16 June 2016

യന്ത്രങ്ങള്‍

യന്ത്രങ്ങള്‍

ചിന്താമണിയന്ത്രം - 1 :- 
ഈ യന്ത്രം എല്ലാ വിധ അഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുന്നതാകുന്നു.

ചിന്താമണിയന്ത്രം - 2 :- 
ഈ യന്ത്രം ധരിയ്ക്കുന്നതായാല്‍ പാപത്തേയും രോഗങ്ങളേയും ബാധോപദ്രവങ്ങളേയും നശിപ്പിക്കുന്നതാണ്.

ചിന്താമണിയന്ത്രം - 3 :- 
ഈ യന്ത്രം ആപത്തുക്കളേയും ഗ്രഹപ്പിഴകൊണ്ടുള്ള ഉപദ്രവങ്ങളേയും നശിപ്പിയ്ക്കും.

ശ്രീസൂക്ത (സൗഭാഗ്യ) യന്ത്രം :- 
ഈ ശ്രീസൂക്തയന്ത്രം ശാസ്ത്രവിധിപ്രാകാരം, എഴുതി ഭക്തി സഹിതം ധരിയ്ക്കുന്നതായാല്‍ പുത്രസമ്പത്ത്, ആരോഗ്യം, വസ്തുവകള്‍, ധാന്യസമൃദ്ധി, ധനപുഷ്ടി, നല്ല പശുക്കള്‍, സസ്യങ്ങള്‍ എന്നീ സമ്പത്സമൃദ്ധികളോടുകൂടി അതിപ്രസന്നയായ ശ്രീഭഗവതി അവരുടെ ഗൃഹത്തില്‍ തന്നെ താമസിക്കുകയും, അവര്‍ക്കുള്ളതായ സകല അഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുകയും, അങ്ങിനെ അവര്‍ 100 വയസ്സുവരെ സുഖമായി ജീവിച്ചിരിക്കുകയും ചെയ്യുന്നതാണ്.  ഈ ശ്രീസൂക്തയന്ത്രം തന്നെ ചെമ്പുതകിടില്‍ എഴുതി സമ്പാതസ്പര്‍ശം ചെയ്ത് ജപിച്ച് നടുമിറ്റം മുതലായ പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിയ്ക്കുകയും, അവിടെ സ്ഥലശുദ്ധി ചെയ്ത് ലക്ഷ്മീ ഭഗവതിയെ ആവാഹിച്ച് വേണ്ടതുപോലെ പൂജിയ്ക്കുകയും പിന്നെ പരിവാരങ്ങള്‍ക്ക് ബലി തൂവുകയും ചെയ്ക. ഇങ്ങിനെ എവിടെ ചെയ്യുന്നുവോ അവിടെ എല്ലാ സമ്പത്തുക്കളും ദിനംപ്രതി വര്‍ദ്ധിയ്ക്കുന്നതാകുന്നു. മാത്രമല്ല പുത്രന്മാര്‍, ഭാര്യന്മാര്‍, സ്നേഹിതന്മാര്‍ മറ്റു വിഭാഗങ്ങള്‍, ധനങ്ങള്‍, ധാന്യങ്ങള്‍, ആനകള്‍, കുതിരകള്‍, രഥങ്ങള്‍, അനവധി കാളകള്‍, പശുക്കള്‍ ഇത്യാദി എന്നെന്നും അവിടെ സമൃദ്ധിയായി  ഉണ്ടായിരിക്കുന്നതാണ്. പതിവ്രതയായ സ്ത്രീ ഭര്‍ത്താവിനെ എങ്ങിനെ ഒരിയ്ക്കലും വേര്‍പിരിയാതെ എപ്പോഴും ഇഷ്ടം നോക്കി ഉപചരിയ്ക്കുന്നുവോ അതുപോലെ ശ്രീഭഗവതി അവിടെ എപ്പോഴും സന്തോഷത്തോടുകൂടി ക്രീഡിച്ചുകൊണ്ടിരിയ്ക്കുന്നതാണ്.

