24 January 2017

മരുത്തോര്‍വട്ടം ശ്രീ ധന്വന്തരി ക്ഷേത്രം

മരുത്തോര്‍വട്ടം ശ്രീ ധന്വന്തരി ക്ഷേത്രം

വൈഷ്ണവാവതാരമായ ധന്വന്തരി മൂര്‍ത്തിയെ പ്രധാന ദേവനായി പ്രതിഷ്ടിച്ചാരാധിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് മരുത്തോര്‍വട്ടം ധന്വന്തരിക്ഷേത്രം.. ചേര്‍ത്തല ടൗണില്‍ നിന്നും 4 കിലോമീറ്റര്‍ ദൂരത്താണ് ക്ഷേത്രം.. ലോകപാലകന്‍ ശ്രീ വിഷ്ണുഭഗവാന്‍റെ അംശാവതാരമാണ് ശ്രീധന്വന്തരി.. പാലഴിമഥന സമയത്ത് കയ്യില്‍ അമൃതകുംഭവുമായാണ് ധന്വന്തരിഭഗവാന്‍റെ അവതാരപിറവി. മരുത്തോര്‍വട്ടത്തു പടിഞ്ഞാറോട്ട് ദര്‍ശനമായി നാലു തൃക്കൈകളിലും ശംഖ്‌-ചക്രം-അമൃതകുംഭം-ജളൂകം (ജളൂകം എന്നാല്‍ രക്തം കുടിക്കുന്ന ഒരുതരം അട്ട) എന്നിവയുമായി മഹാധന്വന്തരിമൂര്‍ത്തി ഭാവത്തില്‍ ആണ് ഭഗവദ് പ്രതിഷ്ഠ.. രോഗദുരിതശമനത്തിനും ജന്മവൈകല്യങ്ങള്‍ അടക്കം സര്‍വ്വരോഗ നിവാരകനും കൂടെ ആണ് ശ്രീ മരുത്തോര്‍വട്ടത്തപ്പന്‍..
ഐതിഹ്യം..
ക്ഷേത്രോത്പത്തിക്കും മുമ്പ് നടന്ന ഒരു സംഭവം ആണിത്. ഇപ്പോഴുള്ള ക്ഷേത്രത്തിനു സമീപമായി ചേര്ത്തലയിലെ വയലാര്‍ എന്ന സ്ഥലത്ത് മഹാശിവഭക്തനായിരുന്ന ഒരു തമ്പാന്‍ താമസിച്ചിരുന്നു ഒരിക്കല്‍ അദേഹത്തിന് എങ്ങനെയോ അതികഠിനമായ ഉദരവേദന പിടിപെട്ടു. എത്ര ചികിത്സിച്ചിട്ടും ഉദരവേദന മാറാതെ വന്നു. ശിവഭക്തനായ അദേഹം ഒടുവില്‍ വൈക്കത്തപ്പന്‍റെ സന്നിധിയിലുമെത്തി.. നിരന്തരമായ പ്രാര്ത്ഥനകള്ക്കും ശിവഭജനങ്ങള്‍ക്കുമൊടുവില്‍ അദ്ധേഹത്തിന്റെ വേദനയുടെ കാഠിന്യം ഒരുവിധം ശമനം ഉണ്ടായി എന്നാല്‍ വേദന പൂര്ണ്ണമായും ഭേദം ആയിരുന്നില്ല അന്നേ ദിവസം രാത്രി തന്നെ വൈക്കത്തപ്പന്‍ തമ്പാന്‍റെ നിദ്രയില്‍ സ്വപ്ന ദര്ശനം നല്കി ഇപ്രകാരം അരുളുകയുണ്ടായി
‘’ ഭക്താ എന്റെ സന്നിധിയില്‍ വന്നതുകൊണ്ട് നിന്റെവ വൈഷമ്യങ്ങള്‍ക്കു അല്പം സമാധാനം വന്നിരിക്കുന്നു നിന്‍റെ ഉദരവേദന പൂര്ണ്ണമായും മാറണമെങ്കില്‍ ഇപ്രകാരം ചെയ്യുക ഇവിടെ നിന്നും വടക്കുമാറി ചേര്ത്തല എന്ന ദേശത്ത് കേളന്‍ കുളത്തിലെ ഒരു കുളത്തില്‍ മൂന്നു വിഗ്രഹങ്ങള്‍ കിടപ്പുണ്ട് കുളത്തില്‍ നിന്ന് ആദ്യം ലഭിക്കുന്ന വിഗ്രഹം ആ കുളത്തില്‍ തന്നെ ഉപേക്ഷിക്കുക മാനവരാശിയാല്‍ പെട്ട ഒരുവനും പൂജിക്കാന്‍ സാധ്യമല്ല ആ വിഗ്രഹം രണ്ടാമത് ലഭിക്കുന്ന വിഗ്രഹം ശ്രീ ധന്വന്തരി മൂര്‍ത്തിയുടെതാണ് ഉത്തമനായ ഒരു ബ്രാഹ്മണശ്രേഷ്ഠനു അത് ദാനം ചെയ്യുക. മൂന്നാമത് ലഭിക്കുന്ന വിഷ്ണു വിഗ്രഹം നിനക്കു പൂജ ചെയ്തു ആരാധിക്കാവുന്നതാണ്‌ അതോടെ നിന്‍റെ ഉദരവേദന പൂര്ണ്ണമായും ശമിക്കും’’ ഇങ്ങനെ പറഞ്ഞുകൊണ്ട് മഹാദേവന്‍ അപ്രക്ത്യക്ഷനായി..
