തെയ്യം
ഭാഗം - 01
ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളിൽ ഒന്നാണ് തെയ്യം. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട് കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു.
നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യംകലയിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി). കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു. (ഉദ:കതിവന്നൂർ വീരൻ). ഏതാണ്ട് അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ് സാധാരണമായിട്ടുള്ളത്.
വൃക്ഷാരാധന, പർവതാരാധന, അമ്മദൈവാരാധന, പ്രേതാരാധന, ശൈവ-വൈഷ്ണവാരാധന എന്നിങ്ങനെ പല ആരാധനാരീതികളുടേയും സമന്വയമാണ്, തെയ്യം.
പ്രാചീനകാലത്തെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു നാടൻ കലകൾ. ആചാരാനുഷ്ഠാനം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായവയാണ് അവയിൽ ഏറിയകൂറും. സമൂഹത്തിന്റെ ഐക്യത്തെ ദൃഢീകരിക്കാനും വ്യക്തിവികാരങ്ങളുടെ സ്ഥാനത്ത് സമൂഹവികാരത്തെ പ്രതിഷ്ഠിക്കുവാനും നാടൻ കലകൾക്കു കഴിഞ്ഞു. പല നാടൻ കലകളും അടിച്ചമർത്തപ്പെട്ട അധഃസ്ഥിതന്റെ ആത്മപ്രകാശനത്തിനുള്ള ഉപാധികളായി മാറ്റപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കേമലബാറിന്റെ തനതു കലാരൂപമാണ് തെയ്യം. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഈ അനുഷ്ഠാനകല കെട്ടിയാടുന്നത്. വൈദികേതരമായ അനുഷ്ഠാനചര്യകളോടെ ദൈവപ്രീതിക്കുവേണ്ടി അധഃസ്ഥിതസമുദായക്കാർ നടത്തുന്ന നൃത്തമാണ് തെയ്യം. ദൈവം എന്നതിന്റെ വാമൊഴി രൂപമാണ് തെയ്യം. ഓരോ സമുദായത്തിനും നിശ്ചിത തെയ്യക്കോലങ്ങൾ കെട്ടിയാടാനുള്ള അവകാശം തമ്പുരാൻ നൽകിയിട്ടുണ്ടെന്നാണ് വിശ്വാസം. സങ്കീർണ്ണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവർണ്ണാങ്കിതമായ ആടയാഭരണങ്ങളും ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴൽ, തകിൽ, തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനചാതുര്യവും ഉണർത്തുന്ന അപൂർവമായ ഒരു കലാരൂപമാണ്. വർഷങ്ങൾ നീളുന്ന പരിശീലനത്തിലൂടെ മാത്രമെ ഒരാൾക്ക് നല്ല തെയ്യക്കാരനാകാൻ കഴിയുകയുള്ളൂ. തെയ്യത്തെ തോറ്റിച്ച് (പ്രാർത്ഥിച്ച്) ഉണർത്തുന്ന പാട്ടാണ് തോറ്റം പാട്ട്. പ്രത്യേകകാലങ്ങളിൽ സമൂഹജീവിതത്തെ സമർത്ഥമായി പ്രതിഫലിപ്പിക്കുന്ന സാഹിത്യ രൂപം കൂടിയാണ് തോറ്റം പാട്ടുകൾ. തോറ്റം പാടുന്ന ഇളം കോലത്തിനും തോറ്റം എന്നു പറയും. ചില തെയ്യങ്ങൾക്ക് തലേന്നാൾ വെള്ളാട്ടമാണ് കെട്ടിയാടുന്നത്. നൃത്തമാടുന്ന ദേവതകൾ
ക്ഷേത്രം, വിഗ്രഹം, വിളക്ക് എന്നിവയിൽ ദൈവികതയെ ഒതുക്കിനിർത്താതെ ദൈവങ്ങൾക്ക് തങ്ങളുടേതായ ദൃഷ്ട്ടികോണുകളിൽ രൂപവും ഭാവവും നല്കി, അതിനു അനുയോജ്യമായ അനുഷ്ഠാനപിൻബലം നല്കി തെയ്യം എന്ന ഇങ്ങനെയൊരു ഉപാസനാരീതിയെ മാനവരാശിക്ക് സമ്മാനിച്ച നമ്മുടെ പിതാമഹന്മാരുടെ ആവിഷ്കാരബോധത്തെ നാം അത്ഭുതത്തോടെയും അസൂയയോടെയും നോക്കികാണേണ്ടിയിരിക്കുന്നു. അത്ര മനോഹരമായിട്ടാണ് അവർ ഓരോ തെയ്യങ്ങളേയും രൂപകല്പചെയ്തിട്ടുള്ളത്. മഞ്ജുളമായൊരു മുഖശ്രീയോടെ, വർണ്ണമനോഹരമാം മെയ്യലങ്കാരത്തോടെ, മൂർുദ്ധാവിൽ മുടിയണിഞ്ഞു തറവാട്ടുമുറ്റത്ത്തെ തെയ്യക്കോലങ്ങൾ ആടുമ്പോൾ യഥാർഥത്തിൽ ഇത്ര മനോഹരമായിരുന്നോ നമ്മുടെ ദേവീദേവന്മാനെന്നു ഏവരും ചിന്തിച്ചുപോകും...
