21 June 2019

എന്താണ് സനാതനധര്‍മ്മം...?

എന്താണ് സനാതനധര്‍മ്മം...?

ഭാഗം - 13

ഹിന്ദുമതം എന്നറിയപ്പെടുന്ന സനാതന ധർമ്മത്തിന്റെ വിപുലവും അഗാധവുമായ സാഗരത്തിലേക്ക് നാം ഇറങ്ങിച്ചെല്ലുകയാണ്.  ആയിരക്കണക്കിന് വർഷങ്ങളിലെ തപസ്സും സാക്ഷാത്കാരവും കൊണ്ട്  മേരുപർവ്വതം പോലെ വളർന്നിട്ടുള്ളതാണ് ഹിന്ദുമതം. കഴിഞ്ഞ  ആയിരക്കണക്കിന് വർഷങ്ങളായി ഈ പ്രപഞ്ചത്തിലെ സകല മനുഷ്യരാശിക്കാകമാനം പ്രകാശം ചൊരിഞ്ഞുകൊണ്ട് പരിലസിക്കുന്നതും  സകല ജനവിഭാഗങ്ങൾക്കും ആത്മസാക്ഷാത്കാരത്തിനുള്ള വിവിധങ്ങളായ മാർഗ്ഗങ്ങൾ കാണിച്ചു കൊടുത്തിട്ടുള്ളതുമായ വിശ്വ മഹാജനനിയാണ് ഹിന്ദുമതം. അതുകൊണ്ടാണ് വിവേകാനന്ദസ്വാമികൾ ഇതിനെ മതങ്ങളുടെ മാതാവ് എന്ന് വിളിച്ചത്. ജന്മജന്മാന്തരങ്ങളായി കടന്നുകൂടിയിട്ടുള്ള അജ്ഞാന പടലത്തെ വിശദമായ വിചാര ഖഡ്ഗം കൊണ്ട് വെട്ടിനീക്കി തത്സ്ഥാനത്ത് ജ്ഞാന സൂര്യനെ പ്രതിഷ്ഠിച്ച് ജന്മസാഫല്യം കൈവരിക്കാനായി  അനേക മാർഗങ്ങൾ ഹിന്ദുമതം നമുക്കായി തുറന്നു നൽകുന്നു. ഒരു പുരുഷായുസ്സ് മുഴുവൻ എടുത്താലും സനാതനമായ ധർമ്മത്തെ പൂർണ്ണമായും അറിയുവാൻ സാദ്ധ്യമല്ല. എങ്കിലും ആഴവും പരപ്പുമേറിയ ആ സാഗരത്തിൽ നിന്നും ഒരു തുള്ളി ജലം എങ്കിലും കൈക്കുമ്പിളിൽ എടുക്കുവാൻ നമുക്ക് ശ്രമിക്കാം.

വിവേകാനന്ദസ്വാമികൾ പറയുന്നത് എന്താണെന്ന് നോക്കൂ . 'എന്റെ സമരപരിപാടി' എന്ന സുപ്രസിദ്ധമായ മദ്രാസ് പ്രസംഗത്തിൽ സ്വാമി പറയുന്നു ."നാം ശ്രദ്ധിക്കേണ്ട ഒന്നാമത്തെ ജോലി ഇതാണ്. ഉപനിഷത്തുകളിലും മത ഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഉള്ള അത്ഭുത സത്യങ്ങൾ അവയിൽ നിന്നും നിന്നും വെളിയിൽ കൊണ്ടുവരണം. നാട്ടിലെങ്ങും പരക്കെ വിതറണം. അങ്ങനെ പ്രസ്തുത സത്യങ്ങൾ വടക്കുമുതൽ തെക്കുവരെ, കിഴക്ക് മുതൽ പടിഞ്ഞാറു വരെ, ഹിമാലയം മുതൽ കന്യാകുമാരിവരെ, സിന്ധു മുതൽ ബ്രഹ്മപുത്ര വരെ തീ പോലെ കത്തിക്കാളി നാടാകെ നടമാടട്ടെ! ഓരോരുത്തനും അവയെ അറിയണം. ആളുകൾ ഇത് ആദ്യം കേൾക്കട്ടെ! തങ്ങളുടെ മത ഗ്രന്ഥങ്ങളിൽ ഉള്ള മഹത്തായ സത്യങ്ങൾ കേൾക്കുവാൻ സഹായിക്കുന്നവന് അതിലും മെച്ചപ്പെട്ട മറ്റൊരു കർമ്മം ഇന്ന് ചെയ്യുവാനില്ല.
(വി. സാ.സ .മൂന്നാം ഭാഗം)

❓ ഒന്ന് - ഹിന്ദു മതം ഏത് പേരിലാണ് അറിയപ്പെടുന്നത്?

👉 : സനാതന ധർമ്മം.

❓ രണ്ട്: സനാതനധർമ്മം എന്നാലെന്താണ് അർത്ഥം?

👉  സനാതനങ്ങൾ ആയിരിക്കുന്ന, ശാശ്വതങ്ങളും എന്നും പുതുതായി ഇരിക്കുന്നതുമായ തത്വങ്ങളെ പ്രതിപാദിക്കുന്നതിനാൽ സനാതനധർമ്മം എന്നു വിളിക്കുന്നു.

❓ ഹിന്ദുമതം മറ്റൊരു പേരിലും അറിയപ്പെടുന്നു ഏതാണ് ആ പേര്?

👉 വൈദികധർമ്മം.

❓ വൈദീക ധർമ്മം എന്നാൽ എന്താണ് അർത്ഥം?

👉 വേദ പ്രോക്തമായ ധർമ്മം.

❓ എന്താണ് വൈദികധർമ്മം എന്ന് വിളിക്കാൻ കാരണം?

👉 ഈ സംസ്കാരത്തിന്റെ അഥവാ ധർമ്മത്തിന്റെ ആധാരശില വേദങ്ങളാണ്. സകല ധർമ്മങ്ങളുടെയും മൂലം വേദങ്ങൾ ആകുന്നു.

മനുസ്മൃതി രണ്ടാം അധ്യായം ആറാം ശ്ലോകത്തിൽ പറയുന്നു.

'വേദോfഖിലോ ധർമ്മ മൂലം ' - എല്ലാ വേദങ്ങളും
(ഋക്ക്, യജുസ്, സാമം, അഥർവ്വം) എല്ലാവിധ ധർമ്മങ്ങളുടെയും പ്രമാണമാകുന്നു.

"ധർമ്മ പ്രമാണം വേദങ്ങ -
ളെല്ലാമതറിവോർക്കു താൻ "

❓ ഹിന്ദുമതത്തെ വിശ്വമതമഹാജനനി അഥവാ മതങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട്?

👉 ഹിന്ദുമതം അഥവാ ധർമ്മം ശാശ്വതമായ മതമാകുന്നു. ഈ പ്രപഞ്ചത്തിന്റെ ആരംഭത്തിൽതന്നെ ഉണ്ടായിട്ടുള്ളതാണ്. ഹിന്ദുമതത്തിന്റെ ആധാരമായി വർത്തിക്കുന്ന വേദരാശി (ജ്ഞാന) സൃഷ്ടിയുടെ ആരംഭത്തിൽതന്നെ ഈശ്വരൻ ഋഷിഹൃദയങ്ങളിൽ പ്രകാശിപ്പിച്ചിട്ടുള്ളതാണ്. അതിനാലാണ് ഇതിനെ മതങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നത്.

ഹിന്ദുധർമ്മത്തെക്കുറിച്ച് വിവേകാനന്ദസ്വാമികളുടെ വാക്കുകൾ ശ്രദ്ധിക്കുക.

 "ചരിത്രാതീതകാലങ്ങളിൽ നിന്ന് നമുക്ക് കൈവന്നിട്ടുള്ള മൂന്നു മതങ്ങൾ ഇന്ന് ലോകത്തിൽ നിലകൊള്ളുന്നു. ഹിന്ദുമതം, ജരദുഷ്ട്രമതം, യഹൂദമതം. അവയ്ക്കെല്ലാം അതി ഭയങ്കരങ്ങളായ തട്ടുകൾ കിട്ടിയിട്ടുണ്ട്. എന്നിട്ടും അവയെല്ലാം അതിജീവിച്ച് തങ്ങളുടെ അകകരുത്തിനെ തെളിയിക്കുന്നു. ക്രിസ്തുമതത്തെ ഉൾക്കൊള്ളാൻ കഴിയാത്ത യഹൂദമതം അതിന്റെ സർവ്വജൈത്രിയായ പുത്രിയാൽ സ്വ ജന്മഭൂമിയിൽ നിന്നുതന്നെ ഓടിക്കപ്പെട്ടു. തങ്ങളുടെ മഹാമതത്തിന്റെ കഥ പറയാൻ ഒരു പിടി പാഴ്സി കളേ ഇന്ന് ബാക്കിയുള്ളൂ, ഭാരതത്തിലാകട്ടെ,അവാന്തരമതങ്ങൾ ഒന്നിനു പിറകെ ഒന്നായി ഉയർന്ന് വൈദിക മതത്തെ അടിയോളം ഉലയ്ക്കുന്ന മട്ടായി.എന്നാൽ ഉഗ്രമായ ഭൂകമ്പത്തിൽ കടൽത്തീരത്തുള്ള ജലരാശി പോലെ അല്പനേരത്തേക്കു മാത്രം അതു പിൻ വാങ്ങി - മടങ്ങി വരാൻ. ആകെ വിഴുങ്ങുന്ന പെരുവെള്ളമായി ആയിരം മടങ്ങു തിമിർത്തു കയറാൻ മാത്രം. ഒഴുക്കിന്റെ ബഹളം കഴിഞ്ഞപ്പോൾ അവാന്തര മതങ്ങൾ മുഴുവനും ഗ്രസിക്കപ്പെട്ട് മാതൃമതത്തിന്റെ അനന്ത ശരീരത്തിൽ ചേർന്നു ലയിച്ചു കഴിഞ്ഞിരുന്നു."
(വി. സാ.സ- പേജ് 123. )

❓ ഹിന്ദു മതത്തിന്റെ പ്രവാചകൻ ആര്?

👉  ഹിന്ദുമതം ഒരു പ്രവാചകനും സ്ഥാപിച്ചതല്ല. മന്ത്ര സൃഷ്ടാക്കളായ അനേകം ഋഷിമാരാണ് ഇതിന്റെ പ്രവാചകന്മാർ. തപസ്സിലൂടെ  ആധ്യാത്മ ജ്ഞാനദീപം കണ്ടെത്തിയവരാണ് ഋഷിമാർ. അവർ മന്ത്ര രൂപത്തിൽ സത്യത്തെ ദർശിച്ചു . അവരുടെ ദർശനങ്ങളണ് വേദങ്ങൾ. സ്വയംഭൂവായ ബ്രഹ്മം അഥവാ  വേദങ്ങൾ തപസ്വികളായ മുനിമാരെ അർഷിച്ചു അഥവാ പ്രാപിച്ചു.

"ആജൻഹവൈ പ്രശ്നീം - സ്തപസ്യമാനാൻ ബ്രഹ്മ
സ്വയംഭ്വഭ്യാനർഷത് തദൃഷയോf ഭവൻ"

സ്വയംഭൂവായ ബ്രഹ്മം അഥവാ വേദം  തപസ്വികളായ മുനിമാരെ അർഷിക്കയാൽ അഥവാ പ്രാപിക്കയാൽ അവർ ഋഷികളായി.
അനാദിയായ വേദം സ്വയം തപസ്വികളായ മുനിമാരെ പ്രാപിച്ചു. അവർ അതിനെ ദർശിച്ചു. സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ ഈശ്വരൻ ഋഷി ഹൃദയങ്ങളിൽ വേദത്തെ പ്രകാശിപ്പിച്ചുവെന്ന് പറഞ്ഞല്ലോ.ഹിന്ദു മതത്തിന്റെ അടിസ്ഥാനമായ വേദങ്ങൾ ഈശ്വരനിൽ നിന്നു തന്നെയുള്ള വെളിപ്പെടുത്തലുകൾ ആയതിനാൽ ഹിന്ദു മതത്തിന്റെ പ്രവാചകൻ ഈശ്വരൻ തന്നെയാണ്.

❓ ഹിന്ദു മതത്തിന്റെ ഉത്ഭവ കാല മേത്?

👉  ഉത്ഭവ കാല നിർണ്ണയം സാധ്യമല്ല. ഈ പ്രപഞ്ചസൃഷ്ടിയോടൊപ്പം തന്നെ ഈ ധർമ്മവും ആവിർഭവിച്ചു. അതിനാൽ ഹിന്ദുമതം അനാദിയാണ്.

ഇനി 'ഹിന്ദു' എന്ന പദത്തിന്റെ അർത്ഥവിശകലനത്തിലേക്ക് കടക്കാം.

❓ ഹിന്ദു എന്ന പദത്തിന്റെഅർത്ഥം എന്ത്?

