നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 13/108
പെരുമുണ്ടേക്കാട് മഹാദേവ ക്ഷേത്രം [പൊരണ്ടേക്കാട്]
നാമസ്തോത്രത്തിൽ പൊരണ്ടേക്കാട് എന്ന് പറഞ്ഞു കാണുന്ന ക്ഷേത്രമാണ് പുരമുണ്ടേക്കാടെന്ന പേരിൽ അറിയപ്പെടുന്നത്. മലപ്പുറം ജില്ലയിൽ എടപ്പാൾ ജംഗ്ഷനിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ തെക്കുകിഴക്കായി മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. ക്ഷേത്രപ്രതിഷ്ഠ നിർവഹിച്ചത് പരശുരാമനാണെന്നാണ് ഐതിഹ്യം .സ്വയംഭൂ ശിലയാണ് .പീഠത്തിൽ നിന്ന് ഒരു അടിയിലേറെ പൊക്കമില്ല. കിഴക്കോട്ടാണ് ദർശനം. ഗോപുരമില്ല .തറയും കരിങ്കല്ലിൽ തീർത്ത കട്ടിളയും അവിടെ അവശേഷിച്ചതാണോ ? അതോ നിർമ്മാണം പൂർത്തിയാകാതിരുന്നതോ ? ആർക്കും അറിഞ്ഞുകൂടാ .ചുറ്റുമുള്ള വെട്ടുകല്ലിൽ പണിത ആനപ്പള്ള മതിൽ ക്ഷേത്രം സംരക്ഷിക്കുന്നു. പടിഞ്ഞാറുവശത്ത് പ്രവേശനദ്വാരം മാത്രം. അതു കടന്നാൽ കാണുന്ന കൊച്ചു വിഷ്ണു ക്ഷേത്രം മേയ്ക്കാട്ടില്ലത്തെ വകയാണ് .അയങ്കലത്തു നിന്ന് കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതാണെന്ന് പറയപ്പെടുന്നു .സാമാന്യം വലിയ നാലമ്പലവും, മനോഹരമായി കരിങ്കല്ലിൽ നിർമ്മിച്ച പ്രദക്ഷിണവഴിയും നമസ്കാരമണ്ഡപവും ശിവ ക്ഷേത്രത്തിന്റെ ശ്രേയസ് വർദ്ധിപ്പിക്കുന്ന വിധമാണ്. നമസ്കാര മണ്ഡപത്തിൽ രണ്ട് നന്ദിയുണ്ട് .ചതുര ശ്രീകോവിലാണെങ്കിലും കേരളത്തനിമയിൽ ഓടുമേഞ്ഞ് ഒരു ഗ്രാമക്ഷേത്രത്തിന്റെ ആകാരഭംഗിയോടെ നിലകൊള്ളുന്നു. തെക്കുപടിഞ്ഞാറേ മൂലയിൽ ശ്രീകോവിലിൽ ഗണപതിയും, ദക്ഷിണാമൂർത്തിയും, അയ്യപ്പനും, ശ്രീകൃഷ്ണനും വാണരുളുന്നു .പടിഞ്ഞാറേ മൂലയിൽ ശ്രീകൃഷ്ണന്റെ (ഭൂമിദാനം) പ്രതിഷ്ഠയുണ്ട് .ശ്രീകൃഷ്ണന്റെ ഈ ഭാവത്തോടെയുള്ള പ്രതിഷ്ഠ വിരളമാണ്.
ക്ഷേത്രത്തിലെ ശേഷിച്ച ഊരാള കുടുംബങ്ങൾ കരുവാട്, മേയ്ക്കാട്, നെഡ്ഢം എന്നിവയാണ്. ഓരോവർഷവും ഓരോ ഊരാള കുടുംബക്കാരാണ് ക്ഷേത്രഭരണം നടത്തിയിരുന്നത് .പിന്നീട് ഭൂപരിഷ്കരണ നിയമത്തിന്റെ പിടിയിൽ തളർന്ന ക്ഷേത്രത്തെ സംരക്ഷിക്കാൻ നാട്ടുകാരുടെ കമ്മിറ്റി രൂപം കൊണ്ടു .ആ കമ്മിറ്റി എച്ച്. ആർ .ആൻഡ് .സി. ഇ യുടെ നിയന്ത്രണത്തിൽ ക്ഷേത്രഭരണം നടത്തിവരുന്നു. തന്ത്രിസ്ഥാനം കൈനിക്കര തെക്കേടത്ത് മനയ്ക്കലേക്കാണ്. രണ്ടുനേരം പൂജയും ശിവരാത്രി ആഘോഷവും ഉണ്ട്. വടക്കുഭാഗത്തുള്ള ക്ഷേത്രക്കുളവും, കുളപ്പുരയും പഴയ മുറജപ കാലവും അഷ്ടമി വാരസദ്യയും ഓർത്തു കൊണ്ട് കഴിയുന്നു. കദളിപ്പഴനിവേദ്യവും തുലാഭാരവും ചതുശ്ശതവുമാണ് മുഖ്യ വഴിപാടുകൾ. ജലാഭിഷേകം പ്രധാനമാണ് .ഇളനീരാട്ടം പ്രിയങ്കരം .അത് മുടങ്ങാതിരിക്കാൻ ആണോ ഭക്തന്മാർ തെങ്ങിൻ തൈകൾ വഴിപാട് അർപ്പിക്കുന്നത് ?അതോ പഴയകാലത്ത് ധാരാളം തെങ്ങിൻ പറമ്പ് ക്ഷേത്രം വകയായി ഉണ്ടായിരുന്നോ ? ഇന്ന് മതിൽക്കകം ഉൾപ്പെടെ മൂന്ന് ഏക്കറിലധികം ക്ഷേത്രപറമ്പ് ദേവസ്വത്തിന് ഇല്ല. കിഴക്കേനടയിൽ കാണുന്ന നടപ്പുര ആധുനിക സാമഗ്രികൾ ഉപയോഗിച്ച് നിർമ്മിച്ചതാണ്. തന്മൂലം ഭക്തജനങ്ങൾക്ക് വിശ്രമിക്കാൻ സൗകര്യമുണ്ട്. മകരത്തിലെ രോഹിണിയാണ് പ്രതിഷ്ഠാദിനം. പുരമുണ്ടേക്കാട്ട് മഹാദേവനെ ഭജിച്ചാൽ അപസ്മാരം മാറിക്കിട്ടും എന്നാണ് വിശ്വാസം. ധാരാളം അപസ്മാരരോഗികൾ ഭഗവാനെ ഭജിച്ച് സുഖംപ്രാപിച്ചു പോകാറുണ്ട് എന്ന് പഴമക്കാർ പറയുന്നു.
No comments:
Post a Comment