20 May 2018

പാശുപതം

പാശുപതം

ഭഗവാൻ ശിവന്റെ അസ്ത്രം

ഉപമന്യു മഹർഷിയുടെ വാക്കുകൾ ഇങ്ങനെയാണ് . ശിവന് പിനാകം എന്ന് പേരോടുകൂടിയ ഒരു ചാപമുണ്ട് . ഇതാകട്ടെ മഴവില്ലുപോലെ ശോഭയുള്ളതും ഏഴു തലകൾ ഉള്ളതുമായ ഒരു മഹാസർപ്പമാണ് . ഉഗ്രമായ ദംഷ്ട്രകളോട് കൂടിയ ഈ ഏഴു തലകളിൽ നിന്നും സദാസമയവും കൊടും വിഷം വമിക്കുന്നുണ്ട് . ഈ മഹാചാപത്തിന്റെ ഞാണായ വാസുകീസർപ്പത്തെ ശിവൻ തന്റെ ഗളത്തിൽ അണിഞ്ഞിരിക്കുന്നു . ഈ ചാപത്തിൽ വച്ച് പ്രയോഗിക്കുന്ന ശിവന്റെ അസ്ത്രമാണ് മഹത്തായ പാശുപതം . ഈ അസ്ത്രം സൂര്യപ്രഭയോടും കാലാഗ്നി തുല്യവുമായതാണ് . ഈ അസ്ത്രമേറ്റാൽ സർവ്വബ്രഹ്മാണ്ഡവും ഭസ്മമായിപ്പോകും . ബ്രഹ്‌മാസ്‌ത്രമോ നാരായണാസ്ത്രമോ ഐന്ദ്രാസ്ത്രമോ ആഗ്നേയവാരുണങ്ങളോ ഈ അസ്ത്രത്തിന് തുല്യമാവുകയില്ല . മുൻപ് ഭഗവാൻ പരമശിവൻ ത്രിപുരത്തെ നശിപ്പിച്ചത് ഈ അസ്ത്രത്താലാണ് . ബ്രഹ്‌മാവും വിഷ്ണുവും ഉൾപ്പെടെയുള്ള ദേവന്മാരിൽ ആരും ഈ അസ്ത്രമേറ്റാൽ വധിക്കപ്പെടുന്നതാണ് . ഈ അസ്ത്രത്തിനു മേലായി മറ്റൊരസ്ത്രവുമില്ല .

[ മഹാഭാരതം അനുശാസനപർവ്വം അദ്ധ്യായം 14 ].

*അർജ്ജുനനും പാശുപതവും*
പാണ്ഡവരുടെ വനവാസക്കാലത്ത് അർജ്ജുനൻ യുധിഷ്ഠിരനിൽ നിന്നും മന്ത്രം സ്വീകരിച്ചു അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അസ്ത്രസമ്പാദനത്തിനായി വനത്തിലേക്ക് പുറപ്പെട്ടു . അവിടെ വച്ച് അദ്ദേഹം ഇന്ദ്രനെ ദർശിക്കുകയും അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം ഭഗവാൻ പരമശിവനെ പ്രത്യക്ഷനാക്കുവാനുദ്ദേശിച്ചു ഘോരമായ തപസ്സിൽ മുഴുകുകയും ചെയ്തു . അർജ്ജുനന്റെ തപസ്സിൽ പ്രീതനായ ഭഗവാൻ പരമശിവൻ ഒരു കിരാതന്റെ രൂപത്തിൽ വനത്തിൽ എത്തിച്ചേരുകയും അർജ്ജുനന്റെ തപസ്സു നോക്കി നിൽക്കുകയും ചെയ്തു . ആ സമയം മൂകൻ എന്നുപേരായ ഒരു അസുരൻ വലിയൊരു കാട്ടുപന്നിയുടെ രൂപത്തിൽ അര്ജ്ജുനന് നേരെ തേറ്റ ഉയർത്തിക്കൊണ്ടു പാഞ്ഞുവരികയും അർജ്ജുനൻ ആ അസുരന് നേരെ ശക്തമായ ഒരസ്ത്രം പ്രയോഗിക്കുവാൻ തുനിയുകയും ചെയ്തു . ആ സമയം കിരാതൻ അർജ്ജുനനെ തടുത്തുകൊണ്ടു ഇങ്ങനെ പറഞ്ഞു . " ഈ പന്നിയെ ആദ്യം ഉന്നം വച്ചതു ഞാനാണ് . അതിനാൽ ഇതിനെ വധിക്കേണ്ടതും ഞാനാണ് ". അർജ്ജുനൻ അത് വകവയ്ക്കാതെ അസ്ത്രമയയ്ക്കുകയും കിരാതനും ഒരസ്ത്രം പ്രയോഗിക്കുകയും ചെയ്തു . രണ്ടു അസ്ത്രങ്ങളും ഒരുമിച്ചേറ്റ് അസുരൻ പന്നിയുടെ രൂപം വെടിഞ്ഞു ചത്തുവീണു . തുടർന്ന് അർജ്ജുനനും കിരാതനും പന്നിയുടെ വധത്തെച്ചൊല്ലി തർക്കമാരംഭിച്ചു . അവർ തമ്മിൽ ഭയങ്കരമായ യുദ്ധം നടക്കുകയും ചെയ്തു. കിരാതനു നേരെ അർജ്ജുനൻ ആദ്യമായി ഒരു ശരമയച്ചു . വേടൻ അർജ്ജുനന്റെ ശരങ്ങളെ സസന്തോഷം ഏറ്റു . അവർ ശരങ്ങൾ പരസ്പരം വർഷിച്ചു . "ഹേ മന്ദ , ഇനിയും അയയ്ക്കൂ . ഇനിയും അസ്ത്രം പ്രയോഗിക്കൂ"- എന്ന് കിരാതമൂർത്തി വിളിച്ചു പറഞ്ഞു . അർജ്ജുനൻ പിന്നീട് സർപ്പവിഷോഗ്രങ്ങളായ ശരങ്ങൾ അയയ്ച്ചുവെങ്കിലും അതൊന്നും കിരാതനെ ബാധിക്കുകയുണ്ടായില്ല മുഹൂർത്തം ശരവർഷം