👉  ഈ പദം അനിർവചനീയമാണ്. ഹിന്ദു എന്ന ശബ്ദത്തെ ശാസ്ത്രീയവും യുക്തിയുക്തവും ആയി നിർവചിക്കാൻ ശ്രമിച്ച ആദ്യത്തെ പണ്ഡിതൻ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന വീരസവർക്കർ ആയിരുന്നു . ഹിന്ദുത്വം എന്താണെന്ന് അറിയുന്നതിനുള്ള അദ്ദേഹത്തിന്റെ നിർവചനങ്ങൾ അടങ്ങിയ ഗ്രന്ഥമാണ് 'ഹിന്ദുത്വ'. രണ്ട് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ആൻഡമാൻ ജയിലിൽ ഏകാന്ത തടവിൽ കഴിയുന്ന കാലത്താണ് അദ്ദേഹം ഹിന്ദു ശബ്ദത്തെ നിർവചിക്കുന്നത് .
ഒരു കഷണം പെൻസിലോ ഒരു തുണ്ട് കടലാസോ ഒന്നും അവിടെ ലഭ്യമല്ല. കൂർപ്പിച്ച കൽകഷണങ്ങളെ കൊണ്ട് ജയിലിലെ ഭിത്തികളിൽ 'ഹിന്ദുത്വത്തി'ന്റെ ഖണ്ഡികകൾ  ഓരോന്നായി അദ്ദേഹം എഴുതിയിട്ടു. ഇത് പദ്യ രൂപത്തിലാണ് എഴുതിയത്. പിന്നീട്  അല്പം സ്വാതന്ത്ര്യം കിട്ടിയപ്പോൾ അദ്ദേഹം ഈ പദ്യങ്ങളെ ചില സഹതടവുകാരെ പഠിപ്പിക്കുകയും അവർ തടവ് ശിക്ഷ കഴിഞ്ഞ് തിരിച്ചുവരുമ്പോൾ ഹൃദിസ്ഥമാക്കിയ  ഭാഗങ്ങൾ രേഖപ്പെടുത്തിവെക്കുകയും ചെയ്തു. ഒടുവിൽ ഗൃന്ഥം പ്രസിദ്ധീകരിക്കപ്പെട്ടു. അതാണ് 'ഹിന്ദുത്വ '  എന്ന ഗ്രന്ഥം .

❓ സനാതന ധർമ്മത്തിന് ഹിന്ദുമതം എന്ന പേര് എങ്ങനെയാണ് വന്നത് ?

👉 സനാതന ധർമ്മത്തിന് ഹിന്ദുമതം എന്ന പേര് എങ്ങനെ വന്നു എന്ന് കൃത്യമായി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. പേർഷ്യ അഥവാ ഇറാനിൽ നിന്നാണ് ഈ ശബ്ദം രൂപംകൊണ്ടതെന്ന് പറയുന്നു .പേർഷ്യൻ നിഘണ്ടുക്കളിൽ ഹിന്ദു എന്നതിൽ നിന്നുണ്ടായ അനേകം ശബ്ദങ്ങൾ കൊടുത്തിട്ടുണ്ടെന്ന് പറയുന്നു. ഹിന്ദു, ഹിന്ദി, ഹിന്ദു, ഹിന്ദുവാനി എന്നിങ്ങനെ.  പേർഷ്യൻ ഭാഷയിൽ സംസ്കൃതത്തിലെ 'സ'കാരം 'ഹ' കാരമായി മാറുമെന്നും  അങ്ങനെ സിന്ധു ദേശത്തെ അവർ 'ഹിന്ദ്'എന്ന് ഉച്ചരിച്ചുവെന്നും തുടർന്നു ഇന്ത്യയും 'ഹിന്ദ്' എന്ന ശബ്ദത്തിനു വിധേയമാക്കുകയും തുടർന്ന്  ഹിന്ദി, ഹിന്ദു എന്നീ ശബ്ദങ്ങൾ പ്രചരിക്കുകയും ചെയ്തു എന്ന്കരുതപ്പെടുന്നു.

എന്നാൽ പേർഷ്യൻ ഭാഷയിൽ എന്നപോലെ ഭാരതത്തിന് അകത്തുള്ള പ്രാകൃത ഭാഷകളിലും 'സ' കാരം 'ഹ'കാരമായി മാറുമെന്നും ഇവിടെയും പ്രാചീനകാലം മുതലേ  ഹിന്ദു ശബ്ദം ഉപയോഗിച്ചിട്ടുണ്ട് എന്നും ചിലർ കരുതുന്നു. സവർക്കർ തന്റെ ഗ്രന്ഥത്തിൽ ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'സപ്ത' എങ്ങനെയാണ് 'ഹപ്ത 'യായി മാറുന്നതെന്ന് അദ്ദേഹം പറയുന്നു.
"ഭാരതത്തിന്റെ വടക്കുകിഴക്കുള്ള ആസാം പ്രദേശത്തെ 'അഹാം' എന്ന് അവിടുത്തെ ജനങ്ങൾ വിളിച്ചു വരുന്നത് ഇതേ നിയമം അനുസരിച്ചാണ്. ഇതിൽ നിന്ന് സിദ്ധമാകുന്ന വസ്തുത സിന്ധുവിനെ ഹിന്ദുവെന്ന് ആദ്യമായി വിളിക്കാൻ തുടങ്ങിയത് പേർഷ്യക്കാരായിരിക്കണമെന്നില്ല. ഭാരതത്തിലെ തന്നെ പ്രാകൃത ഭാഷ സംസാരിക്കുന്നവർ ആവാൻ ധാരാളം വഴിയുണ്ട്."
ഈ അഭിപ്രായത്തോടു യോജിച്ച് ശ്രീ ഗുരുജി പറയുന്നു...
" ഹിന്ദുവെന്ന പേർ അടുത്ത കാലത്തുണ്ടായത് ആണെന്നും വിദേശീയർ നമുക്ക് നൽകിയതാണെന്നും പറയുന്നത് ചരിത്രപരമായി സത്യമല്ല. നമ്മുടെ നാടിനേയും ജനങ്ങളേയും കുറിക്കുന്നതിന്, സപ്ത സിന്ധു 'വെന്ന പേര് ലോകത്തിൽ വെച്ച് ഏറ്റവും പഴയ രേഖകളിൽ - ഋഗ്വേദത്തിൽ തന്നെ കാണുന്നുണ്ട്. സംസ്കൃതത്തിലെ 'സ' എന്ന ശബ്ദം ചിലപ്പോഴെല്ലാം 'ഹ ' എന്നാക്കി മാറ്റാറുണ്ടെന്നതും സുപ്രസിദ്ധമാണ്. അങ്ങനെ "സപ്ത ഹിന്ദു'വെന്നും പിന്നീട് 'ഹിന്ദു'വെന്നുമുള്ള പേര് പ്രയോഗത്തിൽ വന്നു. ഇപ്രകാരം നമ്മിൽ നിന്നു തന്നെ ഉത്ഭവിച്ച അഭിമാനകരമായ പേരാണ് ഹിന്ദു എന്നത് . മറ്റുള്ളവർ പിൽക്കാലത്തു മാത്രമാണ് നമ്മെക്കുറിക്കുവാനായി ആ പേര് ഉപയോഗിക്കുവാൻ പഠിച്ചത്.
1965 ജനുവരി 26-ാം തീയതി ഗണതന്ത്രദിനാഘോഷ വേളയിൽ രാഷ്ട്രപതി രാധാകൃഷ്ണൻ ഹിന്ദു ശബ്ദത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു ശ്ലോകംബ്രഹസ്പതി ആഗമത്തിൽ നിന്നും ഉദ്ധരിച്ച് കാണുന്നു.

"ഹിമാലയം സമാരഭ്യ യാവദിന്ദുസരോവരം
തം ദേവനിർമ്മിതംദേശം
ഹിന്ദുസ്ഥാനം പ്രചക്ഷതേ''

അർത്ഥം: ദേവന്മാരാൽസൃഷ്ടിക്കപ്പെട്ടതും, ഹിമാലയം തൊട്ട് ഇന്ദുസരോവരം (ദക്ഷിണ സമുദ്രം) വരെ വ്യാപിച്ച് കിടക്കുന്നതുമായ ദേശത്തെ ആണ് ഹിന്ദുസ്ഥാനമെന്ന് വിളിക്കുന്നത്.
ഈ രീതിയിൽ ഹിമാലയത്തിലെ 'ഹി'യും ഇന്ദുസരോവരത്തിലെ 'ന്ദു'വും ചേർന്നാണ് ഹിന്ദുവെന്ന പദമുണ്ടായതെന്ന് കരുതുന്നു. സപ്ത സിന്ധു തടങ്ങളിൽ താമസിച്ചിരുന്നവർ എന്ന അർത്ഥത്തിലാണ് ഹിന്ദു ശബ്ദം ആദ്യം പ്രയോഗത്തിൽ വന്നതെങ്കിലും പിന്നീടത് ഹിമാലയം തൊട്ട് ദക്ഷിണ സമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന ഈ വിശാലദേശത്ത് അധിവസിക്കുന്നവരെന്ന അർത്ഥത്തിലും ഭൂമിശാസ്ത്രപരമായും ഉപയോഗിക്കപ്പെടാൻ തുടങ്ങിയെന്നും പറയുന്നു.

❓ ഹിന്ദുവെന്ന പദത്തിന്റെ അർത്ഥമെന്ത്?

👉  ഈ പദത്തിന് അനേകം അർത്ഥങ്ങൾ കൊടുത്തിട്ടുണ്ട്. ലോകമാന്യതിലകൻ പറയുന്നു.

" ആ സിന്ധോ: സിന്ധുപര്യന്തം
യസ്യ ഭാരത ഭൂമയ:
പിതൃഭൂ: പുണ്യഭൂശ്ചൈവ
സ വൈ ഹിന്ദുരിതി സ്മൃത: "

സിന്ധു നദിയുടെ ഉത്ഭവസ്ഥാനം മുതൽ സിന്ധു (ഇന്ത്യൻ മഹാസമുദ്രം) വരെയുള്ള ഭൂമി ആരുടെയൊക്കെ പിതൃഭൂമിയും പുണ്യഭൂമിയുമാണ്, അയാളെ ഹിന്ദുവെന്ന് പറയാം.
ഇനിയും മറ്റനേകം അർത്ഥങ്ങളിൽ ചിലത് കൊടുക്കുന്നു.

1. 'നിന്ദ്യകർമ്മാണി, ജഹാതീതി ഹിന്ദു' - നിന്ദ്യകർമ്മങ്ങൾ ത്യജിക്കുന്നവൻ ഹിന്ദു.

2. 'ഹീനം ദൂഷയതി ഇതി ഹിന്ദു' - ഹീനന്മാരെ ദുഷിക്കുന്നവനും ത്യജിക്കുന്നവനുമാണ് ഹിന്ദു.

3. "ഹിംസാം ദമയതീതി ഹിന്ദു' - ഹിംസയെ ഒതുക്കുന്നവൻ ഹിന്ദു.

4. 'ഹിനസ്തി ദുഷ്ടാനിതി ഹിന്ദു: "- ദുഷ്ടന്മാരെ നശിപ്പിക്കുന്നവൻ ഹിന്ദു.

കൂടാതെ മഹത്ത്വവും പ്രഭാവവുമുള്ളവയെല്ലാം ഈശ്വരന്റെ വിഭൂതികളായി കാണുന്നവൻ ഹിന്ദുവാണ്.

" ധൃതി:ക്ഷമാ ദമോfസ്തേയം ശൗചമിന്ദ്രിയനിഗ്രഹ:
ധീർവിദ്യാ സത്യമക്രോധോ ദശകം ധർമ്മലക്ഷണം'

ധൃതി - ദൃഢനിശ്ചയം -സുഖ ദുഃഖാദികളിൽ അടിപതറാതെ ഉറച്ചു നിൽക്കുക ക്ഷമ ,
ദമം - മനസ്സിനെ ഏകാഗ്രമാക്കി അടക്കി നിർത്താനുള്ള ശക്തി.

അസ്തേയം - അന്യരുടെ യാതൊന്നും മോഷ്ടിക്കാതിരിക്കുക.

ശൗചം - ബാഹ്യാഭ്യന്തര ശുദ്ധി.

ഇന്ദ്രിയനിഗ്രഹം - ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുവാനുള്ള കഴിവ് .

ധീ-ബുദ്ധിയെ വർദ്ധിപ്പിക്കുവാനുള്ള ശ്രമം

വിദ്യ-സത്യഗ്രഹണത്തിന്നും അസത്യത്തെ ത്യജിക്കുന്നതിനുമുള്ള ആർജവം നൽകുന്നത് വിദ്യ

സത്യം -എപ്പോഴും സത്യം പറയുക. സത്യമാണ് ഏറ്റവും വലിയ ധർമ്മം.

അക്രോധം -ക്രോധമില്ലാതിരിക്കുക.

ഇവയാണ് ധർമ്മത്തിന്റെ 10 ലക്ഷണങ്ങൾ.

