4 May 2016

കണ്ടകശനി / ഏഴരശനി / ജന്മവ്യാഴം / കര്‍മ്മവ്യാഴം

കണ്ടകശനി / ഏഴരശനി / ജന്മവ്യാഴം / കര്‍മ്മവ്യാഴം 


കണ്ടകശനി 
   ജനിച്ച നക്ഷത്രത്തിന്റെ കൂറില്‍ നിന്ന് നാല്, ഏഴ്, പത്ത്, ഇതിലേതെങ്കിലും രാശിയില്‍ ശനി ചാരവശാല്‍ സഞ്ചരിക്കുന്നുണ്ടെങ്കില്‍ അവിടുന്ന് ആ ശനി കടന്നുപോകുന്നതുവരെ ആ ജാതകന് കണ്ടകശനിയായിരിക്കും.
  നാലിലാണ് ശനിയെങ്കില്‍ കുടുംബച്ചിദ്രങ്ങളും ധനധാന്യനഷ്ടവും സകലകാര്യങ്ങളിലും തോല്‍വിയും മാനഹാനിയുമുണ്ടാകും.
   എഴില്‍ ശനി നില്‍ക്കുന്ന കാലത്ത് ഭാര്യാവിരഹം, സജ്ജനവിരോധം, കടങ്ങള്‍ മുതലായ ദുരിതങ്ങളുണ്ടാകും
  പത്തില്‍ ആണ് ശനി സഞ്ചരിക്കുന്നതെങ്കില്‍ സര്‍വ്വനാശവും മാനഹാനിയും ഫലം.
  അഷ്ടമത്തില്‍ നില്‍ക്കുന്ന ശനിയും ദോഷത്തെയാണ് ചെയ്യുന്നത്. വളരെ ക്ലേശകരമായ സമയമായിരിക്കും.
ഏഴരശനി
  ചാരവശാല്‍ ജനിച്ച കൂറിലും അതിന്റെ രണ്ടും പന്ത്രണ്ടും രാശികളിലും ശനി സഞ്ചരിക്കുന്ന ഏഴരവര്‍ഷം ഏഴരശനികാലമാകുന്നു. ഇതില്‍ ജനിച്ച കൂറില്‍ ശനി സഞ്ചരിക്കുമ്പോള്‍ ആ ജാതകന് ജന്മശനിയും കണ്ടകശനിയും ഒന്നായി ബാധിക്കും. ഈ കാലം സര്‍വ്വവിധ നഷ്ടങ്ങള്‍ക്കും ഇടയാകുന്നതാണ്.
  ഏഴരശനിയുടെ കാലത്ത് സ്ഥാനഭ്രംശം, കുടുംബകലഹം, വസ്തുനാശം, ധനനാശം, ഇഷ്ടജനവിരോധം, കലഹം, ജയില്‍വാസം, വ്യവഹാരക്ലേശം എന്നീ ദുരിതങ്ങള്‍ അനുഭവിക്കുന്നതാണ്.   
ശനി ഒരു രാശിയില്‍ രണ്ടര വര്‍ഷം നില്‍ക്കും.

ജന്മവ്യാഴം
    ജനിച്ച നക്ഷത്രത്തിന്റെ കൂറില്‍ വ്യാഴം ചാരവശാല്‍ നില്‍ക്കുന്നത് ദോഷകരമാണ്. ആ സമയത്ത് അപവാദങ്ങളും, ദുരിതങ്ങളും ഉണ്ടാകും

കര്‍മ്മവ്യാഴം
   ജനിച്ച നക്ഷത്രത്തിന്റെ കൂറിന്റെ പത്തില്‍ വ്യാഴം ചാരവശാല്‍ നില്‍ക്കുന്നത് കര്‍മ്മദോഷം ചെയ്യും, വിചാരിച്ചകാര്യങ്ങള്‍ ഒന്നും തന്നെ നടക്കുകയില്ല, ജോലിസ്ഥലത്ത് ക്ലേശങ്ങള്‍ അനുഭവപ്പെടും, സ്ഥാനഭ്രംശം ഉണ്ടാകും.
  വ്യാഴം ഒരു രാശിയില്‍ ഒരു വര്‍ഷം നില്‍ക്കും.

No comments:

Post a Comment