12 July 2025

സിദ്ധവൈദ്യം

സിദ്ധവൈദ്യം

വൈദ്യവിദ്യയിൽ പ്രകാശമായും ശിരോമകുടമായും ഗണിക്കപ്പെട്ടിരിക്കുന്നതും, ഇപ്പോഴും അഭിമാനിക്കപ്പെട്ടു പോരുന്നതും ചികിത്സാകർമ്മങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നതുമായ ഒരു വൈദ്യമാണ് "സിദ്ധവൈദ്യം ". 

മലയാളഭാഷയിൽ സിദ്ധവൈദ്യഗ്രന്ഥങ്ങൾ അധികവും പുറത്തുവന്നിട്ടില്ല. കാരണം സിദ്ധവൈദ്യഗ്രന്ഥങ്ങളെല്ലാം തമിഴ് ഭാഷയിലാണ്. തമിഴ് ഭാഷയെ മലയാളത്തിൽ വിവർത്തനം ചെയ്യണമെങ്കിൽ, തമിഴ് മലയാള ഭാഷകൾ നല്ലവണ്ണം അറിഞ്ഞിരിക്കുന്നതിനു പുറമേ സിദ്ധവൈദ്യത്തെപ്പറ്റി നല്ലവണ്ണം പരിചയവും അത്യാവശ്യമാണ്. സിദ്ധവൈദ്യം എന്നു പറയുമ്പോൾ വൈദ്യത്തെമാത്രമല്ല ഇവ പരിചയപ്പെടുത്തുന്നത്, രസവാതം (രസശാസ്ത്രം), ജ്യോത്സ്യം, ജ്ഞാനം, കായകല്പം, അഞ്ജനങ്ങൾ, യോഗം, ദീക്ഷ, സമാധി, അഷ്ടബന്ധനങ്ങളും മറ്റു പലതും അടങ്ങിയതാണ് സിദ്ധവൈദ്യശാസ്ത്രം.

അത്ഭുതകമായ പലസിദ്ധിയുള്ള അനേകം ഔഷധങ്ങൾ സിദ്ധവൈദ്യത്തിലുണ്ട്. അൾസർ (കുടൽപ്പുണ്ണ്), മഞ്ഞപ്പിത്തം, അർബുദം (ക്യാൻസർ ), ഛിത്രം (വെള്ളപ്പാണ്ട് ) ആസ്ത്മ, മഹോദരം, ത്വക് രോഗങ്ങൾ, വാതരോഗങ്ങൾ, സോറിയാസീസ്, പിള്ളവാതം (ബാലവാതരോഗങ്ങൾ ) അപസ്മാരം, രക്തസ്രാവം, വന്ധ്യത, ഇവയും മറ്റുപല രോഗങ്ങളെയും സമാധാനം കണ്ടെത്താൻ കഴിവുള്ള മരുന്നുകൾ സിദ്ധവൈദ്യത്തിലുണ്ട്. സന്ദർഭത്തിനനുസരിച്ച് യുക്തിപൂർവ്വം കൂട്ടിച്ചേർത്തും അനുമാനദ്രവ്യങ്ങൾ മാറ്റി പ്രയോഗിക്കണമെന്നേയുള്ളു. കുടുബാസൂത്രണരംഗത്ത് പ്രയോജനപ്പെടുത്താവുന്ന അസംഖ്യം ഔഷധ പ്രയോഗങ്ങൾ സിദ്ധവൈദ്യത്തിലുണ്ട്. ക്ലിപ്ത കാലത്തേക്കു മാത്രമോ എക്കാലത്തേക്കു മായോ, ഗർഭധാരണം നിർത്തുവാൻ ശക്തിയുള്ളവയാണ് അവ. ഋതുകാലത്ത് അധികമായുണ്ടാകുന്ന രക്തസ്രാവം ഒന്നോ രണ്ടോ നേരത്തെ മരുന്നുകൊണ്ട് സമാധാനം കണ്ടെത്താൻ സാധിക്കുന്നതാണ്. മധുമേഹം, അസ്ഥിസ്രാവം, പൂയമേഹം ഇവയ്ക്കു ഉപയോഗിക്കാവുന്നതും, വാജീകരണവിഭാഗത്തിൽ പെട്ടവയുമായ ഔഷധങ്ങളും സിദ്ധവൈദ്യത്തിൽ കണ്ടെത്താം.

