ധർമ്മം
"ധൃഞ് ധാരണ പോഷണയോ:" എന്ന ധാതുവിൽ നിന്നും നിഷ്പന്നമായ പദം. ലോകത്തിന്റെ നില നിൽപ്പിനും മനുഷ്യജീവിതത്തിന്റെ ലക്ഷ്യപ്രാപ്തിക്കും വേണ്ടി നാമെല്ലാം ധരിക്കേണ്ടുന്ന മൂല്യങ്ങളുടെ ആകെത്തുകയ്ക്ക് ധർമ്മമെന്നു പറയാം (ധാരണാദ് ധർമ്മ:). അതുപോലെ വ്യത്യസ്ത ഗുണഘടനകളോടും സ്വഭാവവിശേഷങ്ങളോടും കൂടിയ നാമൊക്കെയും യാതോന്നിലാണോ ഒന്നായി, ഒരു സമൂഹമായി നിലനിർത്തപ്പെടുന്നത് അതാകുന്നു ധർമ്മം (ധ്രിയതേ അനേന ഇതി ധർമ്മ:).
ധർമ്മത്തിന്റെ അടിസ്ഥാനം വേദമാകുന്നു. "വേദോ~ ഖിലോ ധർമ്മമൂലം" എന്നു മനുസ്മൃതി. വേദത്തിന്റെ അടിസ്ഥാനത്തിലുള്ള ധർമ്മമാകുന്നു വൈദിക ധർമ്മം. ഒരിക്കലും നശിക്കാത്തതായതിനാൽ ഇതിനെത്തന്നെ സനാതനധർമ്മം എന്നു പറയുന്നു. ഈ സനാതനധർമ്മം തന്നെയാണ് ഹിന്ദുധർമ്മം എന്നറിയപ്പെടുന്നത്. ഹിന്ദുക്കൾ എന്ന് വിളിക്കപ്പെട്ടത് ഭാരതത്തിലെ ജനതയാണ്.
വടക്ക് ഹിമാലയം മുതൽ തെക്ക് ഇന്ദുസമുദ്രം വരെയുള്ള ഭൂഭാഗത്തിനു ഹിന്ദുസ്ഥാനം എന്നു പറയുന്നു. ഹിന്ദു സ്ഥാനത്ത് വസിക്കുന്നവർ ഹിന്ദുക്കളായും അറിയപ്പെടുന്നു. ഇപ്രകാരമാണ് ആ പേര് വന്നതെന്ന് ഒരു പക്ഷം. അതല്ല സിന്ധു നദിയോടനുബന്ധിച്ച് വസിച്ച ജന വിഭാഗങ്ങളാണ് ഹിന്ദുക്കളെന്നു വിളിക്കപ്പെട്ടതെന്ന് വേറൊരു പക്ഷം. ഏതായാലും വൈദിക ധർമ്മത്തിൽ വസിക്കുന്നവരെയാണ് ഹിന്ദുക്കൾ എന്നു പറയുമ്പോൾ നാം വിവക്ഷിക്കുന്നത്. അങ്ങനെ ഭാരതത്തിൽ - ഹിന്ദുസ്ഥാനത്തിൽ - പ്രചരിച്ചതും ഇവിടെ നിന്നും ലോകമാസകാലം പ്രസരിച്ചതുമായ വൈദികധർമ്മത്തെ നാം ഹിന്ദുധർമ്മമെന്നു പറയുന്നു.
വേദം
വിദ് ജ്ഞാനേ വിദ് ലാഭേ, വിദ് വിചാരണേ, വിദ്സത്തായാം' എന്നീ നാല് ധാതുക്കളിൽ നിന്നും വേദശബ്ദം സിദ്ധമാക്കാം. ജ്ഞാനം, പരമമായ ലാഭം, വേദ വാക്യങ്ങളുടെ വിചാരണത്തിലൂടെ അറിയേണ്ടുന്നത്, അസ്തിത്വം എന്നിങ്ങനെ അവയ്ക്ക് യഥാക്രമം അർത്ഥങ്ങൾ. ഈ വേദം ആരും തന്നെ ഉണ്ടാക്കിയതല്ല. സ്വതവേ തന്നെ ഉള്ളതാണ്. അനാദിയും അപൗരുഷേയവുമായ ജ്ഞാനത്തെ മന്ത്രദ്രഷ്ടാക്കളായ ഋഷിവര്യന്മാർ ദർശിക്കുകയാണ്, കണ്ടെത്തുകയാണ് ചെയ്തത്.
വേദ ലക്ഷണം
സ്വതവേ വേദം ഏകരൂപമാണേങ്കിലും വേദത്തിനു മൂന്ന് ലക്ഷണങ്ങളുണ്ട്.
1. ഋക് : ശ്രുതി പ്രധാനവും ഛന്ദോരൂപവുമായ മന്ത്ര ഭാഗം.
2. യജുസ് : യജ്ഞപ്രധാനവും പ്രായേണ ഗദ്യ രൂപവുമായ മന്ത്ര ഭാഗം.
3. സാമം: ഗാനപ്രധാനമായ മന്ത്രഭാഗം.
ഈ വേദം സ്വതവേ ഈശ്വരനിൽനിന്നു തന്നെ ആവിർഭവിച്ചതാകുന്നു. ഋഷിമാർ - മന്ത്രദ്രഷ്ടാക്കൾ - ആയതിനെ ദർശിച്ചു.
No comments:
Post a Comment