ഭക്ത ഹനുമാൻ
ഭാഗം - 10
ഹനുമാൻ ശിംശപാവൃക്ഷത്തിൽ നിന്ന് താഴെയിറങ്ങി സീതാദേവിയുടെ സമീപത്ത് വന്നു. സീതയുടെ ദുഃഖപൂർണ്ണമായ അവസ്ഥ കണ്ടപ്പോൾ ഹനുമാന്റെ മുഖവും മ്ലാനമായി. ദാസ്യഭാവത്തിലുള്ള വിനയത്തോടെ മാരുതി ദേവിയെ സാഷ്ടാംഗം നമസ്കരിച്ചു. അതിനുശേഷം മധുരമായ വാക്കുകളോടെ ദേവിയോട് സംസാരിക്കാൻ തുടങ്ങി.
"അരവിന്ദദളം പോലെ മനോഹരനേത്രങ്ങളോട് കൂടിയ ദേവീ, ഇത്രയും കീറിപ്പിഞ്ഞിയ മഞ്ഞപ്പട്ടുടയാട ധരിച്ച നിന്തിരുവടി ആരാണ്?" ആഞ്ജനേയന് ഉറപ്പുണ്ട് അത് സീതാദേവിയാണെന്ന്. എന്നാൽ ബുദ്ധിമാനായ ഹനുമാന് അത് ദേവിയിൽ നിന്ന് തന്നെ കേൾക്കണം. പവനപുത്രൻ തുടർന്നു: "അവിടുത്തെ അംഗലക്ഷണങ്ങളാൽ അങ്ങ് മഹാരാജപുത്രിയും, പട്ടമഹിഷിയുമാണെന്ന് തോന്നുന്നു. ദുഷ്ടരാവണൻ അപഹരിച്ച സീതാദേവിയാണ് അവിടുന്നെങ്കിൽ നിന്തിരുവടിക്ക് മംഗളം ഭവിക്കട്ടെ. ദയവായി എന്നോട് മറുപടിയരുളുവാൻ കൃപയുണ്ടാവണേ".
ഹനുമാന്റെ ശ്രീരാമകഥനം കേട്ട് സന്തുഷ്ടചിത്തയായ ദേവി മാരുതിയോട് പറഞ്ഞു: "ഈ ഭൂമിയിലുള്ള രാജാക്കന്മാരിൽ അഗ്രഗണ്യനും, ശത്രുസൈന്യങ്ങളെ മുഴുവൻ നശിപ്പിക്കുന്നവനുമായ ദശരഥമഹാരാജാവിന്റെ പുത്രപത്നിയും, വിദേഹരാജ്യങ്ങളെ പരിപാലിക്കുന്ന മഹാത്മാ ജനകരാജർഷിയുടെ പുത്രിയുമായ സീതയാണ് ഞാൻ. അമിതപരാക്രമിയായ സ്വാമിയൊന്നിച്ച് ദണ്ഡകാരണ്യത്തിൽ വസിക്കുമ്പോഴാണ് ദുരാത്മാവും രാക്ഷസ രാജാവുമായ രാവണൻ എന്നെ അപഹരിച്ചത്. രണ്ടുമാസക്കാലം ജീവിതം തുടരാനുള്ള അനുഗ്രഹം രാവണൻ എനിക്ക് ഇന്ന് തന്നിട്ടുണ്ട്. ആ ദിവസം എത്തിയാൽ എന്റെ ജീവൻ വേർപിരിയും".
ദേവിയുടെ വാക്കുകളിൽ സ്വൽപ്പം നിരാശയുടെ ലാഞ്ചനയുണ്ടോ എന്ന് മാരുതി സംശയിച്ചതിൽ അതിശയപ്പെടേണ്ടതില്ല. തനിക്ക് കഴിയുന്നത് പോലെ ദേവിയെ ആദ്യം ആശ്വസിപ്പിക്കണം. അതിനു ശേഷം താൻ കൊണ്ടുവന്ന അടയാളങ്ങൾ ദേവിയെ കാണിച്ച് തന്റെ ആഗമനോദ്ദേശം ബോദ്ധ്യപ്പെടുത്താം എന്ന് മനസ്സിലോർത്ത് ആഞ്ജനേയൻ പറഞ്ഞു:
"ദേവി, ശ്രീരാമസ്വാമിയുടെ സന്ദേശത്തോടെ അവിടുത്തെ അടുത്തേക്ക് വന്ന ദൂതനാണ് ഞാൻ. അദ്ദേഹത്തെ ഊണിലും ഉറക്കത്തിലും എന്നപോലെ പിന്തുടരുന്ന ലക്ഷ്മണനും ദുഃഖിതനായി ദേവിയെ നമസ്കരിക്കുന്നതായി അറിയിക്കുന്നു".
