10 April 2019

നൈമിശം

നൈമിശം

സത്രം ആരംഭിക്കുന്നതിനു മുമ്പ് കലിബാധ കൂടാതെ ഭഗവാനെ സേവിപ്പാൻ യോഗ്യമായ സ്ഥാനം ഏതാണ്‌ എന്നു മുനിമാർ ബ്രഹ്മദേവനോട് പ്രാർത്ഥിച്ചു . അതായത് ശ്രീകൃഷ്ണ ഭഗവാൻ്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം , ദ്വാപര - കലി - യുഗസന്ധ്യാവസാനത്തിൽ  - ഏതാണ്ട് ഈ കലിയുഗാരംഭത്തിൽ തന്നെ - ആണ് സത്രാലോചന

അത് കലിയുടെ ദോഷവശങ്ങൾ ബാധിക്കാതെ വിധിയാംവണ്ണം അനുഷ്ടിക്കുവാൻ എന്താണ് ഉപായം, എവിടെ വെച്ച് എപ്പോള്‍ നിർവഹിക്കപ്പെടണം എന്നതാണ് മുനിമാരുടെ

അപ്പോള്‍ ബ്രഹ്മദേവൻ സൂര്യസംകാശമായ ഒരു ചക്രം മനസാ സൃഷ്ടിച്ചിട്ട് മുനിമാർക്ക് നൽകുകയും ആ ചക്രം ഭൂമിയില്‍ ഉരുട്ടിക്കൊണ്ട് പോവാനും എവിടെ വെച്ച് അത് പൊട്ടിപ്പൊടിഞ്ഞ് പോകുന്നുവോ ആ ദേശകാലസ്ഥാനമാണ് കലിബാധകൂടാതെ സത്രം ആചരിക്കാൻ ഉചിതമായ സ്ഥലം.
അപ്രകാരം ചക്രം ഉരുട്ടിക്കൊണ്ടപോയപ്പോൾ ഒരിടത്ത് വെച്ച്‌ ബ്രഹ്മദേവൻ സൂചിപ്പിച്ച വിധം അത് തകർന്നു പോയി - ശിരണം ചെയ്തു.  അപ്പോള്‍ ആ സ്ഥാനത്ത് സത്രം ആരംഭിച്ചു. ചക്രം തകർന്ന സ്ഥലം - നേമി ശിരണം ചെയ്ത സ്ഥലമാണ് നൈമിശം .

വിശ്വമനസ്സ് എന്ന മനോവൃത്തിസമഷ്ടിയുടെ വൃഷ്ടിഭാവങ്ങൾ ആണ് ഓരോ ജഗത്സൃഷ്ടികളിലെയും മനോവൃത്തികൾ ആ ഓരോ വൃഷ്ടിമനോവൃത്തികൾ മനശ്ചക്രങ്ങളും ഉരുള്ളുന്നത് - വ്യാപരിക്കുന്നത് - പ്രപഞ്ചത്തിലാണ്.  ആ മനശ്ചക്രമാണ് ബ്രഹ്മദേവൻ മുനിമാർക്ക് നൽകിയതായി സങ്കൽപിക്കപ്പെട്ടിരിക്കുന്നത് . 

വിശ്വമനസ്സ് മഹാവിഷ്ണുവിൻ്റെ നാഭിസ്ഥാനമായി സങ്കൽപിച്ചിരിക്കുന്ന വിശ്വാഹംകാരത്തെ ആശ്രയിച്ചിരിക്കുന്നതുപോലെ തന്നെ വൃഷ്ടിമനോവൃത്തിയും അതാത് അഹംങ്കാരത്തെ ഒരു ചക്രം നാഭിയിൽകൂടി അക്ഷദണ്ഡിനെയെന്നപോലെ ആശ്രയിച്ചുകൊണ്ടാണ് സ്വസ്വക്ഷേത്രങ്ങളിൽ വ്യാപരിക്കുന്നത്. വിശ്വാഹംകാരം പരമാത്മാവിൽ  അവബോധപ്പെടുന്നതുപോലെ വൃഷ്ട്യഹംകാരഭാവങ്ങളും അതാതു ജീവാത്മാവുമായി അവബോധപ്പെടുന്നു 

ഒരു ചക്രത്തിൻ്റെ നേമി - ചുറ്റുപട്ട - അഴികളെ നാഭിയും അക്ഷദണ്ഡുമായി ബന്ധിപ്പിച്ച് എപ്രകാരം ചക്കരൂപത്തിൽ നിലനിർത്തുന്നുവോ അപ്രകാരം തന്നെ ഓരോരുത്തരുടെയും വാസനാബലം മനോവൃത്തികളെ അഹംകാരത്തിൽ കൂടി ജീവാത്മാവുമായി ബന്ധിപ്പിക്കുന്നു .

നേമി തേഞ്ഞ് നശിച്ചാൽ - ശിരണം ചെയ്താല്‍ - ചക്രം ഛിന്നഭിന്നമാവുന്നതുപോലെ വാസനക്ഷയിച്ച് നശിച്ചാൽ മനോവൃത്തിയും അഹംങ്കരവും നിഷ്ക്രിയമാവുന്നു. ആ വാസനകളാണ് "നേമി" - ചുറ്റുപട്ട . (നേമി എന്നാല്‍ മലയാളത്തില്‍ 'ചക്രം' എന്നാണ് അർത്ഥം പക്ഷേ സംസ്കൃതത്തിൽ  ചുറ്റുപട്ടയെന്നു തന്നെയാണ്.)

പ്രപഞ്ചത്തിൽ അവിശ്രമം വ്യാപരിച്ചുകൊണ്ടിരിക്കുന്ന മനസ്സില്‍ ആ വ്യാപരങ്ങളെ പ്രചോദിപ്പിക്കുന്ന വാസനകൾ സത്കർമ്മജാതമായ പ്രപഞ്ചാനുഭവങ്ങൾകൊണ്ട് സംസ്കരിക്കപ്പെട്ട് ക്രമേണ ക്ഷയിക്കുന്നു അപ്രകാരം മനസ്സ് സംസ്കരിക്കപ്പെട്ട് ലോകവാസനകൾ ക്ഷയിച്ച് ആത്മവാസനകൾ തെളിയുന്ന അവസരം - നേമി ശിരണം ചെയ്യുന്ന അവസരം - ആണ് നൈമിശം. അതു തന്നെയാണ് ഈശ്വരസാക്ഷത്ക്കാരത്തിന് വേണ്ടി ഉദ്യമിക്കേണ്ടുന്ന ഉത്തമാവസരവും.  ആ അവസരത്തില്‍ ഈശ്വരോപസനയ്ക്കു വേണ്ടി സത്രം ആരംഭിക്കുവനാണ് ബ്രഹ്മദേവൻ ഉപദേശിക്കുന്നത്.  എപ്പോള്‍ എവിടെ വെച്ച് വിരക്തി വരുന്നുവോ അതുതന്നെ ശുഭമുഹൂർത്തവും ശുഭസ്ഥാനവും.

No comments:

Post a Comment