7 February 2017

ക്ഷേത്രം

ക്ഷേത്രം

അതി പുരാതന കാലം മുതല്‍ക്കേ ഭാരതീയര്‍ അഗ്നി, വായു, ജലം, ഭുമി, ആകാശം തുടങ്ങിയ വൈദീക ദേവന്മാരെ യജ്ഞ യാഗ കര്‍മങ്ങളിലൂടെ ഉപാസിച്ചിരുന്നു. താന്ത്രികമായ രീതിയില്‍ ആണ് ഉപാസന എന്ന് മാത്രം. ഭഗവത് ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോടു ഉപദേശിക്കുന്നത് ഇപ്രകാരമാണ് .

"ഇദം ശരീരം കൌന്തേയ ക്ഷേത്രമിത്യഭിധീയതെ"

ഈ ശരീരം തന്നെയാണ് ഹേ അര്‍ജുനാ ക്ഷേത്രമെന്നറിഞ്ഞാലും. ക്ഷേത്രത്തെപ്പറ്റിയുള്ള മറ്റൊരു വ്യാഖ്യാനം ഇങ്ങനെയാണ്

" ക്ഷയാത് ത്രായതേ ഇതി ക്ഷേത്ര "

ക്ഷയത്തില്‍ നിന്ന് /നാശത്തില്‍ നിന്ന് മോചിപ്പിക്കുന്നത് /രക്ഷിക്കുന്നത് എന്താണോ അതാണ് ക്ഷേത്രം . ഓരോ ക്ഷേത്രവും ഓരോ ഊര്‍ജ സംഭരണികള്‍ ആണ് . ഇന്നും അവയെപ്പറ്റി പഠനങ്ങള്‍ നടക്കുന്നു.

ദക്ഷിണ ഭാരതം കര്‍മ ഭൂമിയാണ്‌, അതിനാല്‍ താന്ത്രിക കര്‍മങ്ങളിലൂടെ വേണം ക്ഷേത്ര ചൈതന്യം വര്‍ദ്ധിപ്പിക്കാന്‍. വേദ ഇതിഹാസ രചന വഴിയും, ഋഷിവര്യന്‍മാരുടെ തപശ്ചര്യ വഴിയും ഉത്തര ഭാരതം പുണ്യ ഭൂവിഭാഗമാണ്. ആയതുകൊണ്ട് അവിടെ ആചാരങ്ങള്‍ക്ക് ഇത്രയും പ്രാധാന്യം ഇല്ല.  പഞ്ചമഹായജ്ഞങ്ങള്‍ക്കുള്ള യാഗശാലകള്‍ ആണ് ക്ഷേത്രങ്ങള്‍. യാഗശാലകളുടെ ചെറുതോ വലുതോ ആയ ജോമട്രിക്കല്‍ രൂപങ്ങള്‍ ആണ് ക്ഷേത്രങ്ങള്‍. ക്ഷേത്രത്തിലെ കൊടിമരം ബലിക്കല്ല് ,വലിയമ്പലം,
ശ്രീകോവില്‍ ,വിഗ്രഹം , ഉപദേവതാ പ്രതിഷ്ഠ എന്നിവക്കെല്ലാം യാഗശാലയുടെ ഘടനയുമായി സാമ്യം ഉണ്ട്.

കൊടിമരം / ദ്വജസ്തംഭം :-

ക്ഷേത്ര കൊടിമരം /ദ്വജസ്തംഭം യാഗശാലയിലെ യൂപമാണ്. തന്ത്ര സമുച്ചയത്തില്‍ ഇതിന്റെ ഘടന, അളവുകള്‍ മുതലായവയെപ്പറ്റി പറയുന്നുണ്ട്. പുരാതന കാലത്ത് ഒറ്റ തേക്കിന്‍ തടിയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ചുറ്റും ചെമ്പുതകിട് പതിപ്പിക്കുന്നു .സ്വര്‍ണം പൂശുകയും സ്വര്‍ണതകിട് ചേര്‍ക്കുകയും പതിവുണ്ട് . കൊടിമരത്തിനു മുകളില്‍ ദേവ വാഹന പ്രതിഷ്ഠയും നടത്തുന്നു. ചുവടുവശത്ത് ചെറിയ ദേവ/ദേവതാ വിഗ്രഹങ്ങള്‍ ഘടിപ്പിക്കുന്നു. ആവശ്യം കഴിഞ്ഞാല്‍ നീക്കം ചെയ്യാന്‍ പാകത്തിന് കൊടിമരങ്ങള്‍ പ്രതിഷ്ടിക്കാറുണ്ട് .അടയ്ക്കമരം ആണ് ഇതിനായി ഉപയോഗിക്കുന്നത് .കോണ്‍ക്രീറ്റ് കൊടിമരം തന്ത്ര വിധിപ്രകാരം അനുവദനീയം ആണെങ്കിലും ചെമ്പ് തകിട് അത്യാവശ്യമാണ് .കൊടിമരത്തില്‍ കാല്‍ ചവിട്ടി കയറില്ല മറിച്ച് കാല്‍മുട്ട്കൊണ്ട് കൊടിമരത്തില്‍ മുറുകെ പിടിച്ച്‌ പാഠം സ്പര്‍ശിക്കാതെ വേണം കയറാന്‍.

