്‍ പിന്നീടൊരിക്കലും സംസാരത്തില്‍ ജനിക്കാനിടയാവുന്നില്ല. അതിനാല്‍ പ്രാണാപാനന്മാരുടെ മദ്ധ്യവര്‍ത്തിയായ ചിദാത്മാണു് എന്റെ ഉപാസനാമൂര്‍ത്തി. എപ്പോഴും ഞാനാദ്ദേവനെ ഉപാസിച്ചുകൊണ്ടിരിക്കയാണു്. ഹേ മഹര്‍ഷേ മ്യത്യുവിന്നതിനാലെന്നെ സപര്‍ശിക്കാന്‍ കഴിയുന്നില്ല.
ഇപ്രകാരമുളള അഭ്യാസത്തിന്റെ നിരന്തരാനുഷ്ഠാനം കൊണ്ടു് സംസാരത്തില്‍ ഒന്നിന്റെയും അല്പംപോലും ചിന്തയോ ത്യഷ്ണയോ ഇല്ലാത്തതുകൊണ്ടും ചിരഞ്ജീവിയായിട്ടിരിക്കയാണു് ഞാന്‍. സംസാരത്തിലെ ദ്വന്ദ്വബാധ എന്നെ തീരെ സ്പശിക്കാത്തതുകൊണ്ടു് യാതൊരു ദുഃഖവും എനിക്കില്ല. നല്ലതും ചീത്തയുമെന്ന വ്യത്യസ്തബോധവും എന്നെ ബാധിക്കാറില്ല. എപ്പോഴും സാമ്യാവസ്ഥയില്‍ത്തന്നെ മുഴുകിക്കഴിയുകയുകയാണു്. എനിക്കു സ്വന്തസ്വഭാവം ഒന്നുംതന്നെയില്ലെന്നുപറയണം. സുഖിയെക്കാണുമ്പോള്‍ ഞാന്‍ സുഖിയും ദുഃഖിയെക്കാണുമ്പോള്‍ ദുഃഖിയുമാവും. ആപല്‍ക്കാലത്തു ഞാന്‍ ധീരനും സമ്പദ്ക്കാലത്തു ജഗത്തിന് മിത്രവുമാവും. ഇങ്ങനെ പറയത്തക്ക ക്ലേശങ്ങളൊന്നുമില്ലാതെ ഞാന്‍ കഴിഞ്ഞുവരികയാണു്.
ഹേ രാമചന്ദ്ര! എന്നിപ്രകാരമുളള ആ യോഗീശ്വരന്റെ അമ്യതായമാനങ്ങളായ വാക്കുകളെക്കേട്ടു എന്റെ മനസ്സു വളരെ കുളിര്‍ത്തു. അനന്തരം ഭ്രസുണ്ഡനോടും യാത്രയും പറഞ്ഞു ഞാന്‍ സ്വര്‍ഗ്ഗത്തിലേയ്ക്കു മടങ്ങി. അതിനു പിന്നത്തെ ക്യതയുഗത്തിലും അവിടെവെച്ചുതന്നെ ഞാന്‍ ഭ്രസുണ്ഡനെക്കണ്ടിട്ടുണ്ടു്. ഇപ്പോള്‍ ത്രേതായുഗത്തിന്റെ മദ്ധ്യഘട്ടമാണു്. ഈ യുഗത്തിലും ഞാന്‍ ഭ്രസുണ്ഡനെക്കണ്ടിട്ടുണ്ടു്. ലേശംപോലും ജരബാധിച്ചിട്ടില്ല. ഇപ്രകാരമുളള ഭ്രസുണ്ഡയോഗീശ്വരന്റെ ചരിത്രത്തെ, ഹേ രാമചന്ദ്ര, ശ്രദ്ധയോടെ കേള്‍ക്കുകയും സ്മരിക്കുകയും ചെയ്യുന്നു എന്നുളളതുകൊണ്ടുതന്നെ ഒരാളുടെ സംസാരബാധകള്‍ നീങ്ങും എന്നു പറഞ്ഞുകൊണ്ടു വസിഷ്ഠമഹര്‍ഷി ഭൂസുണ്ഡചരിത്രകഥനത്തെ അവസാനിപ്പിച്ചു. പിന്നെയും ശ്രീരാമചന്ദ്രനോടു പറയാന്‍ തുടങ്ങി.
