ഭാഗം - 06
3. സീമന്തോന്നയനം
💗✥━═══🪷═══━✥💗
ചതുര്‍ത്ഥേ ഗര്‍ഭമാസേ സീമന്തോന്നയനം – ഗര്‍ഭിണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ചിത്തശുദ്ധിയ്ക്കും ഗര്‍ഭിണിയിലൂടെ ഗര്‍ഭസ്ഥശിശുവന്റെ ആരോഗ്യത്തിനും ജീവശുദ്ധിക്കും ആനായാസമായ വളര്‍ച്ചയ്ക്കും വേണ്ടി ആചരിക്കപ്പെടുന്ന സംസ്‌കാരമാണ് സീമന്തോന്നയനം.
ഇന്ന് ഗര്‍ഭധാരണത്തിന്റെ നാലാം മാസത്തില്‍ ശുക്ലപക്ഷത്തിലെ പുല്ലിംഗവാചകമായ ഒരു നക്ഷത്രത്തില്‍ ആചരിക്കണം. യഥാവിധി. ഈശ്വരോപാസനാനുഷ്ഠാനങ്ങളോടുകൂടി ആരംഭിക്കുകയും ഈശ്വരാര്‍പ്പണബുദ്ധ്യാ തയ്യാറാക്കിയ നിവേദ്യാന്നം പാല്‍പ്പായസം മുതലായവ നിവേദിക്കുകയോ ഹോമാഗ്നിയില്‍ ആഹൂതി അര്‍പ്പിക്കുകയോ വേണം. പിന്നീട് പതി-പത്‌നിമാര്‍ ഏകാന്തതയില്‍ പോയിരുന്ന് മന്ത്രോച്ചാരണം ചെയ്യും. അപ്പോള്‍ ഗര്‍ഭിണിയുടെ തലമുടിയില്‍ ഭര്‍ത്താവ് പ്രത്യേകം തയ്യാറാക്കിയ സുഗന്ധൗഷധതൈലം പുരട്ടി കേശാലങ്കാരാദികള്‍ ചെയ്‌തൊരുക്കും. എന്നിട്ട്
ഓം സോമ ഏവനോ രാജേമാ
മാനുഷി പ്രജാഃ
അവി മുക്ത ചക്ര ആസീ
രാസ്തീശേ തുഭ്യമസൗ
ഇത്യാദി വേദമന്ത്രങ്ങള്‍ സംസ്‌കാരകര്‍മ്മത്തിന് ഉപവിഷ്ടരായവര്‍ ഒന്നിച്ചിരുന്ന് ഗാനം ചെയ്യണം. യജ്ഞശിഷ്ടമായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി സ്ത്രീ അതില്‍ നോക്കി തന്റെ പ്രതിബിംബം കാണണം.
ഈ സന്ദര്‍ഭത്തില്‍ ഭര്‍ത്താവ് ഭാര്യയോട് എന്തു കാണുന്നുവെന്നു ചോദിക്കുകയും ഭാര്യ പശു, ധനം, ദീര്‍ഘായുസ്സ്, യശ്ശസ്സ് മുതലായ സൗഭാഗ്യ ലക്ഷണങ്ങള്‍ ദര്‍ശിക്കുമെന്ന് മറുപടിപറയുകയും ചെയ്യും.
ഭര്‍ത്താവ് : കിം പശിസ്യ?
ഭാര്യ : പ്രജാന്‍ പശൂന്‍
സൗഭാഗ്യം മഹ്യം
ദീര്‍ഘായുഷ്ട്യം പത്യു: പശ്യാമി
ഗോഭില ഗുഭ്യ സൂത്രം
അനന്തരം കുലസ്ത്രീകള്‍ പുത്രവതികള്‍, ജ്ഞാനവൃദ്ധകള്‍, വയോവൃദ്ധകള്‍, എന്നിവരോടൊത്തിരുന്ന് ഗര്‍ഭവതി നിവേദ്യാന്നപാനീയങ്ങള്‍ കഴിക്കണം. അപ്പോള്‍ കൂടിയിരിക്കുന്നവരെല്ലാം
ഓം വീരസുസ്ത്വം ഭവ
ജീവസുസ്ത്വം ഭവ
ജീവപത്‌നീത്വം ഭവ
ഇത്യാദി മംഗളസൂക്തങ്ങള്‍ ചൊല്ലി ഗര്‍ഭിണിയെ ആശീര്‍വദിക്കണം. എന്നിട്ട് സംസ്‌കാരകര്‍മ്മപ്രവചനം, ആചാര്യദക്ഷിണ, ഉപവിഷ്ടരായവര്‍ക്ക് സത്കാരം എന്നിവ മുറപ്രകാരം നടത്തണം. ഗര്‍ഭസ്ഥ ശിശുവിന്റെ അനുക്രമമായ പോഷണത്തിനും സംസ്‌കാരോദ്ദീപനത്തിനും ഉപയുക്തമാംവിധം ഇതേ സംസ്‌കാരകര്‍മ്മം തന്നെ ഗര്‍ഭത്തിന്റെ ആറാംമാസത്തിലും എട്ടാംമാസത്തിലും അനുഷ്ഠിക്കേണ്ടതാകുന്നു. ഇതിന് പാരസകരാദി ഗുഹ്യസൂത്രങ്ങളില്‍ പ്രമാണങ്ങളുണ്ട്.
