7 January 2017

ഭീമൻ

ഭീമൻ

മഹാഭാരതത്തിലെ അതിശക്തനായ യോദ്ധാവാണ് ഭീമൻ അഥവാ ഭീമസേനൻ (കുന്തിക്ക് വായു ഭഗവാനിൽ ജനിച്ച ഭീമൻ പാണ്ഡവ കുലത്തിലെ രണ്ടാമനാണ്. കർണ്ണനെ പരിഗണിച്ചാൽ കുന്തിയുടെ മക്കളിൽ മൂന്നാമനാണ് ഭീമൻ. തന്റെ സഹോദരങ്ങളെ അപേക്ഷിച്ച് വലിപ്പത്തിലും ശക്തിയിലും ഒന്നാമനായിരുന്ന ഭീമൻ മൂന്നുലോകങ്ങളിലും (ഭൂമി, പാതാളം, സ്വർഗ്ഗം) ഏറ്റവും ശക്തനായി കരുതപ്പെട്ടിരുന്നു. ദുര്യോധനനും ഭീമനും തമ്മിൽ ഏറ്റവും ശക്തനായ ഗദാധാരി എന്ന പദവിക്കായി ആയുഷ്കാലം മുഴുവൻ മത്സരമായിരുന്നു. മഗധയിലെ രാജാവായ ജരാസന്ധനെ ദ്വന്ദ്വയുദ്ധത്തിൽ തോൽപ്പിച്ച് കൊലപ്പെടുത്തിയ ഭീമൻ തന്റെ സഹോദരർക്ക് രാജസൂയ യജ്ഞത്തിൽ പങ്കെടുക്കുവാനുള്ള അനുവാദം നേടി. കൈകൾ ഉപയോഗിച്ച് ദ്വന്ദ്വയുദ്ധം ചെയ്യുന്നതായിരുന്നു ഭീമന് ഇഷ്ടം. ആനകളെ തന്റെ കൈപ്പത്തികൊണ്ട് അടിച്ച കൊല്ലുവാൻ ശക്തനായ ഭീമൻ തറയിൽ ചാടി ഭൂമികുലുക്കം ഉണ്ടാക്കുവാൻ മാത്രം ശക്തനായിരുന്നു എന്ന് ഇതിഹാസം പറയുന്നു.

ഒരു സേനയെ മുഴുവൻ ഒറ്റയ്ക്കു നേരിടുവാനുള്ള കഴിവുള്ളവനായതുകൊണ്ട് പലപ്പോഴും ഭീമനെ ഭീമസേനൻ എന്നു വിളിച്ചിരുന്നു. കർണാ‍ടകത്തിലും മഹാരാഷ്ട്രയിലുമായി ഒഴുകുന്ന ഭീമ നദിക്ക് ആ പേരുവന്നത് ഭീമനിൽ നിന്നാണ്.

അരക്കില്ലത്തിൽ നിന്നും ചെറിയച്ഛനായ വിദുരരുടെ സഹായത്തോടെ രക്ഷപ്പെട്ട പാണ്ഡവരെ ഭീമൻ തന്റെ എല്ലാ സുഖങ്ങളും ത്യജിച്ച് സേവിച്ചു. ആ കാലത്ത് ഹിഡിംബ വനത്തിലെത്തിയ പാണ്ഡവരെ കണ്ടു പിടിക്കുന്നതിനായി കാട്ടാളനായ ഹിഡിംബൻ സഹോദരിയായ ഹിഡിംബിയെ നിയോഗിച്ചു. മാതാവിനും സഹോദരന്മാർക്കും രക്ഷകനായി കാവലിരുന്നിരുന്ന ഭീമന്റെ ശരീരസൌന്ദര്യം ഹിഡിംബിയെ ആകർഷിച്ചു. ഇതറിഞ്ഞു ഭീമനെ ആക്രമിച്ച ഹിഡിംബനെ ദ്വന്ദ്വയുദ്ധത്തിൽ വധിച്ച ഭീമൻ വ്യാസമഹർഷിയുടെ അനുഗ്രഹത്തോടെ ഹിഡിംബിയെ വിവാഹം ചെയ്തു. അവർക്കുണ്ടായ മകനാണ് ഘടോൽകചൻ. ഘടോൽക്കചന്റെ മകനാണ് ബാർബാറികൻ.