ബുദ്ധിമാനായ ഹേ രാഘവ, ശരിയായ തത്വവിചാരവും തത്വബോധവും ഇല്ലാത്തതുകൊണ്ടുമാത്രമാണ് ഇതു ഞാനാണെന്ന ദേഹാഭാസം നിലനല്ക്കുന്നതും അസ്ഥിമാംസാദി മലിനവസ്തു നിര്‍മ്മിതമായ ശരീരത്തെ ഞാനെന്നഭിമാനിച്ചു കൊണ്ടിരിക്കുംകാലത്തോളം ഒരാള്‍ക്കെങ്ങനെ ജ്ഞാനമുണ്ടാവും? സ്വപ്നത്തില്‍ സങ്കല്പമനിര്‍മ്മിതങ്ങളായ ശരീരങ്ങള്‍ എത്രയാണു് ഉണ്ടാവുകയും നശിക്കുകയും ചെയ്യുന്നതു്? അതില്‍ നിന്നെന്താണു് ഈ ശരീരത്തിത്തിന്നു വ്യത്യാസം? വാസ്തവത്തില്‍ പറയത്തക്ക വ്യത്യാസങ്ങളൊന്നുമില്ല. ഈ ശരീരം രാത്രി കിടക്കയില്‍ കിടക്കുമ്പോള്‍ അതിനെ കേവലം വിസ്മരിച്ച് കേവലം കല്പനമാത്രമായ മറെറാരു ശരീരത്തില്‍ ഇരുന്നുകൊണ്ടാണല്ലോ സ്വര്‍ഗ്ഗലോകത്തോ അഥവാ മറെറവിടെയെങ്കിലുമോ ഒക്കെപ്പോവുന്നതു്. ജാഗ്രദവസ്ഥയിലും ചിലപ്പോള്‍ മനോരാജ്യത്തിലും മററും ഈ ശരീരത്തെ മറന്നു മറെറവിടെങ്കിലുമൊക്കെ പോവാറുണ്ടല്ലോ. അതു് ഏതു ശരീരത്തിലിരുന്നുകൊണ്ടാണ്? ഈ നിലയ്ക്ക് ആലോചിക്കുമ്പോള്‍ സംസാരം ഒരു ദീര്‍ഘസ്വപ്നമെന്നോ ദീര്‍ഘമായ മനോരാജ്യമെന്നോ പറയാവുന്നതേയുളളു . സ്വപ്നാവസ്ഥയിലെ ദ്യശ്യങ്ങള്‍പോലെത്തന്നെ ഇവിടെ കാണപ്പെടുന്ന ദ്യശ്യങ്ങളും.
കയറില്‍ കാണപ്പെടുന്ന സര്‍പ്പം എപ്രകാരം സത്തും അസത്തുമല്ലയോ, അതുപോലെ ഈ ജഗത്തും സത്തും അസത്തുമല്ല, കേവലം ആഭാസംമാത്രം, എന്നീപ്രകാരമുളള നിഷ്കളവീക്ഷണത്തെയാണു് സമ്യഗാലോകനമെന്നും പറയുന്നതു്. മരിക്കണം അഥവാ മരിക്കും എന്ന കാര്യം നിസ്സംശയസ്വരൂപേണ തീര്‍ച്ചപ്പെട്ടിരിക്കെ അതിനു തയ്യാറാവാതെ മരണം വരുമ്പോള്‍ കരയുന്നുവെന്നു വന്നാല്‍ മൂഢതയല്ലേ. അല്പമെങ്കിലും അലോചനയുളള ഒരാള്‍ക്കു മരണം വരുമ്പോള്‍ വ്യസനമോ ഭയമോ ഉണ്ടാവാന്‍ വയ്യ. അതുപോലെ ജനിച്ചാല്‍ ജീവിതനിര്‍വ്വാഹണത്തിനാവശ്യമായ എന്തെങ്കിലും സ്വത്തുണ്ടായെന്നും വരും. അതിനെന്തിണഹങ്കരിക്കുന്നതു്? എത്രയൊക്കെ സ്വത്തുണ്ടായാലും മരണപര്യന്തംമാത്രമേ അതിന്റെ ഉപയോഗമുളളു. മരണം എല്ലാവര്‍ക്കുംമുണ്ടെന്ന വസ്തുത വ്യക്തവുമാണു്. പിന്നെ ആരാണഹങ്കരിക്കുക? അങ്ങനെ ചെയ്യുന്നു എന്നു വന്നാല്‍ അതു മൂഢതയല്ലേ? അതിനാല്‍ ഹേ രാഘവോത്തമാ , നീ അത്തരം