തന്റെ പ്രിയതമന്റെയും സഹോദരൻ ലക്ഷ്മണന്റെയും പേരുകൾ കേട്ടപ്പോൾ സീതാദേവി ആഹ്ലാദവതിയായി.
സീത പറയുകയാണ്:
ജീവന്തമാനന്തോ
നരം വർഷശതാദപി
ജീവിച്ചിരിക്കുന്ന ഒരുവന് നൂറ് കൊല്ലം കൊണ്ടെങ്കിലും ഉദ്ദേശിച്ചപോലെ ആനന്ദം അനുഭവിപ്പാൻ ഇടവരും എന്ന പണ്ഡിതന്മാരുടെ പഴഞ്ചൊല്ല് എത്ര ശരിയാണ്.
ദേവി സന്തോഷത്തോടെ ഇങ്ങനെ സ്നേഹവാക്കുകൾ പറഞ്ഞത് കേട്ട ഹനുമാൻ ഒന്നുകൂടി ദേവിയുടെ അടുത്തേക്ക് ചെന്നു. എന്നാൽ ഹനുമാൻ അടുത്തു വരുംതോറും ദേവി ഭയപ്പെട്ട് പിന്നിലേക്ക് മാറിനിന്നു. മായാവിയായ രാവണൻ ഒരു വാനരന്റെ രൂപത്തിൽ തന്നെ വശഗതയാക്കാൻ വന്നിരിക്കുകയാണെന്ന് സീത ശങ്കിച്ചു.
ഒരു നിമിഷം തന്റെ മുന്നിൽ വാനരവേഷത്തിൽ നിൽക്കുന്നത് മായാവിയായ സാക്ഷാൽ രാവണൻ തന്നെയല്ലേ എന്ന സംശയം സീതാദേവിയിൽ ഉണ്ടായി. യഥാർത്ഥ രൂപം മറച്ച് ഒരു സംന്യാസിയുടെ വേഷത്തിൽ വന്ന രാവണൻ, തന്നെ പർണ്ണശാലയിൽ നിന്ന് പിടിച്ച് ലങ്കയിൽ കൊണ്ടുവന്ന സംഭവം ഒരുവേള സീതാദേവി ഓർത്തു പോയിരിക്കണം. ഇഷ്ടമുള്ള രൂപം സ്വീകരിക്കാൻ കഴിവുള്ളവരാണ് രാക്ഷസർ. പരുഷസ്വരത്തിൽ ദേവി മാരുതിയോട് പറഞ്ഞു: "ഉപവാസാദികളാൽ ക്ഷീണിച്ചും, അന്യാധീനപ്പെട്ടതിനാൽ ദൈന്യം അനുഭവിച്ചും കൊണ്ടിരിക്കുന്ന എന്നെ വീണ്ടും ദുഃഖിപ്പിക്കുകയാണെങ്കിൽ അതൊരിക്കലും നിനക്ക് നല്ലതിനല്ല".
കാറ്റിലിളകുന്ന ദീപംപോലെ, അതി ചഞ്ചലമായിരുന്നു ദേവിയുടെ ചിന്തകൾ. "ലങ്കരാജ്യത്തിൽ പുറമെനിന്ന് ആർക്കും പ്രവേശിക്കാൻ സാദ്ധ്യമല്ല. ഇവിടെ എങ്ങനെ ഒരു വാനരന് വരാൻ സാധിക്കും? ശ്രീരാമദൂതൻ തന്നെയാണ് ഈ വാനരനെന്ന് വിശ്വസിക്കാമോ?"
ദേവിയുടെ മനസ്സിൽ നടക്കുന്ന ചിന്താക്കുഴപ്പം ഇന്നതാണെന്നും, ദേവിയുടെ മൗനത്തിന് കാരണമെന്താണെന്നും ബുദ്ധിമാനായ ആഞ്ജനേയൻ മനസ്സിലാക്കി. വായുപുത്രൻ പറഞ്ഞു: "ശ്രീരാമസ്വാമി രാവണ സംഹാരത്തിന് ഒരുങ്ങിക്കഴിഞ്ഞു. ദേവൻ യുദ്ധത്തിൽ രാവണനെ ഉടൻ നിഗ്രഹിക്കും. അനുജൻ ലക്ഷ്മണനും, സ്വാമിയുടെ സുഹൃത്ത് വാനര രാജാവ് സുഗ്രീവനും എപ്പോഴും ദേവിയെ സ്മരിച്ചു കൊണ്ടിരിക്കുകയാണ്. ഇവരെ അധികം താമസിയാതെ ദേവി കാണും നിന്തിരുവടി എന്നെ ശങ്കിക്കുന്നത് ഉപേക്ഷിക്കണം".