ഓരോ തെയ്യത്തിന്റേയും തുടക്കത്തിനു് പിന്നിൽ അതതു ദേശവും കാലവുമനുസരിച്ചു് വ്യത്യസ്ത ഐതിഹ്യങ്ങളുണ്ടു്. കേരളോൽപ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, പുറവേല, ദേവിയാട്ടം (തെയ്യം) എന്നിവ സൃഷ്ടിച്ചതെന്നാണ് ഐതിഹ്യം. അദ്ദേഹം തെയ്യം കെട്ടാനുള്ള അനുവാദം പാണൻ, വേലൻ, വണ്ണാൻ എന്നീ ജാതികൾക്ക് കൽപ്പിച്ചു കൊടുത്തു.
വളരെ നാൾ കൊണ്ട് സാമൂഹികമായ മാറ്റങ്ങൾ പലതും ഉണ്ടാകുകയി എന്നാൽ തെയ്യം താഴ്ന്ന ജാതിക്കാരിൽ മാത്രം നിക്ഷിപ്തമാകുകയും ചെയ്തു.
തെയ്യത്തിൽ കാണുന്ന മാപ്പിളച്ചാമുണ്ഡി, മുക്രിത്തെയ്യം, ആലിത്തെയ്യം, ഉമ്മച്ചിത്തെയ്യം മുതലായ മാപ്പിളത്തെയ്യങ്ങൾ മലബാറിന്റെ സാമൂഹികനിഷ്പക്ഷതയ്ക്ക് ഉത്തമോദാഹരണമാണ്. 'നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര, നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര' (എല്ലാവരുടേയും രക്തത്തിൻറെ നിറം ഒന്നു തന്നെ എന്ന്) എന്നു ചോദിക്കുന്ന പൊട്ടൻ തെയ്യവും തെളിയിക്കുന്നതും മറ്റൊന്നല്ല.
തുലാമാസത്തിൽ ( ഒക്ടോബർ-നവംബർ) പത്താം തീയതി കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് എന്നിവടങ്ങളിലെ കളിയാട്ടത്തോടെയാണ് വടക്കേ മലബാറിലെ തെയ്യക്കാലം തുടങ്ങുന്നതു്. ഇടവപ്പാതിയിൽ (ഏകദേശം ജൂൺ 15) വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നൻപുറത്ത് കാവിൽ കലശം എന്നിവയോടെ കളിയാട്ടക്കാലം അവസാനിക്കും. കോലത്തിരിരാജാവിന്റെ ആജ്ഞയനുസരിച്ചു കരിവെള്ളൂർ മണക്കാടൻ ഗുരുക്കൾ ഒറ്റ ദിവസം തന്നെ 39 തെയ്യങ്ങളെ കെട്ടിയെന്നു് ഐതിഹ്യമുണ്ടു്. മണക്കാടൻ ഗുരുക്കളാണ് തെയ്യത്തിന് രൂപവും ഭാവവും നൽകിയത്.
പയ്യന്നൂർ കൊക്കാനിശ്ശേരി കണ്ടമ്പത്ത് ദേവസ്ഥാനം
ഓരോ ഊർക്കോവിലകത്തും (ഓരോ നാടിനും കേന്ദ്രമായി നിലകൊള്ളുന്ന പ്രധാന ക്ഷേത്രം) ഏതേതു കാവുകളിലാണ് തെയ്യം തുടങ്ങേണ്ടത് എന്നുള്ളതിനു നിശ്ചിത ക്രമങ്ങളുണ്ട്. പയ്യന്നൂർ ഊർക്കോവിലകത്ത് പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവംബർ 16 ന് ആരംഭിച്ച് 16 ദിവസം നീണ്ടു നിൽക്കുന്ന ആരാധനാ മഹോത്സവം കഴിഞ്ഞാലുടനെ ഡിസംബർ മൂന്നിന് പയ്യന്നൂർ കൊക്കാനിശ്ശേരി കണ്ടമ്പത്തു ദേവസ്ഥാനത്താണ് തെയ്യം ആരംഭിക്കുക. ഇതിനിടെ ഈയ്യിടെയായി ചില തറവാട്ടു വീടുകളിൽ തെയ്യം കെട്ടിയാടാറുണ്ടെങ്കിലും പൊതുവാൾ സമുദായ ക്ഷേത്രമായ കണ്ടമ്പത്തു ദേവസ്ഥാനത്തെ തെയ്യത്തോടെയാണ് ഔപചാരികമായ തുടക്കം കുറിക്കുക. പയ്യന്നൂർ ഊർക്കോവിലകത്തെ മറ്റൊരു പ്രത്യേകത പെരുന്പയിൽ നിന്നാരംഭിച്ച് കൊറ്റിയിൽ അവസാനിക്കുന്ന പ്രധാന നഗര വീഥിയുംടെ തെക്കു ഭാഗത്ത് തെയ്യം കെട്ടിയാടാൻ പ്രബല സമുദായമായ വണ്ണാൻമാർക്കു മാത്രമേ അവകാശമുള്ളു. റോഡിൻറെ വടക്കു ഭാഗത്ത് വണ്ണാൻമാരും മലയൻമാരും തെയ്യം കെട്ടിയാടാനുള്ള അവസരം പങ്കിടുന്നു. റോഡിൻറെ തെക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന മാവിച്ചേരി ഭഗവതി ക്ഷേത്രത്തിൽ വണ്ണാൻമാർക്കൊപ്പം അവരിൽ ജാതിയിൽ ശ്രേഷ്ഠരായ അഞ്ഞൂറ്റാൻമാരാണ് പ്രധാന ദൈവമായ തുളുവീരൻ ദൈവത്തെ കെട്ടിയാടുന്നത്. ജാതിയിൽ അഞ്ഞൂറ്റാൻമാർ വേലനാണെങ്കിലും സാധാരണ വേലന്മാരുമായി ഇവർക്കു ബന്ധമൊന്നുമില്ല.
തുടരും.....
No comments:
Post a Comment