ദക്ഷിണ ഒറ്റ സംഖ്യ ചേർത്ത് നൽകുന്നത് എന്തിന്
നമ്മള്‍ ദക്ഷിണ കൊടുക്കുമ്പോഴും, സമ്മാനം കൊടുക്കുമ്പോഴും, ദാനം കൊടുക്കുമ്പോഴും എപ്പോഴും 51,101,1001,10001 എന്നിങ്ങനെ വേണമെന്ന് ചിലര്‍ നിര്‍ബന്ധം പിടിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലെ
അമ്പതുരൂപയും, അമ്പത്തൊന്ന് രൂപയും തമ്മില്‍ എന്താണ് ഇത്ര വ്യത്യാസമെന്ന് നിങ്ങളുടെ മനസ്സില്‍ തോന്നിയേക്കാം. 50-100-1000 എല്ലാം പൂര്‍ണ്ണ സംഖ്യയെയാണ് ധ്വനിപ്പിക്കുന്നത്. അതില്‍ ഒന്നു കൂടുമ്പോള്‍ വീണ്ടും ഒരു തുടക്കം. എന്നുവെച്ചാല്‍ എന്റെ ദാനം ഞാന്‍ ഇതുകൊണ്ടവസാനിപ്പിക്കുകയില്ല. ഇതില്‍ നിന്ന് തുടങ്ങുകയാണ്. എന്ന പരോക്ഷമായ ധ്വനിയാണ് ഇത് കൊണ്ടർത്ഥമാക്കുന്നത്.
പൂർവികർ കൈമാറി തന്ന നമ്മുടെ ഓരോ ആചാരങ്ങൾക്കും അതിന്റെതായ അർത്ഥവും സവിശേഷതയുമുണ്ട്.
ദക്ഷിണ കൊടുക്കാതെ പൂജയുടേയോ കര്‍മ്മത്തിന്റേയോ ഫലം പൂര്‍ണമാകില്ല എന്നാണ് വിശ്വാസം. ഇതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം 'ദക്ഷിണ' ശബ്ദത്തില്‍ തന്നെയുണ്ട്. ദക്ഷിണ എന്നാല്‍ തെക്കുവശം എന്നര്‍ത്ഥം. ദക്ഷിണഭാഗം ധര്‍മ്മരാജന്റേയും മൃത്യുവിന്റേയും സംഹാരത്തിന്റേയും ദിശയാകുന്നു. സംഹരിക്കല്‍ അഥവാ അവസാനിപ്പിക്കല്‍ എന്ന സത്യം ദക്ഷിണ ദിശയോട് ബന്ധപ്പെട്ടിരിക്കുന്നു. ഉത്തമമായ ധര്‍മ്മബോധത്തെയും തെക്കുദിശ സൂചിപ്പിക്കുന്നു. സത്കര്‍മ്മങ്ങള്‍ പൂര്‍ണ്ണമാകുന്ന അവസ്ഥയുടെ തന്നെ മറ്റൊരു പേരാണ് 'ദക്ഷിണ' എന്ന്. അത് നാം ഒരു ചടങ്ങിലൂടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഏതു കര്‍മ്മവും നമുക്കായി മറ്റൊരാള്‍ ചെയ്യുമ്പോള്‍ ചെയ്തു തീരുന്ന നിമിഷം വരെ ചെയ്യുന്ന ആളില്‍ത്തന്നെ അതിന്റെ പുണ്യശക്തി കുടികൊള്ളുന്നു എന്നതാണ് വാസ്തവം. നാം എന്തെങ്കിലും ഭൗതിക ദ്രവ്യം നല്‍കി പൂജകനെ സംതൃപ്തനാക്കുമ്പോള്‍ നാം മുന്നോട്ടു നീട്ടുന്ന കയ്യില്‍ പൂജകന്റെ ദൃഷ്ടി എത്തുകയും നമ്മുടെ കൈകളിലെ ദ്രവ്യത്തില്‍ പൂജകന് ആഗ്രഹമുണ്ടാകയാല്‍ പകരത്തിനു പകരമെന്ന പോലെ കര്‍മപുണ്യം പൂജകന്റെ കയ്യില്‍ നിന്നും യജമാനന്റെ കയ്യിലേക്ക് മാറുകയും