17 November 2017

ഭൂതനാഥോപാഖ്യാനം - 7

സ്വാമിയേ ശരണമയ്യപ്പ

ഭാഗം - 24

ഭൂതനാഥോപാഖ്യാനം - ഏഴാം അദ്ധ്യായം

ഭൂതനാഥ ഗീതാപ്രാരംഭം 

സൂതന്‍ പറഞ്ഞു: മണികണ്ഠന്റെ ജനനത്തേക്കുറിച്ചും അവതാരലക്ഷ്യത്തേക്കുറിച്ചും അഗസ്ത്യ മഹര്‍ഷി പന്തളരാജാവിനോടു പറഞ്ഞു. മഹര്‍ഷിയുടെ വാക്കുകള്‍ കേട്ട് ഖേദവും, ഭീതിയും, സന്തോഷവും, ഭക്തിയും, ആദരവും, അത്ഭുതവും കലര്‍ന്ന മനസ്സോടെ രാജശേഖരമഹാരാജാവ് മണികണ്ഠന്റെ പാദങ്ങള്‍ വന്ദിച്ചു സ്തുതിച്ചു...

വന്ദേ ഹരിഹരനന്ദന! ഹേമണി
കന്ധരാ! സ•യ! ചി•യ! സുന്ദര!
പുണ്യപൂര്‍ണ്ണ! പുരുഷോത്തമ! ശങ്കര!
പുണ്ഡരീകേക്ഷണ! ദേവ! ദയാനിധേ!

അവിടുന്ന് പന്തളരാജധാനിയില്‍ വസിക്കാന്‍ ആരംഭിച്ചതുമുതല്‍ നിന്തിരുവടിയുടെ പരമാര്‍ത്ഥം അറിയാതെ ഞാന്‍ എന്തെങ്കിലും ധിക്കാരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം ദയാപൂര്‍വ്വം ക്ഷമിച്ചാലും. ദുഷ്ടനായ മന്ത്രി ചെയ്ത ദുഷ്പ്രവൃത്തികള്‍ ഒന്നാലോചിച്ചാല്‍ പൊറുക്കാവുന്നതല്ല. കഷ്ടം! എന്റെ ഭാര്യയേക്കൂടി വച്ചു കാപട്യവാക്കുകള്‍ പറയാന്‍ പ്രേരിപ്പിച്ചത് ഓര്‍ക്കുമ്പോള്‍ മന്ത്രിയെ ശിക്ഷിക്കാതെ വിട്ടയയ്ക്കാനും എനിക്കുതോന്നുന്നില്ല. വിഭോ, അങ്ങയുടെ കല്‍പ്പനപോലെ എല്ലാം ചെയ്യുന്നതിനാണ് എനിക്കു താല്‍പര്യം. സുന്ദരാംഗനായ ഭഗവാനേ, അങ്ങയുടെ കൂടെവന്നിട്ടുള്ള ദേവവൃന്ദങ്ങളാകുന്ന പുലിക്കൂട്ടത്തെ തിരിച്ചയച്ചാലും. അല്ലെങ്കില്‍ നാട്ടുകാരെല്ലാം വല്ലാതെ ഭയന്നു വലയും. സര്‍വജ്ഞനും, സര്‍വേശനും, ശര്‍വാത്മജനുമായ ജഗല്‍പതേ, എന്റെ മനസ്സിലുള്ളതെല്ലാം അറിയുന്നവനാണ് അങ്ങ്. എന്റെ ഉള്ളില്‍ അല്‍പം പോലും ഗര്‍വ് ഉണ്ടാകാതെ സര്‍വദാ എന്നെ കാത്തുരക്ഷിച്ചാലും.

ഇങ്ങനെയെല്ലാം പറഞ്ഞു ഭക്തിപൂര്‍വം ഭഗവാന്റെ പാദം വന്ദിച്ച് രാജാവ് നിലകൊണ്ടു.