അതിന്‍പ്രകാരം ചേര്‍ത്തലയിലെത്തിയ തമ്പാന്‍ കേളന്‍കുളത്തില്‍ മുങ്ങിത്തപ്പിയപ്പോള്‍ സ്വപ്നദര്‍ശനമെന്നപോലെ മൂന്നു വിഗ്രഹങ്ങള്‍ കിട്ടുകയും ആദ്യത്തേത് കുളത്തില്‍ ഉപേക്ഷിക്കുകയും രണ്ടാമത്തെ വിഗ്രഹം ആ ദേശത്തെ ബ്രാഹ്മണശ്രേഷ്ഠനായ വെള്ളൂട്ട് നമ്പൂതിരിക്ക് ദാനം ചെയ്യുകയും മൂന്നാമത് കിട്ടിയ വൈഷ്ണവവിഗ്രഹം സ്വഗൃഹത്തില്‍ കൊണ്ട്പോയി പ്രതിഷ്ടിച്ചു പൂജ ചെയ്യുകയും ചെയ്തു.. തത്ഫലമായി അദ്ദേഹത്തിന്‍റെ ഉദരവേദന പൂര്‍ണ്ണമായി ശമിക്കുകയും ചെയ്തു.
വെള്ളൂട്ടു നമ്പൂതിരിക്ക് ലഭിച്ച ധന്വന്തരിമൂര്ത്തിയുടെ വിഗ്രഹം അദ്ദേഹം മരുത്തോര്‍ വട്ടത്തുള്ള തന്‍റെ വസതിയിലുള്ള പൂജാമുറിയില്‍ വെച്ച് പൂജിക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കെ മലബാറില്‍ ടിപ്പുവിന്റെ പടയോട്ടം ഭയന്ന് ഒരു ചിരട്ടമന്‍ ഇല്ലത്ത് നിന്നുള്ള ബ്രാഹ്മണകുടുംബം തിരുവിതാംകൂറില്‍ അഭയം തേടുകയുണ്ടായി. വെള്ളൂട്ടു നമ്പൂതിരിയുടെ ഇല്ലത്തിനു സമീപമായിരുന്നു അവരും പാര്ത്തിരുന്നത്. ചിരട്ടമണ്‍ മൂസത് എന്ന നമ്പൂതിരി ഒരിക്കല്‍ വെള്ളൂട്ടു നമ്പൂതിരിയുടെ ഇല്ലത്ത് വരികയും അദേഹം പൂജ ചെയ്താരാധിക്കുന്ന ധന്വന്തരിവിഗ്രഹം കാണുകയും ചെയ്തു. തേജോമയമായ ആ വിഗ്രഹം ഒരു ക്ഷേത്രം പണിതു അതില്‍ പ്രതിഷ്ടിച്ചു പൂജ ചെയ്യേണ്ടതാണ് എന്ന് ചിരട്ടമണ്‍ വലിയ നമ്പൂതിരി നിര്ദ്ദേശിക്കുകയും ചെയ്തു. പക്ഷെ അതിനു തക്ക ധന-സാമ്പത്തിക സ്ത്രോതസ് വെള്ളൂട് നമ്പൂതിരിക്ക് ഇല്ലായിരുന്നു. ഇത് മനസ്സിലാക്കിയ ചിരട്ടമണ്‍ മൂസത് വലിയ നമ്പൂതിരി ക്ഷേത്രനിര്മ്മാണത്തിനാവശ്യമായ പണം വെള്ളൂട്ട് നമ്പൂതിരിക്ക് ദാനം ചെയ്യുകയും ചെയ്തു അങ്ങിനെ പണികഴിപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് മരുത്തോര്‍ വട്ടം ശ്രീ ധന്വന്തരിക്ഷേത്രം.. ഇവിടെ പ്രതിഷ്ഠ നടത്തിയ ധന്വന്തരിവിഗ്രഹം വെള്ളൂട് നമ്പൂതിരിയുടേതും ക്ഷേത്രവും പ്രതിഷ്ഠകര്മ്മം നിര്‍വ്വഹിച്ചത് ചിരട്ടമണ്‍ വലിയ നമ്പൂതിരിയുമായിരുന്നു ആയതിനാല്‍ ക്ഷേത്രത്തിന്‍റെ അവകാശം രണ്ടു ഇല്ലക്കാര്‍ക്കും തുല്യമായി വന്നു ചേര്‍ന്നു..
