27 December 2016

ഹിന്ദുവും ഹിന്ദുധര്‍മവും.

ഹിന്ദുവും ഹിന്ദുധര്‍മവും.

നൂറ്റാണ്ടുകളായി പലരും നിര്‍വചിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതാണ് ഹിന്ദുവും ഹിന്ദുധര്‍മവും. ക്ഷേത്രകാര്യങ്ങളില്‍ കൈകടത്തുന്ന കേരള ഗവണ്‍മെന്റ് പ്രത്യേകിച്ചും ഇതിന് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. എല്ലാ ഹിന്ദുക്കളും ശ്രദ്ധിച്ചു മനസ്സിലാക്കേണ്ടതാണ് ഈ നിര്‍വചനവും അതിന്റെ പ്രസക്തിയും.

ഈ നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ജീവിച്ചിരുന്ന ശൃംഗേരിമഠത്തിലെ മഹാസന്നിധാനം സ്വാമികള്‍ ഒരു ഇംഗ്ലീഷുകാരനോട് ‘ഹിന്ദു ആര്‍’ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞത് ഇങ്ങനെയാണ്: ”മനുഷ്യനായി ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണ്.” ആശ്ചര്യപൂര്‍വം വിശദീകരണം ചോദിച്ച ഇംഗ്ലീഷുകാരനോട് സ്വാമി കള്‍ പറഞ്ഞു: ”ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങളെ നയിച്ചുകൊണ്ടിരിക്കുന്ന ശക്തിയിലും അതനുസരിച്ച് പ്രവര്‍ത്തിച്ചുവരുന്ന പ്രകൃതി നിയമങ്ങളിലും വിശ്വസിക്കുന്നവര്‍ എല്ലാവരും ഹിന്ദുക്കളാണ്.” പ്രകൃതിനിയമങ്ങളെ അനുസരിക്കാതെ ആര്‍ക്കും ജീവിക്കാനാവില്ല. അതിനാല്‍ എല്ലാ മനുഷ്യരും ഹിന്ദുക്കളാണ്! പിന്നെ എന്തിനാണ് നമ്മള്‍ തര്‍ക്കിക്കുന്നത്?

ഒരു വാക്കിന്റെ അര്‍ത്ഥവും വ്യാപ്തിയും പ്രസക്തിയും അതിന്റെ പ്രായോഗികപ്രവര്‍ത്തന ശൈലിയില്‍ അടങ്ങിയിരിക്കുന്നു. അങ്ങനെ ഹിന്ദു എന്ന വാക്കിന്റെ അര്‍ത്ഥവും പ്രസക്തിയും ഹിന്ദുധര്‍മത്തില്‍ പ്രതിഷ്ഠിതമാണ്.

ഹിന്ദുധര്‍മം വിശ്വവ്യാപകതയുള്ള ജീവിതമുറയാണ്. അതിനെപ്പറ്റി യാതൊരു സംശയവുമില്ല. ധര്‍മമാകുന്ന അളവുകോല്‍ ഉപയോഗിച്ച് ബ്രഹ്മാവ് മുതല്‍ ഉറുമ്പുവരെയുള്ള സകലതിനെയും അളക്കാവുന്നതാണ്. ബ്രഹ്മാവിന്റെ സ്വന്തമായ ധര്‍മം ഉറുമ്പിന്റെ ധര്‍മത്തില്‍നിന്ന് തീര്‍ച്ചയായും കാഴ്ചയില്‍ വ്യത്യസ്തമാണ്. രാജാവിന്റെ സ്ഥാനത്ത് തൂപ്പുകാരന്‍ ഇരുന്നാല്‍ തൂപ്പുകാരന്റെ ശക്തിയിലും ശൈലിയിലും രാജ്യഭരണം നടക്കും. തൂപ്പുകാരന്റെ കയ്യിലെ ചൂല്‍ രാജാവിന്റെ കൈയില്‍ കൊടുത്താല്‍ തൂപ്പുപണിപോലും ശരിയായി നടക്കുകയില്ല. സ്വാമി വിവേകാനന്ദന്‍ ”ഓരോരുത്തര്‍ക്കും അവരവരുടെ ധര്‍മം” എന്ന പ്രസംഗത്തില്‍ ഇത് ഭംഗിയായി വിശദീകരിച്ചിരിക്കുന്നു. ഓരോന്നിനും സ്വന്തമായ പ്രവര്‍ത്തന ശക്തിയും ശേഷിയും ശൈലിയുമുണ്ട്. അതിന് തെറ്റുപറ്റിയാല്‍, ധര്‍മച്യുതി സംഭവിച്ചാല്‍, പ്രകൃതിനിയമങ്ങളെ ലംഘിച്ചാല്‍ വ്യക്തിയെ മാത്രമല്ല സമഷ്ടിയെ മുഴുവന്‍ അത് ബാധിക്കുമെന്ന്, ഇന്നത്തെ ലോകസ്ഥിതിയും നമ്മുടെ തന്നെ ജീവിതവും നമുക്ക് കാണിച്ചുതരുന്നു. ഇതറിഞ്ഞുകൊണ്ടാണ് ധര്‍മത്തിന് മഹത്തായ വില കല്‍പ്പിച്ച് നമ്മുടെ ശാസ്ത്രജ്ഞന്മാരായ മഹര്‍ഷിമാര്‍ ധര്‍മനിഷ്ഠയിലേക്ക് ഹിന്ദുവിന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത്. ഹിന്ദുധര്‍മാചരണത്തെ ഹിന്ദു എന്ന വാക്കിനോട് സംയോജിപ്പിച്ചതും.