ഭൂതനാഥന്റെ നിര്‍ദ്ദേശാനുസാരം പുലിക്കൂട്ടം അപ്രത്യക്ഷമായി. ഈ കാഴ്ചകളെല്ലാം വീക്ഷിച്ച പ്രജകള്‍ വിസ്മയിച്ചു. പന്തളരാജനെ ആലിംഗനം ചെയ്ത് ദയാവാരിധിയായ ഭൂതേശന്‍ പറഞ്ഞു: ദേവകാര്യം സാധിക്കുന്നതിനായാണു ഞാന്‍ അങ്ങയുടെ കൊട്ടാരത്തില്‍ സന്തോഷപൂര്‍വം വസിച്ചത്. ഇഷ്ടമുള്ള വരം ചോദിച്ചു കൊള്ളുക. ചാഞ്ചല്യം കൂടാതെ ഞാന്‍ നല്‍കുന്നതാണ്. മന്ത്രിയെ അങ്ങ് ഒരുകാലത്തും ശിക്ഷിക്കരുത്. മന്ഥരയേ പ്പോലെ മന്ത്രിയേയും കൈകേയിയേ പ്പോലെ പത്‌നിയേയും ദശരഥനേപ്പോലെ അങ്ങയേത്തന്നെയും രാമനേപ്പോലെ എന്നേയും കരുതുക. അല്ലയോ ഭൂമിപതേ, അങ്ങേയ്ക്ക് നല്ലതുവരുന്നതാണ്.

ഭൂതനാഥന്റെ വാക്കുകള്‍കേട്ട് സന്തോഷപൂര്‍വം കൈകള്‍കൂപ്പി രാജാവ് പറഞ്ഞു: നിന്തിരുവടിയുടെ കാരുണ്യം എല്ലാകാലത്തും എന്നില്‍ ഉണ്ടായിരിക്കുന്നതിലും കവിഞ്ഞ ഒരാഗ്രഹവും എനിക്കു മനസ്സിലില്ല. എന്നിരിക്കിലും; ജനനമരണങ്ങളില്‍ നിന്ന് മുക്തനാവാനുള്ള വരം അവിടുന്ന് എനിക്കു നല്‍കിയാലും. എന്റെ വംശത്തെ രക്ഷിക്കുവാനായി അവിടുന്ന് എന്നും എന്റെ കൊട്ടാരത്തില്‍ വാഴണം. കാമവൈരിയുടെ നന്ദനനായ ദൈവമേ, ഇതല്ലാതെ എനിക്കൊരു ആഗ്രഹവുമില്ല.

രാജാവിന്റെ വാക്കുകള്‍കേട്ട് ഭൂതനാഥന്‍ അരുള്‍ചെയ്തു:

മഹാരാജാവേ,
ജനനമരണദുഃഖങ്ങള്‍ ഇല്ലാതെയാവാന്‍ കര്‍മ്മനാശം തന്നെ വേണം. അതിനുള്ള മാര്‍ഗ്ഗങ്ങളെല്ലാം ഭവാന്‍ കേള്‍ക്കുക. ഇത്രയും പറഞ്ഞ് അഗസ്ത്യ മഹര്‍ഷിയെ കടാക്ഷിച്ച് ഭഗവാന്‍ നിന്നു. അതു കണ്ട് അഗസ്ത്യമഹര്‍ഷി മണികണ്ഠനോട് ആദരവോടെ പറഞ്ഞു: അവിടുന്നുതന്നെ ഇന്നു പന്തളരാജനു തത്ത്വോപദേശം ചെയ്യണം. ഭൂമിയില്‍ വസിക്കുന്നവര്‍ക്കെല്ലാം പ്രയോജനപ്രദമായ ഭൂതനാഥഗീതയായി അത് അറിയപ്പെടും. ഇങ്ങനെ പറഞ്ഞ് ഭൂതേശപാദങ്ങള്‍ പ്രണമിച്ച് അഗസ്ത്യന്‍ മറഞ്ഞു.

നേരം ഉച്ചയായതിനാല്‍ രാജാവും മറ്റുള്ളവരും കുളിച്ച് ശുദ്ധിവരുത്തി. തുടര്‍ന്ന് ബ്രാഹ്മണരോടൊരുമിച്ച് അര്‍ഘ്യാദികള്‍ നടത്തി ആദരപൂര്‍വ്വം മണികണ്ഠനു പാലും, പഴവും, പഞ്ചസാരയും, ഗുളവുമെല്ലാം രാജാവ് നിവേദിച്ചു. ആനന്ദമോടെ രാജശേഖരനൃപനും ഭക്ഷണം കഴിച്ചു.. സ്വര്‍ണ്ണ സിംഹാസനത്തില്‍ മണികണ്ഠനെ ഇരുത്തിയശേഷം ദണ്ഡനമസ്‌ക്കാരം ചെയ്ത രാജാവും ബ്രാഹ്മണരും നിലത്തു വിരിച്ച പുലിത്തോലില്‍ ഇരുന്നു. മഹാരാജ്ഞിയും മന്ത്രിയും മണികണ്ഠനെ വന്ദിച്ച് ചിന്താകുലരായി കണ്ണീര്‍വാര്‍ത്തു നിന്നു...

