സ്വാമിയേ ശരണമയ്യപ്പ
ഭാഗം - 25
ഭൂതനാഥോപാഖ്യാനം - എട്ടാം അദ്ധ്യായം
ഭൂതനാഥഗീത – സൃഷ്ടി പ്രകരണം
ധന്യരായ മുനിമാരോടു സൂതന്‍ വീണ്ടും പറഞ്ഞുതുടങ്ങി. മണികണ്ഠസ്വാമി കരുണയോടെ മഹാരാജാവിനോടു പറഞ്ഞു. സത്വാദികളായ ഗുണത്രയത്തില്‍ നിന്നാണു പഞ്ചഭൂതങ്ങള്‍ ഉത്ഭവിച്ചത്. സത്വഗുണത്തില്‍ നിന്ന് ശബ്ദയുതമായി ആകാശം ഉണ്ടായി. ശബ്ദ സ്പര്‍ശയുതനായി വായു ആകാശത്തില്‍നിന്ന് ഉത്ഭവിച്ചു. ശബ്ദസ്പര്‍ശരൂപയുതനായി വായുവില്‍നിന്ന് അഗ്നി ഉത്ഭവിച്ചു. ശബ്ദസ്പര്‍ശരൂപരസയുതമായ ജലം അഗ്നിയില്‍ നിന്ന് ഉത്ഭവിച്ചു.
ശബ്ദസ്പര്‍ശരൂപരസഗന്ധയുതമായ ഭൂമി ജലത്തില്‍ നിന്നുണ്ടായി. ഇങ്ങനെയുള്ള പഞ്ചഭൂതങ്ങള്‍കൊണ്ട് ഈ പ്രപഞ്ചമശേഷവും ഉണ്ടായിവന്നു. ഓരോ ഭൂതത്തിലും ഓരോഗുണങ്ങളും ഏറ്റക്കുറച്ചിലുകളോടെ നില്‍ക്കുന്നു. ആകാശത്തില്‍ സത്വഗുണം അധികവും രജസ്തമോഗുണങ്ങള്‍ കുറവുമാണ്.
വായുവിലാകട്ടേ സത്വവും രജസ്സും സമമായും തമസ് കുറഞ്ഞുമിരിക്കുന്നു. അഗ്നിയില്‍ തമസ്സേറുന്നു. രജോഗുണം പാതിയോളവും സത്വം അല്‍പവും അഗ്നിയിലുണ്ട്. ജലത്തില്‍ സത്വം വളരെയേറെയും രജസ്തമോഗുണങ്ങള്‍ നന്നേ ചുരുക്കവുമാണ്. ഇങ്ങിനെ ത്രിഗുണങ്ങള്‍ ഭൂതങ്ങളില്‍ തിങ്ങിനില്‍ക്കുന്നു എന്ന് അറിഞ്ഞാലും.
മഹാരാജാവേ, പിന്നീട് പഞ്ചഭൂതങ്ങളുടെ പഞ്ചീകരണം കൊണ്ട് ദേഹം സൃഷ്ടിക്കപ്പെടുന്നു. കര്‍മ്മം പോലെ അതില്‍ ദേഹിയും ചേരുന്നു. സത്വാംശത്താല്‍ ദേവന്മാര്‍, ഗുഹ്യകര്‍, കിന്നരര്‍, യക്ഷര്‍, ഗന്ധര്‍വന്മാര്‍ എന്നിവരുണ്ടായി. സത്വവും തമസ്സും ചേര്‍ന്നു പൈശാചരും മറ്റ് ഇക്കാണുന്ന ദിവ്യസൃഷ്ടികളും ഉണ്ടായി. ഭൂമിയില്‍ സൃഷ്ടികള്‍ അണ്ഡജം, യോനിജം, ക്ലിന്നജം, സ്വേദജം എന്നിങ്ങനെ നാലുവിധത്തിലാണുള്ളത്. ഒരോന്നായി ഞാന്‍ പറഞ്ഞുതരാം. പന്തളേശ്വരാ, കേട്ടുകൊള്ളുക.
