28 September 2024

നവരാത്രി ഏഴാം ദിവസം: കാലരാത്രി ദേവി

നവരാത്രി ഏഴാം ദിവസം: കാലരാത്രി ദേവി

ഭഗവതിയുടെ ഏഴാമത്തെ രൂപമാണ് കാലരാത്രി അഥവാ മഹാകാളി അല്ലെങ്കിൽ ഭദ്രകാളി. കേരളത്തിൽ ദാരികവധം നടത്തിയ ഭദ്രകാളിക്ക് പ്രാധാന്യം കൊടുത്തു ആരാധിക്കുന്നു. കറുത്ത വർണ്ണമുള്ള കാലരാത്രി മാതാ ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ജടതീർക്കാത്ത മുടിയും ത്രിലോചനങ്ങളുമുള്ള കാളിയെ ദുർഗ്ഗയുടെ ഭയാനക രൂപമായാണ് കണക്കാക്കുന്നത്.

കാളരാത്രി എന്നതിന് ഇരുണ്ട രാത്രി എന്ന് അര്‍ത്ഥം പറയാം. കാലനേയും അവസാനിപ്പിക്കാന്‍ കഴിവുള്ളതിനാല്‍ കാളരാതി ആയിയെന്നും ദുഷ്ടന്മാര്‍ക്കു കാലനായി മരണം സമ്മാനിക്കുന്നതിനാല്‍ കാളരാത്രി ആയിയെന്നും വ്യാഖ്യാനിച്ചു കാണുന്നു. ദുര്‍ഗ്ഗാഭാവങ്ങളില്‍ ഏറ്റവും ഭീഭല്‍സഭാവമാണ് കാളരാത്രി. ഇരുളിന്‍റെ (കറുപ്പ്) നിറത്തോടു കൂടിയ ശക്തിസ്വരൂപമാണ് കാളരാത്രി.

നാലുകൈകളോട് കൂടിയതാണ് ധ്യാനരൂപം. നാലുകൈകളുള്ള കാലരാത്രി ദേവിയുടെ വലതുകൈകള്‍ ഭക്തരെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഇടത് കൈകളില്‍ വാളും മാരകമായ ഇരുമ്പ് കൊളുവും. ഭക്തരെ എല്ലാവിധ ഭയത്തില്‍നിന്നും ക്ലേശങ്ങളില്‍നിന്നും സംരക്ഷിക്കാന്‍ ശക്തിയുള്ള ദേവിയാണ് കാലരാത്രി.

ദേവി കഴുത്തില്‍ അണിഞ്ഞിരിക്കുന്ന മാല ഇടിമിന്നല്‍ പോലെ പ്രകാശിക്കുന്നതാണ്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ മൂക്കിലൂടെ തീജ്വാലകള്‍ വരുന്നത് ശത്രുക്കളുടെ ഭയത്തെ വര്‍ദ്ധിപ്പിക്കുന്നതാണ്. കഴുതയാണ്‌ ദേവിയുടെ വാഹനം.

കാളരാത്രി എന്ന രൂപം ധരിച്ചാണ് ദുര്‍ഗ്ഗാ ദേവി രക്തബീജന്‍ എന്ന അസുരനെ വധിച്ചത്. ഭൂമിയില്‍ പതിക്കുന്ന ഓരോ തുള്ളി ചോരയില്‍ നിന്നും നിരവധി അസുരര്‍ ഉണ്ടാകും എന്നതിനാല്‍ രക്തപാനം ചെയ്തു അസുരവധം ചെയ്ത കഥ മാര്‍ക്കണ്ഡേയ പുരാണം പറയുന്നുണ്ട്.