പിന്നീട് യാത്ര തുടർന്ന പാണ്ഡവർ ഏകചക്ര എന്ന ഗ്രാമത്തിലെത്തി. അവിടെ ഒരു ബ്രാഹ്മണ ഭവനത്തിൽ അവർ അഭയം തേടി. അവരിൽ നിന്നും ബകൻ എന്ന അസുരനെക്കുറിച്ചറിഞ്ഞ കുന്തി, ബാകാനിൽ നിന്നും ഗ്രാമത്തെ രക്ഷിക്കാൻ ഭീമനെ നിയോഗിച്ചു. ഗ്രാമത്തിൽ നിന്നും ശേഖരിച്ച ഭക്ഷണവുമായി ബകന്റെ വാസസ്ഥലത്തെത്തിയ ഭീമൻ ഭക്ഷണം മുഴുവൻ കഴിച്ചു. കോപിഷ്ഠനായ ബകാസുരൻ ഭീമാനുമായുള്ള ഘോരമായ മൽപിടുത്തത്തിൽ വധിക്കപ്പെട്ടു. ആയിടക്കു ഒരു സഞ്ചാരി ബ്രാഹ്മണനിൽ നിന്ന് ദ്രൌപദിയുടെ സ്വയംവര വാർത്ത‍യറിഞ്ഞ പാണ്ഡവർ ദ്രുപദരാജധാനിയിലേക്ക് യാത്ര തിരിച്ചു. അവിടെ വെച്ച് അർജുനൻ വില്ല് കുലച്ചു ദ്രൌപദിയെ പാണീഗ്രഹണം ചെയ്തു. കുന്തിയുടെ ആഗ്രഹം അനുസരിച്ച് തന്റെ സഹോദരരോടൊത്ത് ഭീമനും ദ്രൌപദിയെ വിവാഹം ചെയ്തു. ഭീമസേനന്റെയും പാഞ്ചാലിയുടെയും പുത്രനാണ് സുതസോമൻ.

തന്റെ പ്രിയപത്നിയായ ദ്രൌപദിയെ പ്പോലെ ഭീമനും കൃഷ്ണന്റെ ഇംഗിതങ്ങളനുസരിച്ച് ജീവിച്ചിരുന്നു. കുട്ടിക്കാലം മുതൽക്കേ പോരാടുവാൻ ഇഷ്ടപ്പെട്ട ഭീമൻ കുരുക്ഷേത്ര യുദ്ധത്തിന് ഏതാനും നാൾ മുൻപുവരെ യുദ്ധത്തിനിറങ്ങുവാൻ വിമുഖനായിരുന്നു. ലക്ഷങ്ങൾ ഈ യുദ്ധത്തിൽ കൊല്ലപ്പെടും എന്ന തിരിച്ചറിവായിരുന്നു ഇതിനു കാരണം. കുരുക്ഷേത്ര യുദ്ധത്തിൽ ഭീമൻ ഒറ്റയ്ക്ക് ആറ് അക്ഷൌഹിണിപ്പടകളെ വകവരുത്തി എന്നാണ് ഇതിഹാസം.

പൊതുവേ ബഹുമാനിതനെങ്കിലും ഭീമൻ പലപ്പോഴും മുൻ‌‌കോപത്തോടെ പെരുമാറിയിരുന്നു. തന്റെ ശക്തിയിൽ അല്പം അഹങ്കരിച്ചിരുന്ന ഭീമനെ എളിമയുടെ വില അദ്ദേഹത്തിന്റെ ആത്മ സഹോദരനായ ഹനുമാൻ പഠിപ്പിക്കുന്ന കഥയാണ് കല്യാണസൗഗന്ധികം.

തന്റെ സഹോദരരും ദ്രൗപദിയുമൊത്ത് ഭീമൻ അവസാന നാളുകൾ കഴിച്ചുകൂട്ടി. വൈകുണ്ഠത്തിലേക്കുള്ള അവസാന യാത്രയിൽ ഭീമനായിരുന്നു അവസാനം വീണുമരിച്ചത്. യുധിഷ്ഠിരൻ മാത്രമേ ഈ യാത്ര പൂർത്തിയാക്കിയുള്ളൂ. 

No comments:

Post a Comment