വിശ്വാസതീവ്രതയില്‍ ഭക്തര്‍ വിളിച്ചാല്‍ ഏതാഗ്രഹവും സാധിച്ചു തരുന്ന ഭഗവതി. പാലക്കാട് ജില്ലയിലെ പല്ലശ്ശനയിലാണ് പുരാതനമായ മീന്‍കുളത്തി ഭഗവതി ക്ഷേത്രത്തിലെ മീന്‍കുളത്തിയമ്മയെ (പഴയകാവിലമ്മ) ഭക്തര്‍ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. മീമ്പ്രകുളങ്ങര ദേവി, മീന്‍കുളത്തി കാവിലമ്മ, പഴയകാവിലമ്മ എന്നെല്ലാം ദേവിക്ക് വിളിപ്പേരുണ്ട്.
ഐതിഹ്യപെരുമയാല്‍ സമ്പന്നമാണ് ക്ഷേത്രം. തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും ധാരാളം ഭക്തര്‍ എത്തുന്ന ക്ഷേത്രവുമായി ബന്ധപെട്ടുള്ള ഐതിഹ്യം നൂറ്റാണ്ടുകള്‍ക്കുമുമ്പ് മധുരയില്‍ തൊഴുതുമടങ്ങിയ ഒരു വൃദ്ധഭക്തനുമായി ബന്ധപ്പെട്ടതാണ്. അതിനാലാണ് തമിഴ്മക്കള്‍ ദിവസവും അമ്മയെ കണ്ടു അനുഗ്രഹം വാങ്ങാന്‍ എത്തുന്നത് എന്നാണു കരുതുന്നത്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തമിഴ്നാട്ടിലെ ചിദംബരത്തു വന്‍ വരള്‍ച്ചയുണ്ടായി. ആ സമയം കുംഭകോണത്തേയും തഞ്ചാവൂരിലെയും വ്യാപാരികള്‍ കേരളത്തിലേക്ക് കുടിയേറാന്‍ തീരുമാനിച്ചു. പ്രകൃതിരമണീയമായ പല്ലശ്ശനയില്‍ എത്തിയ ഇവര്‍ കാലക്രമേണ ഇവിടെ സ്ഥിരതാമസമാക്കി. ഇവര്‍ മന്ദാടിയന്മ്മാര്‍ എന്നാണ് അറിയപെട്ടിരുന്നത്. രത്നവ്യാപാരമായിരുന്നു ഇവരുടെ പ്രധാനവരുമാനം. മധുരമീനാക്ഷിദേവിയുടെ തീവ്രഭക്തരായിരുന്നു ഇവരെന്നാണ് വിശ്വാസം. പാലക്കാട് എത്തിയിട്ടും ഇവര്‍ എല്ലാ മാസവും മധുരമീനാക്ഷിയെ കണ്ടു അനുഗ്രഹം വാങ്ങാനായി പോകുമായിരുന്നത്രേ. ഇവരുടെ കൂട്ടത്തില്‍ മധുരമീനാക്ഷി ദേവിയുടെ തീവ്രഭക്തനായ ഒരാള്‍ ഉണ്ടായിരുന്നു. എല്ലാ മാസവും അദ്ദേഹം ദേവിയെ ചെന്നുകണ്ട് പ്രാര്‍ഥിച്ച് വഴിപാടുകള്‍ നടത്തി മടങ്ങിവരും. പ്രായമേറെ ചെന്നപ്പോള്‍ അദേഹത്തിന് യാത്ര ചെയ്യാന്‍ വയ്യാതായി. എങ്കിലും അദ്ദേഹം ദേവിയെ തൊഴാനായി ഇറങ്ങിത്തിരിച്ചു. യാത്ര കഴിഞ്ഞു ക്ഷീണിച്ചെത്തിയ വൃദ്ധന്‍ കുളിക്കാനായി വീട്ടിനടുത്തുള്ള കുളത്തിനരികിലെത്തി ഓലക്കുടയും പണപ്പൊതിയും കുളക്കരയില്‍ വച്ച് കുളിക്കാനിറങ്ങി. കുളി കഴിഞ്ഞെത്തി, ഓലക്കുട എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത് അനക്കാന്‍ പറ്റുന്നില്ല. പലരും വന്നു ശ്രമിച്ചിട്ടും കുട ഉയര്‍ത്താന്‍ സാധിച്ചില്ലത്രേ. പട്ടക്കുടയില്‍ സാന്നിധ്യമായി ഭഗവതി ഭക്തനൊപ്പം പല്ലശ്ശനയിലെത്തിയെന്നും ദേവീസാന്നിധ്യം കണ്ടറിഞ്ഞ ഭക്തന്‍ കുടമന്ദം എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്ത് ഭവഗതിയെ പ്രതിഷ്ഠിച്ചെന്നും പിന്നീട് ക്ഷേത്രം പണികഴിച്ച് ദേവിയെ അനുഷ്ഠാനവിധിപ്രകാരം പഴയകാവില്‍ മാറ്റിപ്രതിഷ്ഠിച്ചുവെന്നുമാണ് വിശ്വാസം.