"അദ്രോഹശ്ചാപ്യ ലോഭശ്ച
ദമോ ഭൂതദയാ തപ:
ബ്രഹ്മചര്യം തഥാ സത്യ-
മനുകോശ: ക്ഷമാ ധൃതി:
സനാതനസ്യ ധർമ്മസ്യ
മൂലമേതത് ദുരാസദം "
(വായുപുരാണം)

മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുക, അത്യാഗ്രഹമില്ലാതിരിക്കുക, ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക, ഭൂതദയ, തപസ്സ്, ബ്രഹ്മചര്യം, സത്യം, ദു:ഖിതന്മാരിൽ സഹാനുഭൂതി, ധൈര്യം ഇവയാണ് സനാതന ധർമ്മത്തിന്റെ മൂലമായിട്ടുള്ളത്.
ആചാരവിചാരങ്ങളാൽ ഇപ്രകാരമെല്ലാമുള്ള സദ്ഗുണങ്ങളെ പോഷിപ്പിക്കുന്ന
ധർമ്മചര്യയോടു കൂടിയവൻ ഹിന്ദുവാണ്.
ഇപ്രകാരം എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങളോടുകൂടിയതാണ് 'ഹിന്ദു'വെന്ന ശബ്ദം.
       
❓ സനാതന ധർമ്മത്തിലെ ആധാരം എന്ത്?

👉  വേദങ്ങളാണ് സനാതന ധർമ്മത്തിന്റെ ആധാരം.

"വേദോ fഖിലോ ധർമ്മ മൂലം '
(മനുസ്മൃതി അധ്യായം - 2 ശ്ലോകം - 6)

വേദങ്ങൾ എല്ലാ വിധ ധർമ്മങ്ങളുടെയും പ്രമാണമാകുന്നു.

"പിതൃ ദേവമനുഷ്യാണാം
വേദശ്ചക്ഷു: സനാതനം"
(മനു: 12-94)

പിതൃക്കൾക്കും ദേവന്മാർക്കും മനുഷ്യർക്കും വേദം തന്നെയാണ് സനാതനമായ ചക്ഷുസ്സ് (പ്രമാണം)

❓ രണ്ട്:- വേദം എന്നാൽ എന്താണർത്ഥം?

👉  'വേദ 'മെന്ന പദത്തിന് പല നിർവചനങ്ങളുമുണ്ട്.
അറിവ്, അറിവിന്റെ ഉറവ, അറിവുകൊണ്ടുള്ള നേട്ടം, അറിവിന്റെ സത്ത

1. വിദ് ജ്ഞാനേ
2. വിദ്സത്തായാം
3. വിദ് ലാഭേ
4. വിദ് വിചാരണേ

യാതൊന്നിൽ നിന്ന് എല്ലാവരും സത്യവിദ്യയെ അറിയുന്നു, അഥവാ പ്രാപിക്കുന്നു അഥവാ ചിന്തിക്കുന്നു, അല്ലെങ്കിൽ വിജ്ഞാനം നേടുന്നു, അഥവാ സത്യവിദ്യ പ്രാപിക്കുന്നതിനായി താല്പര്യം കാണിക്കുന്നു അതിനെ വേദമെന്ന് പറയുന്നു.
ഋഗ്വേദാദിഭാഷ്യഭൂമികയിൽ മഹർഷി ദയാനന്ദ സരസ്വതി വേദ ശബ്ദത്തെ നിർവചിച്ചിരിക്കുന്നത് ഇപ്രകാരമാണ്.

"വിദന്തി ജാനന്തി, വിദ്യന്തേ ഭവന്തി,
വിരുന്തേ ലഭന്തേ,വിന്ദന്തി വിചാര
യന്തി സർവേ മനുഷ്യാ: സത്യവിദ്യാം
യൈർയേഷു വാ തഥാ
വിദ്വാംസശ്ച ഭവന്തി
തേ വേദാ: "
(ഋഗ്വേദാദി ഭാഷ്യഭൂമിക-രണ്ടാം അധ്യായം)

എല്ലാ മനുഷ്യരും ഏത് സത്യവിദ്യയെ അധ്യയനം ചെയ്താൽ വിദ്വാന്മാരും സുഖയുക്തരും സത്യാസത്യനിർണയം ചെയ്യാൻ കഴിവുള്ളവരുമാകുമോ അതാണ് വേദം.

❓  വേദങ്ങൾ എത്രയാണുള്ളത്? ഏതൊക്കെ?

👉  വേദങ്ങൾ 4 ആകുന്നു. ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം

❓  വേദങ്ങളിൽ എന്താണ് പ്രതിപാദിച്ചിരിക്കുന്നത്?

👉  ഒരു വ്യക്തി ജനനം മുതൽ മരണം വരെ എന്തൊക്കെ ധർമ്മങ്ങൾ അനുഷ്ഠിച്ചാണ് ജീവിക്കേണ്ടതെന്ന് വേദം വ്യക്തമാക്കുന്നു.
"മനുർഭവ ജനയാ ദൈവ്യം ജനം''

മനുഷ്യനാവുക. ദിവ്യഗുണശാലികളായ ജനതയെ നിർമ്മിക്കുക.

(ഋ: 10-53- 6, തൈത്തിരിയസംഹിത - 3 - 4.2.2)
വേദങ്ങളിലെ ആശയമിതാണ്. ശ്രേഷ്ഠരായ ജനതകളിലൂടെയേ ലോകം അഭിവൃദ്ധിയെ പ്രാപിക്കുകയുള്ളൂ. എല്ലാ സത്യവിദ്യകളും വേദങ്ങളിൽ മൗലികമായി അടങ്ങിയിട്ടുണ്ട്.

തൈത്തീരിയ ബ്രാഹ്മണത്തിൽ ഒരു വൈദികോപാഖ്യാനമുണ്ട്. ഭരദ്വാജ മഹർഷി 3 ജന്മം തുടർച്ചയായി വേദാധ്യയനവും തപസ്സും ചെയ്തു. മൂന്നാമത്തെ ജന്മത്തിൽ ജര ബാധിച്ച്
അതിക്ഷീണിതനായിക്കിടന്ന മഹർഷിയുടെ സമീപത്ത് വന്ന് ഇന്ദ്രൻ ചോദിച്ചു. "ഭരദ്വാജാ ! അങ്ങേയ്ക്ക് നാലാമതും ജന്മം തരാം. എന്നാൽ അങ്ങെന്ന് പ്രവൃത്തി ചെയ്യും?"വേദാധ്യയനവും തപസ്സും തുടരുമെന്നായിരുന്നു മഹർഷിയുടെ മറുപടി. അപ്പോൾ അവിടെ മുൻപ് ഇല്ലാതിരുന്ന 3 വലിയ മലകൾ കാണപ്പെട്ടു. അവ ഓരോന്നിലും നിന്ന് ഇന്ദ്രൻ ഓരോ പിടി മണ്ണ് വാരിയെടുത്തിട്ടു മഹർഷിയോട് പറഞ്ഞു. " വേദങ്ങൾ ആ മലകൾ പോലെയും 3 ജന്മങ്ങൾ കൊണ്ട് അങ്ങറിഞ്ഞത് ഈ3 പിടി മണ്ണു പോലെയുമാണ്. ബാക്കി എത്രയധികമാണ് അറിയാൽ കിടക്കുന്നത്! വേദം എല്ലാ ജ്ഞാനവുമാണെന്നറിയുക."
(തൈ.ബ്രാ- 3.10.11. 3-4)

❓ വേദങ്ങൾ ആരാണ് എഴുതിയത്?

👉 വേദങ്ങൾ ആരും എഴുതിയതല്ല. അത് ഈശ്വരനിൽ നിന്നു തന്നെ ഉത്ഭവിച്ചിട്ടുള്ളതാണ്.

" തസ്മാദ്യജ്ഞാത്സർവ -
ഹുതf ഋച: സാമാനി ജജ്ഞിരേ.
ഛന്ദാങ്ങ്സി ജജ്ഞിരേ
തസ്മാദ്യജുസ്തസ്മാദജാ
യ ത .. "
( യജു: 31-7)
അവന്റെ യജ്ഞത്തിൽ നിന്നും ഋഗ്വേദം, സാമവേദം, അഥർവവേദം, യജുർവേദം എന്നിവ ആവിർഭവിച്ചു.
ആ ഈശ്വരനിൽ നിന്നു തന്നെ വിദ്യാ ജ്ഞാന ഭണ്ഡാരമായ വേദങ്ങൾ ആവിർഭവിച്ചുവെന്ന് ഇവിടെ വ്യക്തമാക്കുന്നു.

❓ വേദങ്ങൾ എപ്പോഴാണ് ഉത്ഭവിച്ചത്?

👉  സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ വേദങ്ങളും ആവിർഭവിച്ചു.
സർവ മനുഷ്യർക്കും ഗുണകരമായ വേദങ്ങൾ സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ ഈശ്വരൻ നിർമ്മിച്ചു - കണ്ണിന് വെളിച്ചം, നാസികയ്ക്ക് വായു, നാക്കിന് ജലം, ഉദരത്തിന് ഭക്ഷണം എന്നിവ സൃഷ്ടിയുടെ തുടക്കത്തിൽ തന്നെ നിർമ്മിച്ചതു പോലെ ആത്മാവിന്, മനസ്സ്, ബുദ്ധി എന്നിവയിലൂടെ നേടാനുള്ള അറിവും ആദ്യമേ തന്നെ നിർമ്മിച്ചിരുന്നു.

❓ സൃഷ്ടിയുടെ ആദിയിൽ ഈശ്വരൻ ഈ ജ്ഞാന രാശിയെ ആരിലാണ് പ്രകാശിപ്പിച്ചത്?

👉  'ഋഷി 'മാരുടെ ഉള്ളിൽ. സൃഷ്ടിയുടെ ആരംഭത്തിൽ ഈശ്വരൻ വേദങ്ങളെ 4 ഋഷിമാരിലൂടെയാണ് പ്രകാശിപ്പിച്ചത്. അഗ്നി, വായു, ആദിത്യൻ, അംഗിരസ് എന്നിവരാണ് 4 ഋഷിമാർ

"അഗ്നി വായു രവിഭ്യസ്തു ത്രയം ബ്രഹ്മാസനാതനം"
(മനുസ്മൃതി -അ- 1 - 23)

"ഋഗ്വേദ ഏവാഗ്നേരജായത
യജുർവേദോവായോ:
സാമവേദ ആദിത്യാത്"
( ഐതരേയ ബ്രാഹ്മണം )

"തേഭ്യസ്തപ്തേഭ്യസ്ത്രയോ വേദാ അജായന്താ-
ഗ്നേഋഗ്വേദോ വായോര്
യജുർവേദ: സൂര്യാത്സാമവേദ:"
( ശതപഥബ്രാഹ്മണം )

ആ തപ്തരായ മൂവരിൽ നിന്ന് മൂന്ന് വേദമുണ്ടായി. അഗ്നിയിൽ നിന്നും ഋഗ്വേദം, വായുവിൽ നിന്നും യജുർവേദം, സൂര്യനിൽ നിന്നും സാമവേദം.

നിരവയവിയായ (അവയവങ്ങളില്ലാത്ത)
ഈശ്വരനിൽ നിന്നു വേദങ്ങളുണ്ടായതിനാൽ അവയുടെ പ്രകാശനാർത്ഥം നിമിത്ത കാരണങ്ങളായി അഗ്നി, വായു, ആദിത്യൻ, അംഗിരസ്സ് എന്നീ 4 മഹർഷിമാരെ സൃഷ്ടിച്ചു. ഈശ്വരന്റെ സമ്പൂർണ വിദ്വത്വത്തിൽ നിന്ന് വേദങ്ങളുടെ ശബ്ദം, അർഥം എന്നിവ തമ്മിലുള്ള ബന്ധം ഉണ്ടായി. അതിനാൽ അഗ്നി, വായു, ആദിത്യൻ, അംഗിരസ്സ് എന്നീ 4 മനുഷ്യ ദേഹധാരികളായ ജീവാത്മാക്കളിൽ ശ്രുതിയെന്ന വേദം ഈശ്വരനാൽ പ്രകാശിതമായി.
(ഋഗ്വേദാദിഭാഷ്യഭൂമിക)

❓ വേദത്തിന്റെ പര്യായങ്ങളെന്തൊക്കെയാണ്?

👉   ശ്രുതി, ബ്രഹ്മം, ആമ്നായം, ഛന്ദസ്സ്, പ്രവചനം എന്നിവയെല്ലാം വേദത്തിന്റെ പര്യായങ്ങളാണ്.

❓ 'ശ്രുതി '' എന്ന് വിളിക്കുന്നതെന്തു
കൊണ്ടാണ്?