നീചഭാവങ്ങളെ ദൂരത്തകററി ദ്യശ്യവര്‍ഗ്ഗങ്ങളിലുളള ഭേദബുദ്ധിയെ പരിത്യജിച്ചു വസ്തു പ്രതിഭാസത്തില്‍ സാര്‍വ്വത്രികമായി വിളങ്ങുന്ന സച്ചിന്മാത്രത്തെ കാണാന്‍ ശ്രമിക്കൂ. വാസ്തവത്തില്‍ ദ്യശ്യങ്ങള്‍ മുഴുവന്‍ ആഭാസമാത്രമല്ലാതെ പരമാര്‍ത്ഥങ്ങളല്ല . അവയുടെ സത്തയെയാണു് ചിന്മാത്രത്തില്‍ തോന്നപ്പെടുന്ന പ്രതിഭാസങ്ങള്‍ മാത്രമാണു് ദ്യശ്യങ്ങള്‍. ദ്യശ്യസ്ഫുരണമില്ലാതിരിക്കാന്‍ കഴിഞ്ഞാല്‍ വളരെ കാര്യമായി. രാഗദ്വേഷങ്ങള്‍ക്കു മുഖ്യഹേതു ദ്യശ്യബോധമാണു്. രാഗദ്വേഷങ്ങളില്ലാത്ത ചിത്തം കേവലം കല്പവ്യക്ഷമാണെന്നാണു് പറയേണ്ടതു്. അതില്‍നിന്നും കിട്ടാത്തതായി ഒന്നുംതന്നെയില്ല.
ശാസ്ത്രജ്ഞാനവും ബുദ്ധിവികാസവും ധാരാളമുണ്ടെങ്കിലും രാഗദ്വേഷങ്ങളും അഹങ്കാരവും നീങ്ങീട്ടില്ലെങ്കില്‍ പഠിപ്പുകൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നു പറയണം. സങ്കല്പങ്ങളാണു് സംസാരചക്രത്തിന്റെ നാഭി. അതിനെ തടുക്കാന്‍ കഴിഞ്ഞാല്‍ – സങ്കല്പങ്ങളെ അകറ്റാന്‍ കഴിഞ്ഞാല്‍ – സംസാരചക്രം തിരിഞ്ഞുകൊണ്ടേയിരിക്കും. ബുദ്ധിശക്തിയും പൗരുഷവും ശാസ്ത്രജ്ഞാനവും വേണ്ടത്ര ഉളളവര്‍ക്കും കഴിയാത്തതൊന്നുമില്ലെന്നും പറയാറുണ്ടു്. അതിനാല്‍ അവയെ മുന്‍നിര്‍ത്തി സങ്കല്പളെത്തടഞ്ഞു സംസാരചക്രഭ്രമണത്തെ അടക്കുകതന്നെ വേണം. എങ്കിലേ ശ്രേയസ്സുണ്ടാവാന്‍ പോവുന്നുളളു. ഭയത്തെ വളര്‍ത്തി ധൈര്യത്തെക്കെടുത്തി തന്നെ ദുര്‍ബ്ബലനാക്കിത്തീക്കുന്ന ഒരു മഹാഭൂതമാണു് ചിത്തം. അതിനെ അടക്കിനിര്‍ത്താതെ ആക്കും ശ്രേയസ്സുണ്ടായിട്ടില്ല. ചഞ്ചലമായ ചിത്തത്തിന് വിധേയനായ പ്രാക്യതമനുഷ്യനെ രക്ഷിക്കാന്‍ ശാസ്ത്രങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ ആക്കുംതന്നെ സാധ്യമല്ല. എന്നാല്‍ മനസിനെ അടക്കിയവനെ രക്ഷിക്കാന്‍ ശാസ്ത്രജ്ഞാനവും ഗുരുവും പ്രാപ്തരാണു്. അതിനാല്‍ മനസ്സിനെ അടക്കിയാല്‍ മാത്രമേ ശ്രേയസ്സുണ്ടാവാന്‍ പോവുന്നുളളു. മനസ്സിനെ അടക്കി വിഷയഭോഗങ്ങളെ ദൂരത്തകററി ജീവന്മുക്തനായ ആചാര്യനെ സേവിച്ചുകൊണ്ടു് എപ്പോഴും തന്റെ ആത്മാവിനെ ആശ്രയിച്ചു് ആത്മവിചാരം ചെയ്തുകൊണ്ടിരിക്കണം.
No comments:
Post a Comment