18 May 2016

വരണമാല്യത്തിന്റെ പ്രസക്തി

വരണമാല്യത്തിന്റെ പ്രസക്തി

     താലികെട്ടുപോലെതന്നെ അതിപ്രധാനമായ ഒരു ചടങ്ങാണ് മാലയിടല്‍. ഒരു സ്ത്രീക്ക് പുരുഷന്‍ വരണമാല്യം ചാര്‍ത്തുന്നതിലൂടെ സ്ത്രീയെ അവന്‍ സ്വീകരിച്ചു എന്ന ആശയം ധ്വനിക്കുന്നു. വരണമാല്യം പുഷ്പാലംകൃതമാണല്ലോ. പുഷ്പം ദേവപ്രീതിക്ക് അത്യുത്തമമായതാണ്. ഒരു ഹിന്ദുവിന്റെ വിവാഹച്ചടങ്ങിലെ എല്ലാ ആചാരങ്ങളും ഈശ്വരപ്രാപ്തിയിലേയ്ക്കുള്ള ചവിട്ടുപടിയാണ്. എല്ലാ ഹൈന്ദവാചാരങ്ങള്‍ക്ക് പിന്നിലും മഹത്തരമായ ആശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

     പുഷ്പങ്ങള്‍ ദേവപ്രീതിക്കായി അര്‍പ്പിക്കുന്നത് അത്യുത്തമമെന്ന് നേരത്തെ പറഞ്ഞുവല്ലോ. അവ അവകാശ പ്രതീകമാണ്. ആയതിനാലാണ് ദേവലോകത്തെ ഈശ്വരന്മാര്‍ക്ക് പൂവും മറ്റും നിവേദിക്കുന്നത്. ആകാശത്തിന്റെ അസ്തിത്വം അതിന്റെ ശബ്ദത്തിലാണ്. അതുപോലെതന്നെ ഒരു ചെടിയുടെ അസ്തിത്വം അതില്‍ വിടരുന്ന പുഷ്പമാണ്‌. പൂക്കള്‍കൊണ്ട് കൊരുത്ത മാല ഈ ലോകത്തിലെ സകല വാക്കുകളെയും ശബ്ദത്തെയും കുറിക്കുന്നു.

    സകല ശബ്ദങ്ങളുടെയും മൂലമന്ത്രം വേദമാണ്. വേദം പരമാത്മ സ്വരൂപമാണ്. അങ്ങനെ ഈശ്വരനാകുന്ന പുരുഷന്‍ സകല മന്ത്രങ്ങളുമടങ്ങുന്ന പൂക്കള്‍കൊണ്ട് കൊരുത്ത മാല ധരിച്ചിരിക്കുന്നു. ഇതാണ് "വനമാല". ശ്രീമഹാവിഷ്ണു തന്റെ ഗളത്തില്‍ അണിഞ്ഞിരിക്കുന്നത് വനമാലയാണ്. ഈ മാല ധരിക്കുന്നതോടെ പുരുഷന്‍ വേദനിയമങ്ങള്‍ പാലിക്കുന്നവനാകുന്നു. സ്ത്രീയാകട്ടെ ഇതിനു പുരുഷനെ പ്രേരിപ്പിക്കുന്നവളുമാകുന്നു. ചെവി, അധരം, കണ്ഠം, ഹൃദയം, നാഭി എന്നീ ഭാഗത്തുകൂടിയാണ് മാല കടന്നുപോകുന്നത്. ഇവിടെ ചെവി ജ്ഞാനപ്രാപ്തിയെയും അധരം നല്ല വാക്കിനെയും കണ്ഠം പ്രാര്‍ത്ഥനയെയും നാഭി പൂര്‍വ്വസംസ്കാരത്തെയും കുറിക്കുന്നു. അനാദി മന്ത്രസ്വരൂപങ്ങളായ വേദപ്രമാണങ്ങളെ ഒരു മാലപോലെ ഈശ്വരനാകുന്ന നൂലിഴയില്‍ കൊരുത്തു സംരക്ഷിക്കുക എന്ന ഉപദേശമാണ് മാല ചാര്‍ത്തലിലൂടെ വെളിവാക്കുന്നത്.

No comments:

Post a Comment