15 August 2016

കേരളീയ ക്ഷേത്രാചാരങ്ങള്‍

കേരളീയ ക്ഷേത്രാചാരങ്ങള്‍

ക്ഷേത്രം മനുഷ്യശരീരത്തിന്‍റെ തന്നെ പ്രതീകമാണെന്നാണ് വിശ്വാസം. കേരളീയ ക്ഷേത്രങ്ങളില്‍ അകത്തെ ബലിവട്ടം, നാലമ്പലം, വിളക്കുമാടം, പുറത്തെ പ്രദക്ഷിണവഴി, പുറം മതില്‍ എന്നിങ്ങനെ അഞ്ചു പ്രകാരങ്ങളുണ്ടാവും. 

ദേവന്‍റെ സ്ഥൂലശരീരത്തെയാണ് ക്ഷേത്ര ശില്‍പ്പം പ്രതിനിധാനം ചെയ്യുന്നത്. ശ്രീകോവിലിനുള്ളിലുള്ള ദേവ പ്രതിഷ്ഠയും അതിനടിയിലുള്ള ഷഡാധാര പ്രതിഷ്ഠയും ദേവന്‍റെ സൂക്ഷ്മശരീരത്തെ സൂചിപ്പിക്കുന്നവയാണ്. സാധാരണ ഒരു ക്ഷേത്രത്തില്‍ ഉഷപൂജ , ഏതൃത്തപൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ചു പൂജകളാണുണ്ടാവുക. 

ബ്രാഹ്മമ മുഹൂര്‍ത്തത്തില്‍ ശംഖനാദത്തോടും വാദ്യഘോഷത്തോടും കൂടി പള്ളിയുണര്‍ത്തുമ്പോള്‍ ക്ഷേത്രത്തില്‍ ഒരു ദിനം ആരംഭിക്കുന്നു. കുളിയും പ്രാതഃസന്ധ്യ വന്ദനാദികളും കഴിഞ്ഞ് മേല്‍ശാന്തി തറ്റുടുത്ത്, കാലുകഴുകി ആചമിച്ച്, ജപിച്ചു തളിച്ച്, തിരുനടയില്‍ വന്ന് അഭിവാദ്യം ചെയ്തും മണിയടിച്ച് നട തുറക്കുന്നു. 

അകത്തു കടന്നാല്‍ മേല്‍ശാന്തി ആദ്യം വിളക്കു തെളിയിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് തലേദിവസം അണിയിച്ച മാലകളും പൂജിച്ച പുഷങ്ങളും മാറുന്നു. വിഗ്രഹത്തില്‍ നിന്നും ഇവ മാറ്റുന്നതിനു മുമ്പു നടത്തുന്ന ദര്‍ശനത്തിന് നിര്‍മ്മാല്യ ദര്‍ശനം എന്നാണ് പറയുന്നത്. നിര്‍മ്മാല്യ ദര്‍ശനം അതിവിശിഷ്ടമായി ഭക്തജനങ്ങള്‍ കരുതുന്നു.

നിര്‍മ്മാല്യ ദര്‍ശനത്തിന് ശേഷമാണ് വാകച്ചാര്‍ത്ത് നടത്തുന്നത്. ഭഗവാന്‍റെ നിത്യകൃത്യങ്ങള്‍ വാകച്ചാര്‍ത്തോടെയാണ് ആരംഭിക്കുന്നത്. നിര്‍മ്മാല്യ ദര്‍ശനത്തിനുശേഷം പൂജാരി നിര്‍മ്മാല്യം വാരി വടക്ക് ഭാഗത്തിട്ട് കൈ കഴുകി വൃത്തിയാക്കി ബിംബത്തെ ശുദ്ധജലംകൊണ്ട് കഴുകി എണ്ണയാടി, ഇഞ്ച, വാകപ്പൊടി ഇവകളാല്‍ ദേവനെ തേച്ചു കുളിപ്പിക്കുന്നു.
 എണ്ണ (തൈലം) ആടുന്നു. ഈ എണ്ണ ഏറ്റവും വിശേഷപ്പെട്ട ഒന്നാണ്. ഔഷധഗുണവും ദൈവീക മൂല്യവും ഇതിനുണ്ട്. എണ്ണയാടിക്കഴിഞ്ഞാല്‍ എണ്ണമയം പോയാല്‍ വാകച്ചാര്‍ത്തായി. അതിനുശേഷം പുണ്യാഹം, സപ്തശുദ്ധി, പുരുഷസൂക്തം, അതാത് ദേവസൂക്തങ്ങള്‍ എന്നിവയില്‍ അഭിഷേകം ചെയ്ത് പൂവും ചന്ദനവും ചാര്‍ത്തുന്നു. ഈ സമയം ഉദയസൂര്യനെപ്പോലെ പ്രകാശിക്കുന്ന തേജോമയമായ ദേവബിംബത്തെ ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ കഴിയുന്നു. 

ദേവനെ തേച്ചു കുളിപ്പിക്കുന്നു. തീര്‍ത്ഥമുണ്ടാക്കി അഭിഷേകാദികളും അലങ്കാരങ്ങളും ചെയ്തു മലര്‍നിവേദ്യം കഴിഞ്ഞാല്‍ ഉഷഃപൂജ തുടങ്ങുകയായി. ഉഷഃപൂജയും ഏത്യത്തപൂജയും കഴിഞ്ഞാല്‍ ശീവേലി എന്ന ചടങ്ങു നടക്കുന്നു. ദേവന്‍റെ പാര്‍ഷദന്‍മാര്‍ക്കും ദ്വാസ്ഥന്മാര്‍ക്കും പരിവാരങ്ങള്‍ക്കും ധ്വജശേഖരന്‍മാര്‍ക്കും ബലിതൂവുന്ന ഈ ചടങ്ങോടു കൂടി രാവിലത്തെ പൂജകള്‍ അവസാനിക്കുന്നു.