ഭൂമിയില്‍ മനുഷ്യര്‍, മൃഗങ്ങള്‍ തുടങ്ങിയവ യോനിജന്മാരാണ്. പാമ്പ്, പക്ഷികള്‍, ജലജന്തുക്കള്‍ എന്നിവ അണ്ഡജങ്ങളാണ്. അട്ട, ശലഭം, പുഴുക്കള്‍ തുടങ്ങിയവ ക്ലിന്നജ വര്‍ഗ്ഗമാണ്. മൂട്ടകള്‍, യൂകം, വൃക്ഷലതാദികള്‍ എന്നിവയെല്ലാം സ്വേദജമാകുന്നു. വൃക്ഷലതാദികള്‍ ക്ലിന്നജമെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്. ഭൂമിയുടെ വിയര്‍പ്പില്‍ നിന്നു ജനിക്കുന്നതിനാല്‍ വൃക്ഷലതാദികളെ സ്വേദജമെന്നു വിദ്വാന്മാര്‍ പറയുന്നു.
ഭൂമിയിലെ ജന്മങ്ങളില്‍വെച്ചു മര്‍ത്ത്യജന്മം അത്യുല്‍കൃഷ്ടമാകുന്നു. മനുഷ്യനല്ലാതെ മറ്റൊരു ജന്തുവിനും ബ്രഹ്മത്തെ ചിന്തിക്കാനുള്ള ശക്തിയില്ല. മനുഷ്യദേഹത്തില്‍ തൊണ്ണൂറ്റിയാറു തത്ത്വങ്ങള്‍ ഉണ്ട്. സാത്വികാംശം ആയതിനാല്‍ ആ തത്ത്വങ്ങളില്‍വെച്ച് ഏറ്റവും ശുദ്ധമായ തത്ത്വം മനസ്സാണ്.
ബന്ധമോക്ഷങ്ങള്‍ക്കുള്ള കാരണം മനസ്സാണ് എന്ന് അറിയുക. ബുദ്ധി എന്ന വികാരം രജസ്തമോയുക്തമായി മനസ്സില്‍ നിലകൊള്ളുന്നു. ഹേ മഹാരാജന്‍, അതിനാലാണു മനസ്സിനു ദോഷങ്ങള്‍ വന്നുകൂടുന്നത്. നല്ലതല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ മനസ്സിനു അശേഷം മോഹമില്ല. എന്നു മാത്രമല്ല അത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ദോഷകരമാണു എന്നുകൂടി മനസ്സു വിചാരിക്കുന്നു. എന്നാല്‍ വല്ലാത്തതാണെങ്കിലും ഈ പ്രവർത്തി ചെയ്യാതെ വഴിയില്ല എന്ന് ബുദ്ധി മനസിനെ ഇളക്കി കുഴപ്പത്തില്‍ ചാടിക്കുന്നു...
അതുകൊണ്ടു മഹാരാജാവേ, മനസ്സിന്നു വശംവദനായി ബുദ്ധിയെ നിര്‍ത്തിയാല്‍ ഒരുവന് ഒരുദോഷവും വന്നു ഭവിക്കുകയില്ല. അവന്‍ പരമസുഖങ്ങള്‍ അനുഭവിക്കും. ബുദ്ധിയേയും മനസ്സിനേയും തിരിക്കുവാന്‍ മഹാന്മാര്‍ക്കു പോലും പ്രയാസമാണ്. അതു സാധിച്ചു വെന്നാല്‍ സകല സിദ്ധികളും അവര്‍ക്കു വന്നു ചേരും.
സ്വസ്ഥമായിരിക്കുക എന്നതാണു ചിത്തത്തിന്റെ സ്വഭാവം. എന്നിരിക്കിലും ബുദ്ധി തന്റെ വികാരത്താല്‍ സത്വരം മനസ്സിനെ ഇളക്കിക്കൊണ്ടിരിക്കും. അദ്വൈതത്തിന്റെ ഹൃദയമാണിത്. ഇതോര്‍ക്കാതെ തത്ത്വം തൊണ്ണൂറ്റാറെന്നും മറ്റുമുള്ള യുക്തിയുക്തമായ ശാസ്ത്രങ്ങള്‍ ജല്‍പിച്ച് കാലം വ്യര്‍ത്ഥമാക്കരുത്. പാലില്‍ വെള്ളമെന്നപോലെ മനസ്സില്‍ ബുദ്ധി കലര്‍ന്നിരിക്കുന്നു.
