28 April 2020

ഒരു അഘോരിയുടെ ജീവിത പാത - 03

ഒരു അഘോരിയുടെ ജീവിത പാത - 03

ആദ്യഗുരുവായ ശിവരാമയോഗിയിൽ നിന്നും മറ്റൊരു ഗുരുവിലേക്കുള്ള അന്വേഷണപാതയിൽ, കീനാറാം ഒരു ഗ്രാമത്തിലെത്തി. അവിടെ ഗ്രാമത്തിൽ ഒരു വൃദ്ധയെയും അവരുടെ മകനേയും കടത്തിൻ്റെ പേരിൽ ഒരു ജമീന്ദാർ പീഡിപ്പിക്കുന്ന ദു:ഖകരമായ കാഴ്ച കണ്ടു. അവരോട് ദയ തോന്നിയ കീനാറാം താൻ നിന്നിരുന്ന വഴിയിലെ തൻ്റെ കാൽചുവട്ടിലെ ഭാഗം കുഴിക്കുവാൻ ആവിശ്യപ്പെടുകയും, പറഞ്ഞതുപോലെ ജമീന്ദാർ ചെയ്യുകയും ചെയ്തു. തനിക്കു കിട്ടാനുള്ള തുകയുടെ ഇരട്ടി അവിടെ നിന്നും നിധിപോലെ ലഭിച്ച ജമീന്ദാർ  അസ്തപ്രജ്ഞനായി ബാബയുടെ കാലടികളിൽ വീണു. ബാബയുടെ ഈ പ്രവൃത്തിയിൽ ജമീന്ദാരുടെ ഉടമസ്ഥയിൽ നിന്നു മോചിതനായ വൃദ്ധയും മകനും ബാബയുടെ മുന്നിൽ നിന്ന് കണ്ണീരോടു കൂടി നിൽക്കുകയും, തൻ്റെ മകനെ കൂടി കീനാറാമിൻ്റെ കൂടെ  കൂട്ടികൊണ്ടു പോകുവാൻ വൃദ്ധ അപേക്ഷിക്കുകയും ചെയ്തു. ബാബ ഇക്കാര്യം നിരസ്സിച്ചുവെന്നാലും അവർ സമ്മതിച്ചില്ല. ഒടുവിൽ വിജയെന്ന പേരോടു കൂടിയ ആ ബാലനേയും കൂട്ടിയാണ് ഗിർണാർപർവ്വതനിരകളിലേക്ക് സാധനക്കായി കീനാറാം പോയത്.

ബീജാറാമെന്ന് ശിഷ്യന് നാമകരണം ചെയ്ത ശേഷം കീനാറാം പർവ്വതശിഖരത്തിൽ സാധനയ്ക്കായി കയറിപ്പോയി. ആ സമയമെല്ലാം തൻ്റെ ഗുരുവിൻ്റെ തിരിച്ചു വരവും കാത്ത് ബീജാറാമെന്ന ശിഷ്യൻ പർവ്വതത്തിൻ്റെ താഴ്ഭാഗനിരകളിൽ കഴിഞ്ഞു.

ഇരുപത്തിഒന്നു ദിവസത്തെ അതികഠിനമായ സാധനയ്ക്കു ശേഷം ത്രിമൂർത്തികളുടെ അവതാരവുമായ ശ്രീഗുരു ദത്താത്രേയൻ്റെ ദർശനം ബാബാ കീനാറാമിന് ലഭിച്ചു. അതോടൊപ്പം അഘോരഗുരുവായ ബാബാ കാലൂറാമെന്ന ഗുരുവിൻ്റെ ദർശനവും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. അവിടെ നിന്നും തിരിച്ചെത്തിയ ബാബാ കീനാറാം തൻ്റെ ശിഷ്യനായ ബീജാറാമിനേയും കൂട്ടി ഉത്തരാപഥത്തിലെ ജൂനഗഢിൽ എത്തി താവളമുറപ്പിച്ചു. ജൂനഗഢിലെ സുൽത്താൻ്റെ നിർദ്ദേശപ്രകാരം ആ പ്രദേശമാകെ ഭിക്ഷാടന നിരോധിത മേഖലയായിരുന്നു. അതറിഞ്ഞു കൊണ്ടു തന്നെയാണ് ബാബ കീനാറാം ആ പ്രദേശം തെരെഞ്ഞെടുത്തത്..