അവരെ കാരുണ്യപൂര്‍വം കടാക്ഷിച്ചു കൊണ്ട് മണികണ്ഠസ്വാമി പറഞ്ഞു: നിങ്ങള്‍ എന്തിനു കരയുന്നു?. എന്തുദുഃഖമാണു ഇപ്പോള്‍ നിങ്ങളെ അലട്ടുന്നത്? എന്നെ വധിക്കാന്‍ ശ്രമിച്ചിട്ടു ഫലിക്കാത്തതിനാലാണോ ഈ ദുഃഖം?. ദേവകാര്യാര്‍ത്ഥമായിട്ടായിരുന്നു നിങ്ങളുടെ പ്രവൃത്തി. അതിനാല്‍ നിങ്ങള്‍ക്കു യതൊരു പാപവുമില്ല. എന്നാല്‍ ഇനി മേലില്‍ ഇത്തരം ദുഷ്ചിന്തകള്‍ മനസ്സില്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക. രാജ്ഞിയോടും മന്ത്രിയോടും ഇങ്ങനെ പറഞ്ഞശേഷം ഭൂതനാഥന്‍ മഹാരാജാവിന് ഉപദേശം നല്‍കുവാന്‍ ആരംഭിച്ചു.

ബ്രഹ്മലക്ഷണം

ഭൂതനാഥന്‍ പറഞ്ഞു: മഹാരാജാവേ, ഈ ഭൂമിയില്‍ കര്‍മ്മം നശിപ്പിക്കാതെ ജന്മം നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ഭക്ഷണം കഴിക്കാതെ വിശപ്പു് ശമിപ്പിക്കാന്‍ ഇച്ഛിക്കുന്നതു പോലെയാണ്. ജന്മവും കര്‍മ്മവും ശര്‍ക്കരയും മധുരവും പോലെയാണ്.

കര്‍മ്മം നശിക്കണമെങ്കില്‍ മനസ്സ് നിര്‍മ്മല ബ്രഹ്മത്തില്‍ ചെന്നുലയിക്കണം. നിഷ്‌കാമകര്‍മ്മമായി ചെയ്യുന്ന നല്ല കര്‍മ്മങ്ങളെല്ലാം മറ്റുള്ളവര്‍ക്ക് ഉപകരിക്കുവാനായാണു ചെയ്യപ്പെടുന്നത്.

ഭഗവദ്‌വചനങ്ങള്‍ ശ്രവിച്ച പന്തളഭൂപതി പറഞ്ഞു: ബ്രഹ്മത്തിനുള്ള ലക്ഷണങ്ങളെല്ലാം കന്മഷനാശകനായ ഭവാന്‍ എനിക്കു പറഞ്ഞുതന്നാലും. എന്റെ മനസ്സ് ബ്രഹ്മത്തില്‍ ചെന്നുചേരുന്നതിനുള്ള മാര്‍ഗ്ഗവും ദീനബന്ധുവായ ഭവാന്‍ തന്നെ അരുളിച്ചെയ്യണം.

ഭൂതനാഥന്‍ പറഞ്ഞു: ആദിമദ്ധ്യാന്തവിഹീനവും,  പരാല്‍പരവും, സ്വയംജ്യോതിസ്വരൂപവും, അവ്യയവും, നിര്‍ഗ്ഗുണവും,  കാലദേശാദിവിവര്‍ജ്ജിതവും,  ചിദ്ഘനവും, നിത്യവുമാണു ബ്രഹ്മം. ഇങ്ങനെയെല്ലാമുള്ള ബ്രഹ്മം അല്ലാതെ മറ്റൊന്നും ഇല്ല.