ശ്രീയന്ത്രം :- 
ഈ യന്ത്രം എഴുതി ഏതു ഭവനത്തില്‍ സ്ഥാപിയ്ക്കുന്നുവോ അവിടെ ധനങ്ങള്‍, മറ്റു ധാന്യങ്ങള്‍, വിഭവങ്ങള്‍, കുതിരകള്‍, ആനകള്‍, സ്വര്‍ണ്ണങ്ങള്‍, ആഭരണങ്ങള്‍, നല്ല ഭൃത്യന്മാര്‍, ഭൂസ്വത്തുക്കള്‍ എന്നിത്യാദികളായ സകല സമ്പത്സമൃദ്ധികളോടും കൂടി സാക്ഷാല്‍ ശ്രീഭഗവതി വളരെ സന്തോഷത്തോടുകൂടിത്തന്നെ വേര്‍പിരിയാതെ എപ്പോഴും ക്രീഡിച്ചുകൊണ്ട് വസിയ്ക്കുന്നതാണ്.

അശ്വാരൂഢയന്ത്രം - 1 :- 
ഈ യന്ത്രം വിധിപ്രകാരം എഴുതി ധരിയ്ക്കുന്നവര്‍ക്ക് വളരെ ധനസമൃദ്ധിയുണ്ടാവുകയും, ജനങ്ങള്‍ക്ക്‌ വളരെ വശ്യമുണ്ടാവുകയും ചെയ്യുന്നതാണ്.

അശ്വാരൂഢയന്ത്രം - 2 :- 
ഈ യന്ത്രം എഴുതി താമരപ്പൂവിലാക്കി ഒരു കുടത്തില്‍വെച്ച് പൂജിയ്ക്കുകയും സമ്പാതസ്പര്‍ശം മുതലായത് ചെയ്കയും ചെയ്ത് ദേഹത്തില്‍ ധരിയ്ക്കുന്നതായാല്‍ അവന്നു ഈ മൂന്നു ലോകത്തേയും വശീകരിച്ചു സ്വാധീനമാക്കുവാന്‍ കഴിയുന്നതാണ്.

നിത്യക്ലിന്നാപാര്‍വ്വതീയന്ത്രം :- 
ഈ യന്ത്രം ധരിയ്ക്കുന്നവര്‍ക്ക് സകലവിധത്തിലുള്ള ഐശ്വര്യങ്ങളും സിദ്ധിയ്ക്കുന്നതാണ്.

സ്വയംവരയന്ത്രം :- 
ഈ സ്വയംവരയന്ത്രത്തെ സ്വര്‍ണ്ണം, വെള്ളി മുതലായ തകിടുകളില്‍ വരച്ച് സ്വയംവരമന്ത്രം തൊട്ടുജപിച്ച്, സമ്പാതസ്പര്‍ശം ചെയ്ത് നല്ല ദിവസം നോക്കി ശരീരത്തില്‍ ധരിയ്ക്കുക, എന്നാല്‍ വളരെ ധനവും, ധാന്യങ്ങളും, വസ്തുക്കളും, പശുക്കളും, സസ്യങ്ങളും, ആഭരണങ്ങളും വളരെ ഹൃദ്യങ്ങളായ മറ്റു ഐശ്വര്യങ്ങളും ലഭിയ്ക്കുന്നതിനുപുറമേ ഈ മൂന്നു ലോകത്തേയും സന്തോഷിപ്പിച്ച് സ്വാധീനമാക്കുകയും ചെയ്യാവുന്നതാണ്.

സമൃദ്ധിയന്ത്രം :- 
ഈ സമൃദ്ധിയന്ത്രം ഐഹികാമൃഷ്ടികങ്ങളായ സകലവിധ സുഖത്തേയും ഉണ്ടാക്കുന്നതാണ്.

