31 May 2020

ജപമാല

ജപമാല

ജപിച്ച മന്ത്രങ്ങളുടെ സംഖ്യ കണക്കാക്കുന്നതിന് കരമാലപോലെ തന്നെ മണിമാലയും ഉപയോഗിക്കാം. 

രുദ്രാക്ഷമണി, ശംഖ്, താമരക്കിഴങ്ങ്, മുത്ത്, സ്ഫടികം, രത്നം, സ്വർണ്ണമണി, പവിഴം, വെള്ളിമണി, ദർഭയുടെ വേര് മുറിച്ചുണ്ടാക്കിയ മണികൾ, തുളസിയുടെ വേര് മുറിച്ച് രൂപപെടുത്തിയ മണികൾ തുടങ്ങിയവയെക്കൊണ്ട് മണിമാലകൾ (ജപമാല) ഉണ്ടാക്കാം.

മാലയെ ജപത്തിന് ഉപയോഗിക്കുന്നതിന് മുമ്പ് മന്ത്രം കൊണ്ട് സംസ്കരിക്കണം. അതിന് മാലയെ 9 അരയാലിലകൊണ്ടോ, 9 പേരാലിലകൊണ്ടോ വൃത്താകൃതിയിൽ ഇല ഉണ്ടാക്കി അതിൽ വെച്ച് പഞ്ചഗവ്യം കൊണ്ട് അഭിഷേകം ചെയ്യണം. (വാഴയിലയുമാകാം). പിന്നീട് ശുദ്ധജലം കൊണ്ട് കഴുകണം. എന്നിട്ട് ചന്ദനം, അകിൽ കർപൂരം ഇവയുടെ ചൂർണ്ണം കൊണ്ട് തുടക്കണം. പിന്നീട് പ്രാണ പ്രതിഷ്ഠ ചെയ്യണം. എന്നിട്ടേ മാല ജപത്തിന് ഉപയോഗിക്കാവു. ജപിക്കുമ്പോൾ മാലയെ ആരും കാണാത്ത തരത്തിൽ സഞ്ചിക്കകത്തിട്ട് നെഞ്ചിനു നേരെ പിടിച്ച് ജപിക്കണം. ഭൂതരാക്ഷസവേതാളസിദ്ധഗന്ധർവചാരണന്മാർ മാലയുടെ ശക്തിയെ ബാധിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വിരലുകളിലെ എല്ലുകളെ മാലയാക്കിയും ജപിക്കാനുള്ള നിർദ്ദേശങ്ങൾ മന്ത്രശാസ്ത്രത്തിലുണ്ട്. 

ശത്രുനാശകാര്യങ്ങൾക്ക് താമരക്കിഴങ്ങ് മാലയും, പാപനാശത്തിന് ദർഭവേരിന്റെ മണികളും, അഭീഷ്ടസിദ്ധിക്ക് വെള്ളമുത്തുകൾകൊണ്ടുള്ള മാലയും, ധനലാഭത്തിന് പവിഴമാലയും ഉപയോഗിക്കാം. 

സുഖഭോഗത്തിനും മോക്ഷത്തിനും രക്തചന്ദനം കൊണ്ടുള്ള മാല, വിഷ്ണുമന്ത്രത്തിന് തുളസീമാല, ഗണപതി മന്ത്രത്തിന് ആനക്കൊമ്പ് മാല, ത്രിപുരാമന്ത്രത്തിന് രുദ്രാക്ഷമാല, താരാമന്ത്രത്തിന് ശംഖ് മാല എന്നിവ ഉപയോഗിക്കാം.

സാമ്പത്തികകാര്യങ്ങൾക്ക് 27 മണികളുള്ള മാല, മാരണ കാര്യങ്ങൾക്ക് 15 മണികളുള്ള മാല, കാമസിദ്ധിക്ക് 54 മണികളുള്ള മാല, 108 മണികളുള്ള മാല ഇവ ഉപയോഗിക്കാം.

ജപമാലയുടെ മണികൾ എണ്ണാൻ പ്രത്യേക വിരലുകൾ ഉപയോഗിക്കണം. 

ശാന്തി, പുഷ്ടി, സ്തംഭനം, വശീകരണം എന്നിവയ്ക്ക് തള്ളവിരലിന്റെ അഗ്രഭാഗം കൊണ്ട് മണികൾ നീക്കണം. 

ആകർഷണകാര്യങ്ങളിൽ തള്ളവിരലും മോതിരവിരലും ചേർത്ത് മണികൾ നീക്കണം.

വിദ്വേഷണകർമ്മത്തിൽ തള്ളവിരൽ, ചൂണ്ടുവിരൽ എന്നിവ ചേർത്തും, മാരണ കാര്യങ്ങളിൽ തള്ളവിരൽ ചെറുവിരൽ എന്നിവ ചേർത്തും മണികൾ നീക്കണം. 

മണികൾ നീക്കുമ്പോൾ മാലയുടെ നടുക്കുള്ള മധ്യമണികടന്നു പോകരുത്. മധ്യമണിയിൽ നിന്നും മാല തിരിച്ചു ജപിക്കണം. ജപിക്കുമ്പോൾ മാല കൈയ്യിൽ നിന്നും താഴെ വീഴരുത്.

No comments:

Post a Comment