ആവണപ്പലകയില്‍ പൂജയ്ക്കിരിക്കേണ്ടതിന്റെ ആവശ്യമെന്ത്?
ധ്യാനത്തിനും പൂജയ്ക്കുമൊക്കെ സാധകന്‍ ഇരിക്കേണ്ടത് ആവണപ്പലകയിലായിരിക്കണമെന്ന് കേരളത്തില്‍ ഒരു വിധിയുണ്ട്. ഭൂമിയെ സ്പര്‍ശിക്കാതെ ഇരുന്ന് ജപിച്ചാല്‍ എര്‍ത്തിങ്ങ് ഒഴിവാക്കാമെന്നതുകൊണ്ടാണ് പലകയില്‍ തന്നെ ഇരിക്കാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ മന്ത്രശാസ്ത്രപ്രതിപാദിതമായ കൂര്‍മ്മാകൃതിയിലുള്ള (ആമയുടെ ആകൃതിയിലുള്ള) ആവണപ്പലകയില്‍ ഇരിക്കണമെന്നാണ് പഴമക്കാര്‍ പറഞ്ഞിരുന്നത്. പഴയ കാലത്തെ ആവണപ്പലകകള്‍ പരിശോധിച്ചാല്‍ കൂര്‍മ്മത്തിന്റെ കാലുകളും ആകൃതിയുമൊക്കെ ഇതില്‍ ദൃശ്യമാകും. അതുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള ഇരിപ്പിനെ കൂര്‍മ്മാസനം എന്ന് വിളിച്ചിരുന്നതും. ക്ഷേത്രശില്പഘടനയുടെ വിവരണം പരിശോധിച്ചാല്‍ ഇതിന്റെ ആവശ്യകത ബോദ്ധ്യപ്പെടും. ഷഡാധാര പ്രതിഷ്ഠയില്‍ ദേവന്റെ താഴെയായി സങ്കല്‍പ്പിക്കുന്ന ഹൃദയപത്മത്തില്‍ കൂര്‍മ്മത്തെയാണ് പ്രതിപാദിച്ചിട്ടുള്ളത്. മന്ത്രസാധന ചെയ്യുന്നതാകട്ടെ പ്രാണശക്തിയിലാണ്. ഇത് മനസ്സിലാക്കിയാല്‍ ഭൂമീദേവിയെ സ്പര്‍ശിക്കാതെയിരിക്കുന്നതിന്റെ പ്രതീകമായാണ് കൂര്‍മ്മാസനത്തിലിരിക്കണമെന്ന സങ്കല്‍പ്പം ഉരുത്തിരിഞ്ഞതെന്ന് ബോധ്യമാകും. ശാസ്ത്രീയമായി പരിശോധിച്ചാല്‍ ആവണപ്പലക വളരെയധികം ഗുണം ചെയ്യുമെന്ന് കാണാം. ആവണക്കിന്റെ എണ്ണ ചേരുവയായി വരുന്ന കാളശകാദി എണ്ണ കൃമികോഷ്ഠത്തിന് ഉത്തമമാണെന്ന് ആയുര്‍വ്വേദം സമ്മതിക്കുന്നു. മാത്രമല്ല, ആവണക്കിന്‍ വേര് ചേരുവയായി വരുന്ന ധൂമം ആസ്ത്മയ്ക്ക് ഉത്തമ ഔഷധമാണെന്നും വിധിയുണ്ട്.
No comments:
Post a Comment