ഒരു അഘോരിയുടെ ജീവിത പാത - 02
ഉത്തരാപഥത്തിലെ പ്രസിദ്ധനായ അഘോരാചാര്യനായി രുന്നു ബാബാകീനാറാം. മധ്യകാലഘട്ടത്തിൽ വാരാണസിയിലെ റാംഗഡിൽ രഘുവംശക്ഷത്രിയകുലത്തിൽ 1601 ൽ അദ്ദേഹം ഭൂജാതനായി. അക്ബർസിംഗിനും, മാനസദേവിക്കും സ്വപ്നദർശന ഫലമായി ഭൂജാതനായ കുട്ടിയെ ദർശിക്കുന്നതായി മൂന്ന് സന്യാസിശ്രേഷ്ഠന്മാർ എത്തുകയും അവരിൽ പ്രധാനിയായ സന്യാസിശ്രേഷ്ഠൻ കുഞ്ഞിനെയെടുക്കുകയും അതിൻ്റെ കർണ്ണങ്ങളിൽ ഏതൊക്കെയോ മന്ത്രങ്ങൾ ഉച്ചരിക്കുകയും ചെയ്യുകയുണ്ടായി. "രാശി " എന്ന നാമധേയമായിരുന്നു അദ്ദേഹത്തിന് ആദ്യമുണ്ടായിരുന്നത്.
12 മത്തെ വയസ്സിൽ കീനാറാമിൻ്റെ വിവാഹം നിശ്ചയിക്കപ്പെട്ടതിൻ്റെ തലേദിവസം ഭാര്യയാകേണ്ട പെൺകുട്ടി മൃതിയടഞ്ഞു. ബാലനായിരുന്ന കീനാറാമിന് പൂർവ്വജന്മസംസ്കാരം കാരണം ഇതെല്ലാം അറിയാമായിരുന്നു. ആ ദിവസം രാവിലെ അദ്ദേഹം തൻ്റെ അമ്മയെ നിർബന്ധിച്ച് മൃതസംസ്കാരത്തിൻ ശേഷം മാത്രം കഴിക്കുന്ന പ്രത്യക തരത്തിലുള്ള പാൽച്ചോറ് തയ്യാറാക്കി വച്ചിരുന്നു. ഈ സംഭവത്തിനു ശേഷമാണ് കീനാറാം തൻ്റെ വീട്ടിൽ നിന്ന് പൂർവ്വജന്മ സ്മരണയാൽ ഇറങ്ങിത്തിരിക്കുന്നത്... ഒടുവിൽ ഹാജിപ്പൂരിൽ കാരോഗ്രാമത്തിൽ ശിവരാമയോഗിയെ അദ്ദേഹം തൻ്റെ ഗുരുവായി സ്വീകരിച്ചു.
തന്നെ തേടിയെത്തിയ ശിഷ്യനായ കീനാറാമിന്, ശിവരാമയോഗി തുടക്കത്തിലെന്നും മന്ത്രോപദേശം നൽകിയില്ല. വളരെയധികം പരീക്ഷണങ്ങൾ നേരിടേണ്ടി വന്നുവെങ്കിലും കീനാറാം അതൊന്നും കാര്യമായിട്ടെടുത്തതേയില്ല. തൻ്റെ ശിഷ്യനിലുള്ള പ്രത്യേകതകളൊന്നും ശിവരാമയോഗിക്ക് പൂർണ്ണമായും തുടക്കത്തിൽ ഉൾക്കൊള്ളുവാനും മനസ്സിലാക്കുവാനും കഴിഞ്ഞിരുന്നില്ല. ഒരിക്കൽ പരീക്ഷണാർത്ഥം പൂജാ സാമഗ്രികളുടെ കൂട്ടത്തിൽ ഗംഗാജലവും ആവിശ്യപ്പെട്ട ഗുരുനാഥൻ തൻ്റെ ശിഷ്യൻ ഗംഗാജലം എങ്ങനെയെത്തിക്കും എന്നത് അറിയുവാൻ ശിഷ്യനെ പിൻതുടരുകയും, ഗംഗാനദി കീനാറാമൻ്റെ വിളി കേട്ട് പാദങ്ങളിലേക്ക് സ്വയം ഒഴുകി വന്ന കാഴ്ചയും, കൈകളിലിരുന്ന പാത്രത്തിലേക്ക് ഗംഗാനദി തനിയെ കയറുന്ന കാഴ്ചയും ദർശിച്ച ശിവരാമയോഗി, തൻ്റെ ശിഷ്യൻ മന്ത്രസാധനയ്ക്ക് അർഹതപ്പെട്ടവനാണെന്ന ഉൾവിളിയുണ്ടാകുകയും അന്നുതന്നെ മന്ത്രോപദേശം ചെയ്യുകയും ചെയ്തു.
കുറച്ചു നാളുകൾക്കു ശേഷം ശിവരാമയോഗിയുടെ ധർമ്മപത്നി മരിച്ചപ്പോൾ ഗുരു ഉടൻതന്നെ മറ്റൊരു വിവാഹം കഴിക്കുകയുണ്ടായി. ഗുരുവിൻ്റെ പെട്ടെന്നുള്ള ഈ പ്രവൃത്തി കീനാറാമിനെ അസ്വസ്ഥനാക്കുകയും ആദ്യഗുരുവിൻ്റെ അനുവാദത്തോടുകൂടി അദ്ദേഹം മറ്റൊരു ഗുരുവിനെ അന്വേഷിച്ച് ഇറങ്ങിത്തിരിക്കുകയും ചെയ്തു.
തുടരും...
No comments:
Post a Comment