ഗുരുവായ കീനാറാമിൻ്റെ ആജ്ഞയനുസരിച്ച് ബീജാറാം എന്നും 3 വീടുകളിൽ നിന്നു മാത്രമേ ഭിക്ഷ മേടിച്ചിരുന്നുള്ളൂ. ഒരു ദിവസം ഭിക്ഷ മേടിച്ചു കൊണ്ടുവരുന്ന വഴി ബീജാറാമിനെ സുൽത്താൻ്റെ അനുയായികൾ ബന്ധനസ്ഥനാക്കുകയും കാരാഗൃഹത്തിലടക്കുകയും ചെയ്തു. ബീജാറാം ജയിലിൽ ചെന്നപ്പോൾ കാണുന്ന കാഴ്ചയിതായിരുന്നു. ബന്ദികളായി കഴിയുന്ന ധാരാളം സന്ന്യാസിമാരെകൊണ്ടായിരുന്നു സുൽത്താൻ്റെ കിങ്കരന്മാർ തിരികക്കല്ല് തിരിപ്പിക്കുന്നത്. അവിടെയുണ്ടായിരുന്ന 981 തിരികക്കല്ലികളിലൊരണ്ണം ബീജാറാമിനും നൽകി.

ശിഷ്യനെ കാണാതായപ്പോൾ ധ്യാനത്തിലൂടെ വിവരം ഗ്രഹിച്ച കീനാറാം നഗരത്തിലേക്കു ചെന്നു. ഭിക്ഷയ്ക്കായി വന്ന കീനാറാമിനേയും സുൽത്താൻ്റെ ആളുകൾ ജയിലിൽ പിടിച്ചടച്ചു. അദ്ദേഹത്തിനും ഒരു തിരികക്കല്ല് നൽകപ്പെട്ടു. എന്നാൽ തിരികക്കല്ലിനോട് അദ്ദേഹം "കറങ്ങ് " എന്ന് ആജ്ഞാപിക്കുകയും തൻ്റെ കൈകളിൽ ഉണ്ടായിരുന്ന വടി കൊണ്ട് നിലത്തടിക്കുകയും ചെയ്തു. അതോടു കൂടി 981 തിരികക്കല്ലുകളും വേഗത്തിൽ തനിയെ കറങ്ങുവാൻ തുടങ്ങി. 

ഒടുവിൽ സുൽത്താൻ കാര്യങ്ങലെല്ലാമറിയുകയും കീനാറാമിനേയും ബീജാറാമിനേയും ദർബാറിൽ എത്തിക്കുകയും ചെയ്തു. കീനാറാമിനെ സുൽത്താൻ വളരെയധികം ആദരിക്കുകയും ധാരാളം രത്നങ്ങൾ അദ്ദേഹത്തിന് കാഴ്ചവയ്ക്കുകയും ചെയ്തു. എന്നാൽ രത്നങ്ങൾ വായിലിട്ട് ചവച്ച്പൊട്ടിച്ചതിൻ ശേഷം "മധുരമോ, പുളിപ്പോ ഒന്നും ഇല്ലല്ലോ " എന്ന് പറഞ്ഞതിൻ ശേഷം തുപ്പിക്കളയുകയും ചെയ്തു. സുൽത്താൻ കൈ കൂപ്പികൊണ്ട് " വേറെ എന്താണ് വേണ്ടത് " എന്നു ചോദിക്കുകയും അതിന് മറുപടിയായി " കാരാഗൃഹത്തിലെ എല്ലാ സന്ന്യാസിമാരേയും മോചിപ്പിക്കുവാനും, ഇവിടെ എത്തുന്ന എല്ലാ സന്ന്യാസിമാർക്കും ഭക്ഷണവും മറ്റും കൊടുക്കണം" എന്ന് ആജ്ഞാപിക്കുകയും ചെയ്തു. സുൽത്താന് വളരെക്കാലമായി കുട്ടികൾ ഒന്നും ഉണ്ടായിരുന്നില്ല. സുൽത്താനെ കുട്ടികൾ ഉണ്ടാകാൻ അനുഗ്രഹിക്കുകയും, അതിൻ ശേഷം വന്ന തലമുറകളെല്ലാം ബാബാ കീനാറാമിനോടുള്ള ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു പോന്നു. AD 1667ൽ ആണ് ഈ സംഭവം നടന്നതെന്ന് എഴുതപ്പെട്ടിട്ടുണ്ട്.

തുടരും...

No comments:

Post a Comment