ഒരിക്കല്‍ ആ രണ്ടു ഇല്ലത്തെ ഇളതലമുറക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്ന്ന് ചിരട്ടമണ്‍ നമ്പൂതിരിമാര്‍ ഇല്ലവും സകലതും വിറ്റു പെറുക്കി കോട്ടയത്തേക്ക് സ്ഥലം മാറി പോവുകയുണ്ടായി. ക്ഷേത്രം നിര്മ്മിക്കുന്നതിന് ചിരട്ടമണ്‍ ഇല്ലക്കാര്‍ ചിലവാക്കിയ തുകയ്ക്ക് പകരം വെള്ളൂട് നമ്പൂതിരി തന്‍റെ ഭൂസ്വത്തിനു ഒരു ഭാഗം ചിരട്ടമണ്‍ വലിയ നമ്പൂതിരിക്ക് പതിച്ചു കൊടുക്കുകയും അങ്ങിനെ മരുത്തോര്‍ വട്ടം ക്ഷേത്രത്തിന്‍റെ പൂര്ണ്ണമായ അവകാശം വെള്ളൂട് നമ്പൂതിരിമാര്ക്ക് ലഭിക്കുകയും ചെയ്തു..
ശ്രീ മരുത്തോര്‍ വട്ടത്തപ്പന്‍റെ അനുഗ്രഹത്താല്‍ വെള്ളൂട് നമ്പൂതിരി ആയുരാരോഗ്യ-ചികിത്സാ രംഗത്ത് വളരെ പ്രസിദ്ധനായി തീര്‍ന്നു രോഗം നിര്ണ്ണയിക്കുന്നതിനും കണ്ടുപിടിക്കുന്നതിനും ഔഷധം ഏതെന്നു തീരുമാനിക്കുന്നതിനും ഒരു പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിന് സിദ്ധിച്ചു.. അദ്ദേഹം ഒരു രോഗത്തിന് ഒരു വട്ടം മരുന്ന് കൊടുത്താല്‍ പോലും ആ രോഗം പൂര്ണ്ണ മായും ഭേദമായിരുന്നു.. വെള്ളൂട്ടിന്‍റെ ചികിത്സാസമ്പ്രദായം ‘’മരുന്നൊരുവട്ടം’’ എന്ന ആ പ്രദേശത്തെ ചൊല്ല് പിന്നീട് ലോപിച്ച് മരുത്തോര്‍-വട്ടം എന്നായി മാറുകയും ചെയ്തു എന്നുള്ളത് സ്ഥലപുരാണം..
ക്ഷേത്രമഹാത്മ്യം -- അട്ടയും കുഴമ്പും..
