18 May 2016

ഉദയത്തിലെ ശക്തി സൂര്യന് അസ്തമയത്തിലുണ്ടോ?

ഉദയത്തിലെ ശക്തി സൂര്യന് അസ്തമയത്തിലുണ്ടോ?

  പ്രഭാതസൂര്യന്റെ ശക്തി അസ്തമനസൂര്യനില്ലെന്ന സത്യം നമ്മുടെ പഴമക്കാര്‍ വളരെ പണ്ടേ മനസ്സിലാക്കിയിരുന്നു. മാത്രമല്ല ശക്തി കുറഞ്ഞ സൂര്യന്റെ നിറമാണ് വൈകുന്നേരത്ത് കാണുന്ന ചുവപ്പെന്നും അവര്‍ തറപ്പിച്ചു പറഞ്ഞിരുന്നു.

  ഇതു വളരെ ശരിയാണെന്ന് സൂര്യനെപ്പറ്റി ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാര്‍ സമ്മതിച്ചിട്ടുണ്ട്.

  സൂര്യപ്രകാശം ഭൂമിയുടെ വായുമണ്ഡലത്തിലൂടെ സഞ്ചരിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു ഭാഗം പ്രകാശരശ്മികള്‍ വായുതന്മാത്രയുമായി ദിവസവും കൂട്ടിമുട്ടി ചിതറുക പതിവാണ്. പ്രകാശത്തിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ ഘടകങ്ങളാണ് ഇത്തരത്തില്‍ കൂടുതല്‍ ചിതറുകയെന്നും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രകാശം എത്ര ദൂരം വായുവിലൂടെ സഞ്ചരിക്കുന്നുവോ അത്രയും കൂടുതല്‍ പ്രകാശരശ്മികള്‍ ചിതറിത്തെറിച്ചുകൊണ്ടുമിരിക്കും.

  സായാഹ്നത്തില്‍ സൂര്യരശ്മികള്‍ക്ക് ഭൂമിയില്‍ എത്തുന്നതിന് ഉച്ചസമയത്തെ സൂര്യരശ്മിയെ അപേക്ഷിച്ച് പതിനാറ് ഇരട്ടിയിലധികം ദൂരം വായുവിലൂടെ സഞ്ചരിക്കേണ്ടിയും വരുന്നു. ഇത്രയും ദൂരം വായുവിലൂടെ സഞ്ചരിക്കുന്നതിനിടയില്‍ സൂര്യരശ്മിയിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ ഘടകങ്ങളെല്ലാം ചിതറിത്തെറിച്ചു കഴിഞ്ഞിരിക്കും. തരംഗദൈര്‍ഘ്യം കൂടിയ ചുവപ്പുരശ്മികളില്‍ കുറെയൊക്കെ ചിതറാതെ അവശേഷിക്കുകയും ചെയ്യും.

  അസ്തമനത്തിന് നേരെ നോക്കുമ്പോള്‍ ഇപ്രകാരം അവശേഷിക്കുന്ന ചുവപ്പുരശ്മികളാണ് മനുഷ്യരുടെ കണ്ണില്‍ പതിക്കുന്നത്. ഇതു കൊണ്ടാണ് സായാഹ്നസൂര്യന്‍ ചുവന്നിരിക്കുന്നതായി അനുഭവപ്പെടുന്നത്.

No comments:

Post a Comment