നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 14/108
അവനൂർ ശ്രീകണ്ഠേശ്വര ശിവക്ഷേത്രം [അവുങ്ങനൂർ]
ചിറ്റിലപ്പള്ളിക്ക് അടുത്ത നാടാണ് അവണൂര് .തൃശൂർ വെളപ്പായ മണിത്തറ വഴി മുണ്ടൂർ ബസ്സിൽ കയറി അവണൂർ ആൽത്തറ സ്റ്റോപ്പിലിറങ്ങി വടക്കോട്ട് നാല് ഫർലോങ്ങ് നടന്നാൽ ക്ഷേത്രത്തിന്റെ മുന്നിലെത്താം. പ്രകൃതിരമണീയമായമെന്ന് ചന്ദ്രോത്സവ കർത്താവ് ഏഴാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ പറഞ്ഞുകാണുന്നു. അവുങ്ങന്നൂർ ഇന്നും ഗ്രാമീണ ഭംഗി മുട്ടിനിൽക്കുന്ന നാടുതന്നെ. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനും ആ ഗ്രാമത്തനിമയുണ്ട്. വിശാലമായ നെൽപാടത്തിന്റെ മേൽക്കരയിൽ പച്ചപ്പുല്ല് വളർന്നുനിൽക്കുന്ന വിസ്തൃതമായ പറമ്പിൽ ഒരു കൊച്ചു ചതുരശ്രീകോവിലിൽ പരമശിവൻ ശിവലിംഗത്തിൽ സാന്നിധ്യം അരുളി പടിഞ്ഞാട്ട് ദർശനമായി ഇരിക്കുന്നു. കൂടെ ദേവി ഇല്ല .ഏകാന്തതയിൽ രൗദ്രഭാവം പൂണ്ട് പരിലസിക്കുന്നു. ക്ഷേത്രത്തിനു മുമ്പിൽ നമസ്കാരമണ്ഡപവും ചുറ്റും നാലമ്പലവും ഉണ്ട്. ക്ഷേത്രത്തിനു മുന്നിൽ വലിയ ബലിക്കല്ല് കണ്ടില്ല; പകരം കുറേ ശിലാഖണ്ഡങ്ങൾ കൂടി കിടക്കുന്നത് കണ്ടു. അവ നാശോന്മുഖമായ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ്. യഥാർത്ഥ നാലമ്പലം നശിച്ചുപോയ ശേഷം താൽക്കാലികമായി നിർമ്മിച്ചതാണോ ഇന്നു കാണുന്നത് എന്നറിയില്ല. ശില്പഭംഗിയോ നിർമ്മാണ വൈദഗ്ധ്യമോ ഒന്നും കാണുന്നില്ല.
ക്ഷേത്രം ആറ്റൂര് ചാങ്ങലിയോട് വാദ്യാൻ മന വകയാണ്. പത്മനാഭസ്വാമിക്ഷേത്രത്തിലെ മുറജപ കാരനായ തിരുമേനി കാശിവിശ്വനാഥ ആവാഹിച്ചു കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം. ഇവിടെ തൊഴുതാൽ പിന്നെ കാശിയിൽ പോയി പുണ്യം നേടേണ്ടത് ഇല്ലെന്നാണ് ഭക്ത ജനങ്ങൾക്കുള്ള വിശ്വാസം.
പണ്ട് ശിവരാത്രി ഗംഭീരമായി ആഘോഷിച്ചിരുന്നു. മനയ്ക്കലെ ആനയെ തന്നെയാണ് എഴുന്നള്ളിച്ചിരുന്നത്. ധാരാളം ഭൂസ്വത്ത് ഉള്ള മന തകർന്നത് തൃശൂരിലെ സംങ്കേത ഭരണം അവസാനിച്ചതോടെയാണെന്ന് കരുതുന്നു. ശക്തൻതമ്പുരാൻ സാങ്കേതിക ഭരണാധികാരികളെ ഒതുക്കിയപ്പോൾ ഈ ക്ഷേത്ര ഭരണകർത്താക്കളും നാമാവശേഷമായിട്ടുണ്ടാകാം. തൻമൂലം ക്ഷേത്രം തകർച്ചയിലേക്ക് നീങ്ങി.ഉപദേവന്മാർ ഗണപതി, ഭഗവതി ,അയ്യപ്പൻ, മണികണ്ഠൻ, എന്നിവരാണ്. ക്ഷേത്ര പറമ്പിന് ഒന്നരയേക്കറോളം വിസ്തീർണ്ണമുണ്ട്. തന്ത്രിസ്ഥാനം കവളപ്പാറ തീയ്യന്നൂർ മനയ്ക്കലേക്കാണ്. നിത്യവും രണ്ടു പൂജയുണ്ട്.
No comments:
Post a Comment