ഹേ മഹാരാജന്‍, നീ അതായിടുന്നു (തത്ത്വമസി), ഞാന്‍ ഇതായിടുന്നു (അഹം ബ്രഹ്മാസ്മി) എന്നിങ്ങനെ വേദവാക്യങ്ങള്‍ പറയുന്നു. ബ്രഹ്മമല്ലാതെ മറ്റൊന്നുമില്ല എങ്കില്‍ ഈ ലോകത്തില്‍ നാനാത്വം സംഭവിച്ചത് എങ്ങിനെയാണ് എന്ന് അങ്ങേയ്ക്ക് സംശയമുണ്ടാകാം. ഈ ശങ്ക തീര്‍ക്കാനായി ഞാന്‍ ഒരു ഉപമ പറയാം. കങ്കണം, കിങ്കിണി, നൂപുരം, മോതിരം എന്നിവയെല്ലാം തങ്കം കൊണ്ടാണു നിര്‍മ്മിക്കുന്നത്. എങ്കിലും അവയെ തങ്കം എന്നുവിളിക്കാറില്ലല്ലോ. ഏവരും കങ്കണം, മോതിരം എന്നെല്ലാമാണു അവയെ വിളിക്കുക. നന്നായി ഒന്നു ചിന്തിച്ചാലും. നാമങ്ങള്‍ നാം അവയ്ക്കു കല്‍പ്പിക്കുന്നതാണ്.

കങ്കണാദികളായ ആഭരണങ്ങളില്‍ നോക്കിയാലോ, തങ്കമല്ലാതെ മറ്റൊന്നും ഇല്ലതാനും. കങ്കണാദികളെ ഉരുക്കിയാലും തങ്കം മാത്രമേ ലഭിക്കുകയുള്ളൂ. അതേപ്രകാരം പ്രപഞ്ചത്തിലെ നാനാത്വമെല്ലാം മായയാല്‍ ബ്രഹ്മത്തിനു വന്നുകൂടുന്നു.

ഇതുകേട്ട് സംശയം ഉണ്ടായതിനാല്‍ രാജശേഖരരാജാവ് ഭൂതനാഥനെ വന്ദിച്ചു ചോദിച്ചു: ബ്രഹ്മമല്ലാതെ മറ്റൊന്നുമില്ല എന്ന് ഭവാന്‍ മുന്‍പ് പറഞ്ഞു. മായയുണ്ട് എന്ന് അങ്ങ് പിന്നീടു പറഞ്ഞു. വിഭോ, ഇവ പൂര്‍വാപര വിരുദ്ധങ്ങളാണല്ലോ. പൂര്‍വാപര വിരുദ്ധമായതാണ് അദ്വൈതമെന്നുവന്നാല്‍ അതു വിദ്വജ്ജനങ്ങള്‍ അംഗീകരിക്കുമോ? മായ ഉത്ഭവിച്ചത് എങ്ങിനെയാണ്? മഹാമതേ, എന്തിനായാണു മായ ഉത്ഭവിച്ചത്? മായ എപ്രകാരമാണു നിര്‍മ്മലമായ ബ്രഹ്മത്തോടുചേര്‍ന്നത്? ഇതെല്ലാം ഭവാന്‍ പറഞ്ഞുതന്നാലും.

രാജാവിന്റെ ചോദ്യങ്ങള്‍കേട്ട് ഭൂതനാഥന്‍ പറഞ്ഞു:

മഹാരാജാവേ, നല്ലതുപോലെ കേട്ടുകൊള്ളുക. കര്‍മ്മമാണിത് എന്ന ചിന്ത അജ്ഞാന പൂര്‍ണ്ണമാണ്. സന്മതേ, ആദിയില്ലാതെയും ബ്രഹ്മത്തോടു ചേര്‍ന്നും ചേരാതെയും മായ നിലകൊള്ളുന്നു. ബ്രഹ്മവും മായയും അനാദിയായിത്തന്നെ പരിണമിക്കുന്നതാണ്. എന്നിരിക്കിലും ബ്രഹ്മത്തിനു നാശം സംഭവിക്കുകയില്ല. മായയാവട്ടെ നശിക്കുമെന്നുള്ളതു തീര്‍ച്ചയാണ്. ഇക്കാരണത്താല്‍ അദ്വൈതം എന്നു സിദ്ധിക്കുന്നു.