ശ്രീ ധന്വന്തരി മൂര്‍ത്തിയായ മരുത്തോര്‍ വട്ടത്തപ്പന്‍ തൃക്കൈകളില്‍ ഒന്നില്‍ ജളൂകം അഥവാ അട്ടയെ പിടിച്ചിരിക്കുന്നു. അട്ടകളെ കൊണ്ട് കടിപ്പിച്ചു ശരീരത്തിലെ ദുഷിച്ച രക്തം, ചലം(പഴുപ്പ്) എന്നിവ വലിച്ചെടുത്തു കളയുന്ന ചികിത്സാരീതിയെക്കുറിച്ച് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. അതിനോട് സമമാണ് ഇവിടുത്തെ ഈ ചികിത്സാ സമ്പ്രദായം.. ശരീരത്തില്‍ പുരുട്ടുവാന്‍ ക്ഷേത്രത്തില്‍ നിന്ന് നല്കുന്ന കുഴമ്പും ഒരു പ്രത്യേക തരം ഔഷധകൂട്ടുകളാല്‍ തയാറാക്കിയതാണ്. സന്ധിവേദന അടക്കം വാതരോഗങ്ങള്‍ക്കെല്ലാം ഈ കുഴമ്പ് വളരെ ഫലപ്രദം എന്ന് ഭക്തരും അനുഭവസ്ഥരും പറയുന്നു.. എല്ലാ മലയാളമാസവും ആദ്യത്തെ വ്യാഴാഴ്ചകളിലെ പന്തീരടി പൂജക്ക്‌ ശേഷം പൂജാരി ഔഷധം വിതരണം ചെയ്യുന്നു.. മുന്‍കൂട്ടി ബുക്ക്‌ ചെയ്തവര്‍ക്കു മാത്രമേ ഔഷധം ലഭിക്കുകയുള്ളൂ.
മുക്കുടിയും കര്‍ക്കിടകകഞ്ഞിയും താള്‍ക്കറിയും..
ഉദരരോഗനിവാരണത്തിനായി വിവിധയിനം പച്ച-മരുന്ന് കൂട്ടുകള്‍ ആണ് മുക്കുടി.. കര്‍ക്കിടകം ഒന്നാം തിയതി മുതല്‍ മാസാവസാനം വരെ ക്ഷേത്രത്തില്‍ കര്‍ക്കിടക കഞ്ഞി വിതരണം ചെയ്യുന്നു ഇതിനും ഔഷധഗുണമുള്ളതായി പറയുന്നു. മരുത്തോര്‍വട്ടത്തപ്പന്‍റെ കര്‍ക്കിടക കഞ്ഞി കഴിച്ചാല്‍ അടുത്ത വര്‍ഷത്തെ രാമായണമാസം വരെ ഒരു പനി പോലും വരില്ല എന്നും അനുഭവസ്ഥര്‍..
താള്‍-കറി
കര്‍ക്കിടക കുംഭം തുലാം മാസങ്ങളിലെ അമാവാസിദിവസം ക്ഷേത്രത്തില്‍ തയാറാക്കുന്ന താള്‍ കറി കഴിച്ചാല്‍ ഉദരവൈഷമ്യങ്ങള്‍ക്ക് ഫലപ്രദമായ മരുന്നിന് സമമാണത്രെ. കാട്ടുചേമ്പിന്‍റെ ഇല വൃത്തിയാക്കി അരിഞ്ഞു ആവശ്യത്തിനു മാത്രം മസാലക്കൂട്ടുകള്‍ ചേര്‍ത്തു പുളിപിഴിഞ്ഞ്, കടുക് വറുത്തു ചേര്‍ത്തു തയാറാക്കുന്ന താള്‍ കറി നിവേധ്യമായ ഉണക്കലരി ചോറിന്‍റെ കൂടെയാണ് കഴിക്കേണ്ടത്‌..
സത്-സന്താനലാഭത്തിനു തിരുവോണപൂജയും ഉദിഷ്ടകാര്യ സാധ്യത്തിനു മഹാ നിവേദ്യവും - പ്രത്യേക അളവില്‍ പാല്‍ പഞ്ചസാര ഉണക്കലരി എന്നിവ ചേര്‍ത്തു തയാറാക്കുന്ന പായസ്സമാണ് മഹാനിവേദ്യം..
പന്തിരുനാഴിയും - പന്ത്രണ്ടര ഇടങ്ങഴി അരിയുടെ ചോറും നാലുതരം കറികളും ചേര്ത്ത് നടത്തുന്നത് പന്തിരുനാഴി വഴിപാടായി ഭക്തര്‍ സമര്‍പ്പിക്കുന്നു.
മിഥുനമാസത്തിലെ ഉത്രം നാളിലാണ് ഭഗവാന്‍റെ പ്രതിഷ്ടാദിനം. കാര്ത്തികമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയാണ് ശ്രീ ധന്വന്തരി അവതരിച്ച ദിവസം രണ്ടും മരുത്തോര്‍വട്ടത്ത് പ്രാധാന്യമുള്ള ദിനങ്ങളാണ്. മേടത്തിലെ ചോതിനാളില്‍ കൊടിയേറി തിരുവോണത്തിന് ആറാട്ട്‌ വരുന്ന വിധത്തില്‍ 8 ദിവസമാണ് ക്ഷേത്രത്തില്‍ തിരുവുത്സവം...

No comments:

Post a Comment