👉   ഇതിന് മഹർഷി ദയാനന്ദൻ ഋഗ്വേദാദി ഭാഷ്യ ഭൂമികയിൽ പറയുന്നതിങ്ങനെയാണ്.
" സൃഷ്ടിയുടെ തുടക്കം മുതൽ ഇന്നുവരെ ബ്രഹ്മാദികൾ മുതൽ നാം വരെ ഏതിൽ നിന്നാണോ സത്യവിദ്യകളെ കേട്ടു വരുന്നത് അതിന് ശ്രുതിയെന്ന് പേര് ലഭിച്ചു. "

കേൾക്കപ്പെടുന്നത് - ധർമ്മാദികൾ ഇതിൽ നിന്നും കേൾക്കപ്പെടുന്നു എന്ന അർത്ഥത്തിലും ശ്രുതിയെന്ന് പറയാം.
(അമരകോശം, പ്രഥമ കാണ്ഡം -ശബ്ദാദി വർഗ്ഗം - 3)

❓  'ആമ്നായം' എന്നാൽ എന്താണർത്ഥം?

👉   ധർമ്മാധർമ്മങ്ങളെ ഉപദേശിക്കുന്നത്.
(അമരകോശം)

❓  വേദങ്ങൾ അപൗരുഷേയമാണെന്ന്‌ പറയുന്നതെന്തുകൊണ്ടാണ്?

👉   വേദങ്ങൾ മനുഷ്യനിർമ്മിതിയല്ല. അത് ഈശ്വരനിൽ നിന്ന് തന്നെ നിർമ്മിക്കപ്പെട്ടു .ഈ അർത്ഥത്തിലാണ് വേദങ്ങൾ അപൗരേഷയങ്ങളാണെന്ന് പറയുന്നത്.

"അശക്യം ചാപ്രമേയം ച
വേദശാസ്ത്രമിതി സ്ഥിതി. "
(മനുസ്മൃതി' 12-ാം അധ്യായം, ശ്ലോകം 94)

അർത്ഥം :- അപൗരുഷയവും അപ്രമേയവും ആണ് വേദശാസ്ത്രം.

❓  വേദങ്ങൾ അനാദിയാണെന്ന് പറയുന്നു.എന്താണിതിനർത്ഥം?

👉  അനാദിയെന്നാൽ ആദി അഥവാ ആരംഭം ഇല്ലാത്തത് എന്നർത്ഥം. പ്രപഞ്ചസൃഷ്ടിയുടെ ആരംഭം നമുക്കറിയാൻ കഴിയാത്തതുപോലെ സൃഷ്ടിയുടെ ആരംഭത്തിൽ ഉത്ഭവിച്ച വേദങ്ങളും അനാദിയാകുന്നു.

❓ അപ്പോൾ പല പണ്ഡിതന്മാരും വേദങ്ങളുടെ ഉത്ഭവ കാലത്തെക്കുറിച്ച് ചില കണക്കുകൾ പറഞ്ഞിട്ടുണ്ടല്ലോ. അതെന്താണ്?

👉  അതൊക്കെചില അനുമാനങ്ങൾ മാത്രമാണ്. കൃത്യമായ കണക്കുകളല്ല. വേദങ്ങൾ എന്നാണ് ഉത്ഭവിച്ചതെന്ന് കൃത്യമായി ആർക്കും നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല.

❓ ലോക സാഹിത്യത്തിൽ വലിപ്പം കൊണ്ട് ഒന്നാമത്തേതാണ് മഹാഭാരതം. അതിലെ ശ്ലോക സംഖ്യയുടെ അഞ്ചിലൊന്നു ശ്ലോകങ്ങൾ മാത്രമാണ്4 വേദങ്ങളിലും കൂടിയുള്ളത്. പിന്നെ എങ്ങനെയാണ് വേദങ്ങൾ അനാദിയും അനന്തവുമായത്?

👉   അനാദി, അനന്തം എന്നീ വിശേഷണങ്ങളെല്ലാം ജ്ഞാനത്തിന്റെ വിശേഷണങ്ങളാകുന്നു. ക്ഷീരപഥങ്ങളുടെ അനന്ത ശൃംഖലയായ ഈ പ്രപഞ്ചത്തിന് അതിരുകളില്ലാത്തതുപോലെ അറിവിന്റെ അനന്ത ശൃംഖലയായ വേദങ്ങളിൽ അറിയേണ്ടവയെല്ലാം അടങ്ങിയിരിക്കുന്നു.
"അസംഖ്യാ വൈ വേദാ:"
എന്ന് പ്രമാണം.
 അതിനാൽ വേദങ്ങളിലെ അറിവ് അനാദിയും അനന്തവുമാണ്.

❓  വേദങ്ങൾ ഋഷിമാർക്ക് വേണ്ടി മാത്രമാണോ ഈശ്വരൻ സൃഷ്ടിച്ചത്?

ഉത്തരം :- അല്ല. ഈ സൃഷ്ടിയിലുള്ള എല്ലാ മനുഷ്യർക്കും വേണ്ടിയാണ് ഈശ്വരൻ വേദങ്ങളെ സൃഷ്ടിച്ചത്. എല്ലാ ജീവികളുടെയും സുഖവും നന്മയും ലക്ഷ്യമാക്കിയാണ് വേദങ്ങളെ നിർമ്മിച്ചത്. ഈശ്വരൻ അനേകകോടി ബ്രഹ്മാണ്ഡങ്ങളുടെയും പിതാവാകുന്നു. അതിനാൽ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിന് വേണ്ടി വേദങ്ങളെ സൃഷ്ടിച്ചു.

❓  അപ്പോൾ എല്ലാവർക്കും വേദ വിദ്യയെ അഭ്യസിക്കാമോ?

ഉത്തരം :- തീർച്ചയായും. വേദജ്ഞാനത്തെ സമ്പാദിക്കുന്നതിൽ നിന്നും ഈശ്വരൻ ആരേയും അകറ്റി നിർത്തിയിട്ടില്ല. ഇത് ഈശ്വരൻ തന്നെ അരുളിചെയ്യുന്നുണ്ട്.
നോക്കൂ,

" യഥേമാം വാചം    കല്യാണീമാവദാനി ജനേഭ്യ:
ബ്രഹ്മ രാജന്യാഭ്യാങ് ശൂദ്രായ ചാര്യായ ച സ്വായ
ചാരണായ ച"
( യജുർവേദം 26-ാം അധ്യായം, മന്ത്രം - 2)
അർത്ഥം :- ഹേ മനുഷ്യരെ! ഈശ്വരനാകുന്ന ഞാൻ ഏതുപോലെ (ബ്രഹ്മരാജ ന്യാഭ്യാം) ബ്രാഹ്മണ ക്ഷത്രിയർക്കും, (അര്യായാ) വൈശ്യനും,
( ശൂദ്രായാ, ച) ശൂദ്രനും
(സ്വായ, ച) സ്വന്തം സ്ത്രീ, സേവകൻ മുതലായവർക്കും,
(അരണായ) മാത്രമല്ല, മറ്റുള്ള ഉത്തമ ലക്ഷണങ്ങളാർന്ന അന്ത്യജന്മാർക്കും വേണ്ടി (ച) കൂടി, അതായത് (ജനേഭ്യ:) ഈ പറഞ്ഞ സകലമാനവർക്കും വേണ്ടി, (ഇഹ) ഈ പ്രപഞ്ചത്തിൽ
(ഇമാം) ഈ പ്രകടമാക്കിയിട്ടുള്ള
(കല്യാണീം) സുഖം തന്നരുളുന്ന ( വാചം) നാലു വേദരൂപമായ വാണിയും
(ആവദാനി ) ഉപദേശിക്കുന്നു.അതു പോലെ നിങ്ങളും ഉപദേശിച്ചു കൊടുക്കുക."

എല്ലാ മാനവർക്കും, സ്ത്രീ പുരുഷഭേദം കൂടാതെ, വേദം പഠിക്കാനും, കേൾക്കാനും, അധികാരമുണ്ടെന്ന് ഇവിടെ വ്യക്തമാകുന്നു.

"വേദങ്ങൾ എല്ലാ സത്യവിദ്യകളും അടങ്ങിയതാണ്. വേദങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് എല്ലാ ശ്രേഷ്ഠ മനുഷ്യരുടെയും പരമമായ ധർമമാണ് "
(മഹർഷി ദയാനന്ദ സരസ്വതി)

മാനവ സമൂഹത്തിന്റെ ഉന്നമനത്തിന് 'അറിവ്  അനിവാര്യമാണ്. ആ അറിവിന്റെയും ധർമ്മത്തിന്റെയും ഉറവിടം വേദങ്ങളാണ്.
ഈ പ്രപഞ്ചത്തിലെ സമസ്ത ജീവജാലങ്ങൾക്കും ഈശ്വരനാൽ സൃഷ്ടിക്കപ്പെട്ട സൂര്യൻ, വായു, ഭൂമി, ജലം മുതലായവ ഉപയോഗിക്കുവാനുള്ള അധികാരം ഉള്ളതുപോലെ, ഈശ്വര സൃഷ്ടമായ വേദങ്ങളും സകലർക്കും അവകാശപ്പെട്ടതാണ്. സകല ലോകത്തിനും സകല ലോകർക്കും ഇത് അവകാശപ്പെട്ടതാണ്. ഇതിന്റെ മേൽ യാതൊരു ജാതിക്കോ, മതത്തിനോ, വർഗ്ഗത്തിനോ, വംശത്തിനോ ആധിപത്യാവകാശമില്ല. ആർക്കും ഏതൊരു ജാതിക്കും, വംശത്തിനും യാതൊരു സങ്കോചവും കൂടാതെ വേദമെന്ന സുഖപ്രദായകമായ കല്പവൃക്ഷത്തെ ആശ്രയിച്ച് ജ്ഞാനാമൃതത്തെ ആവോളം പാനം ചെയ്യാവുന്നതാണ്.

ഇനിയും ഉദാഹരണങ്ങൾ കാണിക്കാം.
ബ്രഹദാരണ്യകോപനിഷത്ത് രണ്ടാമധ്യായം ഒന്നാം ബ്രാഹ്മണത്തിൽ ഗാർഗ്യൻ എന്നു പേരായ ബ്രാഹ്മണൻ അജാതശത്രുവെന്ന കാശിരാജാവിൽ നിന്നും ബ്രഹ്മവിദ്യയെ അഭ്യസിച്ചതായി പറഞ്ഞിട്ടുണ്ട്. ഗാർഗ്യൻ രാജാവിനോട് പറഞ്ഞു. " ഞാൻ അങ്ങേയ്ക്കു ബ്രഹ്മത്തെപ്പറ്റി ഉപദേശിച്ചു തരാം.'' അപ്പോൾ രാജാവ് ബ്രഹ്മത്തെപ്പറ്റി അങ്ങയുടെ ഉപദേശം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു 'എന്ന് പറഞ്ഞു. തുടർന്ന് ഗാർഗ്യൻ ആദിത്യൻ, ചന്ദ്രൻ, വിദ്യുത്ത്, ആകാശം, വായു, അഗ്നി, ജലം, കണ്ണാടി, ദിക്കുകൾ, പ്രജാപതി, എന്നിവയിലുള്ള പുരുഷനെ ബ്രഹ്മമായി ഉപാസിക്കുന്നുവെന്ന് പറഞ്ഞു. അപ്പോൾ അജാതശത്രു പറഞ്ഞു. "ഇത്രമാത്രം കൊണ്ട് ബ്രഹ്മം അറിയപ്പെട്ടതായി ഭവിക്കുന്നില്ല"; ബ്രഹ്മ വിഷയമായി താനറിഞ്ഞിട്ടുള്ളതിൽ കൂടുതൽ അറിയേണ്ടതുണ്ടെന്ന രാജാവിന്റെ നിർദ്ദേശം കേട്ടപ്പോൾ ഗാർഗ്യനെന്ന ബ്രാഹ്മണൻ, 'ബ്രഹ്മത്തെപ്പറ്റി അറിയുവാനായി ഒരു ശിഷ്യനെന്ന നിലയിൽ ഞാൻ അങ്ങയെ സമീപിക്കുന്നു" എന്ന് പറയുന്നു. തുടർന്ന് രാജാവ് ഗാർഗ്യന് ബ്രഹ്മോപദേശം കൊടുക്കുന്നു.