ഗണപതി, ശ്രീപാര്‍വതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, രക്ഷസ്സ്, ഭഗവതി എന്നീ ഉപദേവതകളുമുണ്ട് ഇവിടെ. ദിവസപൂജ, നിറമാല (പകലും രാത്രിയും വേറെയുണ്ട്), മഹാഗണപതി ഹോമം, തിരുവാഭരണം ചാര്‍ത്തി നിറപറ പണം, ചാന്താട്ടം, ത്രികാല പൂജ, ചന്ദനം ചാര്‍ത്തല്‍ എന്നിവയാണ് പ്രധാന വഴിപാടുകള്‍. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മാത്രം നടത്തുന്ന പണപ്പായസം പ്രത്യേകതയുള്ള വഴിപാടാണ്. കുംഭമാസത്തില്‍ ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഭഗവതിയുടെ ആറാട്ടുത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.
പൂയ്യംനക്ഷത്രത്തിലാണ് ഉത്സവക്കൊടിയേറ്റം. കൂടാതെ, മേടമാസത്തിലെ രോഹിണിനാളില്‍ പ്രതിഷ്ഠാദിനം, വൃശ്ചികം, മീനം, കര്‍ക്കടകം എന്നീ മാസങ്ങളില്‍ ആദ്യചൊവ്വാഴ്ച നടക്കുന്ന ചാന്താട്ടം, വൃശ്ചികത്തിലെ 41 ദിവസത്തെ മണ്ഡലപൂജ, വിഷുവിനോടനുബന്ധിച്ചുള്ള കണ്യാര്‍കളി, തിരുവോണത്തിനു മന്ദാടിയാർ സമുദായത്തിന്റെ ഓണത്തല്ല് എന്നിവയും ഇവിടത്തെ വിശേഷദിനങ്ങളാണ്. അതുപോലെ ഇടവമാസം തോല്‍പ്പാവക്കൂത്ത്, പ്രതിഷ്ഠാദിനത്തില്‍ കളഭാഭിഷേകം, കനല്‍ച്ചാട്ടം, പാനമഹോത്സവം, മാരിയമ്മന്‍ പൂജ, മുനി പൂജ എന്നിങ്ങനെ നിരവധി ഉത്സവങ്ങളുണ്ട് ഇവിടെ. വൃശ്ചികമാസത്തില്‍ ത്രികാല പൂജയും പഞ്ചഗവ്യസേവയും പതിവാണ്.
12 വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന 'പാന' ഉത്സവം പ്രസിദ്ധമാണ്. മത്സ്യങ്ങള്‍ നിറഞ്ഞ ക്ഷേത്രകുളവും പ്രസിദ്ധമാണ്.
ഞായര്‍, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് നടതുറന്ന് ഉച്ചയ്ക്ക് 12ന് അടയ്ക്കും. മറ്റുദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ചരമുതല്‍ രാവിലെ പതിനൊന്നുവരെയാണ് ദര്‍ശനസമയം. വൈകുന്നേരം എല്ലാദിവസവും അഞ്ചരമുതല്‍ ഏഴരവരെയാണ് ദര്‍ശന സമയം. രാവിലെ 7.30, ഉച്ചയ്ക്ക് 11.30, വൈകീട്ട് 7.30 എന്നീ സമയങ്ങളിലുള്ള തൃകാല പൂജാവിധിയാണ് ഇവിടെയുള്ളത്. പാലക്കാട് നിന്ന് കൊടുങ്ങൂര്‍ വഴി ക്ഷേട്രത്തിലെത്താം. തൃശൂരില്‍ നിന്ന് ആലത്തൂര്‍ വഴി കുനുശ്ശേരി, പല്ലാവൂര്‍ വഴി പല്ലശ്ശനയിലെത്താം. പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് െക.എസ്.ആര്‍.ടി.സി. ബസ്സര്‍വീസുകള്‍ ക്ഷേത്രത്തിലേക്ക് ലഭ്യമാണ്. വിശാലമായ ക്ഷേത്രമൈതാനത്ത് ഭക്തര്‍ക്ക് വാഹനപാര്‍ക്കിങ് സൗകര്യവും ഉണ്ട്. ദൂരദിക്കില്‍നിന്നെത്തുന്ന ഭക്തര്‍ക്ക് താമസിക്കാന്‍ സൗകര്യങ്ങളുണ്ട്. പാലക്കാട് ടൗണില്‍നിന്ന് 20 കി.മീറ്ററോളം ദൂരമാണ് പല്ലശ്ശനയിലേക്കുള്ളത്.
No comments:
Post a Comment