16 November 2024

ഷോഡശസംസ്കാരം - 1

ഷോഡശസംസ്കാരം

ഭാഗം - 01

മനുഷ്യജീവിതത്തിനു പൊതുവേ സാധകവും സഹായകവുമാകുന്ന ചില ചിട്ടകൾ കുടുംബ നിലവാരത്തിൽതന്നെ ഭാരതീയ ഋഷിവര്യന്മാർ ഒരുക്കി തന്നിടുണ്ട്. വ്യക്തി, കുടുംബം, സമുദായം, രാഷ്ട്രം, വിശ്വം എന്നിങ്ങനെ പടിപടിയായി എല്ലാ രംഗങ്ങളിലും പരിശുദ്ധിയും ക്ഷേമവും ശാന്തിയും വ്യാപരിക്കുന്ന ഒരു കുടുംബാസൂത്രണ പദ്ധതിയുണ്ട്. ആർഷപ്രോക്തമായ ഈ പദ്ധതിയാണ് ഷോഡശസംസ്കാരപദ്ധതി അഥവാ ഷോഡശക്രിയകൾ. ജീവൻ മനുഷ്യയോനിയിൽ പതിക്കുന്നത് മുതൽ ദേഹത്യാഗം ചെയ്യുന്നതുവരെ ധർമമാർഗ്ഗത്തിലൂടെ ജന്മസാഫല്യത്തെ ലക്ഷ്യമാക്കികൊണ്ട് വ്യവസ്ഥപ്പെടുത്തിയിത്തുള്ള പതിനാറു പ്രമുഖവഴിത്തിരിവുകൾ.

ഹിന്ദു ധര്‍മ്മത്തിലെ അടിസ്ഥാന തത്ത്വങ്ങളില്‍ പുനര്‍ജന്മ കര്‍മ്മ സിദ്ധാന്തങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. അവരവരുടെ കര്‍മ്മ വാസനകള്‍ അനുസരിച്ച് ഓരോരുത്തരും പരമലക്ഷ്യത്തിലേക്ക് പ്രയാണം തുടരേണ്ടത് ഏതു വിധമാണെന്നു വെളിപ്പെടുത്തുന്ന ജീവധര്മ ശാസ്ത്രമാണ് ഹിന്ദുധര്‍മ്മം. വേഷം, ഭാഷ, ആചാരം, ഉപാസന, ഭക്ഷണം ഇത്യാദികളില്‍ സ്ഥലകാലഭേദമനുസരിച്ച് വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും ഈ മതത്തിൽ കാണാം. ഇവയിലെല്ലാം പൂര്‍ണ്ണസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള ഹിന്ദുധര്‍മ്മത്തിന്റെ അനശ്വരമായ അന്തര്‍ധാര ഈ വൈവിദ്ധ്യത്തിലെ ഏകത്വമാണ്. ഏകവും അദ്വൈതവുമായ പരമലക്ഷ്യപ്രാപ്തിയില്‍മാത്രമേ അനശ്വരസുഖവും സമാധാനവും അനുഭവപ്പെടുകയുള്ളൂ. അതിനാണ് ഓരോ ജീവനും ഈശ്വരോപാസനം, സദാചാരം, സംസ്‌കാരകര്‍മ്മങ്ങള്‍ ഇത്യാദികളെക്കൊണ്ട് ജീവിതസംസ്‌കാരം നേടണമെന്ന് പറയുന്നത്. പ്രവൃത്തി, വിചാരം, ആഗ്രഹം ഇവ മൂന്നും ചുറ്റിപിണഞ്ഞ കര്‍മ്മസ്വരൂപം സംശുദ്ധമായാലേ സ്വധര്‍മ്മം തിളങ്ങുകയുള്ളൂ. 

ശുദ്ധമായ സ്വധര്‍മ്മാചാരണത്തിലൂടെ വേണം പരമധര്‍മ്മം (മോക്ഷം) പ്രാപിക്കുവാന്‍.

മോക്ഷം, ഈശ്വരസാക്ഷാത്കാരം, ആത്മസാക്ഷാത്കാരം, ജീവന്മുക്തി, പരമസുഖം, അനശ്വരത്വം എന്നെല്ലാം വ്യവഹരിക്കപ്പെടുന്ന ജീവിതലക്ഷ്യത്തിലേക്ക് ഓരേ ജീവനേയും പടിപടിയായി മുന്നോട്ടുനയിച്ചു കൊണ്ടുചെല്ലുന്ന ജീവിതപദ്ധതികളാണ് ശാസ്ത്രീയമായ ഹൈന്ദവകര്‍മ്മസിദ്ധാന്തങ്ങള്‍. ധര്‍മ്മത്തില്‍ തുടങ്ങി മോക്ഷത്തില്‍ അവസാനിക്കുന്ന പുരുഷാര്‍ത്ഥോവും, ബ്രഹ്മചര്യത്തില്‍ തുടങ്ങി സന്യാസത്തില്‍ അവസാനിക്കുന്ന ആശ്രമങ്ങളും, ശൂദ്രനില്‍തുടങ്ങി ബ്രാഹ്മണ്യത്തില്‍ അവസാനിക്കുന്ന വര്‍ണ്ണങ്ങളും കര്‍മ്മയോഗത്തില്‍ ആരംഭിച്ച് ജ്ഞാനയോഗത്തില്‍ അവസാനിക്കുന്ന സാധനകളും എല്ലാം ഇവിടെയുണ്ട്. ഓരോ ജീവന്റെയും പക്വത അനുസരിച്ച് ഒരു വഴിപിടിച്ച് മുന്നോട്ടു പോകുകയേവേണ്ടൂ. അതിന് അനുഭവജ്ഞരും ധര്‍മ്മനിഷ്ഠരുമായ ഗുരുവും ശാസ്ത്രീയമായ തത്ത്വബോധവും വേണം.

തിന്നുക, കുടിക്കുക, ഉറങ്ങുക, ഉല്‍പ്പാദിപ്പിക്കുക, എന്നീ ജന്തുസഹജമായ വൃത്തികള്‍ മനുഷ്യന്‍ പരിഷ്‌കരിച്ച് പിന്‍തുടരുന്നു എന്നതുകൊണ്ട്മാത്രം ദുര്‍ലഭമായ മനുഷ്യജന്മം സഫലമാകില്ല. ധര്‍മ്മവും ധര്‍മാനുമോചിതമായ സംസ്‌കാരവും പ്രതിഫലിച്ച് പരിപുഷ്ടമാക്കേണ്ടതാണ് മനുഷ്യജീവിതം. ഭൗതീകമോ ആദ്ധ്യാത്മികമോ ഏതായാലും ജീവിതപരിശുദ്ധിക്ക് ധര്‍മ്മാനുചരണം സംസ്‌കാരനിഷ്ഠ വേണം. ജീവിതപരിശുദ്ധിയാണ് ജന്മസാഫല്യത്തിന് നിധാനം.




No comments:

Post a Comment