ഇനിയും ഛാന്ദോഗ്യോപനിഷത്ത് അഞ്ചാം അധ്യായം 11-ാം ഖണ്ഡം നോക്കുക.
ഉപമന്യുവിന്റെ പുത്രനായ പ്രാചീന ശാലൻ, പുലുഷ പുത്രനായ സത്യ യജ്ഞൻ, ഭാല്ലവിയുടെ പുത്രനായ ഇന്ദ്രദ്യുമ്നൻ, ശർക്കരാക്ഷന്റെ പുത്രനായ ജനൻ, അശ്വത രാശ്വന്റെ പുത്രനായ ബുഡിലൻ - ഇങ്ങനെ മഹാ ഗൃഹസ്ഥന്മാരും വലിയ വേദപണ്ഡിതന്മാരുമായ 5 പേർ ഒരുമിച്ചിരുന്ന് ബ്രഹ്മത്തെക്കുറിച്ച് വിചാരം ചെയ്തു. ഈ വിഷയത്തിൽ കൂടുതൽ അറിയാൻ അരുണ പുത്രനായ ഉദ്ദാലകനെ അവർ സമീപിച്ചു. എന്നാൽ വലിയ ഗൃഹസ്ഥന്മാരും മഹാ പണ്ഡിതന്മാരുമായ ഇവർ എന്നോട് ചോദ്യങ്ങൾ ചോദിക്കും. എല്ലാം പറയാൻ ഞാൻ ശക്തനല്ല. അതിനാൽ മറ്റൊരു ആചാര്യനെ നിർദ്ദേശിക്കാമെന്ന് ചിന്തിച്ച് അവരോട് പറഞ്ഞു. "അല്ലയോ പൂജ്യമാരേ, കേകയ പുത്രനായ അശ്വപതിയെന്ന രാജാവ് ബ്രഹ്മത്തെപ്പറ്റി നല്ല അറിവുള്ളവനാണ്. നമുക്ക് അദ്ദേഹത്തെ സമീപിക്കാം." അങ്ങനെ അവർ അശ്വപതിയെന്ന രാജാവിനെ സമീപിക്കുകയും തുടർന്ന് രാജാവ് അവർക്ക് ആത്മ തത്ത്വം ഉപദേശിക്കുകയും ചെയ്യുന്നു. ഇതിൽ നിന്നും ക്ഷത്രിയന്മാർക്കും ഇതിന് അധികാരമുണ്ടെന്ന് സിദ്ധിക്കുന്നു.

ബ്രഹദാരണ്യകോപനിഷത്തിൽ മൂന്നാമധ്യായം 8-ാം ബ്രാഹ്മണത്തിൽ വാചക്നുവിന്റെ പുത്രിയായ ഗാർഗ്ഗി
യാജ്ഞവല്ക്യനോട് ബ്രഹ്മത്തെക്കുറിച്ച് ചോദിക്കുകയും യാജ്ഞവല്ക്യൻ ബ്രഹ്മത്തെപ്പറ്റി ഗാർഗ്ഗിക്ക് ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. വീണ്ടും നാലാമധ്യായം അഞ്ചാം ബ്രാഹ്മണത്തിൽ യാജ്ഞവല്ക്യൻ തന്റെ ഭാര്യയായ മൈത്രേയിക്ക് ആത്മജ്ഞാനത്തെ ഉപദേശിക്കുന്നുണ്ട്. ഇവിടെ പ്രത്യേകം പറയുന്നു. യാജ്ഞവല്ക്യന് 2ഭാര്യമാരുണ്ട്. മൈത്രേയി, കാത്യായനി. അവരിൽ മൈത്രേയി ബ്രഹ്മത്തെപ്പറ്റി
സംസാരിക്കുന്നവൾ ആയിരുന്നു.
"തയോർഹ മൈത്രേയി
ബ്രഹ്മവാദിനി ബഭൂവ "
(അവർ 2 പേരിൽ മൈത്രേയി ബ്രഹ്മവാദിനിയായിരുന്നു.) യാജ്ഞവല്ക്യൻ ഒരു ദിവസം ഗൃഹസ്ഥാശ്രമത്തിൽ നിന്നും സന്യാസാശ്രമത്തിലേക്ക് പോകാൻ തുടങ്ങുമ്പോൾ 'അമൃതത്വ സാധനമായി
(മോക്ഷത്തിന് കാരണമായ ഏതൊരു വിദ്യയാണോ )
 അങ്ങ് എന്തിനെയാണോ അറിയുന്നത് അതെനിക്ക് പറഞ്ഞു തന്നാലും " എന്ന് ആവശ്യപ്പെടുകയും തുടർന്ന് യാജ്ഞവല്ക്യൻ മൈത്രേയിക്ക് ആത്മജ്ഞാനം ഉപദേശിക്കുകയും ചെയ്യുന്നു.
ഇതിൽ നിന്നെല്ലാം സ്ത്രീകൾ വേദാധ്യയനം ചെയ്തിരുന്നെന്നും വേദാധികാരമുണ്ടെന്നും തെളിയുന്നു.
ഐതരേയ ബ്രാഹ്മണം ദ്വിതീയ പഞ്ചികയിൽ മൂന്നാം അധ്യായത്തിൽ 'കവഷ'നെന്ന ഋഷിയുടെ കഥ പറയുന്നുണ്ട്.

ഇത് തുടങ്ങുന്നത് നോക്കൂ,

"ഋഷയോ വൈ സരസ്വത്യാം സത്രമാസത, തേ കവഷ മൈലൂഷം സോമ -
ദനയൻ ദാസ്യാ: പുത്ര: കിതവോf ബ്രാഹ്മണ :"

ഇങ്ങനെയാണ് ഭുഗു, അംഗിരസ് മുതലായ മഹർഷിമാർ സരസ്വതീ നദീ തീരത്ത് ഒരിക്കൽ ഒരു യാഗം നടത്തി.അപ്പോൾ അവിടെ പ്രവേശിച്ച       ഇലുഷപുത്രനായ കവഷനെ
"ഇവൻ ദാസീപുത്രനും, ചൂതുകളിക്കാരനും, അബ്രാഹ്മണനുമാണ്. ശിഷ്ട ജനങ്ങളായ നമ്മോടു കൂടി ഇവനെ എങ്ങിനെ ദീക്ഷയെടുപ്പിക്കും?" എന്ന കാരണം പറഞ്ഞ് അവനെ നദീതടത്തിൽ നിന്നും ദൂരെ മരുഭൂമിയിലേക്ക് ആട്ടിയോടിച്ചു. ജലരഹിതമായ ആ പ്രദേശത്ത് അവൻ ദാഹത്താൽ മരണാസന്ന നായി തീർന്നു. (സരസ്വതി നദിയിലെ ജലം ഈ പാപി കുടിക്കുവാൻ പാടില്ലല്ലോ). അങ്ങനെ ദാഹത്താൽ മരണാസന്നനായ കവഷൻ
'അപോനാപ്ത്രിയ പ്രദേവ ത്രാ എന്നു തുടങ്ങുന്ന സൂക്തങ്ങളെ ( ഋക്കുകളെ, മന്ത്രങ്ങളെ) ദർശിച്ചു.
(ഈ മന്ത്രങ്ങൾ ഋഗ്വേദം 10-ാം മണ്ഡലം 30-ാം സൂക്തത്തിൽ 1 മുതൽ 15 മന്ത്രങ്ങളാണ്.ഇതിന്റെ ഋഷി ഇലുഷ പുത്രനായ കവഷനാണെന്ന് അവിടെ പറയുന്നുണ്ട്. അപ്ദേവതയെ സ്തുതിക്കുന്ന മന്ത്രമാണിത്. ഇത് കൂടാതെ 30, 31 സൂക്തങ്ങളിൽ കൂടിയും ഉള്ളതായ 20 മന്ത്രങ്ങൾ കൂടി കവഷൻ ഋഷിയായിട്ടുള്ളതാണ്.)

    ആ സൂക്തജപത്താൽ അവൻ ജലാഭിമാനിയായ ദേവന്റെ പ്രിയധാമം പ്രാപിച്ചു.(ദേവതാപ്രസാദമുണ്ടായി എന്നർത്ഥം) അനന്തരം സരസ്വതി നദി ആ കവഷന്റെ ചുറ്റിനും പ്രവഹിക്കുവാൻ തുടങ്ങി.
സരസ്വതി നദി കവഷനെ വലയം ചെയ്തിരുന്നതിനാൽ ആ സ്ഥലം ' പരിസാരകം' എന്ന് അറിയപ്പെടുന്നു.
 അപ്പോൾ ഭൃഗുമുതലായ ഋഷിമാർ പറഞ്ഞു. "ദേവൻ ഇവനെ അറിഞ്ഞിരിക്കുന്നു. (ദേവതാ സാന്നിധ്യം ഉണ്ടായിരിക്കുന്നുവെന്നർത്ഥം) അതിനാൽ നമുക്കിവനെ വിളിക്കാം. എല്ലാവരും സമ്മതിച്ച് അവനെ വിളിച്ചു. തുടർന്ന് അവനാൽ ദൃഷ്ടമായ (ദർശിക്കപ്പെട്ട ) മുൻ പറഞ്ഞ സൂക്തങ്ങൾ പ്രയോഗിക്കുകയും അതുവഴി അവർക്ക് ദേവതാപ്രസാദമുണ്ടാവുകയും ചെയ്തു.
(ഐ.ബ്രാ. രണ്ടാം പഞ്ചിക, മൂന്നാം അധ്യായം, ഒന്നാം ഖണ്ഡം, )ഇതിൽ നിന്നും ശൂദ്രനും വേദാധികാരമുണ്ടെന്ന് തെളിയുന്നു.

3 വേദങ്ങളിലും കീർത്തിക്കപ്പെട്ട ഗായത്രീ മന്ത്രം ദർശിച്ചത് ക്ഷത്രിയനായ വിശ്വാമിത്രനാണ്.  . ഇങ്ങനെ ക്ഷത്രിയനും ശൂദ്രനുമെല്ലാം ദർശിച്ച മന്ത്രങ്ങൾ വേദങ്ങളിൽ അടങ്ങിയിരിക്കുമ്പോൾ അത് അധ്യയനം ചെയ്യുവാൻ ശൂദ്രനോ സ്ത്രീകൾക്കോ അധികാരമില്ലെന്ന് സമർത്ഥിക്കുന്നത് യുക്തമല്ല. വ്യക്തമായ അനേകം തെളിവുകൾ വേദോപനിഷത്തുകളിൽ തന്നെ നിലനിൽക്കേശൂദ്രൻ വേദം കേട്ടാൽ ചെവിയിൽ ഈയമുരുക്കിയൊഴിക്കണമെന്നും വേദമുച്ചരിച്ചാൽ നാവരിഞ്ഞുകളയണമെന്നുമൊക്കെ പറയുന്നത് ഏത് ശാസ്ത്രത്തിന്റെ പിൻബലത്തിലാണ്?

" ഈ ലോകത്തിൽ ജീവിക്കാൻ 'ഭക്ഷണം ആവശ്യം എങ്കിൽ ഈ ലോകത്തു മാത്രമല്ല, ഏതു ലോകത്തും ജീവിക്കുന്നതിന് ജ്ഞാനമത്യാവശ്യമായിരിക്കയാൽ ആ ജ്ഞാനത്തെ ശൂദ്രൻ പ്രാപിച്ചു കൂടാ എന്ന് നിഷേധിക്കുന്നതിനെ മാത്രം ഗൗനിക്കുന്നതിന് ആവശ്യം എന്താണുള്ളത്? തങ്ങളെപ്പോലെ ശൂദ്രരും പഠിച്ചു പോയാൽ തങ്ങൾക്കു മഹിമ കുറഞ്ഞു പോകുമല്ലോ എന്ന അസൂയയാലും, തങ്ങൾ മൂലമായിട്ടേ എല്ലാവരും ജ്ഞാനം സമ്പാദിക്കാവൂ എന്നായാൽ തങ്ങൾക്ക് ലാഭപ്രദമായിരിക്കുമെന്ന ദുരാശയാലും തങ്ങൾ വലിക്കുന്ന വഴിക്കെല്ലാം എല്ലാവരും വരണമെന്ന ഉദ്ദേശത്താലും ഇങ്ങനെയുള്ള സങ്കേതത്തെ ആരുതന്നെ ഏതു കാലത്തേർപ്പെടുത്തിയതായാലും അതിനെ ആദരിക്കേണ്ടതില്ല."
(ചട്ടമ്പിസ്വാമികൾ - വേദാധികാര നിരൂപണം 5-ാം അധ്യായം)
വേദകാലഘട്ടത്ത് എല്ലാവർക്കും ഇതഭ്യസിക്കുന്നതിന് അധികാരമുണ്ടായിരുന്നു. പിന്നീട് കാലപ്രവാഹത്തിൽ ഗുണകർമ്മങ്ങളെ അടിസ്ഥാനമാക്കിയുള്ള വർണ്ണവ്യവസ്ഥ ജന്മം കൊണ്ടുള്ള ജാതി വ്യവസ്ഥക്ക് വഴിമാറിയപ്പോൾ ഈ വേദങ്ങളും മന്ത്രങ്ങളുമെല്ലാം ഒരു വിഭാഗം ജനങ്ങളുടെ അവകാശമാവുകയും മറുവിഭാഗം ജനങ്ങളെ അസ്പൃശ്യരായി അതിൽ നിന്നും ദൂരേക്ക് അകറ്റി നിർത്തുകയും ചെയ്തു.
ഇങ്ങനെ വേദം പഠിക്കുവാനും പഠിപ്പിക്കുവാനും ഏതൊരു സ്ത്രീക്കും പുരുഷനും അധികാരമുണ്ടെന്നും, സ്ത്രീ വർഗ്ഗത്തിലും ശൂദ്ര വർഗ്ഗത്തിലുമുള്ള അനേകമാളുകൾ വേദംപഠിക്കുകയും മന്ത്രങ്ങൾ ദർശിച്ച് ഋഷികളായിത്തീരുകയും ചെയ്തിട്ടുണ്ടെന്നതിനും
ഇനിയും ഒട്ടേറെ തെളിവുകളുണ്ട്.