ശാസ്ത്രീയത :-

ദ്വാജസ്തംഭത്തിന് ഒരു ഊര്‍ജ ശാസ്ത്രം ഉണ്ട് . ഏറ്റവും അധികം വികിരണ ശേഷിയുള്ള സ്വര്‍ണത്തകിടിനാല്‍ ആവരണം ചെയ്യപ്പെട്ടതും ഏറ്റവും ചാലക ശേഷിയുള്ള ചെമ്പ് തകിടിനാല്‍ ആവരണമുള്ളതിനാലും ഇതൊരു ഊര്‍ജ ആഗിരണ ദണ്ട് പോലെ പ്രവര്‍ത്തിക്കുന്നു. അവയെ തൊട്ടു വണങ്ങുന്നതിലൂടെ ആ ഊര്‍ജം നമുക്കും ലഭിക്കുന്നു. മാത്രമല്ല ഒരു പ്രദേശത്തെക്കേറ്റവും വലുത് കൊടിമരം ആയതിനാല്‍ ഒരു മിന്നല്‍ രക്ഷ ചാലകത്തിന്റെ ഗുണവും ചെയ്യുന്നു.

വലിയ ബലിക്കല്പ്പുര :-

ആദ്യം പ്രവേശിക്കുന്ന ഭാഗമാണ് വലിയ ബലിക്കല്പ്പുര. മഹാ ക്ഷേത്രങ്ങളില്‍ ബലിക്കല്ല് ദേവനെ മറക്കാറുണ്ട്. പ്രത്യേക ആകൃതിയും വലിപ്പവുമാണ്‌ ബലിക്കല്ലിന്. യജ്ഞ ശാലയില്‍ ബലികര്‍മത്തിനായിരിക്കാം ഇത് ഉപയോഗിക്കുന്നത്. പ്രപഞ്ച ശക്തികളായ ദേവി ദേവന്മാര്‍ക്ക് ഇവിടെ വച്ചാകാം നിവേദ്യം അര്‍പ്പിച്ചിരുന്നത്. ക്ഷേത്ര ദേവന്റെ ശക്തി 'ദൃഷ്ടി' യായി പതിയതിരിക്കാനുള്ള ഒരു സ്ക്രീന്‍ ആയും ഇവ വര്‍ത്തിക്കുന്നു. ബലിക്കല്‍പ്പുരയുടെ ഉപരിഭാഗം കോണീയമായോ പിരമിഡിന്റെ ആകൃതിയിലോ ഉള്ളതായിരിക്കും. യജ്ഞാശാലയിലെ ഘടനയാണിത്.

വലിയമ്പലം :-

ബലിക്കല്‍പുരയില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ കാണുന്ന ഇടനാഴിയുടെ ഇരുവശങ്ങളെയും ആണ് വലിയമ്പലം എന്ന് പറയുന്നത്. പലവിധ പൂജകളും, മന്ത്രാലാപനങ്ങളും, സംഗീതാലാപനം , ഗണപതിഹവനം തുടങ്ങിയ പൂജകളും ഇവിടെയാണ്‌ നടക്കുന്നത്. മൃത്യുംജയഹോമം ,ഗണപതി ഹോമം എന്നിവ നടത്തുമ്പോള്‍ ഹോമകുണ്ഡത്തില്‍ നിന്ന് വമിക്കുന്ന സുഗന്ധ പൂരിതമായ പുകയും ക്ഷേത്ര സംവര്‍ധനതിന്റെ ഭാഗമാണ്. അഗ്നീന്ദ്രം ഹവിര്‍ധാനം എന്നീ യാഗശാലകളുടെ ഭാഗങ്ങളുമായി വലിയമ്പലങ്ങള്‍ക്ക് ബന്ധമുണ്ട്.

മണ്ഡപം :-

ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ മുന്നില്‍ മണ്ഡപം വരുന്നു.ശ്രീ കോവിലിനു മുന്‍പില്‍ മണ്ഡപത്തിനു വളരെ പ്രാധാന്യം ഉണ്ട്. യജ്ഞശാലയില്‍ ഉദ്ഗാതാവ് എന്നാ പുരോഹിതന്‍ സാമ വേദം ചൊല്ലി പ്രപഞ്ച ശക്തികളെ ഉത്തേജിപ്പിക്കുന്നത്പോലെ വേദ പണ്ഡിതര്‍ ക്ഷേത്രാന്തരീക്ഷത്തില്‍ മന്ത്രധ്വനി നിറക്കുന്നത് ഇവിടെ വച്ചാണ്. ഉത്സവ സമയത്ത് കലശപൂജ ഇവിടെ വച്ചാണ് നടത്തുന്നത്. ലക്ഷാര്‍ച്ചന ,നവീകരണ കലശം എന്നിവയും ഇവിടെ നടത്തപ്പെടുന്നു. ശിവ ക്ഷേത്രത്തില്‍ ശിവ വാഹനമായ നന്ദീ ദേവന്റെ വിഗ്രഹവും ഇവിടെ കാണാം.

