29 March 2019

തെയ്യം ഭാഗം - 02

തെയ്യം

ഭാഗം - 02

കളിയാട്ടവും പെരുങ്കളിയാട്ടവും

കാവുകളിലോ സ്ഥാപനങ്ങളിലോ തറവാടുകളിലോ നിശ്ചിതകാലത്തു നടത്തിവരുന്ന തെയ്യാട്ടത്തിനു പൊതുവേ 'കളിയാട്ടം' എന്നാണു പറയുന്നത്. കഴകങ്ങളിലും കാവുകളിലും ചില പ്രമുഖ തറവാടുകളിലും ആണ്ടുതോറും തെയ്യാട്ടം നടത്തുന്നതിന് സ്ഥിരമായി മാസവും തീയതിയും നിശ്ചയിച്ചിരിക്കും. ഇത്തരം കളിയാട്ടോത്സവങ്ങളെ കല്പനകളിയാട്ടം എന്നു പറയും. എന്നാൽ, പ്രമുഖങ്ങളായ ചില കഴകങ്ങളിലും കാവുകളിലും വർഷംതോറും കളിയാട്ടം പതിവില്ല. പത്തോ പതിനഞ്ചോ ഇരുപത്തഞ്ചോ വർഷങ്ങൾ കൂടുമ്പോൾ മാത്രമാണ് അവിടങ്ങളിൽ കളിയാട്ടം നടത്തുന്നത്. ആർഭാടപൂർവം നടത്തപ്പെടുന്ന അത്തരം കളിയാട്ടങ്ങളെ 'പെരുങ്കളിയാട്ട'മെന്നാണു പറയുന്നത്. സാധാരണ തെയ്യാട്ടത്തിനോ കളിയാട്ടത്തിനോ ഉള്ളതിനെക്കാൾ ചടങ്ങുകളും അനുഷ്ഠാനങ്ങളും പെരുങ്കളിയാട്ടത്തിനുണ്ട്. ചിലേടങ്ങളിൽ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ആയിരക്കണക്കിനു ഭക്തജനങ്ങൾക്ക് അന്നമൂട്ടുന്ന പതിവുമുണ്ട്. കളിയാട്ടത്തിലെ ദേവതമാരിൽ നല്ലൊരു ഭാഗം കാളിയോ കാളിയുടെ സങ്കല്പഭേദങ്ങളോ ആണെന്നതിൽ പക്ഷാന്തരമില്ല. അതിനാൽ 'കാളിയാട്ട'മാണ് 'കളിയാട്ട'മായതെന്നു ചിലർ കരുതുന്നു. 'കളി'യും 'ആട്ട'വും ഇതിലുള്ളതിനാലാണ് 'കളിയാട്ട'മായതെന്നു മറ്റൊരു പക്ഷം. എന്നാൽ കേരളോത്പത്തി എന്ന ഗ്രന്ഥത്തിൽ തീയാട്ട്, ഭരണിവേല, പൂരവേല തുടങ്ങി കാവുകളിലെ അടിയന്തരങ്ങളുടെ ശൃംഖലയിലാണ് 'കളിയാട്ട'ത്തെയും പെടുത്തിയിരിക്കുന്നത്. മതപരമായ ഒരു നാടകമായിട്ടാണ് ഡോ. ഗുണ്ടർട്ട് ഇതിനെ കണ്ടത്. 'കളിയാട്ട'ത്തിന്റെ അരങ്ങിൽ എല്ലാ തെയ്യങ്ങൾക്കും പ്രവേശനമില്ല. കാവുകളിലോ കഴകങ്ങളിലോ 'സ്ഥാന'ങ്ങളിലോ തറവാടുകളിലോ വച്ച് നടത്താറുള്ളതിനെ മാത്രമേ 'കളിയാട്ടം' എന്നു പറയാറുള്ളൂ.

തുടരും.....

No comments:

Post a Comment