വീടുകളില്‍ മനുഷ്യര്‍ താമസിക്കുന്നു; കൂടുകളില്‍ മൃഗങ്ങളും. അവരുടെ ധര്‍മമനുസരിച്ച് അതതിടങ്ങളില്‍ മനുഷ്യരും മൃഗങ്ങളും ജീവിക്കുന്നു. ഭംഗിയുള്ള ഗൃഹം പണിയിച്ച് ബുദ്ധിയുള്ളവര്‍ ആരും അതില്‍ മൃഗങ്ങളെ പാര്‍പ്പിക്കാറില്ല. വീടിനെ തൊഴുത്തായോ ഭ്രാന്താലയമായോ മാറ്റുന്നത് ആരും ശരിവെക്കുമെന്ന് തോന്നുന്നില്ല. ഒരു ഡോക്ടറെ എഞ്ചിനീയറായോ എഞ്ചിനീയറെ ഡോക്ടറായോ ഒരു ഗവണ്‍മെന്റും ഇതുവരെ നിയമിച്ചുകണ്ടിട്ടില്ല.
ഹിന്ദുധര്‍മത്തിനെ സാധാരണ മനുഷ്യന് സ്പഷ്ടമാക്കി അവന്റെ ഭക്തിശ്രദ്ധയെ കേന്ദ്രീകരിക്കുവാനുള്ള ഒരു വിശിഷ്ട ഉപാധിയാണ് ക്ഷേത്രങ്ങള്‍. ഈ ധര്‍മം ക്ഷേത്രങ്ങള്‍ അനുഷ്ഠിച്ചേ മതിയാവൂ. അതിന് ക്ഷേത്രങ്ങള്‍ സജ്ജമാകണമെങ്കില്‍ ദൈവിക ശക്തിയിലും ക്ഷേത്രശക്തിയിലും ശ്രദ്ധ-ഭക്തി നിഷ്ഠയുള്ളവര്‍ തന്നെ ക്ഷേത്രകാര്യങ്ങള്‍ ഏറ്റുനടത്തണം. ഇല്ലെങ്കില്‍ താമസംവിനാ ക്ഷേത്രങ്ങള്‍ പഞ്ചനക്ഷത്രഹോട്ടലുകളായി മാറുന്ന വൈചിത്ര്യം നമ്മള്‍ കാണാനിടയാകും.

പ്രപഞ്ചം മുഴുവനും ഏകശക്തിയാല്‍ ബന്ധപ്പെട്ടിരിക്കെ, അത്തരം പരിവര്‍ത്തനത്തിന്റെ വൈചിത്ര്യവും, വൈരൂപ്യവും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യ-രാഷ്ട്രജീവിതത്തിലും പ്രതിബിംബിക്കാന്‍ അധികം താമസമുണ്ടാവില്ല. ജീവിതം കച്ചവടമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ ദുര്‍ദ്ദശ നമ്മള്‍ എല്ലാവരും കണ്ടും കേട്ടും അനുഭവിച്ചും കൊണ്ടിരുന്നിട്ടും നിസ്സഹായരായി അതിന് കൂട്ടുനില്‍ക്കുന്നു എന്നത് തികച്ചും നിന്ദാര്‍ഹമാണ്. ഹ്രസ്വദൃഷ്ടികളായവര്‍ ചെയ്തുകൊണ്ടിരിക്കുന്ന ഭ്രാന്ത് ലോകത്തെ ഭ്രാന്താലയമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. വിവേകാനന്ദ സ്വാമികള്‍ കേരളത്തിന് പണ്ടേ ഈ പേര്‍ നല്‍കിയിട്ടുണ്ടല്ലോ.

ക്ഷേത്രസംരക്ഷണത്തിന് ക്ഷേത്ര ശക്തിയില്‍ വിശ്വാസമുള്ളവര്‍ തന്നെവേണം എന്ന് കോടതി, ന്യായസംരക്ഷണത്തിനായി അധികാരപ്പെട്ടവര്‍, എടുത്തുകാട്ടിയിരിക്കുന്നത് പ്രശംസാര്‍ഹമാണ്. അവര്‍ തീര്‍ച്ചയായും അവരുടെ ധര്‍മം അനുസരിച്ച് പ്രവര്‍ത്തിച്ചിരിക്കുന്നു. ഗവണ്‍മെന്റ് അവരെ ധിക്കരിച്ചാല്‍ ക്ഷേത്രങ്ങളെപ്പോലെ പരിശുദ്ധമായ ന്യായമണ്ഡപങ്ങളിലും സാധാരണ മനുഷ്യന് വിശ്വാസം പൊയ്‌പോകും. അത് വലിയ നഷ്ടമാണ്. വിശ്വാസയോഗ്യമായ യാതൊന്നും ജീവിതത്തില്‍ ഇല്ലെന്നു വന്നാല്‍ എത്ര വലിയ ശൂന്യതയാണ് പിന്നെ ജീവിതം.
ഭക്തിശ്രദ്ധ വിശ്വാസമുള്ള എല്ലാ ഹിന്ദുക്കളും ഇത്തരം വിശ്വാസഘാതകത്തെ എതിര്‍ക്കണം. ക്ഷേത്രചൈതന്യത്തെ നിലനിര്‍ത്തി അതിനെ നമ്മുടെ ജീവിതത്തിലേക്ക് ആവാഹിക്കാനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം.

 

No comments:

Post a Comment