1 May 2016

നിലവിളക്കു കൊളുത്തേണ്ട വിധം

നിലവിളക്കു കൊളുത്തേണ്ട വിധം



                ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ കിഴക്കോട്ടും പടിഞ്ഞാട്ടുമായി ഈരണ്ടു തിരികള്‍ വീതമിടണം. നമസ്തേ പറയുമ്പോള്‍ നാം കൈകള്‍ ചേര്‍ത്തുപിടിക്കുന്നതുപോലെ തിരികള്‍ ചേര്‍ത്തു വച്ചാണ് വിളക്കില്‍ ഇടേണ്ടത്. തിരികള്‍ വേര്‍പെട്ടോ കൂടിപ്പിണഞ്ഞോ കിടക്കരുത്. അലക്കി ശുദ്ധമാക്കി നല്ലതുപോലെ ഉണക്കിയെടുത്ത പരുത്തിത്തുണി കീറി തിരിതെറുത്തു വേണം വിളക്കിലിടാന്‍. നനവുള്ള തിരി കത്തിച്ച് ദീപം പൊട്ടിത്തെറിക്കാന്‍ ഇടയാകരുത്. തീപ്പെട്ടി ഉരച്ച് നേരിട്ട് വിളക്കില്‍ കത്തിക്കരുത്. കൊടിവിളക്കോ, അതില്ലെങ്കില്‍ ചെരാതോ ആദ്യം കത്തിച്ചിട്ട് അതില്‍നിന്നെ നിലവിളക്കിലേക്ക് ദീപം പകരാവു. 
              വറുത്ത ശേഷമുള്ള എണ്ണ, വെള്ളം കലര്‍ന്ന എണ്ണ, മൃഗക്കൊഴുപ്പുകളില്‍നിന്നെടുത്ത എണ്ണ, റിഫൈഡു ഓയിലുകള്‍ ഇവയൊന്നും നിലവിളക്കില്‍ ഉപയോഗിക്കരുത്. പ്രാണികളും മറ്റും ചാത്തുകിടന്നും മുടിയിഴകള്‍ കെട്ടുപിണഞ്ഞുകിടന്നും അശുദ്ധമായ എണ്ണയും വര്‍ജിക്കണം. എള്ളെണ്ണയാണ് ഗൃഹത്തിലേക്ക് ഉത്തമം.
വിളക്കുകൊളുത്തുമ്പോള്‍ അഗ്നിജ്വലനമന്ത്രം ജപിക്കുന്നത്‌ ശ്രേയസ്കരമാണ്. 
"ചിത്  പിംഗല ഹന ഹന ദഹ ദഹ
പച പച സര്‍വജ്ഞാ ജ്ഞാപയ സ്വാഹാ."
എന്നതാണ്  അഗ്നിജ്വലനമന്ത്രം
സന്ധ്യാദീപം കണ്ടാലുടന്‍ എഴുന്നേറ്റുനിന്ന് തൊഴുതുപിടിച്ച് ഇങ്ങനെ പ്രാര്‍ഥിക്കുക.

"ശിവം ഭവതു കല്യാണം ആയുരാരോഗ്യവര്‍ധനം
നമ ശത്രുവിനാശായ സന്ധ്യാദീപം നമോ നമ".
തെക്കുകിഴക്കു ഭാഗങ്ങളില്‍ നിന്നുവേണം സന്ധ്യാദീപം ദര്‍ശിക്കാന്‍.
                  സന്ധ്യ കഴിഞ്ഞാല്‍ വിളക്കണയ്ക്കാം. വസ്ത്രം ഉപയോഗിച്ചു വീശിക്കെടുത്തുകയാണ് ഉത്തമം.ഊതിക്കെടുത്തുകയോ തിരികള്‍ എണ്ണയിലേക്കു തള്ളിയിട്ട് അഗ്നിയെ മുക്കിക്കെടുത്തുകയോ ചെയ്യരുത്. എണ്ണ വറ്റി വിളക്ക് കരിന്തിരി (പടുതിരി) കത്തരുത്.
            മംഗളാവസരങ്ങളില്‍ മാത്രം അഞ്ചു അല്ലെങ്കില്‍ ഏഴ് തിരികളിട്ട് വിളക്കു കത്തിക്കാം. അങ്ങനെ കൊളുത്തുമ്പോള്‍ ആദ്യം കിഴക്കോട്ടുള്ള തിരി കത്തിച്ച് തുടര്‍ന്നു പ്രദക്ഷിണമായി മറ്റു തിരികള്‍ കത്തിക്കണം. തെക്കുകിഴക്ക്‌, തെക്കുപടിഞ്ഞാറ്  ഇങ്ങനെയാണ് പ്രദക്ഷിണമായി കത്തിക്കേണ്ടത്. നേര്‍തെക്ക് തിരിയിടരുത്.
"ഏകവര്‍ത്തില്‍ മഹാവ്യാധിര്‍
ദ്വിവര്‍ത്തിര്‍ മഹദ്ധനം
ത്രിവര്‍ത്തിര്‍ മോഹമാലസ്യം 
ചതുര്‍വര്‍ത്തിര്‍ദ്ദരിദ്രതാ
പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-
ദ്വിവര്‍ത്തിസ്തു സുശോഭനം".
               അതായത്  ഒരു തിരിയിട്ടു വിളക്കുകത്തിച്ചാല്‍ കുടുംബത്തില്‍ രോഗങ്ങള്‍ ഉണ്ടാകും. രണ്ടു തിരിയിട്ടു വിളക്കു കത്തിച്ചാല്‍ ധനമുണ്ടാകും, മൂന്നുതിരിയിട്ടു കത്തിച്ചാല്‍ കുടുംബത്തില്‍ മ്ലാനത, അലസത എന്നിവ ഉണ്ടാകും, നാല് തിരിയിട്ടു കത്തിച്ചാല്‍ ദാരിദ്ര്യം ഉണ്ടാകും, അഞ്ചുതിരിയിട്ട് കത്തിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകും, ഏഴോ അതിന്ടെ ഗുണിതങ്ങളോ ആയി തിരിയിട്ട് വിളക്കു കത്തിച്ചാല്‍ കുടുംബത്തില്‍ അഭിവൃദ്ധിയും ഐശ്വര്യവും സര്‍വ്വ മംഗളങ്ങളും ഉണ്ടാകും.
                തുടച്ചു വൃത്തിയാക്കിയ വിളക്കേ സന്ധ്യക്കു കത്തിക്കാവു. അടുത്ത പ്രഭാതത്തില്‍ തലേന്നു കത്തിച്ച വിളക്കു തന്നെ കത്തിക്കാം.

No comments:

Post a Comment