ഇത്രയും കേട്ടപ്പോൾ സീതാദേവി അൽപ്പം ശാന്തയായി കാണപ്പെട്ടു. ദേവിക്ക് ശ്രീരാമചന്ദ്രന്റെ വൃത്താന്തം കേൾക്കുന്നത് അനൽപ്പമായ ആനന്ദത്തെ നൽകുന്നുണ്ട്. മാത്രമല്ല, മുന്നിൽ നിൽക്കുന്ന വാനരൻ സ്വാമിയുടെ യഥാർത്ഥ ദൂതനാണെന്ന് ഉറപ്പിക്കുകയും വേണം. അതു കൊണ്ട് ദേവി ആഞ്ജനേയനോട് മൃദുസ്വരത്തിൽ ചോദിച്ചു: ''എവിടെ വെച്ചാണ് രാമനോടു കൂടി നിനക്ക് സംസർഗ്ഗം ഉണ്ടായത്? ലക്ഷ്മണനെ നീയെങ്ങിനെ അറിയും? ശ്രീരാമലക്ഷ്മണൻമാർക്കും വാനരന്മാരായ നിങ്ങൾക്കും ഇത്രയും ബന്ധം ഉണ്ടാവാൻ എന്താണ് കാരണം?" തുടങ്ങി രാമലക്ഷ്മണൻമാരുടെ ശരീരലക്ഷണം വരെ സീതാദേവി ഹനുമാനോട് പറഞ്ഞു തരാൻ ആവശ്യപ്പെടുന്നു. ഹനുമാനാവട്ടെ, ശ്രീരാമസ്വാമിയെക്കുറിച്ച് എത്ര വിവരിച്ചാലും തൃപ്തിയാവുകയില്ല. അതിനാൽ ദേവിയുടെ ചോദ്യം തനിക്ക് ലഭിച്ച ഒരു മഹാഭാഗ്യമായി കരുതി.
സീതാദേവിയുടെ ചോദ്യങ്ങളിൽ നിന്ന് ബുദ്ധിമാനായ മാരുതി ഒരു കാര്യം മനസ്സിലാക്കി. ദേവി രാവണനാൽ അപഹൃതയായതിനു ശേഷം സന്താപത്തിലാണ്ട ശ്രീരാമലക്ഷ്മണൻന്മാർ എന്താണ് ചെയ്തതെന്ന് അറിയാൻ ദേവി ആഗ്രഹിക്കുന്നു. മാരുതി ഓർത്തു. "താൻ മരത്തിന് മുകളിലിരുന്ന് എല്ലാ കാര്യങ്ങളും ഗാനം ചെയ്തിരുന്നല്ലോ. ഒരു പക്ഷേ ദേവിക്ക് പൂർണ്ണവിശ്വാസം വന്നില്ലായിരിക്കാം. അതു കൊണ്ടാണല്ലോ അതോടൊപ്പം രാമലക്ഷ്മണൻമാരുടെ രൂപലക്ഷണങ്ങളും ചോദിക്കുന്നത്. ഞാൻ ശ്രീരാമദൂതനാണെന്ന് അടയാളങ്ങൾ കാണിച്ച് സ്ഥിരീകരിക്കുന്നതിന് മുൻപ് ഒന്നുകൂടി ദേവിക്ക് എന്നോടുള്ള വിശ്വാസത്തെ ഉറപ്പിക്കേണ്ടതുണ്ട്."
