10 March 2025

ഹോളി

ഹോളി 

നിറങ്ങളുടെ ആഘോഷമായ ഹോളിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. കേരളത്തില്‍ അത്ര വിപുലമായ രീതിയില്‍ ആഘോഷിക്കപ്പെടാറില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ഹോളിക്ക് വലിയ പ്രാധാന്യമാണുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഹോളി 'വസന്തോത്സവം' ആയി ആഘോഷിക്കപ്പെടുന്നു.

'തിന്മയുടെ മേൽ നന്മയുടെ' വിജയത്തെ സൂചിപ്പിക്കുന്നതിനാൽ ഹോളിക്ക് ഒരു ദിവസം മുമ്പ് നടക്കുന്ന (ഹോളിക ദഹനം) ഹോളിയുടെ പ്രധാന ആചാരങ്ങളില്‍ ഒന്നാണ്. ഫാൽഗുന മാസത്തിലെ പൂർണിമ പൗർണ്ണമിയുടെ സന്ധ്യയിലാണ് ഹോളി ആഘോഷിക്കപ്പെടുന്നത്.

വസന്തകാലത്തിന്റെ വരവറിയിച്ച്, വർണാഭമായ പൊടികളാൽ ലോകമെമ്പാടുമുള്ള മനസ്സുകളെ ഒന്നാക്കുന്ന ഉത്സവമാണ് ഹോളി. ഇന്ത്യയുടെ പൗരാണിക പൈതൃകത്തിൽ ആഴത്തിൽ വേരൂന്നിയ ഈ ആഘോഷം, നിറങ്ങളുടെയും സന്തോഷത്തിന്റെയും പ്രതീകമായി തലമുറകളായി നിലനിൽക്കുന്നു. തിന്മയുടെ മേൽ നന്മയുടെ വിജയത്തെയും വസന്തകാലത്തിന്റെ വരവിനെയും സൂചിപ്പിക്കുന്ന ഈ ഉത്സവം ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹങ്ങൾ വലിയ ആവേശത്തോടെയാണ് കൊണ്ടാടുന്നത്.

പുരാണങ്ങളിലെ ഹോളി:
💗●➖➖●ॐ●➖➖●💗
ഹോളികയുടെ ദാരുണാന്ത്യം, പ്രഹ്ലാദന്റെ വിജയം: ഹിരണ്യകശിപു എന്ന അസുരരാജാവിന്റെ പുത്രൻ പ്രഹ്ലാദൻ വിഷ്ണുഭക്തനായിരുന്നു. മകന്റെ ഭക്തിയിൽ കോപിഷ്ഠനായ ഹിരണ്യകശിപു അവനെ പലവിധത്തിൽ ഉപദ്രവിച്ചു. ഒടുവിൽ, അഗ്നിദേവനിൽ നിന്ന് രക്ഷ നേടാനുള്ള വരം ലഭിച്ച സഹോദരി ഹോളികയെ പ്രഹ്ലാദനുമായി അഗ്നിയിലേക്ക് അയച്ചു. എന്നാൽ, പ്രഹ്ലാദന്റെ ഉറച്ച ഭക്തി കാരണം അവൻ രക്ഷപ്പെടുകയും ഹോളിക അഗ്നിക്കിരയാവുകയും ചെയ്തു. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായാണ് ഹോളികയുടെ ദാരുണാന്ത്യം കണക്കാക്കുന്നത്.