❓ ഈശ്വരൻ എന്തുകൊണ്ടാണ് ഈ ജ്ഞാനത്തെ മനുഷ്യന് മാത്രം നൽകിയത്?

👉  ഈ ലോകത്ത് 84 ലക്ഷം ജീവയോനികളുണ്ടെന്നാണ് പണ്ഡിതമതം. ഇത്രയും ശരീരങ്ങളിൽ ജനിക്കാനുള്ള സാദ്ധ്യത ഒരു ജീവനുണ്ട്. ഇവയിലൊന്നു മാത്രമാണ് മനുഷ്യൻ. എന്നാൽ ഇവയിൽ ഏറ്റവും ശ്രേഷ്ഠമായത് മനുഷ്യജന്മമാണ്. എന്തെന്നാൽ സത്യാസത്യങ്ങളെയും ധർമ്മാധർമങ്ങളെയും വിവേചിച്ചറിയാൻ മനുഷ്യന് മാത്രമേ കഴിയുകയുള്ളൂ. മാത്രമല്ല ബ്രഹ്മജ്ഞാനം നേടുന്നതിനും മനുഷ്യന് മാത്രമേ സാധിക്കൂ.

ശ്രീമദ് ഭാഗവതം 11-ാം സ്‌കന്ധം 9-ാം അധ്യായം 28-ാം ശ്ലോകം നോക്കുക.

" സൃഷ്ട്വാ പുരാണി വിവിധാന്യജയാffത്മശ- ക്ത്യാ
വൃക്ഷാൻ സരീസൃപ - പശൂൻ ഖഗദംശമത്സ്യാൻ
തൈസ്തൈരതുഷ്ട - ഹൃദയ: പുരുഷം വിധായ
ബ്രഹ്മാവലോകധിഷണം
മുദമാപ ദേവ: "

അർത്ഥം:- മരങ്ങളേയും പാമ്പുകൾ, പശുക്കൾ, പക്ഷികൾ, ഈച്ചകൾ, മത്സ്യങ്ങൾ മുതലായ പല വിധ ശരീരങ്ങളെ സൃഷ്ടിച്ചിട്ട് അതുകൊണ്ടൊന്നും മനസ്സന്തോഷം വരാതെ ബ്രഹ്മദർശനത്തിനുചിതമായ ബുദ്ധിക്കാസ്പദമായ മനുഷ്യ ദേഹത്തെ സൃഷ്ടിച്ചിട്ട് ഈശ്വരൻ സന്തോഷത്തെ പ്രാപിച്ചു.

ഇത് തന്നെ ശ്രുതിയിലും പറഞ്ഞിരിക്കുന്നു.

ഐതരേയോപനിഷത്തിൽ സൃഷ്ടികർമ്മം വിവരിക്കുന്നു. ഈശ്വരൻ പുരുഷാകാരമായ ഒരു പിണ്ഡത്തെ രൂപപ്പെടുത്തിയിട്ട് അതിന് ഇന്ദ്രിയസ്ഥാനങ്ങളും പിന്നീട് അവയിൽ കൂടി പ്രവർത്തിക്കുന്ന ഇന്ദ്രിയങ്ങളും, പിന്നെ അവയെ പ്രവർത്തനക്ഷമങ്ങളാക്കിത്തീർക്കുന്ന അധിദേവതകളേയും സൃഷ്ടിച്ചു. സൃഷ്ടിക്കപ്പെട്ട ഈ ദേവതകൾ വിശപ്പും ദാഹത്തോടും കൂടിയവരായി തീർന്നതിനാൽ അവർ ഈശ്വരനോട് ഞങ്ങൾക്കിരുന്ന് ഭക്ഷണം കഴിക്കുവാൻ ഉചിതമായ ഒരു അധിഷ്ഠാനം ഉണ്ടാക്കിത്തരുവാൻ ആവശ്യപ്പെട്ടു. അപ്പോൾ ഈശ്വരൻ,

"താഭ്യോ ഗാമനയത്, താ
അബ്രുവൻ ന വൈ
നോfയമലമിതി.
താഭ്യോfശ്വമാനയത്, താ
അബ്രുവൻ ന വൈ
നോf യമലമിതി. "
( ഐതരേയോപനിഷത്ത് - 1- 2 - 2)

ആ ചക്ഷുരാദികളായ ഇന്ദ്രിയങ്ങളുടെ അധിപന്മാരായ ദേവന്മാർക്കിരിക്കുവാനുള്ള ഭവനമായിട്ട് പശു ,കുതിര മുതലായ രൂപങ്ങളെ സൃഷ്ടിച്ചു കൊണ്ടുവന്നു. എന്നാൽ അവർ ഞങ്ങൾക്ക് ഈ സ്ഥാനം മതിയാകില്ലെന്ന് പറഞ്ഞു.

"താഭ്യ: പുരുഷമാനയത്, താ അബ്രുവൻ സുകൃതം
ബതേതി. പുരുഷോ വാവ
സുകൃതം .താ അബ്രവീത്
യഥായതനം പ്രവിശതേതി"
(അ_ 1-2 - 3)

പിന്നെ അവർക്ക് അവസാനം മനുഷ്യ ശരീരം നിർമ്മിച്ചു കൊടുത്തു. ഇത് കണ്ട് അവർ പറഞ്ഞു. "ഇത്
നന്നായി സൃഷ്ടിക്കപ്പെട്ടതാണ്. സന്തോഷമായി " എന്ന്.
മനുഷ്യൻ തീർച്ചയായും ഉത്കൃഷ്ട സൃഷ്ടിയാകുന്നു.
അനന്തരം അവർ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചു.
ഇതിന്റെ സാരമെന്തെന്നാൽ എല്ലാ ശരീരങ്ങളിലുമുള്ള നേത്രാ ദീന്ദ്രിയങ്ങളിൽ സൂര്യാദിദേവന്മാർ തന്നെയാണ് അധിഷ്ഠാന ദേവതകൾ എങ്കിലും ഉപാധിഭേദം കാരണം ആ ശരീരങ്ങളൊന്നും പരമാത്മസാക്ഷാത്ക്കാരത്തിന് ഉപകരിക്കാത്തതിനാൽ ആ ദേവതകൾ സന്തോഷിച്ചില്ല.മനുഷ്യ ശരീരത്തിലാണ് സന്തോഷിച്ചത്.

ഇതേ സാരം തന്നെ ശ്രീരാമകൃഷ്ണ പരമഹംസർ പറയുന്നത് നോക്കൂ,

''ഈശ്വരൻ സകല ഭൂതങ്ങളിലും ഉണ്ട്, വാസ്തവം. എന്നാൽ മനുഷ്യന്റെ ഉള്ളിലാണ് കൂടുതലായി പ്രകാശിക്കുന്നത് .അവന് ഈശ്വരനെ ധ്യാനിക്കാം അനന്ത സ്വരൂപനെക്കുറിച്ച് ചിന്തിക്കാം.  അന്യജീവികൾക്കും പ്രാണികൾക്കും അത് സാധ്യമല്ല. ഈശ്വരൻ അന്യജീവജാലങ്ങളിലും വൃക്ഷലതാദികളിലും എന്നുവേണ്ട , സർവഭൂതങ്ങളിലും ഉണ്ട്. പക്ഷേ മനുഷ്യനിൽ മറ്റുള്ളവയിലേക്കാൾ കൂടുതൽ പ്രകാശിക്കുന്നു. അഗ്നി  സർവ്വഭൂതങ്ങളിലും ഉണ്ട്. സർവ്വ വസ്തുക്കളിലും ഉണ്ട് . എന്നാൽ വിറകിൽ  അത് കൂടുതൽ പ്രകാശിക്കുന്നു"
( ശ്രീരാമകൃഷ്ണ വചനാമൃതം 2)

ഇങ്ങനെ എല്ലാ ജീവജാലങ്ങളിലും മനുഷ്യൻ കൂടുതൽ ഉത്കൃഷ്ടനാകയാൽ ഈ ശ്രേഷ്ഠജ്ഞാനം ഈശ്വരൻ മനുഷ്യന് നൽകി.

❓ 'ഋഷി ' എന്നാൽ അർത്ഥമെന്താണ്?

👉  ഋഷി എന്നതിന് പല അർത്ഥങ്ങളുണ്ട്.
വേദമന്ത്രങ്ങളെ പ്രകാശിപ്പിക്കുന്ന ആചാര്യൻ. ജ്ഞാനം കൊണ്ട് വേദമന്ത്രങ്ങളെ ആവിഷ്ക്കരിച്ചവനെന്നും സംസാരദു:ഖത്തെ ഇല്ലാതാക്കിയവൻ എന്നും അർത്ഥം പറയുന്നു.

"ഋഷതി  പ്രാപ്നോതി സർവ്വാൻ മന്ത്രാൻ
ജ്ഞാനേന പശ്യതി സംസാരപാരം വാ ഇതി"

വേദമന്ത്രങ്ങളെ ജ്ഞാനത്താൽ പ്രകാശിപ്പിക്കുന്നവൻ, വേദമന്ത്ര പ്രകാശിതവാൻ, മന്ത്രദ്രഷ്ടാവ്
(ശബ്ദകല്പദ്രുമം- സ്വരഖണ്ഡം)
ജ്ഞാനത്തിന്റെ മറുകരയിലെത്തിയവർ എന്ന് അമരകോശം .

'മന്ത്രദ്രഷ്ടാര ഋഷയ:'
മന്ത്രം ദർശിച്ചവർ ഋഷികൾ.

"ആജൻഹവൈ പൃശ്നീം
സ്തപസ്യമാനാൻ ബ്രഹ്മ
സ്വയംഭ്വഭ്യാനർഷത് - തദ്ദൃഷയോfഭവൻ "
( തൈത്തിരിയ ആരണ്യകം 2 -9-9)

അർത്ഥം: സ്വയം ഭുവായ ബ്രഹ്മം അഥവാ വേദം തപസ്വികളായ മുനിമാരെ അർഷിക്കയാൽ ( പ്രാപിക്കയാൽ ) അവർ ഋഷികളായി.

ജ്ഞാനത്തെ ആർഷം, ദൈവം, മാനുഷം എന്ന് 3 വിധം വിഭജിച്ചിട്ടുണ്ട്.
അന്യരുടെ ഉപദേശമോ സഹായമോ കൂടാതെ തപസ്സുകൊണ്ട് സിദ്ധിക്കുന്ന ജ്ഞാനമാണ് ആർഷം.
പ്രതിഭയിൽ മനസ്സിനെ സംയമനം ചെയ്താൽ ഈ
ജ്ഞാനം സിദ്ധിക്കുന്നതാണ്.

" പ്രാതിഭാദ് വാ സർവ്വം'
(യോഗദർശനം - വിഭൂതി പാദം - സൂത്രം-33)

അർത്ഥം :- പ്രതിഭയിൽ നിന്നുണ്ടായ ജ്ഞാനം കൊണ്ട് എല്ലാം അറിയുന്നു.
ഏതെങ്കിലും ബാഹ്യമായ കാരണത്താലുണ്ടാകുന്ന ജ്ഞാനമല്ല പ്രതിഭ. അത് ഉള്ളിൽ നിന്നുണ്ടാവുന്നതാണ്.ഈ ജന്മത്തിൽ അഥവാ പൂർവജന്മാന്തരങ്ങളിൽ ചെയ്ത ധർമാചരണം വേദാദിശാസ്ത്രങ്ങളുടെ പഠന മനനങ്ങൾ, സത്സംഗം, യോഗാനുഷ്ഠാനം എന്നിവയിൽ നിന്നും സുസംസ്കാരമുണ്ടാകുന്നു. ഈ സുസംസ്കാരങ്ങളിൽ നിന്നും ഉണ്ടാകുന്ന ജ്ഞാനമാണ് പ്രാതിഭം എന്ന ജ്ഞാനം. പ്രാതിഭമെന്നത് താരകത്തിന്റെ പേരാണെന്ന് വ്യാസ
ഭാഷ്യം
'പ്രാതിഭം നാമതാരകം'

'താരക'യെന്നാൽ തരണം ചെയ്യിക്കുന്നത് (അക്കരയ്ക്കു കടത്തുന്ന ) എന്നർത്ഥം. അതായത് ഈ പ്രതിഭാ ജ്ഞാനം അവിദ്യയുടെ മറുകരയിൽ എത്തിക്കുന്നതിനാൽ താരകമാകുന്നു.
ഈ പ്രാതിഭ ജ്ഞാനത്താൽ സർവ വിഷയങ്ങളേയും അറിയാൻ കഴിയും. ഭൂത-വർത്തമാന -ഭാവികാലങ്ങളിലെ എല്ലാം ആ ബുദ്ധിക്ക് സുഗ്രഹമാണ്. അങ്ങനെയുള്ള ജ്ഞാനം സിദ്ധിച്ചവരാണ് ഋഷികളെന്ന പേരിൽ അറിയപ്പെടുന്നത്.