രസതന്ത്രം, രസചികിത്സ രസം അഥവാ പാരദം (മെർക്കുറി) ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെയാണ് പ്രചാരത്തിൽ വരുന്നത്, പാരദം ദ്രവാവസ്ഥയിലാണല്ലോ അതു കണ്ടെത്തിയ കാലത്ത് അത്ഭുത വീര്യമുള്ളതും ഔഷധങ്ങളുടെ മുഴുവൻ സാരമുൾക്കൊള്ളുന്നതും ദ്രവാവസ്ഥയിലുള്ളതുമാണെന്ന കാരണത്താൽ അതിനു രസമെന്ന പദം പ്രയോഗിച്ചു തുടങ്ങി.

രസത്തിൻ്റെ ഖനികൾ ഇറ്റലി, സ്പെയിൻ, കാലിഫോർണിയ എന്നീ രാജ്യങ്ങളിലാണ് കാണപ്പെടുന്നത് . സ്പെയിനിൽ നിന്നും മുമ്പ് കച്ചവടക്കാർ മുഖാന്തിരം ഈജിപ്ത്, ഇറാൻ, പേർഷ്യ, അറബുവഴി ഇവ കാബൂളിൽ എത്തിയിരുന്നു. നാലായിരം വർഷങ്ങൾക്കുമുമ്പ് തന്നെ ഭാരതത്തിൽ ആദിദ്രാവിഡവംശകർ വഞ്ചികൾ വഴി ഈജിപ്ത്, അറബ്, ബാബിലോൺ, സൂസ എന്നീ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്നുവെന്നും ആ കാലത്ത് കപ്പലുകൾ വഴി " "മെർക്കുറി " ഇന്ത്യക്ക് എത്തിച്ചിരുന്നുവെന്നും അറിയുന്നു.

സിദ്ധന്മാർ മുഖ്യമായും കൈകാര്യം ചെയ്ത വിഷയങ്ങൾ രണ്ടെണ്ണമാണ്. ഒന്ന് കായകല്പം, രണ്ട് രസവാതം (രസശാസ്ത്രം) കായകല്പം എന്നു വെച്ചാൽ ദേഹത്തെ ഒരു പരിധിവരെ കേടുവരാതെ സൂക്ഷിക്കുന്നതാകുന്നു. ദേഹത്തെ കേടുവരാതെ സൂക്ഷിക്കാൻ സാധിക്കുമെന്ന് സിദ്ധന്മാർ തെളിയിച്ചിട്ടുണ്ട്.

അഗസ്ത്യൻ
🎀❉━═══🪷═══━❉🎀
സിദ്ധവൈദ്യത്തിൻ്റെ ആചാര്യൻ അഗസ്ത്യമുനിയാണ്. വൈദ്യത്തിലും - പുരാതന ഇതിഹാസങ്ങളിലും അഗസ്ത്യനെ കാണാവുന്നതാണ് - അഗസ്ത്യൻ്റെ വിദ്യാഭ്യാസത്തെപ്പറ്റി പുരാതനങ്ങളിലൊന്നും കാണുന്നില്ല. എന്നാൽ വേദശാസ്ത്രങ്ങളിലും ആയുധാഭ്യാസത്തിലും അഗസ്ത്യൻ മഹാനായിരുന്നു. മഹാഭാരതം ആദിപർവ്വം 139-ആം അദ്ധ്യായം ഒമ്പതാം പദ്യത്തിൽ ദ്രോണരുടെ ഗുരുവായ അഗ്നിവേശൻ പോലും അഗസ്ത്യൻ്റെ ശിഷ്യനാണെന്ന് പറയുന്നുണ്ട്.

അഗസ്ത്യകൂടം
🎀❉━═══🪷═══━❉🎀
ദക്ഷിണഭാരതത്തിൽ പ്രവേശിച്ച് അഗസ്ത്യൻ തപസ്സുചെയ്തുകൊണ്ടിരുന്ന പർവ്വതശിഖരമെന്ന് അഗസ്ത്യകൂടം. വാല്മീകിരാമായണം കിഷ്കിന്ധ്യാകാണ്ഡത്തിൽ സീതാന്വേഷണത്തിന് വേണ്ടി അയയ്ക്കപ്പെടുന്ന വാനരന്മാരോട് അഗസ്ത്യനെ സന്ദർശിക്കണമെന്ന് സുഗ്രീവൻ ആജ്ഞാപിക്കുന്നു. 