ക്ഷീരത്തെ മനസ്സായും നീരത്തെ ബുദ്ധിയായും കരുതുക. രണ്ടും തമ്മില്‍ ചേര്‍ന്നാല്‍ പിരിക്കുവാന്‍ വളരെ പ്രയാസമാണ്. പക്ഷേ, മെല്ലെ തീയില്‍ വെച്ചു വെള്ളം വറ്റിച്ചെടുത്താല്‍ പാല്‍ നല്ലതായിമാറുന്നു. ഔഷധങ്ങള്‍ ഉപയോഗിച്ച് പാലും വെള്ളവും വേര്‍തിരിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ അവ രണ്ടും ഉപയോഗയോഗ്യമല്ലാതെയാകുന്നു.
ഗുരുവിന്റെ വാക്കുകളാണ് അഗ്നിജ്വലിപ്പികാനുള്ള ഇന്ധനം. ശാസ്ത്രമാണു അഗ്നി. അഗ്നി കത്തി ജ്വലിക്കണമെങ്കില്‍ ഇന്ധനം ഇല്ലാതെ സാധിക്കുമോ? ഈശ്വര കാരുണ്യമാകുന്ന പാത്രത്തില്‍ വെള്ളം കലര്‍ന്ന പാല്‍ (മോഹബുദ്ധി ചേര്‍ന്ന മനസ്സ്) പകര്‍ന്ന് ആചാര്യവചനങ്ങളാകുന്ന വിറകുകള്‍ കൊണ്ടു ജ്വലിക്കുന്ന ശാസ്ത്രത്തീയില്‍വെച്ച് വെള്ളമശേഷവും വറ്റിച്ചാല്‍ നല്ല പാലു ലഭിക്കും. മനസ്സ് ശുദ്ധമാകും.
ഗുരുവാക്യാനുസാരം ശാസ്ത്രം പഠിച്ച് എന്റെ കരുണയേറ്റുവാങ്ങി ധ്യാനം തുടങ്ങിയാല്‍ അവനു സല്‍ഗതിവരും . മറ്റെവിടേയും തിരയേണ്ട ആവശ്യമില്ല. ഞാന്‍ പറഞ്ഞത് സത്യമാണ്. ഗുരുവിന്റെ സഹായമില്ലതെ അഭ്യസിക്കുന്ന വിദ്യജാര സംസര്‍ഗ്ഗത്താലുണ്ടായ ഗര്‍ഭം പോലെയാണ്.
രാജശേഖരരാജാവ് മണികണ്ഠനെ വന്ദിച്ച് വീണ്ടും ചോദിച്ചു : ഗുരുനാഥന്റെ ലക്ഷണങ്ങളും അങ്ങയില്‍ ഭക്തിയുണ്ടാകാനുള്ള മാര്‍ഗ്ഗങ്ങളും അരുള്‍ ചെയ്താലും. ആ ശാസ്ത്രങ്ങള്‍ ഏതൊക്കെയാണ് എന്നും കരുണയോടെ അരുള്‍ ചെയ്താലും.
രാജാവിന്റെ ചോദ്യം ശ്രവിച്ച് സന്തുഷ്ടനായ മണികണ്ഠന്‍ പറഞ്ഞു: ധനത്തോടുള്ള ആശ മനസ്സിലില്‍ ഇല്ലാത്തവനും ശിഷ്യര്‍ക്ക് എക്കാലവും നല്ലതു ചെയ്യുന്നവനും തത്ത്വവേദിയുമായവനാണ് ഉത്തമ ഗുരുനാഥന്‍.
ഘോരമായ സംസാരദുഃഖത്തെ അറിഞ്ഞ് അതില്‍നിന്നു രക്ഷനേടാനായി എന്നോടു പ്രാര്‍ത്ഥിക്കുന്നവന്‍ ആരായാലും അവനെന്റെ ഭക്തനായിത്തീരുമെന്ന് അറിയുക. അഷ്ടരാഗങ്ങളാകുന്ന ശത്രുക്കളേ തട്ടിനീക്കാനുള്ള മാര്‍ഗ്ഗം വിസ്തരിച്ച് ഉപദേശിച്ചുതരുന്നത് ഏതോ അതു തന്നെയാണ് ശാസ്ത്രം.