ദേവന്മാരുടെ അനുഗ്രഹത്താലും ഉപദേശത്താലും ഉണ്ടാകുന്ന ജ്ഞാനം
'ദൈവ'മാകുന്നു. അങ്ങനെയുണ്ടായ ദൈവജ്ഞാനത്താൽ ദേവതാ സ്തുതി പരങ്ങളായ മന്ത്രങ്ങൾ ആവിഷ്കരിച്ച് ഋഷി പദത്തിലെത്തിയവരുമുണ്ട്

ലൗകിക ഗുരുക്കന്മാരുടെ ഉപദേശവും അനുഗ്രഹവും കൊണ്ട് സിദ്ധിക്കുന്ന ജ്ഞാനമാണ് മാനുഷജ്ഞാനം. അങ്ങനെയുള്ള ജ്ഞാനം സിദ്ധിച്ച ചിലർ തപസ്സുകൊണ്ട് ആർഷ ജ്ഞാനം നേടിയും ഉപാസനാ സിദ്ധി കൊണ്ട് ദേവതാ പ്രസാദം നേടിയും വേദമന്ത്രങ്ങളെ ദർശിച്ച് ഋഷികളായി തീർന്നിട്ടുണ്ട്.

ഋഷികൾ 7 വിധമുണ്ടെന്നാണ് പറയുന്നത്.
ബ്രഹ്മർഷി, ദേവർഷി, മഹർഷി ,പരമർഷി, കാണ്ഡർഷി, ശ്രുതർഷി, രാജർഷി എന്നിങ്ങനെ.

'വസിഷ്ഠാദ്യാ:- ബ്രഹ്മർഷയ:- വസിഷ്ഠൻ, അഗസ്ത്യൻ, ഭരദ്വാജൻ എന്നിവർ ബ്രഹ്മർ ഷികളാണ്.

കണ്വാദയ:- ദേവർഷയ:
കണ്വൻ, മാർക്കണ്ഡേയൻ എന്നിവർ ദേവർഷികളാകുന്നു.

വ്യാസാദയ:- ഋഷയ:
വ്യാസൻ മുതലായവർ മഹർഷിയാകുന്നു.

ഭേലാദ്യാ:- പരമർഷയ:
ഭേളൻ മുതലായവർ പരമ ർഷികളാണ്.

ജൈമിന്യാദ്യാ:- കാണ്ഡർഷയ :
ജൈമിനി തുടങ്ങിയവർ കാണ്ഡർഷികളാണ്.

സുശ്രുതാദ്യാ :- ശ്രുതർഷയ:
സുശ്രുതാദികൾ ശ്രുതർഷികൾ ആകുന്നു.

ഋതപർണ്ണാദയ:- രാജർഷയ:
ഋതുപർണൻ, ജനകൻ, ധ്രുവൻ തുടങ്ങിയവർ രാജർഷികളാകുന്നു.

ഋഷിശബ്ദത്തിന് ഋഷി പ്രോക്തമായ മന്ത്രം, രശ്മി, ചന്ദ്രൻ, ഋതുവാ കാത്ത സ്ത്രീ, മന്ത്ര ദ്രഷ്ടാവ് ഇങ്ങനെ പല അർത്ഥങ്ങളും കൊടുത്തിട്ടുണ്ട്.
(ശബ്ദകല്പദ്രുമം, സ്വരഖണ്ഡം)
'ഋഷി' ലക്ഷണത്തെക്കുറിച്ച് വായുപുരാണം 59-ാം അധ്യായത്തിൽ പറയുന്നത് ഇപ്രകാരമാണ്.
" പോകുക എന്നർത്ഥമുള്ള 'ഋഷ് ' എന്ന ധാതുവിൽ നിന്ന് ഋഷിയെന്ന ശബ്ദമുണ്ടായി. വേദത്തിൽ ഇതിന് സത്യം, തപസ്സ് എന്നീ അർത്ഥങ്ങളുണ്ട്. ഇവയിൽ നിന്നും വ്യതിചലിക്കാതെ ബ്രഹ്മത്തെ പ്രാപിക്കുന്നവനെ ഋഷി എന്നു പറയുന്നു.

ദുർഗാചാര്യൻ 'ഋഷിർദർശനാൽ' എന്നാണ് ഋഷിശബ്ദത്തിന് നിർവചനം കൊടുത്തിരിക്കുന്നത്. ഇന്ദ്രിയാതീതമായ തത്വത്തെ അപരോക്ഷമായി സാക്ഷാത്ക്കരിച്ച വിശിഷ്ട പുരുഷനാണ് ഋഷി എന്നു നിർവചനം വ്യക്തമാക്കുന്നു.
(സ്വാമി വിദ്യാനന്ദ തീർത്ഥപാദർ )

ഇങ്ങനെ ഋഷിയെന്ന ശബ്ദത്തിന് അനേകം അർത്ഥങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാം.

'ഋഷി' എന്ന ശബ്ദത്തിന് അനേകം അർത്ഥങ്ങൾ വിവരിച്ചു. ഇനിയും ഈ ശബ്ദത്തിന് പല അർത്ഥങ്ങളുണ്ട്.
തപഃ പ്രകർഷം കൂടുതലുള്ളവരെ ഋഷികൾ എന്ന് പറയുന്നുവെന്ന് ബ്രഹ്മാണ്ഡപുരാണം പൂർവ്വ ഭാഗം 33-ാം അധ്യായത്തിൽ പറയുന്നു.കൂടാതെ ബുദ്ധി കൊണ്ട് വൃദ്ധനും വേദജ്ഞാനവുമുള്ളവനാണെങ്കിൽ ബാലനും ഋഷിയാകുമെന്നും പറഞ്ഞിരിക്കുന്നു.

ഇനി ഋഷി എന്നതിന് പ്രാണൻ എന്നൊരർത്ഥം കൊടുത്തിട്ടുണ്ട്.

ഋഷി ശബ്ദം വേദത്തിൽ പ്രാണവാചിയാണെന്നും ഇതിഹാസത്തിൽ ഇത് വ്യക്തിനാമമായതാണന്നും
ഐതരേയാരണ്യകത്തിൽ പറയുന്നു.(2)

ഉദാ:- വസിഷ്ഠൻ ഋഷിയാണല്ലോ. ഇന്ദ്രിയങ്ങളെ ആച്ഛാദനം (മറയ്ക്കുന്നവൻ) എന്ന അർത്ഥത്തിൽ പ്രാണനാണ് വസിഷ്ഠൻ.പ്രാണികളെ വസിപ്പിക്കുന്നതിനാലും പ്രാണൻ വസിഷ്ഠനാണ്.
വാമദേവ ഋഷി" എന്നതിൽ 'ദേവ' ശബ്ദം വേദത്തിൽ ഇന്ദ്രിയാർത്ഥമാണ്. എല്ലാ ദേവന്മാരിലും വന്ദനീയൻ പ്രാണനാകയാൽ പ്രാണൻ വാമദേവനാണ്.
*അത്രി* എന്നത് പ്രാണന്റെ പര്യായമാണ്. പാപങ്ങളിൽ നിന്നു ത്രാണം (രക്ഷിക്കുന്നതിനാൽ ) ചെയ്യുന്നതിനാൽ ( എല്ലാ ദുരിതങ്ങളിൽ നിന്നും) പ്രാണന് അത്രി എന്ന് പേരുണ്ടായി.( ഐ.ബ്രാ. 2-1 - 6)

'ഭരദ്വാജൻ' എന്ന നാമം നോക്കാം.' വാജ' ശബ്ദം
അശ്വമാണ്.അശ്വം പ്രജയെ കുറിക്കുന്നു. പ്രജയെ ഭരിക്കുന്നത് പ്രാണനാണ്.എല്ലാ പ്രജകളെയും ഭരിക്കുന്ന പ്രാണനാണ് ( ഭരത്+വാജ) ഭരദ്വാജൻ. (ഐ.ആ - 2)

വേദമന്ത്രങ്ങളുമായി ചേർത്ത് അനുശാസിക്കുന്ന ഋഷി നാമങ്ങൾ ഈശ്വരീയ ജ്ഞാനത്തിന്റെ പ്രചാരകത്വത്തെ മുൻനിർത്തി ഈശ്വരനാൽ നല്കപ്പെട്ടതാണ്.

"വേദ ശബ്ദം വഴിക്കാദ്യം തീർത്താനീശ്വരനാമവൻ
ഋഷികൾക്കുള്ള നാമങ്ങൾ
വേദത്തിൽപ്പെട്ട സൃഷ്ടികൾ "
(മഹാഭാരതം.ശാന്തിപർവം - അ - 232 - 27)
ഋഷികൾക്കുള്ള നാമങ്ങൾ, വേദത്തിൽപ്പെട്ട സൃഷ്ടികൾ എന്നിവയെല്ലാം വേദ ശബ്ദം വഴിക്ക് ആദ്യമേ തന്നെ ഈശ്വരനായ ബ്രഹ്മാവ് തീർത്തു.

ഇനി മറ്റൊരു ഉദാഹരണം കാണിക്കാം.

" ത്രായുഷം ജമദഗ്നേ: കശ്യപസ്യ ത്രായുഷമ്
യദ്ദേവേഷു ത്രായുഷം തന്നോfസ്തു ത്രായുഷം "
(യജുർവേദം-3-62)
ഇവിടെ ജമദഗ്നി, കശ്യപൻ എന്നീ പേരുകൾ ദേഹ ധാരികളായ ഋഷിമാരുടെ പേരുകളല്ല.
"ചക്ഷുർവൈ ജമദഗ്നി ഋഷിർ യദേനേന ജഗത്പ- ശ്യത്യഥോ മനുതേ തസ്മാച്ചക്ഷുർജമദഗ്നിർ ഋഷി: "
( ശതപഥബ്രാഹ്മണം 8 - 1 )
ചക്ഷുസ്സിന്റെ പേരാണ് ജമദഗ്നി .ജഗത്തിലെ പ്രാണികൾ കാണുകയും അറിയുകയും ചെയ്യുന്നത് കണ്ണുകൊണ്ടാണ്. അതിനാൽ കണ്ണ് ജമദഗ്നി ഋഷിയാകുന്നു.
" കശ്യപോ വൈ കൂർമ:, പ്രാണോ വൈ കൂർമ: "
( ശതപഥം - 7-5)
കശ്യപനെന്നാൽ കൂർമ്മം. കൂർമമെന്നാൽ പ്രാണൻ.ശരീരത്തിന്റെ നാഭിയിൽ കൂർമാകാരമായി സ്ഥിതി ചെയ്യുന്ന പ്രാണനാണ് കശ്യപൻ .

'ബ്രഹസ്പതി ' എന്ന നാമം നോക്കാം.
"ഏതമ ഏവ ബൃഹസ്പതിം മന്യന്തേ.
വാഗ്ഘി ബൃഹതീ, തസ്യാ ഏഷ പതി: "
(ഛാന്ദോഗ്യോപനിഷത്ത് - അ - 1 - ഖണ്ഡം 2 - 11)
അർത്ഥം :- അതിനെത്തന്നെ ബൃഹസ്പതിയെന്ന് വിചാരിക്കുന്നു. വാക്കു തന്നെയാണ് ബൃഹതിയെന്ന് പറയുന്നത്. അതിനാൽ ബൃഹതിയുടെ പതി ബൃഹസ്പതി.

ഇത് തന്നെ ബൃഹദാരണ്യകോപനിഷത്ത് അധ്യായം - 1, ബ്രാഹ്മണം - 3 -20 ൽ പറയുന്നത് നോക്കുക.

"ഏഷ ഉ ഏവ ബൃഹസ്പതി: വാഗ് വൈ ബൃഹതീ,
തസ്യാ ഏഷ പതി : തസ്മാദു ബൃഹസ്പതി: "

അർത്ഥം :- ഈ പ്രാണൻ തന്നെ ബൃഹസ്പതിയാകുന്നു. വാക്കു തന്നെയാണ് ബൃഹതീ. അതിന് ഇത് പതിയാകുന്നു. അതിനാൽ പ്രാണൻ ബൃഹസ്പതിയാകുന്നു.
ഈ ബൃഹതിയിൽ എല്ലാ വാക്കുകളും അടങ്ങുന്നു.
" പ്രാണോ ബൃഹതി " (ഐ.ആ. 2-1 - 6)
ഇതിനാൽ ഋക്കുകളെല്ലാം പ്രാണനിലടങ്ങുന്നു. പ്രാണൻ ഉളളവനേ വാക്കുകൾ ഉച്ചരിക്കുവാൻ സാധിക്കുകയുള്ളൂ. അതിനാൽ പ്രാണൻ തന്നെ ബൃഹസ്പതി
ഈ പ്രാണൻ തന്നെയാണ് ബ്രഹ്മണസ്പതിയെന്നും അറിയപ്പെടുന്നത്.
" ഏഷ ഉ ഏവ ബ്രഹ്മണസ്പതി: വാഗ് വൈ ബ്രഹ്മ ,തസ്യാ ഏഷ പതി  തസ്മാദു
ബ്രഹ്മണസ്പതി: "
( ബൃ .ഉ.1 - 3 -2 1)

അർത്ഥം :- ഇതു തന്നെയാണ് ബ്രഹ്മണസ്പതി. വാക്കു തന്നെയാണ് ബ്രഹ്മം. അതിന് ഇത് പതിയാണ്. അതിനാൽ പ്രാണൻ ബ്രഹ്മണസ്പതിയാണ്.

