സാധകന്റേ ഉള്ളിലെ കൈലാസം
ഓരോ മനുഷ്യനും ഹിമാലയത്തില്‍ കയറേണ്ടതുണ്ട്. ഓരോ വ്യക്തിയും ഈ കൈലാസശൃംഗത്തില്‍ എത്തേണ്ടതുണ്ട്. അതിനുവേണ്ടുന്ന സാധനാക്രമങ്ങളില്‍ മുഖ്യമാണ് വ്രതം. ഭൗതിക ജഗത്തില്‍ ഹിമാലയം അങ്ങു വടക്കാണ്. എന്നാല്‍ ഓരോ സാധകന്റേയും ഉള്ളിലുമുണ്ട് മഞ്ഞണിഞ്ഞ ഈ മഹാപര്‍വ്വതം. അതിനു മുകളില്‍ അഥവാ ഭക്തന്റെ ഉള്ളിന്റെ ഉള്ളിലാണ് മാനസ സരസ്സും കൈലാസപര്‍വ്വതവും വിരാജിക്കുന്നത്. അതിനും മുകളിലാണ് പാര്‍വ്വതീ പരമേശ്വരന്മാരുടെ വിഹാരമണ്ഡപം. അത് ഏറ്റവും ഉള്ളിലായിരിക്കുന്നു. അവരവരുടെ ഉള്ളിലുള്ള ഹിമാലയമേറാനാണ് വൃതചര്യകള്‍. ശുദ്ധീകരണം കൊണ്ടേ ഉള്ളിലേയ്ക്കുള്ള യാത്ര സുഗമമാകു. വ്രതങ്ങള്‍ ശരീര മനോബുദ്ധികളെ ശുദ്ധീകരിക്കുന്നു. ശ്രദ്ധയോടും ഭക്തിയോടും ചെയ്യപ്പെടുന്ന നാമജപവും ക്ഷേത്രദര്‍ശനവും പൂജാനുഷ്ഠാനങ്ങളും ഉള്ളിലെ ഹിമാലയത്തിനു മുകളിലേയ്ക്ക് ഭക്തനെ നയിക്കുന്ന ഗരുഡചിറകുകളാണ്. ഭക്തിയുടേയും ശ്രദ്ധയുടേയും തീവ്രത അനുസരിച്ചായിരിക്കും ഈ മലകയറ്റത്തിന്റെ വേഗത. ശ്രദ്ധയും ഭക്തിയും കുറഞ്ഞുപോകാതിരിക്കാന്‍ എപ്പോഴും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നിത്യേനയുള്ള ക്ഷേത്രദര്‍ശനവും നാമജപാദികളുമെല്ലാം അതിനു സഹായിക്കും.
No comments:
Post a Comment