അരയാലിന്റെ മഹത്വം
വൃക്ഷലതാദികളെ സംരക്ഷിക്കുക എന്നത് മനുഷ്യവര്‍ഗത്തിന്റെ പ്രധാന ചുമതലതന്നെയാണ്. എന്നും ഈ സംരക്ഷണ സ്വഭാവം നിലനിര്‍ത്തി പോന്നാല്‍ മാത്രമേ ഭൂമുഖത്ത് നമുക്ക് കഴിയാനൊക്കൂ. വൃക്ഷലതാദികളില്‍നിന്നും ലഭിക്കുന്ന കായ്കളാണ് മുഖ്യമായ ഭക്ഷ്യവസ്തു. വൃക്ഷങ്ങള്‍ ഉള്ള കാലം വരെ മാത്രമേ മനുഷ്യനുണ്ടാകൂ എന്ന് ഋഗ്‌വേദത്തില്‍ പറയുന്നുണ്ട്. വൃക്ഷം നടുകയും അതിനെ പുത്രനെപ്പോലെ സംരക്ഷിക്കുകയും വേണമെന്ന് പറയുന്നു. അതിനാല്‍ത്തന്നെ ശ്രേയസ്സും സൗഖ്യവും അവനു ലഭിക്കും. പുഷ്പങ്ങളുടെയും വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും മഹത്വ ഔഷധ ഗുണം എന്നിവയെപ്പറ്റി വിശദമായി ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. വിശുദ്ധമായ വൃക്ഷങ്ങള്‍ വച്ച് പരിപാലിക്കുന്നത് ശ്രേഷ്ഠവും വെട്ടിക്കളയുന്നത് മഹാപാപവുമായിട്ടാണ് കണക്കാക്കിവരുന്നത്.അരയാല്‍ അശ്വത്ഥം,ബോധിദ്രുമം,പിപ്പലം എന്നീ പേരുകളില്‍ അറിയപ്പെടുന്നുണ്ട്.
അരയാലിനെ പുണ്യ വൃക്ഷമായിട്ടാണ് ഹൈന്ദവര്‍ ആരാധിക്കുന്നത്. ശിവഭാവമായ ദക്ഷിണാമൂര്‍ത്തി പേരാലിനു ചുവട്ടില്‍ ദക്ഷിണാഭിമുഖമായിരുന്ന് ഏവര്‍ക്കും ജ്ഞാനം ഉപദേശിക്കുന്നു എന്നാണ് സങ്കല്‍പ്പം.
‘അശ്വത്ഥ: സര്‍വവൃക്ഷാണാം’ എന്നു ഭഗവദ്ഗീതയില്‍ പറയുന്നു. വൃക്ഷങ്ങളില്‍ അശ്വത്ഥമാണ് താനെന്ന് കൃഷ്ണന്‍ ഗീതയില്‍ പറയുന്നുണ്ട്. ഈ പ്രപഞ്ചത്തെ മുകളില്‍ വേരോടുകൂടിയതും കീഴില്‍ ശാഖകളോടുകൂടിയും അഴിവില്ലാത്തതുമായ അരയാലായും ഭഗവദ്ഗീത ചിത്രീകരിക്കുന്നു. കഠോപനിഷത്തിലും സമാനമായ രൂപകല്‍പ്പനയുള്ളത് ഇവിടെ സ്മരിക്കാം. അരയാലിന്റെ മഹത്വവും അതിന്റെ ചൈതന്യവും എത്ര പറഞ്ഞാലാണ് തീരുക. ഇടിമിന്നല്‍ മൂലം വരുന്ന വൈദ്യുതി പ്രവാഹത്തെ പിടിച്ചെടുത്ത് സ്വയം ദഹിക്കാതെ വരുന്നതിനെ ഭൂമിയിലേക്കു വിടുവാന്‍ കഴിവ് അരയാലിനുണ്ട്. ക്ഷേത്രങ്ങള്‍ക്കും കൊട്ടാരങ്ങള്‍ക്കും സമീപത്തായി ആല്‍വൃക്ഷം നട്ടുപിടിപ്പിക്കുന്നത് ഇതിനാല്‍ തന്നെയാണ്.
'' മൂലതോ ബ്രഹ്മരൂപായ മദ്ധ്യതോ വിഷ്ണുരൂപിണേ അഗ്രതഃ ശിവരൂപായ വൃക്ഷരാജായ തേ നമഃ ''
അരയാല്‍ വൃക്ഷത്തിന്റെ കടയ്ക്കല്‍ ബ്രഹ്മാവും മധ്യഭാഗത്ത് വിഷ്ണുവും തലയ്ക്കല്‍ ശിവനും ആണ് കുടികൊള്ളുന്നു.
No comments:
Post a Comment