ഭക്ത ഹനുമാൻ
ഭാഗം - 09
സീതയുടെ വാക്കുകൾ രാവണനെ നിരാശനും കോപാകുലനുമാക്കി. അയാൾ അലറുന്ന സ്വരത്തിൽ പറഞ്ഞു. "സീതേ, ഒരു വർഷത്തെ അവധി നിനക്ക് ഞാൻ തന്നു. ആ അവധി തീരാൻ ഇനി രണ്ടു മാസമേ ബാക്കിയുള്ളൂ. ഒരിക്കൽ കൂടി ഞാൻ ആവശ്യപ്പെടുകയാണ്. എന്നെ അനുസരിക്കൂ. ഇല്ലെങ്കിൽ എന്റെ അടുക്കളക്കാരൻ നിന്നെ വെട്ടിനുറുക്കി എനിക്ക് പ്രാതലുണ്ടാക്കിത്തരും".
യാചനാഭാവത്തിലാണ് സീതാദേവി രാവണനോട് സംസാരിച്ചു തുടങ്ങിയത്. പിന്നീട് അൽപ്പം ഗൗരവത്തിൽ ഉപദേശഭാവത്തിൽ പറഞ്ഞു. ഇപ്പോൾ ദേവിയുടെ ശബ്ദം ഉയർന്നു. അധികാര ഭാവത്തിലായി സംസാരം. "രാവണാ, നിങ്ങളുടെ ഈ ഭീഷണിയൊന്നും ഞാൻ ഗൗനിക്കുന്നേയില്ല. ഒന്നാമത് നിങ്ങളൊരു പേടിത്തൊണ്ടൻ. അത് പോരാഞ്ഞ് ഈ പൊങ്ങച്ചവും. ശൂരനും വീരനുമായിരുന്നെങ്കിൽ ഒരു സ്ത്രീയെ ഈ വിധത്തിൽ കള്ളനെപ്പോലെ കൊണ്ടുവരുമായിരുന്നോ?"
ദേഷ്യം കൊണ്ട് വിറച്ച രാവണൻ ചുറ്റിലും നിൽക്കുന്ന രാക്ഷസി മാർക്ക് കൽപ്പന കൊടുത്തു. "നിങ്ങൾ അൽപ്പം ബലപ്രയോഗം നടത്തിയിട്ടായാലും വേണ്ടില്ല, രണ്ടു മാസത്തിനുള്ളിൽ ഇവളെ നേർവഴിക്ക് കൊണ്ടുവരണം".
രാവണൻ ഭൂമികുലുങ്ങുമാറ് ചവിട്ടിക്കുതിച്ച് കടന്നുപോയി. രാക്ഷസികൾ സീതാദേവിയെ പേടിപ്പിക്കുന്നതിലും ശാസിക്കുന്നതിലും ഏർപ്പെട്ടു. ദേവി കണ്ണീരൊഴുക്കിക്കൊണ്ട് ഉറക്കെ കേണു. "അയ്യോ എന്റെ രാമാ അങ്ങെവിടെയാണ്? എന്നെ മറന്നു പോയോ?"
ജനകാത്മജയുടെ വിലാപം കേട്ട് ത്രിജഡ എന്നുപേരായ ഒരു വൃദ്ധരാക്ഷസി തന്നോടൊപ്പമുള്ള കാവൽക്കാരികളെ ഉപദേശിക്കാൻ തുടങ്ങി.
"പാപിനികളേ, സീതയെ നമ്മുടെ രാജാവ് കൽപ്പിച്ച വഴിക്ക് കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയുകയില്ല. രാമന്റെ ഏതോ ഒരു ദൂതൻ വന്ന് ലങ്കാനഗരം ചുട്ടെരിക്കുന്ന ഒരു സ്വപ്നം ഇന്നലെ രാത്രി ഞാൻ കണ്ടു. നമ്മുടെ ഈ മഹാ നഗരം സമുദ്രത്തിൽ മുങ്ങിത്താഴ്ന്നു. ആ സ്വപ്നത്തിൽ ഞാനും വിഭീഷണനും ഒഴിച്ച് സകലരും ദക്ഷിണദിക്കിലേക്ക് പോകുന്നതും കാണുകയുണ്ടായി. പോകുന്നവർക്കെല്ലാം അംഗഭംഗം സംഭവിച്ചിരിക്കുന്നു. ഇതൊരു സുഖസ്വപ്നമാണെന്ന് നിങ്ങൾ പറയുകയില്ലല്ലോ. ഒരുപക്ഷേ സീതയുടെ ഭർത്താവ് രാമൻ വന്ന് ലങ്കാപുരി നശിപ്പിക്കുമെന്നായിരിക്കാം ഇതിന്റെ സൂചന. എന്തായാലും നിങ്ങൾ സീതയോട് കർക്കശമായി പെരുമാറരുത്. അവളെ സന്തോഷിപ്പിച്ചിരുത്തുന്നതാണ് നമുക്ക് നല്ലത്. ഇല്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടി വരും".