പുംസവനവത് പ്രഥമേ
ഗര്‍ഭേ മാസേ ഷഷ്‌ഠേ അഷ്ടമേവാ
മനുഷ്യ ശിശുവിന്റെ ശരിയായ നന്മയും ഹിതവും കാംക്ഷിക്കുന്ന മാതാപിതാക്കള്‍ അത് ഗര്‍ഭപാത്രത്തില്‍ പതിക്കുന്നത് മുതല്‍ ധര്‍മ്മശാസ്ത്രപ്രകാരം യഥാവിധി ശ്രദ്ധിക്കേണ്ടതാകുന്നു. കാര്യക്ഷമതയോടെ ചിന്തിച്ചാല്‍ ഗര്‍ഭിണികളുടെ ആഹാര – നീഹാരാദികളുടെയും ആചാരവിചാരങ്ങളുടെയും പ്രഭാവം നേരിട്ട് ഗര്‍ഭസ്ഥശിശുവിലും പതിക്കുന്നുണ്ടെന്ന് ബോദ്ധ്യപ്പെടും.
അതുപോലെ അരയാല്‍, അമൃത്, ബ്രഹ്മി, പശുവിന്‍പാല്‍, ചുക്ക്, തുടങ്ങിയ ഔഷധമൂലികളുടെ സ്ഥൂലവും സൂക്ഷ്മവുമായ ഗുണങ്ങള്‍ അവ എത്രമാത്രം വിധിയാംവണ്ണം സത്സങ്കല്പപൂര്‍വ്വം ഉപയോഗപ്പെടുത്തുന്നുവോ അതനുസരിച്ച് ബാഹ്യാഭന്തരഫലങ്ങളുണ്ടാവുമെന്ന് ബോദ്ധ്യപ്പെടും. യജ്ഞത്തിന്റെ ഗുണവീര്യവും അത് ശ്രദ്ധാഭക്തിപൂര്‍വ്വം ചെയ്യുന്നവര്‍ക്ക് അനുഭവമുള്ളതാണ്.
സംസ്‌കാരകര്‍മ്മങ്ങളില്‍ സംബന്ധിക്കുന്ന ബന്ധുമിത്രാദികളുടെയും ഗുരുജനങ്ങളുടെയും ആശ്വാസവചനങ്ങള്‍ ഗര്‍ഭിണിയുടെ മാനസിക സമതുലനത്തിനും പ്രസന്നഭാവത്തിന്റെ പോഷണത്തിനും വകനല്‍കുന്നു. ഗര്‍ഭിണിയുടെയും ഭര്‍ത്താവിന്റെയും വ്രതനിഷ്ഠ അനായാസമാക്കുന്നതിന് ധര്‍മ്മാചാര്യന്റെ സദുപദേശങ്ങളും സത്സംഗവും ക്ഷിപ്രസാദ്ധ്യമാകുന്നു.
പരസ്പരപ്രേമഭാവന വളര്‍ത്തി എല്ലാവരേയും കര്‍ത്തവ്യനിഷ്ഠരാക്കുന്നതിനും സംസ്‌കാരകര്‍മ്മത്തിലെ ചടങ്ങുകളോരോന്നും പ്രയോജനപ്പെടുത്താവുന്നതാണ്.
കൃത്രിമവും ജഡിലവുമായ ഗര്‍ഭശുശ്രൂഷയേക്കാള്‍ ഉത്തമമാണ് അകൃത്രിമവും, ആത്മനിഷ്ഠവും താപസികവുമായ ഗര്‍ഭശുശ്രൂഷയെന്നു ബോദ്ധ്യപ്പെട്ടാല്‍ അത് സ്വയം സമുദായത്തിലെങ്ങും വ്യാപിക്കും.
അങ്ങനെ മാതൃക അനുഷ്ഠിച്ചുകാട്ടാനും കാലസ്വഭാവമനുസരിച്ച് സംഘടിതമായ പ്രചാരയജ്ഞം നടത്തേണ്ടതായിട്ടുണ്ട്.
No comments:
Post a Comment