ശിഷ്യന്മാരുടെ സമ്പത്ത് അപഹരിക്കുവാന്‍ ഗുരുക്കന്മാര്‍ പെരുകും. ശിഷ്യന്മാരുടെ ദുഃഖം നീക്കുവാന്‍ മാര്‍ഗ്ഗം ചിന്തിക്കുന്ന ഗുരുക്കന്മാര്‍ ദുര്‍ല്ലഭമാണ്. എന്നെ നിഷ്‌ക്കാമഭക്തിയോടെ സ്മരിക്കുന്നവരുടെ മനസ്സില്‍ ഞാന്‍ ഗുരുവായും പരനായും (ഈശ്വരനായും) നിലകൊള്ളും. അപ്പോള്‍ അവര്‍ നിര്‍ഗ്ഗുണരായിത്തീരും. അവര്‍ക്ക് പിന്നീടൊരു ജന്മമില്ല.
പന്തളഭൂപതേ, ഞാന്‍ ഇപ്പോള്‍ ഇത്രയും ചുരുക്കിപ്പറഞ്ഞതാണ്. എന്നെ സേവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പിന്നീട് ഞാന്‍ വിശദമായി പറഞ്ഞു തരുന്നതാണ്. ഇത്രയും പറഞ്ഞ് കരുണാകരനായ ശിവപുത്രന്‍ നിലകൊണ്ടു. ചിത്തത്തില്‍ അത്യന്തം ഭക്തിയോടെ മഹാരാജാവ് മണികണ്ഠനെ വന്ദിച്ചു.
ഘോര സംസാരമാകുന്ന ആതപം മണികണ്ഠന്റെ സാരമേറിയ വാക്കുകളാല്‍ നീങ്ങിപ്പോകുന്നതുപോലെ സൂര്യാതപവും (വെയില്‍) നീങ്ങിത്തുടങ്ങി. സമയം സന്ധ്യയായി. താമരമൊട്ടിനെ വെല്ലുന്ന കൊങ്കത്തടത്തില്‍ കുങ്കുമരാഗം ചാര്‍ത്തിയ സന്ധ്യയാകുന്ന പെണ്‍കൊടി വന്നുചേര്‍ന്നു.
സായാഹ്ന ശംഖനാദം മുഴങ്ങുന്നതുകേട്ട് മഹാരാജാവും സഭാവാസികളും മണികണ്ഠനും സന്തോഷപൂര്‍വ്വം സന്ധ്യയെ വന്ദിച്ചു. സന്ധ്യാ സമയത്തിന് അനുയോജ്യമായ ആഹാരങ്ങള്‍ കഴിച്ച് അവര്‍ തൃപ്തരായി വിശ്രമിച്ചു. വല്ലാത്ത സംസാരക്കൂരിരുള്‍ മാറി പ്രകാശം വരുന്നതു പോലെ സൂര്യതേജസ്സിനാല്‍ വീണ്ടും ലോകമെല്ലാം പ്രകാശിച്ചു.
മണികണ്ഠ സ്വാമിയുടെ വദനംപോലെ താമരപ്പൂക്കള്‍ വിടര്‍ന്നു നിന്നു. അവയില്‍ വണ്ടുകള്‍ മുരണ്ടു നടന്നു. അതുകേട്ടാല്‍ അവ മണികണ്ഠനെ സ്തുതിക്കുകയാണോ എന്നു തോന്നും. പ്രഭാത ശംഖനാദം കേട്ടുണര്‍ന്ന് പ്രാതകൃത്യങ്ങളെല്ലാം നിര്‍വഹിച്ച് നിത്യനൈമിത്തിക കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് ഭക്ഷണം കഴിച്ച ശേഷം രാജാവും പരിവാരങ്ങളും വീണ്ടും സഭാമണ്ഡപത്തിലെ സ്വര്‍ണ്ണസിംഹാസനത്തില്‍ ഇരുന്നരുളുന്ന സ്വാമിയെ വന്ദിച്ചു. ഭക്തിയോടെ മഹാരാജാവ് വീണ്ടും ഭൂതനാഥനോടൂ ചോദിച്ചുതുടങ്ങി.
(എട്ടാം അദ്ധ്യായം സമാപിച്ചു)
No comments:
Post a Comment