27 August 2016

ബ്രാഹ്മമുഹൂര്‍ത്തം

ബ്രാഹ്മമുഹൂര്‍ത്തം

    സൂര്യോദയത്തിന് ഏഴര നാഴിക മുമ്പുള്ള ശുഭ മുഹൂര്‍ത്തത്തെയാണ് 'ബ്രാഹ്മമുഹൂര്‍ത്തം' എന്ന് പറയുന്നത്. രണ്ടര നാഴിക കൂടിയതാണ് ഒരു മണിക്കൂര്‍. അങ്ങനെ നോക്കുമ്പോള്‍ പുലര്‍ച്ചെ മൂന്ന് മുപ്പതിനോടടുത്ത സമയമാണ് ബ്രാഹ്മമുഹൂര്‍ത്തം എന്നുപറയാം. ഈ സമയം നിര്‍മ്മലവും ശാന്തിപൂര്‍ണ്ണവുമായിരിക്കും. ദേവപൂജകള്‍ ആരംഭിക്കുവാന്‍ ശുഭകരവും മാഹാത്മ്യമേറിയതുമായ സമയമാണിത്. തമസ്സിന്റെ മൂടുപടം അകറ്റി വെളിച്ചത്തിനു നാന്ദി കുറിക്കുന്ന അസുലഭ വേളയാണിത്. ഉറങ്ങുന്ന പ്രകൃതി ഉറക്കമുണര്‍ന്നു പ്രവര്‍ത്തനക്ഷമമാകുന്ന ധന്യ മുഹൂര്‍ത്തവും ഇതുതന്നെ. ഈ മുഹൂര്‍ത്തം ദേവഗുണപ്രധാനമാണ്. ഈ ശുഭവേളയില്‍ ഉണര്‍ന്ന് ദേവപൂജാകര്‍മ്മങ്ങള്‍ ചെയ്യുന്ന വ്യക്തിയുടെ ബുദ്ധി ഉണരുന്നു. ശരീരം രോഗവിമുക്തമാവുകയും അതിന് ശക്തി സിദ്ധിക്കുകയും ചെയ്യുന്നു. പണ്ടുകാലങ്ങളില്‍ നമ്മുടെ മഹര്‍ഷീശ്വരന്മാര്‍ ഐശ്വര്യാ പ്രദായകമായ ഗായത്രീമന്ത്രം ഉരുവിട്ടുകൊണ്ട് ജപതപാദികള്‍ നടത്തിയിരുന്ന ശുഭവേളയാണ് ഈ ബ്രാഹ്മ മുഹൂര്‍ത്തം.

  ബ്രാഹ്മമുഹൂര്‍ത്തം ശുഭവേളയായതിനാല്‍ സദ്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനും സദ്തീരുമാനങ്ങള്‍ എടുക്കുന്നതിനും ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ അവസരത്തില്‍ ശബ്ദമലിനീകരണമോ, വായുമലിനീകരണമോ ഇല്ലാതെ പ്രകൃതി ശാന്തസുന്ദരവും നിര്‍മ്മലവുമായിരിക്കും. ഈ പുലര്‍കാലവേളയില്‍ നടത്തപ്പെടുന്ന ക്ഷേത്രദര്‍ശനത്തെയാണ്‌ നിര്‍മ്മാല്യദര്‍ശനം എന്ന് പറയുന്നത്. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് 'പ്രാണായാമം' അനുഷ്ഠിക്കുന്ന വ്യക്തിക്ക് പൂര്‍ണ്ണാരോഗ്യവും ദീഘായുസ്സും സിദ്ധിക്കുന്നതാണ്. ബ്രാഹ്മജ്ഞാന മുഹൂര്‍ത്തമാണ് ബ്രാഹ്മമുഹൂര്‍ത്തം. 'ബ്രാഹ്മം' എന്നാല്‍ ബ്രഹ്മത്തെ അല്ലെങ്കില്‍ പ്രപഞ്ചത്തെ കുറിക്കുന്നതും 'മുഹൂര്‍ത്തം' എന്നാല്‍ ശുഭസമയത്തെ കുറിക്കുന്നതുമാണ്. അതുകൊണ്ട് ഈ മുഹൂര്‍ത്തം സര്‍വ്വദാ ശുഭസൂചകവും ശുഭദായകവുമാണ്. പ്രകൃതി കനിഞ്ഞു പ്രദാനം ചെയ്യുന്ന സ്വാസ്ഥവും ശാന്തവുമായ ഈ അന്തരീക്ഷം, കലകള്‍ അഭ്യസിക്കുന്നതിനും പഠനം നടത്തുന്നതിനും ഏറെ വിശേഷപ്പെട്ട മുഹൂര്‍ത്തമാണ്.

No comments:

Post a Comment