വിശ്വാസത്തിന്റെ ഭാഗമായി കറുത്ത ചരട് അണിയുന്നത് എന്തിന് ?
ഭാരത സംസ്‌കാരത്തില്‍ ചരടുകള്‍ കെട്ടുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഹൈന്ദവ വിഭാഗത്തിലാണ് ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമായി ചരടുകള്‍ ശരീരത്തില്‍ കെട്ടുന്നത്.
ജപിച്ചും മന്ത്രിച്ചും കെട്ടുന്ന ചരടുകള്‍ക്ക് പ്രത്യേക ശക്തിയുണ്ടെന്നാണ് വിശ്വാസം. കഴുത്തിലും കൈയിലും അരയിലുമാണ് ഇത്തരത്തിലുള്ള ചരടുകള്‍ കെട്ടുന്നത്. പൊതുവേ കണ്ടുവരുന്നത് കറുപ്പ്, ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറത്തിലെ ചരടുകളാണ്. ഇതിൽ കൂടുതലായും ഉപയോഗിക്കുന്നത് കറുത്ത ചരടാണ്.
കറുത്ത ചരട്
എന്നാല്‍ എന്തുകൊണ്ടാണ് കറുത്ത ചരട് വിശ്വാസത്തിന്റെ ഭാഗമായി തീരുന്നതെന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല. കറുപ്പ് നിറം നവഗ്രഹങ്ങളിലെ ശനി, രാഹു എന്നിവയുടെ പ്രീതികരമാണ്. ഇത് കെട്ടുന്നതിലൂടെ ശനി, രാഹു ദോഷം നീങ്ങും.
ദൃഷ്ടി ദോഷം മാറാൻ കറുത്ത ചരട് ജപിച്ചു കെട്ടുന്നത് ഉത്തമമാണെന്നാണ് പഴമക്കാര്‍ അവകാശപ്പെടുന്നത്. നെഗറ്റീവ് ഊർജത്തിൽ നിന്ന് സംരക്ഷണം നല്‍കാനാണ് കുഞ്ഞുങ്ങളുടെ അരയില്‍ കറുത്ത ചരട് കെട്ടുന്നത്.
ചുവന്ന ചരട്
ചുവപ്പ് ചരട് ചൊവ്വയെ പ്രീതിപ്പെടുത്താനുതകുന്ന നിറമാണ്. ദേവീ ക്ഷേത്രങ്ങളിൽ നിന്ന് ചുവന്നു ചരട് ജപിച്ച് കെട്ടുന്നത് ശത്രുദോഷം നീക്കുവാനും ബാധാദോഷം നീക്കുവാനും കെട്ടാറുണ്ട്.
കയ്യില്‍ ചുവന്ന ചരടു പൂജിച്ചു കെട്ടുന്നത് സാധാരണയാണ്. രക്ഷാസൂത്ര എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. ഒരു സംരക്ഷണ കവചം എന്നു വേണമെങ്കില്‍ പറയാം. ഇതില്‍ ദൈവസ്വാധീനമുണ്ടെന്നതാണ് പൊതുവേ പറയപ്പെടുന്നത്. ഇത് പൊസറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ ഏറെ സഹായകമാണ്. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നീക്കാനും ഇത്തരം പൂജിച്ച ചുവന്ന ചരടു കെട്ടുന്നതു സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
മഞ്ഞ ചരട്
മഞ്ഞ നിറത്തിലെ ചരടും പതിവാണ്. പ്രത്യേകിച്ചും വിവാഹ കര്‍മങ്ങളില്‍ ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് വിഷ്ണുഭഗവാനെ സൂപിപ്പിയ്ക്കുന്നു. ചിലരുടെ ജാതകവശാല്‍ ബൃഹസ്പതി ദോഷമുണ്ടാകും. ഇതു നീക്കാന്‍ മഞ്ഞ ചരട് ഏറെ നല്ലതാണ്. ഇത് ഏകാഗ്രതയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിയ്ക്കുന്നു.
ഓറഞ്ചോ കാവിയോ നിറത്തിലുള്ള ചരട്
കയ്യില്‍ കാവി നിറത്തിലെ ചരടു കെട്ടുന്നവരുമുണ്ട്. ഇത് സമാധാനം, സന്തോഷം, ഐശ്വര്യം എന്നിവ കൊണ്ടുവരുമെന്നാണ് പൊതുവേയുള്ള വിശ്വാസം. ഇത് ബൃഹസ്പതിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.
No comments:
Post a Comment