ഏകവും പരവും അദ്വിതീയവുമാണു ബ്രഹ്മം എന്നു വേദശാസ്ത്രങ്ങളെല്ലാം സമ്മതിക്കുന്നു. സമസ്തജീവികളും ബ്രഹ്മാംശമാണ്. കാണുന്നതെല്ലാം ബ്രഹ്മാംശംതന്നെ. ഞാന്‍ എന്ന അഹങ്കാരം എപ്പോള്‍ ജനിക്കുന്നുവോ അതുതന്നെയാണുമായയെന്നു നിശ്ചയം. ഞാന്‍ എന്ന അഹംഭാവമില്ലാത്ത ഒരു ദേഹിയെ ഒരുലോകത്തിലും കാണാന്‍ സാധിക്കുകയില്ല. മായയെന്നുള്ളത് ഒരു സാധനമല്ല. അതൊരു വികാരമാണ് എന്നറിഞ്ഞാലും. ഞാന്‍ ദുഃഖിതനാണ്, ഞാന്‍ സുഖിക്കുകയാണ് എന്നിങ്ങനെയുള്ള അഹമ്മതി ആദിയായമായയാണ് എന്ന് ഓര്‍ക്കുക. എന്റെകാല്, എന്റെകയ്യ്, എന്റെ പുത്രന്‍ എന്നിങ്ങനെ വിചാരിക്കുന്നതിന്റെ സൂക്ഷ്മതത്വം അറിയുമ്പോള്‍ ഞാന്‍ എന്ന ഒരുവസ്തു ഇല്ലായെന്നും ഇതു ബ്രഹ്മമാണു എന്നും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും.

ഈ സ്വഭാവത്തിനാല്‍ വികാരമായി ബ്രഹ്മത്തോടു ചേര്‍ന്നുമായനില്‍ക്കുന്നുവെങ്കിലും  ബ്രഹ്മത്തില്‍ മായ പ്രഭാവം ചെലുത്തുന്നില്ല. എപ്രകാരമെന്നാല്‍,  സ്ഫടിക പാത്രത്തില്‍ ഒരു ചുവന്ന പുഷ്പം വെച്ചാല്‍ ആ സ്ഫടികത്തില്‍ ചുവപ്പുനിറം കലരുന്നു. ആ പുഷ്പം എടുത്തുമാറ്റിയാല്‍ പാത്രത്തില്‍ അല്‍പം പോലും ചുവപ്പുനിറം അവശേഷിക്കുകയില്ല. അതേ പ്രകാരം ബ്രഹ്മത്തോടു മായചേര്‍ന്നാലും ബ്രഹ്മത്തിനു മാറ്റമൊന്നും സംഭവിക്കുകയില്ല.

നന്നേ ചെറുതായ ആലിന്‍ കായ്ക്കുള്ളില്‍ അനേകം വൃക്ഷങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതുപോലെ മായയില്‍ കര്‍മ്മബീജങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. സൃഷ്ടി കാലത്തു പഞ്ചഭൂതങ്ങളോടുകൂടിച്ചേര്‍ന്ന് അവ ശരീരം കൈക്കൊള്ളുന്നു. മായയാല്‍ ആവൃതനാകുന്ന ബ്രഹ്മം മായാമയനായ വിരാട് പുരുഷനാകുന്നു. ഹേ, ഭൂപതേ, ആ വിരാട്പുരുഷനാണു ഞാന്‍ എന്നറിഞ്ഞാലും. പിന്നീട് എന്നില്‍ നിന്നും ത്രിഗുണങ്ങളുണ്ടായി. അതില്‍ നിന്നും ബ്രഹ്മാദിമൂര്‍ത്തികള്‍ മൂവരും (ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍) ഉണ്ടായി. ലോകങ്ങളെ സൃഷ്ടിച്ചു പരിപോഷിപ്പിച്ചു സംഹരിക്കുന്നത് അവരാണ്. ചിത്തത്തെ ബ്രഹ്മത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയാല്‍ ജന്മവിഹീനനായിത്തീരാം എന്ന് വീണ്ടും വീണ്ടും വേദം പറയുന്നതു ശ്രദ്ധിച്ചാല്‍ അങ്ങയുടെ വാദങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കും...