തിടപ്പിള്ളി :-

ക്ഷേത്രത്തിലെ അടുക്കളയാണ്‌ തിടപ്പിള്ളി. ക്ഷേത്ര നിവേദ്യത്തിനാവശ്യമായ എല്ലാ സാത്യിക ദ്രവ്യവും പാകം ചെയ്യുന്നത് ഇവിടെ വച്ചാണ്. ഇവിടെ വൃത്തി ശുദ്ധി സാത്യികഗുണം എന്നിവ നിര്‍ബന്ധമാണ്‌.

ഉപദേവത :-

ഉപ ദേവതകള്‍ക്ക് പ്രധാന ദേവതയുടെ അത്രയും ആചാര അനുഷ്ടാനങ്ങള്‍ ആവശ്യമില്ല.ഒരു ക്ഷേത്രത്തിലെ ഉപ പ്രതിഷ്ഠ മറ്റൊരു ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ആയിരിക്കും. അതുപോലെ തിരിച്ചും.

ചെറിയ ബലിക്കല്ല് :-

ക്ഷേത്രത്തിനു ചുറ്റും അകത്തും പുറത്തുമായി പ്രത്യേക രീതിയില്‍ ക്രമീകരിച്ചിട്ടുള്ളവയാണ് ചെറിയ ബലിക്കല്ലുകള്‍. ശീവേലി എന്ന് അറിയപ്പെടുന്ന ഒരു ചെറിയ ചടങ്ങ് ഇതില്‍ നടക്കുന്നു.അഷ്ടടിക്ക് പാലകരാണ് ചെറിയ ബലിക്കല്ലുകള്‍. എട്ടു ദിക്കുകളിലും ചെറിയ ബലിക്കല്ല് കാണാം.

ശ്രീകോവില്‍ :-

ക്ഷേത്രത്തിന്റെ ഹൃദയ ഭാഗമാണ് ശ്രീകോവില്‍. ശില്പിയുടെ കരവിരുതനുസരിച്ചു ശ്രീകോവിലിന്റെ പുറത്തെ ചുവരുകളില്‍ കരിങ്കല്ലില്‍ കൊത്തിയതോ ലോഹം കൊണ്ട് നിര്‍മിച്ചതോ ആയ വിഗ്രഹങ്ങള്‍ വക്കാറുണ്ട്. ശ്രീകോവിലിന്റെ മേല്‍ക്കൂര പിരമിടിന്റെയോ കോണിന്റെയോ രൂപത്തില്‍ ആയിരിക്കും.ക്ഷേത്ര ചൈതന്യം പ്രതിഫലിച്ചു ഇരട്ടിച്ചു ബിംബത്തിലേക്ക് തന്നെ ഫോക്കസ് ചെയ്യാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.മേല്‍ക്കൂരയ്ക്കു പുറത്തു ചെമ്പ് തകിടിന്റെ ആവരണം കാണാം.ഏറ്റവും മുകളില്‍ ശ്വാസനാളം പോലൊരു ദ്വാരത്തോട് കൂടിയ താഴികക്കുടം. ഇതിലൂടെ ചൂട് വായു സാവധാനം പുറത്തേക്കു പോകുന്നു.

ആല്‍മരം :-

പഴയ ക്ഷേത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ കാണാം കുറഞ്ഞത്‌ ഒരു ആല്‍മരമെങ്കിലും അവിടെ ഉണ്ടാകും.കാരണം വായുവിനേക്കാള്‍ ഖനം കൂടിയ ഓസോണ്‍ നിര്‍മിക്കാനുള്ള കഴിവ് ആല്‍മരത്തിനുണ്ട്. അതുകൊണ്ട് ഒരു പ്രദക്ഷിണമെങ്കിലും അതിനു ചെയ്യുമ്പോള്‍ ആ ഓസോണ്‍ നാം ശ്വസിക്കുന്നു.ഇത് അണുനാശിനിയായി വര്‍ത്തിച്ചു ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നു.

കാവുകളും കുളങ്ങളും :-

കാവുകളും കുളങ്ങളും നമ്മുടെ കാലാവസ്ഥ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങള്‍ ആണ്. ഓരോ കാവും ഓരോ മൈക്രോ ഫോറെസ്റ്റ് ആണ്. ഇവിടെ സുഗന്ധ പുഷ്പങ്ങളും വൃക്ഷ ലതാതികളും സമൃദ്ധമായി വളരുന്നു. തന്മൂലം പ്രകൃതി സംരക്ഷണം നടത്തുന്നു.ഒരു ഗ്രാമത്തിലെ അന്തരീക്ഷ സ്ഥിതി നിയന്ത്രിക്കുന്നതും ജല സത്രോതസ്സും കുളങ്ങലാണ്. ഇതൊരു ജല സംഭാരണികളായി നിലനില്‍ക്കുന്നു.                 

No comments:

Post a Comment