ശുഭാകാരി എന്നും കാളരാത്രി ദേവി അറിയപ്പെടുന്നു. കാഴ്ചയില്‍ ഭയാനകമാണെങ്കിലും ദേവി അന്ധകാരത്തെ മാറ്റി ജ്ഞാനത്തെ നല്കുന്നതിനാലാണിത്.
യോഗികളും സാധകരും നവരാത്രി ഏഴാമത്തെ ദിവസം സഹസ്രാര ചക്രത്തില്‍ ധ്യാനിക്കുന്നു. കാളരാത്രി ദേവിയുടെ അനുഗ്രഹത്താല്‍ അവരുടെ മുന്നില്‍ പ്രപഞ്ച വാതില്‍ തുറക്കെപ്പെടും.

നവരാത്രിയില്‍ ഏഴാംനാള്‍ സപ്തമിക്ക് കാളരാത്രി ഭാവത്തില്‍ ദേവിയെ ആരാധിച്ചാല്‍ ദേവി ഭക്തര്‍ക്ക്‌ നിര്‍ഭയത്വവും ക്ഷമയും നല്‍കും. സര്‍വ്വ ഐശ്വര്യങ്ങള്‍ക്കുമൊപ്പം നവഗ്രഹദോഷങ്ങളും ശമിപ്പിക്കും. നല്ല വിശ്വാസത്തോടെയും ഭക്തിയോടെയും ആയിരിക്കണം ആരാധന നടത്തേണ്ടതെന്നുമാത്രം.

നാലുകരങ്ങളുള്ള കാലരാത്രി മാതാവിന്റെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചു കൊണ്ടിരിക്കുന്നു. കാലരാത്രി മാതാ ഭക്തരെ എല്ലാവിധ ഭയത്തിൽ നിന്നും ആപത്തുക്കളിൽ നിന്നും സംരക്ഷിക്കുന്നു. ഭക്തരെ സംരക്ഷിക്കുന്നതിനാൽ ദേവിക്ക് കരുണാദേവി, ശുഭകാരി എന്നൊരു നാമവുമുണ്ട്.

പാർവതിയുടെ താമസഭാവം ആണ് മഹാകാളി അഥവാ കാലരാത്രി. രക്തബീജൻ, ചണ്ഡമുണ്ഡൻ, ശുംഭനിശുംഭൻ എന്നീ അസുരന്മാരെ ഭഗവതി ഈ കാളീ രൂപത്തിൽ ആണ് വധിച്ചത്. നവരാത്രിയിൽ പരാശക്തിയുടെ കാലരാത്രി ഭാവമാണ് ഏഴാം ദിവസം ആരാധിക്കുന്നത്. ശിവൻ ആയുസ്സ് നൽക്കുമ്പോൾ പാർവ്വതി ശക്തി പ്രദാനം ചെയ്യുന്നു. ശിവൻ സംഹാര മൂർത്തി ആയ മഹാകാലേശ്വരൻ ആകുമ്പോൾ പാർവ്വതി (ദുർഗ്ഗ) മഹാകാളി ആയി മഹാദേവനെ സംഹാരക കർമ്മത്തിൽ സഹായിക്കുന്നു.

കാലരാത്രി ദേവിയാണ് നവഗ്രഹങ്ങളിൽ ശനിയുടെ നിയന്ത്രിതാവ്. അതിനാൽ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ ദോഷങ്ങൾ ദേവീപ്രീതിയിലൂടെ അകറ്റാനാകും.

പ്രാർത്ഥനകളും മന്ത്രങ്ങളും:
💗●➖➖●ॐ●➖➖●💗
ഏകവേണീ ജപാകര്‍ണ്ണപൂര നഗ്നാ ഖരാസ്ഥിതാ
ലംബോഷ്ഠീ കര്‍ണ്ണികാകര്‍ണ്ണീ തൈലാഭ്യക്തശരീരിണി
വാമപാദോല്ലസല്ലോഹ ലതാകണ്ടകഭൂഷണാ
വര്‍ധനമൂർധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയങ്കരി

''കരാളരൂപാ കാളാബ്ജസമാനാകൃതി വിഗ്രഹാ 
കാളരാത്രി ശുഭം ദദ്യാത് ദേവീ ചണ്ഡാട്ടഹാസിനീ ''



No comments:

Post a Comment