ചെയ്യും. ഇപ്രകാരം ഭൗതികാസക്തനായ പൂജകനെ ദക്ഷിണയാല്‍ സന്തോഷിപ്പിക്കുകയാല്‍ യജമാനന് പൂജാപൂര്‍ണ ഫലം ലഭിക്കുകയും ചെയ്യുന്നു. നാം പാപം ഇല്ലാതാക്കാന്‍ ചെയ്ത പ്രവൃത്തിയായ പൂജ പോലും പാപവൃത്തിയാകുന്നു എന്നാണ് ശാസ്ത്രമതം. വാസ്തവത്തില്‍ ദോഷഫലവും നാം അനുഭവിക്കേണ്ടതായിരുന്നില്ലേ? ആ ദോഷം വന്നതും നമ്മുടെ പാപഫലം കൊണ്ടായിരിക്കില്ലേ? പാപവും പുണ്യവും അനുഭവിക്കാതെ തീരില്ല. നാമെല്ലാം പുണ്യങ്ങളെ സന്തോഷപൂര്‍വ്വം അനുഭവിക്കുന്നു. എന്നാല്‍ പാപഫലങ്ങളാകുന്ന ദുഃഖത്തെ തിരസ്‌കരിക്കാന്‍ ആഗ്രഹിക്കുന്നു. ആകയാല്‍ ആ പ്രത്യേക സമയങ്ങളില്‍ നാം ഈശ്വരപൂജ ചെയ്താലും അതും പാപത്തിന്റെ ഫലമായേ കണക്കാക്കാനാകൂ. അതുകൊണ്ടാണ് ദോഷ നിവാരണത്തിനായിച്ചെയ്യുന്ന പൂജയും പാപമാണെന്നു പറയുന്നത്. അങ്ങനെ ചെയ്യിപ്പിച്ചു എങ്കില്‍ ആ പാപം മാറ്റുവാന്‍ പൂജിച്ചയാളിന് യജമാനന്‍ ദാനം നല്‍കണം. ഈ ദാനവും പാപമാണല്ലോ. ദാനത്തിന്റെ പാപം മാറാന്‍ ധനത്തിന്റെ ഒരു ഭാഗം ദക്ഷിണയായി നല്‍കണം. ഈ ദക്ഷിണകൊണ്ടുണ്ടായ പാപം മാറാന്‍ സര്‍വ്വപാപ സമര്‍പ്പണമായി പൂജകനെ സാഷ്ടാംഗം നമസ്‌കരിക്കുകയും വേണം.
വെറ്റിലയാണ് ദക്ഷിണയ്ക്കായി സാധാരണ ഉപയോഗിക്കാറ്. വെറ്റില ത്രിമൂര്‍ത്തിസ്വരൂപവും ലക്ഷ്മീ പ്രതീകവുമാകുന്നു. ഇവിടെ വെറ്റിലയും പാക്കും തമോഗുണ, രജോഗുണ പ്രതീകമായി ഉപയോഗിക്കുമ്പോള്‍ സാത്വികഗുണം പ്രകടിപ്പിക്കാന്‍ ധനം കൂടി ഇവയോടൊപ്പം സമര്‍പ്പിക്കുന്നു. കൂടാതെ വെറ്റിലത്തുമ്പ് നമുക്ക് നേരെ വച്ച് ദക്ഷിണ നല്‍കുന്നതും പൂജകനില്‍ നിന്നും പുണ്യം നമ്മിലേക്ക് ഒഴുകിയിറങ്ങുവാനാണ്. ദക്ഷിണ നല്‍കുന്നതിന് വെറ്റിലത്തുമ്പ് രണ്ടു രീതിയില്‍ വയ്ക്കും. ദേവപൂജയ്ക്കു ശേഷം ദക്ഷിണ നല്‍കുമ്പോള്‍ വെറ്റിലത്തുമ്പ് ദക്ഷിണ കൊടുക്കുന്ന ആളിന്റെ നേരെ ഇരിക്കണം. ദേവകാര്യാര്‍ത്ഥം അഥവാ ഗുരു, ആശ്രമം, ക്ഷേത്രം, സല്‍ക്കര്‍മ്മം ഇവയ്ക്കായി നല്‍കുമ്പോള്‍ വെറ്റിലത്തുമ്പ് കൊടുക്കേണ്ട ആളിനു നേരെയായിരിക്കണം. ദാനവും, ദക്ഷിണയും, സമര്‍പ്പണവും ഒരു മഹത്തായ ജീവിതാദര്‍ശത്തെക്കൂടി കുറിക്കുന്നതാണ്. സാമൂഹികമായ ഒരു ഭദ്രജീവിതവും വലിയ ഒരു രാജ്യതന്ത്രവും കൂടിയായി ദാനദക്ഷിണാസമര്‍പ്പണങ്ങളെ കാണാവുന്നതാണ്. ദാനം മഹാപുണ്യമെന്നു ശാസ്ത്രവചനം. 