10 April 2016

ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിലും, പള്ളികളിലും പോകണം?

ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിലും, പള്ളികളിലും പോകണം?
ഈ ചോദ്യം ഒരു സന്യാസിവര്യനോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം ഒരു മറുചോദ്യം ഉന്നയിച്ചു:
“കാറ്റ് എല്ലയിടത്തുമില്ലേ, പിന്നെന്തിന് കാറ്റ് കൊള്ളാന്‍ മരത്തണലില്‍ ഇരിക്കാന്‍ നാം കൊതിക്കുന്നു?”

മരങ്ങളുടെ ശീതളശ്ചായയില്‍ ഇരിക്കുമ്പോള്‍ കുളിര്‍മ്മയുള്ള ഒരു അനുഭവം ഉണ്ടാകുന്നു. ഓരോ സ്ഥലത്തിനും ഇതുപോലെ പ്രത്യേക അന്തരീക്ഷം ഉണ്ട്.

നിത്യേന പൂജയും, പ്രാര്‍ഥനയും നടക്കുന്ന ക്ഷേത്രത്തിലെ, ദേവാലയത്തിലെ  അന്തരീക്ഷത്തില്‍, പ്രത്യേകമായ ശാന്തി നമുക്ക് ലഭിക്കുന്നു. വഴക്കും ബഹളവും നിറഞ്ഞ ഒരു ചന്തയില്‍ നമുക്ക് ഏകാഗ്രത കിട്ടുകയില്ല; അവിടെ പ്രതികൂല ചിന്തകളേ ഉണ്ടാകൂ.

കൂടാതെ, ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ പ്രതിഷ്ഠ ചെയ്യുമ്പോള്‍ വേദമന്ത്രോച്ചാരണങ്ങളോടെ, താന്ത്രിക ആചാര പ്രകാരം സന്നിവേശിപ്പിച്ച പ്രാണശക്തി നിലനില്‍ക്കുന്നു. ഈ പ്രാണശക്തി (ചൈതന്യം) ആണ് ബിംബത്തെ വിഗ്രഹം (വിശേഷാല്‍ ഗ്രഹിച്ചത് – വിഗ്രഹം) ആക്കി മാറ്റുന്നത്; താന്ത്രിക ആചാരങ്ങള്‍ അനുസരിച്ചുള്ള മന്ത്രോച്ചാരണങ്ങള്‍ ഉള്‍പ്പെട്ട   നിത്യപൂജ വിഗ്രഹത്തിലെ പ്രാണശക്തി വര്‍ദ്ധിപ്പിക്കുന്നു.   

ക്ഷേത്ര ദര്‍ശനം ചെയ്യുമ്പോള്‍ വിഗ്രഹത്തില്‍ നിന്നുമുള്ള തേജസ്സ് നമ്മുടെ ശരീരത്തില്‍ പതിക്കുന്നു; ഇതു നമ്മുടെ മനസ്സിനെയും ശരീരത്തേയും ഉത്തേജിപ്പിക്കുന്നു; ശുദ്ധീകരിക്കുന്നു.

എവിടെ വച്ചും ഈശ്വരനെ കാണാനും സംവദിക്കാനും ആര്ജ്ജവമുള്ളവര്‍ക്ക് ഇതൊന്നും ബാധകമല്ല. അവര്‍ക്ക് എവിടെയും ഏകാഗ്രത വേണ്ടുവോളമുണ്ടാവും. കൂടാതെ ഉപാസന കൊണ്ട് ഈശ്വരന്‍റെ തലത്തില്‍ എത്തിയവര്‍ക്ക് ക്ഷേത്രദര്‍ശനം ആവശ്യമില്ല. അതുകൊണ്ടാണ് യോഗികളും ആത്മീയതയില്‍ വളരെ ഉയര്‍ച്ച നേടിയവരും ക്ഷേത്ര ദര്‍ശനം നടത്താത്തത്.

നമ്മെപ്പോലുള്ള സാധാരണക്കാര്‍ക്ക് പ്രാര്‍ത്ഥിക്കാനും, ആശ്വാസം കണ്ടെത്താനും, ഈശ്വര ചൈതന്യം സ്വീകരിക്കാനും  ക്ഷേത്രങ്ങളില്‍, പോയാലേ സാധിക്കൂ. ശരീരവും മനസ്സും ശുദ്ധമാക്കിയിട്ടാണ് ക്ഷേത്രദര്‍ശനം നടത്തേണ്ടത്. എങ്കില്‍ മാത്രമേ ആ ചൈതന്യം നമ്മില്‍ വന്നു ചേരുകയുള്ളൂ.

ഹരി ഓം

No comments:

Post a Comment