വരാഹി ക്ഷേത്രങ്ങൾ പൊതുവേ കുറവാണ്. കേരളത്തിലെ വാരാഹി ദേവി പ്രധാന പ്രതിഷ്ഠയായി വരുന്ന ക്ഷേത്രങ്ങൾ താഴെ പറയുന്നവയാണ്.
പേട്ട കല്ലുമ്മൂട് ശ്രീ പഞ്ചമി ദേവി ക്ഷേത്രം, തിരുവനന്തപുരം. (തിരുവനന്തപുരം നഗരത്തിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും അല്പം മാറി കല്ലുമ്മൂട് പാലത്തിനു സമീപം)
അന്തിക്കാട് വളളൂർ ആലുംതാഴം ശ്രീ മഹാവാരാഹി ദേവി ക്ഷേത്രം, തൃശ്ശൂർ.
പട്ടുവം വടക്കേക്കാവ് വാരാഹി ക്ഷേത്രം, കണ്ണൂർ.
വെളുത്താട്ടു വടക്കൻ ചൊവ്വ ഭഗവതി ക്ഷേത്രം, കെടാമംഗലം, വടക്കൻ പറവൂർ, എറണാകുളം. (ഇത് വാരാഹി പഞ്ചമി സങ്കൽപ്പമുള്ള ക്ഷേത്രമാണ്)
സപ്തമാതാക്കളുടെ പ്രതിഷ്ഠ ഉള്ള ചില ഭഗവതി ക്ഷേത്രങ്ങളിലും വാരാഹി പ്രതിഷ്ഠ കാണാം. അവയിൽ ചിലത് താഴെ കൊടുക്കുന്നു.
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം - ഭഗവതിയുടെ ശ്രീകോവിന്റെ തുടർച്ചയായി സപ്തമാതാക്കളുടെ പ്രതിഷ്ഠ കാണാം. ഇക്കൂട്ടത്തിൽ വാരാഹി പ്രതിഷ്ഠ കാണാം.
ആമേട സപ്തമാതാ ക്ഷേത്രം, നടക്കാവ്, തൃപ്പൂണിത്തുറ, എറണാകുളം
തൃശ്ശൂർ പാറമേക്കാവ് ഭഗവതി ക്ഷേത്രം
പരുമല പനയന്നാർക്കാവ് ദേവി ക്ഷേത്രം, പത്തനംതിട്ട
ആദിപരാശക്തിയായ ലളിതാ ത്രിപുരസുന്ദരിയുടെ ശക്തി സേനയുടെ സർവസൈന്യാധിപയായ യോദ്ധാവായിട്ടും, വരാഹരൂപം പൂണ്ട മഹാകാളി ആയിട്ടും, അഷ്ടലക്ഷ്മിമാരുടെ ഐക്യരൂപമായിട്ടും, കാലത്തിന്റെ അധിപതിയായ സമയേശ്വരി ആയിട്ടും, ഭൂമിയുടെ അധിപതിയായിട്ടും, ക്ഷിപ്ര പ്രസാദി ആയിട്ടും, ദുരിതങ്ങളെ സ്തംഭിപ്പിക്കുന്നവളായിട്ടും, ഇഷ്ട വരദായിനി ആയിട്ടും ഭഗവതി ആരാധിക്കപ്പെടുന്നു.
ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവയുടെ മൂർത്തരൂപമാണ് ഭഗവതി എന്നാണ് വിശ്വാസം. പ്രധാനമായും ശാക്തേയ ആരാധനാമൂർത്തി ആണെങ്കിലും ശൈവ, വൈഷ്ണവ രീതിയിലും, ബുദ്ധ മതത്തിൽ വജ്ര വാരാഹി എന്ന പേരിലും ഭഗവതി ആരാധിക്കപ്പെടുന്നു.
ചില പ്രദേശങ്ങളിലെ വ്യാപാരികളുടെയും ബിസിനസ് സമൂഹങ്ങളുടെ ഇടയിൽ വാരാഹി ഉപാസന കാണപ്പെടുന്നുണ്ട്. പൊതുവേ കഠിനമായ വ്രതങ്ങളോ, പൂജകളോ നിഷ്ഠകളോ കൂടാതെ തന്നെ ഭക്തരിൽ വേഗം അനുഗ്രഹം ചൊരിയുന്ന ഭഗവതിയാണ് വാരാഹി. രാത്രിയാണ് വരാഹി ദേവിയെ ആരാധിക്കുന്നത്. പഞ്ചമി തിഥിയിലെ രാത്രി വാരാഹി ദേവിക്ക് അതിവിശേഷം എന്ന് വിശ്വാസം.
തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നവൾ എന്ന അർത്ഥത്തിൽ ദണ്ഡനാഥ എന്ന് വിളിക്കപ്പെടുന്നു. ഭഗവതിക്ക് പഞ്ചമി തിഥി പ്രധാനമായതിനാൽ പഞ്ചമി ദേവി എന്നും നാമമുണ്ട്. ശക്തി സ്വരൂപിണിയായ വാരാഹി പൊതുവേ ഉഗ്രമൂർത്തിയായും ക്ഷിപ്ര പ്രസാദിയായും കണക്കാക്കപ്പെടുന്നു.
No comments:
Post a Comment