'ദാനം' മഹാധര്‍മ്മങ്ങളില്‍ ഒന്നാണ്. സ്വശരീരം ദാനം ചെയ്ത് എത്രയോ ധര്‍മ്മാത്മാക്കള്‍ ഈ ഭാരതത്തില്‍ ഉണ്ടായിരുന്നു. ചുരുക്കത്തില്‍ ദാനം എന്ന് ഉദ്ദേശിച്ചിട്ടുള്ളത് ത്യാഗമെന്നതിനേയാണ്. ത്യജിക്കുക എന്നാല്‍ തനിക്കു വിലപിടിപ്പുള്ളതെന്നു വിശ്വസിച്ചിരിക്കുന്ന ഭൗതിക വസ്തുക്കള്‍ മറ്റാര്‍ക്കെങ്കിലും ഉപയോഗ്യമാക്കാന്‍ നല്‍കുക എന്നര്‍ത്ഥം. അന്നമുള്ളവന്‍ അത്, വസ്ത്രമുള്ളവന്‍ അത്, ഭൂമിയുള്ളവന്‍ അത്, പശുക്കളുള്ളവന്‍ അത് ഇവയെല്ലാം ദാനം ചെയ്യാവുന്നതാണ്. ഉത്തമനായ രാജാവ് ബ്രാഹ്മണനു മാത്രമല്ല, നിരാലംബനായ ശൂദ്രനും ഭൂമി ഗൃഹാദികള്‍ ദാനം ചെയ്തിരുന്നു. സ്വന്തം മുതലിനോടുള്ള അത്യാസക്തി ഇല്ലാതാക്കലാണ് ദാനം ചെയ്യുന്നതിന്റെ മറ്റൊരു അര്‍ത്ഥം. ദക്ഷിണ എന്നാല്‍ ധനരൂപമാണ്. അഥവാ ധനദാനത്തിനെയാണ് ദക്ഷിണ എന്നു പറയുന്നത്. ധനം ഏവര്‍ക്കും ദാനം കൊടുക്കാനുള്ള അധികാരമില്ല . കാരണം ധനം മഹാലക്ഷ്മി പ്രതീകമാണ്. ഇന്നും ധനത്തിന്റെ രൂപമേ മാറിയിട്ടുള്ളു. മൂല്യം മാറീട്ടില്ല. മാത്രമല്ല, ധനം കര്‍മ്മത്തിന്റെ ഫലസ്വരൂപമാണ്. ആകയാല്‍ ധനരൂപത്തില്‍ മുഖ്യമായി നമുക്ക് കര്‍മ്മഫലങ്ങളെ പരിപാലിക്കാവുന്നതാണ്. ഈ കര്‍മ്മഫലം സമര്‍പ്പിക്കേണ്ടത് ഈശ്വരനാണല്ലോ. അതു കൊണ്ടാണ് ദേവനും ദൈവികകകാര്യങ്ങള്‍ക്കും ദേവപൂജ ചെയ്ത ആള്‍ക്കും മാത്രമേ ധനം നല്‍കാന്‍ പാടുളളു; അഥവാ'ദക്ഷിണ' നല്‍കാന്‍ പാടുള്ളു. ദാനം സര്‍വ്വര്‍ക്കും, ദക്ഷിണ ബ്രഹ്മതുല്യര്‍ക്കുമാണെങ്കില്‍ സമര്‍പ്പണം ഈശ്വരനു മാത്രം പാടുള്ളതാണ്. ഈശ്വരതുല്യം നാം സങ്കല്പിക്കുന്നുണ്ടെങ്കില്‍ അഥവാ ഈശ്വരനുവേണ്ടി എന്ന ഭാവമെങ്കില്‍ ദേശത്തിനോടും ഗുരുവിനോടും ആദ്ധ്യാത്മികതയോടും സമര്‍പ്പണമാകാം. സമര്‍പ്പണത്തില്‍ യാതൊരു പ്രതിഫലേച്ഛയും പാടില്ല. സമര്‍പ്പണം എന്നാല്‍ സമൂലം അര്‍പ്പിക്കപ്പെട്ടു എന്നും പറയാവുന്നതിനാല്‍ നാം ഈ വാക്ക് സ്വീകരിക്കും മുമ്പേ ഇത് നമുക്ക് പാലിക്കാവുന്നതാണോ എന്ന് പരിശോധിക്കേണ്ടതുമുണ്ട്.
No comments:
Post a Comment