മാരുതിയുടെ ചിന്തകൾ പുറകിലേക്ക് പാഞ്ഞു. അന്നൊരിക്കൽ ഋഷ്യമൂകാചലത്തിൽ ബാലിയുടെയും സചിവന്മാരുടെയും കൂടെ താനും സംസാരിച്ചിരിക്കുകയായിരുന്നു. പർവ്വതത്തിന്റെ അടിവാരത്തിലൂടെ രണ്ട് തേജസ്സാർന്ന ധനുർധാരികൾ നടന്നുവരുന്നത് കണ്ട സുഗ്രീവൻ പേടിച്ചരണ്ട് ഓടി പർവ്വതശൃംഗത്തിൽ പോയൊളിച്ചു. സുഗ്രീവനോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ച തന്നെ അവർ ആരാണെന്ന് അന്വേഷിച്ചു വരാൻ നിയോഗിച്ചു. സംന്യാസിരൂപത്തിൽ അവരുടെ മുന്നിലെത്തിയ താൻ ആ തേജോരൂപികളെ കൺകുളിർക്കെ കണ്ടു. അന്ന് തന്റെ വാക്ചാതുരിയിൽ സന്തുഷ്ടനായ ശ്രീരാമദേവൻ പ്രശംസിച്ച് പറഞ്ഞ വാക്കുകൾ ഇന്നും തന്നെ പുളകം കൊള്ളിക്കുന്നു.
തന്റെ ചിന്തകളെല്ലാം ദേവിയുടെ സവിധത്തിൽ പവനപുത്രൻ സവിസ്തരം പ്രദിപാദിച്ചു. തുടർന്ന് ഇങ്ങനെ പറഞ്ഞു: "ദേവീ, ദേവിയെ ക്രൂര രാവണരാക്ഷസൻ അപഹരിച്ചു കൊണ്ടുപോയ സംഭവങ്ങളെല്ലാം അനുജൻ ലക്ഷ്മണൻ വിവരിച്ചു പറഞ്ഞു തന്നു. അവർ സുഗ്രീവനുമായി പരസ്പരം സഹായിക്കാമെന്ന് അഗ്നിസാക്ഷിയായി സഖ്യം ചെയ്തു. രാവണൻ അപഹരിച്ചു കൊണ്ടുവരുമ്പോൾ അവിടുന്ന് ദുഃഖത്തോടെ ഭൂമിയിലേക്കിട്ട ആഭരണങ്ങൾ ഞങ്ങൾ എടുത്തുവെച്ചിട്ടുണ്ടായിരുന്നു. ദേവിയെ എങ്ങോട്ടാണ് കൊണ്ടു പോയതെന്ന് അറിഞ്ഞിരുന്നില്ല. ആ തിരുവാഭരണങ്ങളെ അടിയൻതന്നെയാണ് ശ്രീരാമസ്വാമിയുടെ തിരുമുമ്പിൽ സമർപ്പിച്ചത്".
"ദേവീ, ശ്രീരാമസ്വാമിയുടെ ഉള്ളം അവിടത്തെ കാണാത്തതു കൊണ്ട് ഒരു അഗ്നിപർവ്വതം പോലെ ജ്വലിക്കുകയാണ്. അവിടുത്തെ വിരഹം കൊണ്ടുള്ള ദുഃഖത്താൽ രഘുരാമൻ സ്വയം ഉറക്കമില്ലായ്മ, ചിന്ത എന്നിവ കൊണ്ട് തപിക്കുകയാണ്. ദേവീ, സംശയം കൂടാതെ എന്നോട് സംസാരിക്കാൻ ദയവുണ്ടാകണം. ത്രീരാമസ്വാമിയുടെ കാര്യത്തിന് പരിശ്രമിക്കുന്ന വായുപുത്രനായ ഞാൻ വെറുമൊരു ദൂതനാണ്".
ഇങ്ങനെ ദീർഘമായ വിവരണം കേട്ട സീതാദേവിയുടെ മുഖത്ത് സന്തോഷം വിടർന്നു. ഹനുമാൻ രാക്ഷസൻമാരുടെ മായാരൂപമല്ല, യഥാർത്ഥ ശ്രീരാമദൂതൻ തന്നെ എന്ന് ദേവി തീർച്ചയാക്കി. ശ്രീരാമസ്വാമി അടയാളമായി തന്നെ ഏൽപ്പിച്ച അംഗുലീയം ദേവിയുടെ തൃക്കൈയ്യിൽ ഏൽപ്പിക്കാനുള്ള സമയം ആഗതമായെന്ന് ഹനുമാൻ നിശ്ചയിച്ചു. അങ്ങിനെ മാരുതി അത്യാദരവോടെ ശ്രീരാമനാമാങ്കിതമായ അംഗുലീയം ദേവിയുടെ കരങ്ങളിൽ സമർപ്പിച്ചു.
തുടരും.........
No comments:
Post a Comment