രാധയുടെയും കൃഷ്ണന്റെയും ദിവ്യപ്രണയം: 
💗●➖➖●ॐ●➖➖●💗
രാധയുടെയും കൃഷ്ണന്റെയും ദിവ്യമായ പ്രണയകഥ ഹോളിക്ക് കൂടുതൽ നിറം നൽകുന്നു. രാധയുടെ ഇളം നിറവുമായി താരതമ്യപ്പെടുത്തുമ്പോൾ തന്റെ കറുത്ത നിറത്തെക്കുറിച്ച് കൃഷ്ണന് ആശങ്കയുണ്ടായിരുന്നു. ഇതിന് പരിഹാരമായി, രാധയുടെ മുഖത്ത് നിറം പുരട്ടാൻ അമ്മ യശോദ തമാശയായി നിർദ്ദേശിച്ചു. ഇതാണ് ഹോളിയിൽ നിറങ്ങൾ എറിയുന്ന പാരമ്പര്യത്തിലേക്ക് വഴിതെളിയിച്ചത് എന്നാണ് വിശ്വാസം. രാധയുടെയും കൃഷ്ണന്റെയും പ്രണയത്തിന്റെ നിറങ്ങൾ ഹോളിക്ക് കൂടുതൽ ചാരുത നൽകുന്നു.

കാമദേവന്റെ പുനർജന്മം: 
💗●➖➖●ॐ●➖➖●💗
ശിവന്റെ തൃക്കണ്ണിലെ അഗ്നിയിൽ ഭസ്മമായ കാമദേവന്റെ പുനർജ്ജന്മമാണ് മറ്റൊരു ഐതിഹ്യം. പാർവ്വതിയുടെ തപസ്സിൽ സംപ്രീതനായ ശിവൻ കാമദേവനെ പുനർജീവിപ്പിക്കുകയും ലോകത്ത് സ്നേഹവും സന്തോഷവും നിറയ്ക്കുകയും ചെയ്തു. കാമദേവന്റെ പുനർജന്മത്തിന്റെ ആഘോഷം കൂടിയാണ് ഹോളി എന്നാണ് പറയുന്നത്. 

പൂതനയുടെ അന്തകനായ ശ്രീകൃഷ്ണൻ: 
💗●➖➖●ॐ●➖➖●💗
ശ്രീകൃഷ്ണൻ പൂതനയെ വധിച്ച ദിനത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഹോളിയെന്നും വിശ്വാസമുണ്ട്. പൂതനയെ വധിച്ചതിന് ശേഷം ഗോപികമാരുമായി കൃഷ്ണൻ നൃത്തം ചെയ്തു ആഘോഷിച്ചു. ഇതിന്റെ പ്രതീകമായിട്ടാണ് ഹോളി ആഘോഷിക്കുന്നത്.

ചരിത്രപരമായ വേരുകൾ:
💗●➖➖●ॐ●➖➖●💗
ഏഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട 'രത്നാവലി' എന്ന സംസ്കൃത നാടകത്തിലും, പത്താം നൂറ്റാണ്ടിലെ 'ഭവിഷ്യപുരാണ'ത്തിലും ഹോളി ആഘോഷത്തെക്കുറിച്ച് പരാമർശമുണ്ട്. ഇവ ഹോളിയുടെ പ്രാചീനതയെയും ചരിത്രപരമായ സാന്നിധ്യത്തെയും ഉറപ്പിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായ ഹംപിയിലെ ക്ഷേത്രഭിത്തികളിൽ ഹോളി ആഘോഷങ്ങളുടെ ശില്പങ്ങൾ കാണാം. ഇത് മധ്യകാലഘട്ടത്തിലും ഹോളിക്ക് പ്രചാരമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നു.

ഹോളി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതികളിൽ ആഘോഷിക്കപ്പെടുന്നു. വടക്കേ ഇന്ത്യയിൽ ഹോളിക ദഹനത്തിനും വർണ്ണങ്ങൾ എറിഞ്ഞുള്ള ആഘോഷങ്ങൾക്കും പ്രാധാന്യം നൽകുമ്പോൾ, തെക്കേ ഇന്ത്യയിൽ കാമദേവനെ ആരാധിക്കുന്നതിനും വസന്തോത്സവമായി ആഘോഷിക്കുന്നതിനും പ്രാധാന്യം നൽകുന്നു. ഓരോ പ്രദേശത്തിൻ്റെയും സംസ്കാരത്തിനും പാരമ്പര്യത്തിനും അനുസരിച്ച് ഹോളി ആഘോഷങ്ങളിൽ മാറ്റങ്ങൾ കാണാം.

No comments:

Post a Comment