വാരാഹീയന്ത്രം - 1 :- 
ഈ വരാഹീയന്ത്രം എല്ലായ്പ്പോഴും ദേഹരക്ഷയേയും, ശത്രുക്കള്‍ക്ക് സ്തംഭനത്തേയും, മോഹനത്തേയും ഉണ്ടാക്കുന്നതാണ്. മാത്രമല്ല ശത്രുക്കളുടെ ഗതിയും, വാക്കും, ബുദ്ധിയും മറ്റു സര്‍വ്വ ചേഷ്ടകളും നിരോധിയ്ക്കപ്പെടുവാനും ശത്രുക്കളെ സ്വാധീനമാക്കുവാനും ഈ യന്ത്രം ധരിയ്ക്കുന്നവരുടെ സകല ശത്രുക്കളും ഉടനെ നാമാവശേഷമായിത്തീരുന്നതാണ്.

വാരാഹീയന്ത്രം - 2 :- 
ഈ വാരാഹീയന്ത്രം സകല ശത്രുക്കളേയും നശിപ്പിയ്ക്കും സകലവിധമായ രക്ഷകളേയും ചെയ്യും, ജനങ്ങളെയെല്ലാം വശീകരിച്ച് സ്വാധീനമാക്കും, ധനസമൃദ്ധിയേയും ധാന്യപുഷ്ടിയേയും ഉണ്ടാക്കും. ദുഷ്ടന്മാരെയെല്ലാം നശിപ്പിയ്ക്കും. സകല ഉപദ്രവങ്ങളില്‍നിന്നും രക്ഷിയ്ക്കുകയും ചെയ്യും. ലോകാനുഗ്രഹത്തിനുവേണ്ടി ജീവിച്ചിരുന്ന പുരാതന മഹര്‍ഷിമാര്‍ അങ്ങിനെയാണ് പറഞ്ഞിരിയ്ക്കുന്നത്.

സ്വപ്നവാരാഹീയന്ത്രം :-
ഈ വാരാഹീയന്ത്രം സ്വര്‍ണ്ണം, വെള്ളി മുതലായ ലോഹത്തകിടില്‍ വിധിപ്രകാരം വരച്ച്  കയ്യ് അര മുതലായ അവയവങ്ങളില്‍ ധരിയ്ക്കുന്നതായാല്‍ അവര്‍ക്ക് യശസ്സും ധനവും സുഖവും വര്‍ദ്ധിക്കുന്നതാന്നു. മാത്രമല്ല ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ നാല് പുരുഷാര്‍ത്ഥങ്ങളും, പശുക്കള്‍ ധാന്യങ്ങള്‍ മുതലായ സമ്പത്തുക്കളും സിദ്ധിക്കുന്നതാണ്. എന്നധികം പറയുന്നു. ഈ വാരാഹീയന്ത്രം ധരിയ്ക്കുന്നവര്‍ക്ക് സകല അഭീഷ്ടങ്ങളേയും ദേവി സാധിപ്പിച്ചുകൊടുക്കുന്നതാണ്.