പിന്നീട് നടത്തുന്ന പൂജയ്ക്കാണ് പന്തീരടി എന്നു പറയുന്നത്. നിത്യനവകവും അഞ്ചു പൂജകളുമുള്ള ക്ഷേത്രങ്ങളില്‍ പന്തീരടിക്കാണ് നവകം പൂജിച്ച് അഭിഷേകം ചെയ്യുന്നത്. നവകമെന്നത് ഒരു മന്ത്രമാണ്. ഒന്‍പത് സംഖ്യയുടെ കൂട്ടമെന്നാണിതിന്‍റെ അര്‍ഥം.

പിന്നെ ഉച്ചപൂജ. അതിനു ശേഷം ഉച്ചശീവേലിയോടു കൂടി മദ്ധ്യാഹ്നം വരെയുള്ള പൂജകള്‍ സമാപിക്കുന്നു. 

വൈകുന്നേരം അഞ്ചു മണിയോടുകൂടി ആരംഭിക്കുന്ന സായാഹ്ന പൂജകള്‍ രാത്രി എട്ടുമണിവരെയുണ്ടാകും. പ്രദോഷ ദിവസങ്ങളില്‍ സന്ധ്യക്ക് ശിവക്ഷേത്രങ്ങളില്‍ പ്രദോഷ പൂജയോടൊപ്പം അഭിഷേകവും പതിവുണ്ട്. മറ്റു ദിവസങ്ങളില്‍ സന്ധ്യയ്ക്ക് അഭിഷേകം പതിവില്ല. ദീപാരാധനയ്ക്കു ശേഷം അത്താഴപൂജയും അതു കഴിഞ്ഞാല്‍ അത്താഴ ശീവേലിയും നടത്തി നട അടയ്ക്കുന്നതോടെ ഒരു ദിവസത്തെ പൂജാക്രമം അവസാനിക്കുന്നു.

ദീപാരാധന

സാധാരണയായി ഒട്ടുമിക്ക ഹൈന്ദവ ക്ഷേത്രങ്ങളിലെല്ലാം നടത്തി വരാറുള്ള ഒരു പൂജാസമ്പ്രദായമാണ്.ദീപാരാധന [ദീപം+ആരാധന] ഉഷഃപൂജ, മധ്യാഹ്നപൂജ എന്നീ വേളകളിലും ദീപാരാധന നടത്താറുണ്ട്. സാധാരണയായി സായംസന്ധ്യയിലാണ്(സന്ധ്യാദീപാരാധന) നടത്തുന്നത്. അതിനാണ് ഏറെ പ്രാധാന്യം. ദീപാരാധനയിലൂടെ താന്ത്രികമായും മാന്ത്രികമായും വൈദികകർമ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവൽപാദത്തിലേയ്ക്ക് അർപ്പിക്കുന്നു. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ദീപാരാധന ഉണ്ടെങ്കില്ലും നേരിയ വ്യത്യാസങ്ങൾ ഉണ്ട്.

പലതരത്തിലുള്ള ദീപാരാധനകൾ

ദീപാരാധന തന്നെ പലവിധത്തിലുണ്ട്. ഓരോന്നിനും ഓരോ പ്രാധാന്യവും ഫലങ്ങളും ഉണ്ട്.

അലങ്കാര ദീപാരാധന.പന്തീരടി ദീപാരാധനഉച്ചപൂജാ ദീപാരാധനസന്ധ്യാദീപാരാധനഅത്താഴപൂജ ദീപാരാധന

നടപടി ക്രമങ്ങൾ

കേരളത്തിലെ സാധാരണ ക്ഷേത്രങ്ങളിൽ കാണാവുന്ന ദീപാരാധനയുടെ നടപടി ക്രമങ്ങൾ.

ദീപാരാധനയ്ക്കു തൊട്ടുമുമ്പ് ശാന്തിക്കാരൻ ശ്രീകോവിലിനുള്ളിൽ കയറി ക്ഷേത്രനട ചാരിയിടും.

ശാന്തിക്കാരൻ ദീപാരാധനക്ക് ഒരുക്കുന്നു. (ദീപാലങ്കാരങ്ങളെല്ലാം)

നട തുറക്കുന്നു.

ഒന്നിനുപിറകെ ഒന്നായി തട്ടുവിളക്ക്, പർവ്വതവിളക്ക്, നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകൾ ഉപയോഗിച്ച് ഭഗവാനെ ഉഴിയുന്നു.(ലഭ്യത അനുസരിച്ച്)

അവസാനം കൽപ്പൂരദീപം കാട്ടി ശാന്തിക്കാരൻ പൂവുഴിഞ്ഞ് ദേവപാദത്തിൽ സമർപ്പിക്കുന്നതോടെ ദീപാരാധന സമാപിക്കും.

പ്രതിഷ്ഠാമൂർത്തിയെ ഇങ്ങനെ കൊണ്ടുഴിയുമ്പോൾ ശാന്തിക്കാരൻ മറ്റേ കൈകൊണ്ട് മണി മുഴക്കിക്കൊണ്ടേയിരിക്കും. അതേസമയം തന്നെ ശ്രീകോവിലിനു വെളിയിൽ ഭക്തജനങ്ങൾ പുറത്തുള്ള മണികൾ മുഴക്കുകയും ചെയ്യുന്നു. ചിലയിടങ്ങളിൽ ശംഖുവിളി, നാഗസ്വര വായന, കുരവയിടൽ എന്നിവയും പതിവുണ്ട്.


No comments:

Post a Comment