തത് പ്രതിഗൃഹ്യ പിനാകധൃക്
അക്ഷതേന ശരീരേണ തസ്ഥൗ ഗിരിരിവാചല

[മഹാഭാരതം, വനപർവ്വം ,അദ്ധ്യായം 39 , ശ്ളോകം 37 കൈരാത ഉപപർവ്വം]

ഒരു മുഹൂർത്ത നേരം പിനാകധാരിയായ ദേവൻ ശരമേറ്റുകൊണ്ടു നിന്നു .എന്നിട്ടും യാതൊരു മുറിവുമേൽക്കാത്ത പർവ്വതതുല്യമായ ശരീരത്തോടെ അദ്ദേഹം നിന്നു.

ഇത് കണ്ടു അർജ്ജുനൻ വിസ്മയഭരിതനായി . ആരായിരിക്കും ഈ കിരാതനെന്നു അർജ്ജുനൻ ചിന്തിച്ചു . മർമ്മഭേദികളായ അസംഖ്യം ബാണങ്ങൾ പ്രയോഗിച്ചിട്ടും കിരാതൻ ചിരിച്ചുകൊണ്ട് തന്നെ നിന്നു . ഒടുവിൽ ദിവ്യമായ അർജ്ജുനന്റെ ആവനാഴിയിലെ ബാണങ്ങൾ ഒടുങ്ങിപ്പോയി . തുടർന്ന് ഗാണ്ഡീവം കൊണ്ട് കിരാതനെ അടിക്കുകയും , ഞാണു കൊണ്ട് വലിക്കുകയുമൊക്കെ ചെയ്തു . കിരാതൻ വില്ലു പിടിച്ചുവാങ്ങി . അതോടെ വില്ലും അർജ്ജുനനു നഷ്ടമായി . തുടർന്ന് പർവ്വതഭേദിയായ വാളൂരി അർജ്ജുനൻ കിരാതന്റെ ശിരസ്സിൽ വെട്ടി . എന്നാൽ വാള് കിരാതന്റെ ശക്തമായ ശിരസ്സിലേറ്റു പൊട്ടിത്തകർന്നുപോയി . പിന്നീട് മുഷ്ടികൊണ്ട് പൊരുതി . മുഹൂർത്തനേരം പൊരുതിയെങ്കിലും മഹാദേവൻ അർജ്ജുനനെ പിടിച്ചു ഞെരിച്ചു ഞെക്കി മുറുക്കി വീർപ്പുമുട്ടിച്ചു ബോധം കെടുത്തി വീഴ്ത്തി . കുറച്ചു കഴിഞ്ഞു ബോധം വീണ്ടെടുത്ത അർജുനൻ ഇനി ഭഗവാൻ ശിവൻ തന്നെ ശരണമെന്നു നിനച്ചു ശിവപൂജയാരംഭിച്ചു . ശിവവിഗ്രഹത്തിൽ അർച്ചിച്ച പുഷ്പങ്ങൾ കിരാതന്റെ ശിരസ്സിൽ ശോഭിക്കുന്നത് കണ്ടു കിരാതരൂപത്തിലെത്തി തന്നെ പരീക്ഷിച്ചത് ഭഗവാൻ പരമശിവനാണെന്നു അര്ജ്ജുനന് മനസ്സിലായി . തുടർന്ന് അർജ്ജുനൻ കിരാതനോട് ക്ഷമായാചനം ചെയ്യുകയും , കിരാതരൂപത്തിൽ വന്ന ഭഗവാൻ ശിവൻ തന്റെ യഥാർത്ഥരൂപത്തിൽ അര്ജ്ജുനന് പ്രത്യകഷനായി പാശുപതാസ്ത്രം നല്കുകയും ചെയ്തു . തുടർന്ന് ഭഗവാൻ ഇങ്ങനെ പറഞ്ഞു .

"അർജ്ജുനാ , ഇന്ദ്രൻ , യമൻ , വരുണൻ , കുബേരൻ , വായു തുടങ്ങി ഒരു ദേവന്മാർക്കും ഈ അസ്ത്രം സിദ്ധിച്ചിട്ടില്ലെന്നറിയുക . പ്രപഞ്ചത്തിലെ ത്രിലോകങ്ങളിലെ സർവ്വ ചരാചരങ്ങളും പാശുപതമേറ്റാൽ ഭസ്മമായിപ്പോകും . വാക്കു , നോട്ടം , മനസ്സ് , വില്ലു എന്നിവയാൽ പാശുപതം പ്രയോഗിക്കാവുന്നതാണ് ".

No comments:

Post a Comment