ശകടയന്ത്രം :- 
ഈ യന്ത്രം വിധിപ്രകാരം സ്വര്‍ണ്ണതകിടില്‍ എഴുതി കറുത്ത വര്‍ണ്ണമായ പുഷ്പങ്ങളെക്കൊണ്ട് പൂജിച്ച് ശത്രുക്കളുടെ ഭവനത്തില്‍ നിക്ഷേപിക്കുക. എന്നാല്‍ ആ ശത്രു നൂറുകൊല്ലമായി അവിടെത്തന്നെ സ്ഥിരതാമസക്കാരനായിരുന്നാല്‍ പോലും ഉടനെ സ്ഥലം വിട്ടുപോകുന്നതാണ്. യുദ്ധസമയത്ത് ഘോഷിക്കുന്ന പടഹം, മദ്ദളം, പെരുമ്പറ മുതലായ വാദ്യങ്ങളുടെ അകത്ത് ഈ യന്ത്രം ഇട്ടുകൊണ്ട്‌ യുദ്ധസമയത്ത് വാദ്യഘോഷം മുഴക്കുന്നതായാല്‍ ആ ശബ്ദം കേട്ട മാത്രയില്‍ തന്നെ ശത്രുക്കള്‍ ഭയപ്പെട്ടു ഓടുന്നതാണ്. ഈ യന്ത്രം സ്വര്‍ണ്ണതകിടില്‍ എഴുതി വിധിപ്രകാരം പൂജിച്ച് അധോമുഖമായിട്ട് മഞ്ഞനിറത്തിലുള്ള പൂക്കളില്‍ ഇട്ടാല്‍ ശത്രുക്കളുടെ വാക്കുകള്‍ സ്തംഭിച്ചുപോകും. അവര്‍ക്ക് മിണ്ടുവാന്‍ വയ്യാതാകുമെന്നര്‍ത്ഥം. അത് തീയ്യിലിട്ടാല്‍ ശത്രുക്കള്‍ക്ക് ചുട്ടുപുകച്ചിലുണ്ടാകും. വെള്ളത്തിലിട്ടാല്‍ തുടരെത്തുടരെ അനര്‍ത്ഥങ്ങളുണ്ടാകും.  സാധ്യപുരുഷന്‍റെ നക്ഷത്രവൃക്ഷം തുളച്ചു ഈ യന്ത്രം അതിനകത്തുവെച്ചാല്‍ ശത്രുക്കള്‍ക്ക് അതിയായ മനോദുഃഖമുണ്ടാകും. കറുത്ത വസ്ത്രത്തില്‍ യന്ത്രം പൊതിഞ്ഞ് ഭൂമിയില്‍ കുഴിച്ചിട്ടാല്‍ ശത്രുക്കള്‍ക്ക് ഭ്രാന്തുപിടിക്കും. എന്തിനധികം പറയുന്നു; ഈ യന്ത്രം വിധിയാംവണ്ണം എഴുതി ധരിയ്ക്കുന്നതായാല്‍ അവര്‍ക്ക് സകലവിധ അഭീഷ്ടങ്ങളും സിദ്ധിക്കുന്നതാകുന്നു.

ആഗാവസൂക്തയന്ത്രം :-
ഈ യന്ത്രം ഭവനാദികളില്‍ സ്ഥാപിച്ചാല്‍ അവിടെ പശുക്കള്‍, പോത്തുകള്‍, കുതിരകള്‍, എരുമകള്‍ മുതലായവയുടെ മറ്റു സമ്പത്തുകളും ക്ഷണത്തില്‍ വര്‍ദ്ധിയ്ക്കുന്നതാണ്.

ഋക്പഞ്ചകയന്ത്രം - 1 :- 
ഈ യന്ത്രം ധനപുഷ്ടിയേയും, ധാന്യസമൃദ്ധിയേയും, ഭൂസ്വത്തുക്കളേയും, പുത്രാപൌത്രാദിസന്താനസമ്പത്തിനേയും പശുക്കള്‍ ആനകള്‍ കുതിരകള്‍ പോത്തുകള്‍ സസ്യങ്ങള്‍ ആഭരണങ്ങള്‍ മുതലായ ഉപകരണങ്ങളോടുകൂടി വലിയ സമ്പത്സമൃദ്ധിയേയും പ്രദാനം ചെയ്യുന്നതാണ്. എന്തിനധികം വിസ്തരിക്കുന്നു? ഈ യന്ത്രം ധരിയ്ക്കുന്നവന് സകലവിധമായ അഭീഷ്ടങ്ങളും സിദ്ധിയ്ക്കുന്നതാകുന്നു.

No comments:

Post a Comment