ബ്രഹ്മവും മായയും തമ്മില്‍ സംഗമം വന്നതിന്റെ കാരണത്തേക്കുറിച്ച് ചിന്തിച്ച്‌ വലയുന്നതിലും നല്ലത് ബ്രഹ്മത്തില്‍ മനസ്സിനെ ഉറപ്പിക്കുന്നതാണ്. അഗാധമായ ഒരു കിണറ്റില്‍ വീണു പോയ മനുഷ്യന്‍ ആ കിണറിനകത്തു നിന്ന് കരകയറുന്നതിനേക്കുറിച്ച് ചിന്തിക്കാതെ കിണറുണ്ടായത് എങ്ങിനെ എന്നറിയുവാന്‍ ആഗ്രഹിച്ചു നിന്നാല്‍ കരയ്ക്കുകയറുന്നതെങ്ങിനെ?

ബ്രഹ്മത്തെ വേണ്ടപോലെ അറിയുവാന്‍ നിര്‍മ്മലനായ ഒരു ഗുരുവിന്റെ സഹായം ആവശ്യമാണ്. അതല്ലെങ്കില്‍ അന്ധന്‍ ആനയെ വെറും കൈകൊണ്ടു തപ്പി ആനയെന്താണ് എന്ന്‌ വാദിച്ച പോലെയാകും. പണ്ട് രണ്ട് കുരുടന്മാര്‍ ആനയേക്കുറിച്ച് അറിയാന്‍ ആഗ്രഹിച്ചു. ആനയെ കാണാന്‍ സാധിക്കാത്തതിനാല്‍ തൊട്ടുനോക്കി അറിയാന്‍ തീരുമാനിച്ച അവര്‍ പാപ്പാന്റെ അനുവാദം വാങ്ങി ആനയെതപ്പി നോക്കി.

ഒരുവന്‍ ആനയുടെ തുമ്പിക്കരത്തിലും അപരന്‍ ചെവിയിലുമാണു തപ്പിനോക്കിയത്. ആനയുടെ ആകാരം മനസ്സിലാക്കി എന്നുവിചാരിച്ച അവര്‍ സന്തോഷത്തോടെ മടങ്ങി. വഴിക്കു വെച്ച് ആനയുടെ ആകൃതിയേപ്പറ്റി സംസാരിച്ച് അവര്‍ തമ്മില്‍ തര്‍ക്കമായി. തുമ്പിക്കരം തൊട്ട ആള്‍ ആനയുടെ ആകൃതി നീളത്തിലാണെന്നും ചെവിയില്‍തൊട്ട ആള്‍ ആനയുടെ ആകൃതി വട്ടത്തിലാണെന്നും തര്‍ക്കിച്ചു. അവര്‍ ഇങ്ങനെ തര്‍ക്കിക്കുമ്പോള്‍ കാഴ്ചശക്തിയുള്ള ഒരാള്‍ അവരെ സമാശ്വസിപ്പിച്ച് ആനയുടെ യഥാര്‍ത്ഥരൂപം പറഞ്ഞുകൊടുത്തു.

അതേപോലെ ഒരു ഗുരുനാഥന്‍ ഉണ്ടെങ്കിലേ പരബ്രഹ്മത്തെ നന്നായി അറിയാന്‍ കഴിയൂ. എന്നില്‍ നിന്നുണ്ടായി വന്ന ഗുണത്രയം ഒടുവില്‍ എന്നില്‍ ലയിക്കും. അപ്പോള്‍ ഞാന്‍ ഗുണഹീനനായി മാറും. വീണ്ടും സൃഷ്ടി കാലത്തില്‍ ഞാന്‍ സഗുണനായിമാറും. നിര്‍ഗുണനായി എന്നെ ധ്യാനിപ്പവര്‍ക്കു ഞാന്‍ ചില്‍ഘനാനന്ദമാകും. സഗുണനായി എന്നെ സ്മരിക്കുന്നവരുടെ ദുഷ്‌കൃതങ്ങളെല്ലാം നീക്കി ഞാന്‍ അവര്‍ക്കു സ്വര്‍ഗ്ഗം നല്‍കുന്നു

(ഭൂതനാഥോപാഖ്യാനത്തിലെ ബ്രഹ്മലക്ഷണകഥനം എന്ന ഏഴാം അദ്ധ്യായം സമാപിച്ചു)


No comments:

Post a Comment