മരത്തിന്റെ മുകളിൽ ഇരുന്ന് ഈ കാഴ്ചകളെല്ലാം കാണുകയായിരുന്ന ആഞ്ജനേയൻ മനസ്സിലോർത്തു. രാക്ഷസരുടെ ഇടയിലും ഇത്തരം സത്വഗുണ സമ്പന്നരായ ആൾക്കാരോ?
ആഞ്ജനേയന്റെ മനസ്സിൽ ചിന്തകൾ ഒന്നിനു പിറകെ മറ്റൊന്നായി അലയടിച്ചു കൊണ്ടേയിരുന്നു. "അതിപ്രധാനമായ ഒരു പ്രവൃത്തിയാണ് എനിക്കിനി ചെയ്യാനുള്ളത്. ശ്രീരാമസ്വാമിയെ പിരിഞ്ഞ് ദുഃഖത്തോടെയിരിക്കുന്ന ദേവിയെ സമാശ്വസിപ്പിക്കണം. വിരഹദുഃഖത്താലും രാവണന്റെ ദുഷ്ചെയ്തികളാലും ബുദ്ധിപതറി ആത്മാഹുതി പോലും ചെയ്യാൻ ഒരുങ്ങിയ ദേവിയെ സമാശ്വസിപ്പിക്കാതെ ഇവിടെനിന്ന് പോകാൻ കഴിയില്ല".
"രാക്ഷസികൾ കാണാതെ എങ്ങിനെയാണ് ദേവിയോട് സംസാരിക്കുക? സംസാരിക്കാതെ പോയാൽ രാമനോട് എന്ത് പറയും? ദേവിയുടെ സന്ദേശമെന്തെന്ന് ഗ്രഹിക്കാതെ ഞാനിവിടെനിന്ന് പോവില്ല. പക്ഷെ പൊടുന്നനെ മുന്നിൽ ചെന്ന് നിൽക്കുന്നതും ബ്രാഹ്മണരെപ്പോലെ സംസ്കൃതത്തിൽ അങ്ങോട്ട് സംസാരിച്ചു തുടങ്ങുന്നതും ഉചിതമാവില്ല. ഇഷ്ടാനുസരണം രൂപമെടുക്കാൻ കഴിവുള്ളവനാണ് രാവണൻ. ഒരു പക്ഷേ എന്നെക്കണ്ട് സ്വാമിനി രാവണനാണെന്ന് ധരിച്ച് നിലവിളിച്ചേക്കും".ഇങ്ങനെ പല മാർഗ്ഗങ്ങളിൽ തിരിച്ചും മറിച്ചും ചിന്തിച്ച ഹനുമാൻ അവസാനം ഒരു തീർപ്പിലെത്തി. "ഏതൊരു മഹാകാര്യവും നിഷ്പ്രയാസം ചെയ്യുവാൻ കരുത്തുള്ളവനും ദേവിയുടെ പ്രാണനാഥനുമായ ശ്രീരാമസ്വാമിയെ കുറിച്ച് ദേവി കേൾക്കത്തക്ക ശബ്ദത്തിൽ ഒരു കീർത്തനം പാടാം".
ആലോചനകൾ അവസാനിപ്പിച്ച് ആഞ്ജനേയൻ ശ്രീരാമസ്വാമിയുടെ അപദാനങ്ങൾ മധുരമായ സ്വരത്തിൽ പാടാൻ തുടങ്ങി. ദശരഥന്റെ ഗുണഗണങ്ങൾ പാടി തുടങ്ങിയ കീർത്തനം ക്രമത്തിൽ രാമന്റെ ജനനം, ബാല്ല്യം, കാനനജീവിതം, ശൗര്യപരാക്രമങ്ങൾ എന്നിങ്ങനെ സീതാദേവിയെ രാവണൻ അപഹരിച്ച ഘട്ടം വരെയായി. പ്രാണനാഥന്റെ വർത്തമാനം ദേവിയെ ആശ്ചര്യപുളകിതയാക്കി. ദേവി തെല്ല് ഭയത്തോടെ ആ വൃക്ഷത്തിന്റെ മുകളിലേക്ക് നോക്കി. ഹനുമാൻ തുടർന്ന് സുഗ്രീവനുമായി രാമൻ സഖ്യം ചെയ്തത് മുതൽ താൻ ലങ്കയിലെത്തിയത് വരെയുള്ള കാര്യങ്ങൾ തുടങ്ങി സീതാദേവിയെ കണ്ടെത്തിയത് വരെയുള്ള കാര്യങ്ങൾ ആലപിച്ചു. ദേവിയുടെ ദൃഷ്ടികൾ വീണ്ടും ശിംശപാവൃക്ഷത്തിൽ പതിച്ചു. ഗാനത്തിന്റെ ഉറവിടം തേടി നാനാദിക്കുകളിലേക്കും പരതിയ ദേവിയുടെ കണ്ണുകൾ വാനരോത്തമനും ബാലാദിത്യ സദൃശനമായ വായുപുത്രന്റെ മേൽ പതിഞ്ഞു.
തുടരും.........
No comments:
Post a Comment