അഗസ്ത്യതീർത്ഥം.
🎀❉━═══🪷═══━❉🎀
തെക്കൻ സമുദ്രത്തിൽ മുനിമാർ വസിച്ചിരുന്ന അഞ്ചുതീർത്ഥങ്ങൾ (പഞ്ചതീർത്ഥങ്ങൾ) ഉണ്ടായിരുന്നു. അവയിൽ ഒന്നാണ് അഗസ്ത്യ തീർത്ഥം, ശേഷമുള്ളവ സൗഭദ്രതീർത്ഥം, പൌലോ തീർത്ഥം, കാരസമതീർത്ഥം, അതിപാവനതീർത്ഥം എന്നിവയാണ്. ഈ തീർത്ഥങ്ങളിൽ അഞ്ചുമുതലകൾ താമസിച്ചിരുന്നു. മുതലകളെ ഭയന്നു മഹർഷിമാരെല്ലാം സ്ഥലം വിട്ടു. അങ്ങനെ പഞ്ചതീർത്ഥങ്ങൾ ശൂന്യമായി (മഹാഭാരതം ആദിപർവ്വം)

അഗസ്ത്യ പർവ്വതം.
🎀❉━═══🪷═══━❉🎀
ദക്ഷിണഭാരതത്തിലെ ഒരു പർവ്വതമാണിത്. അഗസ്ത്യകൂടം ഈ പർവ്വതത്തിൽ സ്ഥിതി ചെയ്യുന്നു. ഇന്ന് കാലഞ്ജപർവ്വതത്തിൻ്റെ വംശത്തിൽപ്പെട്ട ഒരു പർവ്വതമാണെന്ന് വിശ്വസിക്കപ്പെട്ടു പോരുന്നു.

അഗസ്ത്യവടം.
🎀❉━═══🪷═══━❉🎀
ഇത് ഹിമാലയപ്രാന്തത്തിലുള്ള ഒരു പുണ്യ ക്ഷേത്രമാണ് പാണ്ഡവന്മാരുടെ വനവാസകാലത്ത് തീർത്ഥയാത്ര ചെയ്തുകൊണ്ടിരുന്ന അർജ്ജുനൻ ഈ ക്ഷേത്രവും സന്ദർശിച്ചു.

അഗസ്ത്യാശ്രമം.
🎀❉━═══🪷═══━❉🎀
അഗസ്ത്യനുമായി ബന്ധപ്പെട്ട പല ആശ്രമങ്ങളെപ്പറ്റിയും പുരാണങ്ങളിൽ പ്രസ്താവന കാണുന്നു. പാണ്ഡവന്മാരുടെ വനവാസകാലത്തു അവർ ഒരു അഗസ്ത്യാശ്രമം സന്ദർശിച്ചതായി അറിയുന്നു. ഈ അഗസ്ത്യാശ്രമം നാസിക്ക് എന്ന സ്ഥലത്തു നിന്നു് ഇരുപത്തിനാലുമൈൽ തെക്കുമാറിയുള്ള പഞ്ചവടിയുടെ സമീപത്താണ്. ഈ സ്ഥലത്തിന് ഇന്നും അഗസ്ത്യഗിരി എന്നാണ് പേര്. പ്രായാഗിനടുത്തുള്ള മറ്റൊരു അഗസ്ത്യാശ്രമത്തിൽ ലോമശൻ എന്ന മഹർഷിയോടുകൂടി ധർമ്മപുത്രൻ എഴുന്നള്ളി പാർത്തിരുന്നു. സ്വർഗ്ഗത്തിലെ ഒരു അഗസ്ത്യാശ്രമത്തെയും വർണ്ണിക്കുന്നുണ്ട്. ശ്രീരാമലക്ഷ്മണന്മാർ വനവാസം ചെയ്ത അവസരത്തിൽ ഒരിക്കൽ ഈ ആശ്രമത്തിൽ വന്നിരുന്നതായി വാല്മീകി പ്രസ്താവിക്കുന്നു.

ഋഗ്വേദത്തിലെ അനേകം ഋക്കുകളുടെ കവിയായ അഗസ്ത്യൻ മിത്രാവരുണന്മാരുടെ പുത്രനാണ്.
ദക്ഷിണപഥത്തിലെ പ്രാകൃത ദ്രാവിഡവർഗ്ഗക്കാർക്ക് ശാസ്ത്രവും സാഹിത്യവും പഠിച്ച ആദ്യത്തെ ആചാര്യനായി അദ്ദേഹം ബഹുമാനിക്കപ്പെടുന്നു. ദക്ഷിണാർദ്ധദ്വീപിലേക്ക് ഹിന്ദുമതത്തേയും സാഹിത്യത്തേയും കൊണ്ടുവന്ന് പ്രചരിപ്പിച്ചത് അദ്ദേഹമായിരിക്കണം.
നാം ഇന്നു കാണുന്ന പല വലിയ അമ്പലങ്ങളെല്ലാം സിദ്ധന്മാർ താമസിച്ചും മരണപ്പെട്ട (സമാധി) സ്ഥലങ്ങളാണ്.

No comments:

Post a Comment