അംഗിരസ് ആരാണെന്നു നോക്കൂ,

"സോfയാസ്യ ആംഗിരസ: അംഗാനാം
ഹി രസ: പ്രാണോ വാ അംഗാനാം രസ: പ്രാണോ വാ അംഗാനാം ഹി രസ: പ്രാണോ വാ തസ്മാത്
യസ്മാത് കസ്മാത് ച അംഗാത് പ്രാണ - ഉത്ക്രാമതി തദേവ തത് ശുഷ്യതേഷ ഹി വാ
അംഗാനാം രസ: "
( ബൃ .ഉ - 1 - 3 -19)

അർത്ഥം: അത് (പ്രാണൻ ) ആംഗിരസ് ആണ്. എന്തെന്നാൽ അത് അംഗങ്ങളുടെ രസമാണ്. പ്രാണൻ തന്നെയാണ് അംഗങ്ങളുടെ രസം. കാരണം ആരുടെയെങ്കിലും അംഗത്തിൽ നിന്നും പ്രാണൻ വേർപെടുമ്പോൾ ആ ഭാഗം ശോഷിക്കുന്നു. അതു കൊണ്ട് പ്രാണൻ തന്നെയാണ് അംഗങ്ങളുടെ രസം.
ഇങ്ങനെ പലയിടത്തും പ്രാണനെ ഋഷിയായി കല്പിച്ചിരിക്കുന്നു.
ഇനി ഈ പ്രാണന്റെ മിത്രങ്ങളാണ് വിശ്വം മുഴുവനും. അതിനാൽ പ്രാണന്റെ പര്യായമാണ് വിശ്വാമിത്രൻ.
ഏറ്റവും പവിത്രമാകയാൽ പ്രാണൻ പവമാനനാണ്.
ഇവരെല്ലാം ഋഗ്വേദത്തിൽ പറയുന്ന ഋഷിമാരാണ്. ഋഷികൾ വ്യക്തിവിശേഷത്തെയല്ല, ഗുണവിശേഷത്തെയാണ് ദ്യോതിപ്പിക്കുന്നത്.

ഉദാ:- പുരുഷസൂക്തത്തിന്റെ ( ഋഗ്വേദം-10.90) ഋഷിയായ നാരായണഋഷിയെന്നത് നോക്കാം.
ഇവിടെ നാരായണൻ എന്നത് വ്യക്തിവിശേഷമല്ല. അത് പ്രാപ്തമായ അവസ്ഥ അഥവാ പദവിയാണ്. മനുസ്മൃതിയിൽ നാരായണ ശബ്ദത്തിന് ഇപ്രകാരം അർത്ഥം പറയുന്നു.

" ആപോ നാരാ ഇതി പ്രോക്താ
ആപോ വൈ നര സൂനവ:
താ യദസ്യായനം പൂർവം
തേന നാരായണ സ്മൃത: "

(ആപ:) സലിലം (നരസൂനവ:) പുരുഷനിൽ നിന്നുണ്ടായതാകുന്നു.
(വൈ)
 അതിനാൽ
( ആപ:) സലിലം (നാരാ ഇതി) നാരാ എന്ന് (പ്രോക്താ) പ്രസിദ്ധമായി. (പൂർവം) ആരംഭത്തിൽ (താ) ആ നാരാ (അസ്യ) ഇവന്റെ
( അയനം) ഇരിപ്പിടമായിരുന്നു. (യത് തേന) ആ കാരണത്താൽ (നാരായണ:) നാരായണനെന്ന്
(സ്മൃത:) അറിയപ്പെട്ടു.
നരന്റേതെന്ന അർത്ഥത്തിൽ നാരം സിദ്ധിക്കുന്നു. നരൻ എന്നാൽ അനന്ത പുരുഷൻ ബ്രഹ്മം. നരൻ സൃഷ്ടിച്ചതാണ് നാരാ. സലിലം എന്നർത്ഥം. ആപശബ്ദം ജലവാചിയാണ്. സൃഷ്ടിയുടെ അഥവാ പ്രകൃതിയുടെ പ്രഥമ വികാരമാണ് സലിലം.നാരായിൽ അയനം (വ്യാപിക്കൽ) ചെയ്യുന്നതിനാൽ, അങ്ങനെ സൃഷ്ടിക്രമം തുടരുന്നതിനാൽ സൃഷ്ടാവായ ഈശ്വരൻ നാരായണാണ്.ഈ ജ്ഞാനത്തെദർശിക്കുന്നയാൾ നാരായണ പദവി നേടുന്നു. അതായത് ഈ പുരുഷസൂക്തത്തിന്റെ ദൃഷ്ടാവായതിനാൽ അഥവാ നാരായണ തത്ത്വത്തിന്റെ രഹസ്യം അറിയുന്ന ദ്രഷ്ടാവ് നാരായണ പദവിയിലെത്തുന്നു.നാരായണ ഋഷിയാകുന്നു.
വിശ്വകർമ സൂക്ത (10.81) ത്തിന്റെ ഋഷി വിശ്വകർമാഭൗവനനാണ്. ഭുവനുമായി (വിശ്വം ബന്ധമുള്ള ഭൗവനൻ വിശ്വകർമാവാണ്. വിശ്വത്തെ രചിക്കുന്നവൻ ആണ് വിശ്വകർമാവ്.ഈ തത്ത്വം അറിയുന്ന ദ്രഷ്ടാവ്
വിശ്വകർമ്മാവെന്ന ഋഷിയായി.
ഇങ്ങനെ ഋഷികളെന്നത് ഗുണവിശേഷം, അതായത് ഭാവമാണെന്ന് ഇവിടെ വ്യക്തമാക്കുന്നു.

ഇനി ശരീരസ്ഥരായ ഇന്ദ്രിയങ്ങളേയും ഋഷികളായി വർണ്ണിച്ചിട്ടുണ്ട്.

"തിര്യഗ്ബിലശ്ചമസ ഊർധ്വബുധ്നസ്തസ്മിൻ
യശോ നിഹിതം വിശ്വരൂപം
തദാസത ഋഷയ: സപ്തസാകം യേ അസ്യ
ഗോപാ മഹതോ ബഭൂവൂ: "
(അഥർവം -10 - 8 - 9 )
അതായത്, ഏഴു ഋഷിമാരുടെ വാസമുണ്ട് ശിരസ്സിൽ, കണ്ണ്, നാസിക, ചെവി എന്നിവയെല്ലാം തന്നെയാണ് ഈ ഋഷിമാരെക്കൊണ്ട് അർത്ഥമാക്കുന്നത്.

" സപ്ത ഋഷയ: പ്രതിഹിതാ: ശരീരേസപ്ത- രക്ഷന്തി സദമപ്രമാദം
സപ്താപ: സ്വപതോ ലോകമീയുസ്തത്ര ജാഗൃതോ അസ്വപ്നജൌ സത്രസദൌ
ച ദേവൌ "
( യജു- 34 - 55)
ശരീരത്തിൽ 7 ഋഷിമാർ വസിക്കുന്നു.
(ശബ്ദാദികളായ 5 ജ്ഞാനേന്ദ്രിയങ്ങളും മനസ്സ്, ബുദ്ധി എന്നിവയും ചേർന്ന് 7 ) ഉറങ്ങിക്കിടക്കുമ്പോഴും 2 പേർ (പ്രാണൻ,അപാനൻ) ഉണർന്നിരിക്കുന്നുണ്ട് എന്ന് താൽപര്യം.
പല ഭാഗങ്ങളിലും വസിഷ്ഠൻ പ്രാണനാണെന്നും, പ്രജാപതി മനസ്സാണെന്നും, ജമദഗ്നി ചക്ഷുസ്സാണെന്നും, വിശ്വാമിത്രൻ ശ്രോത്രമാണെന്നും, വിശ്വകർമ്മാവ് വാണിയാണെന്നും പറഞ്ഞിരിക്കുന്നു. അതായത് വേദത്തിൽ പറയുന്ന ഋഷി നാമങ്ങൾക്ക് അനേക അർത്ഥങ്ങളുണ്ടാകാം. ഇനി ഈ ഋഷിവാചക ശബ്ദങ്ങൾ ഒന്നുകിൽ നക്ഷത്രങ്ങളുടേയോ, കിരണാദി ആകാശപരമായ ചമൽക്കാരീ പദാർത്ഥങ്ങളുടെയോ വാചകമാണെന്നും അല്ലെങ്കിൽ അവയെല്ലാം മനുഷ്യ ശരീരത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ദ്രിയങ്ങളെ കുറിയ്ക്കുന്നവയാണെന്നും പണ്ഡിറ്റ് രഘുനന്ദൻ ശർമ്മ വൈദിക സമ്പത്ത് എന്ന ഗ്രന്ഥത്തിൽ പ്രഥമ ഖണ്ഡത്തിൽ വിവരിക്കുന്നുണ്ട്.

ഇനി മറ്റൊന്ന് 'ഋഷി'യെന്നാൽ ഏത് വിഷയങ്ങളിലുമുണ്ടാകാം. "ദർശനാത് ഋഷി " എന്നാണല്ലോ. ഇവിടെ എന്തിന്റെ ദർശനമാണ്?
തത്ത്വദർശനം. എന്തെന്നാൽ ഏതൊന്നിന്റെയും തത്ത്വത്തെ ദർശിക്കുന്നവൻ അതിന്റെ ഋഷിയാണ്. ഒരു വിഷയത്തിന്റെ, അതേതു വിഷയത്തിലുമാകട്ടെ, അതിന്റെ അഗാധതയിലേക്കിറങ്ങി ചെന്ന് അതിന്റെ സത്യത്തെ കണ്ടെത്തുന്നവൻ ആ വിജ്ഞാനത്തിന്റെ, അറിവിന്റെ ഋഷിയാണ്.
ഉദാ:- സർ ഐസക് ന്യൂട്ടനാണല്ലോ ഗുരുത്വാകർഷണ സിദ്ധാന്തം കണ്ടെത്തിയതെന്ന് പറയുന്നത്. അതിനു കാരണമായത് ഒരു ആപ്പിളിന്റെ വീഴ്ചയുമാണ്. ആപ്പിൾ എന്തുകൊണ്ടാണ് താഴേക്കു പതിച്ചതെന്ന് ന്യൂട്ടൻ ചിന്തിച്ചു. പൂർണ്ണമായ ഏകാഗ്രതയോടെ ആ വസ്തുതയുടെ ആഴങ്ങളിലേക്കിറങ്ങി ചെന്ന് മനനം ചെയ്കയാൽ അതിന്റെ രഹസ്യം ഗുരുത്വാകർഷണമാണെന്ന് ന്യൂട്ടൻ കണ്ടെത്തി.
ന്യൂട്ടന് മുൻപും ഗുരുത്വാകർഷണം ഉണ്ട്. എന്നാൽ ഈ സത്യത്തെ, അറിവിനെ കണ്ടത്, ദർശിച്ചത് ന്യൂട്ടനാകയാൽ അദ്ദേഹത്തെ ഗുരുത്വാകർഷണ സിദ്ധാന്തത്തിന്റെ ഋഷിയെന്ന് വിളിക്കാം.
NB :- ന്യൂട്ടന് മുൻപും ഭാരതത്തിൽ ഗുരുത്വാകർഷണ സിദ്ധാന്തത്തിന്റെ പഠനം നടന്നിട്ടുണ്ട്.

മറ്റൊന്ന്, ഈ ഋഷിമാർ വേദകാലത്തിനു മുൻപും ഉണ്ടായിരുന്നു -

"അഗ്നി പൂർവ്വികരും നവീനരുമായ ഋഷികളാൽ സ്തുതിക്കപ്പെടേണ്ടവനാകുന്നുവെന്ന് ഋഗ്വേദം മണ്ഡലം 1, സൂക്തം - 1, മന്ത്രം -2ൽ പറയുന്നുണ്ട്.
അതിനാൽ വേദകാലത്തിന് മുൻപും ഋഷികളുണ്ടായിരുന്നുവെന്നും വേദകാലം നൂതന രായ ഋഷികളുടെ കാലമായിരുന്നുവെന്നും സിദ്ധിക്കുന്നു.

1 comment:

  1. ഹിന്ദു കുടുംബങ്ങളിൽ സനാതനധർമ്മത്തെ പറ്റിയുള്ള വിവരങ്ങളുടെ അഭാവമാണ് ഇസ്ലാം മതത്തിന്റെ പ്രേരണയിൽ ഹിന്ദു പെൺകുട്ടികൾ വീഴുന്നത്. ഇതിന് പരിഹാരം കാണേണ്ടതുണ്ട്.കമ്മൃണിസ്റ് പാശ്ചാത്തല കുടുംബങ്ങളിൽ നിന്നാണ് കൂടുതൽ കുട്ടികൾ നഷ്ടപ്പെടുന്നത്.

    ReplyDelete