3 September 2024

കുമാരനല്ലൂര്‍ ഊരു ചുറ്റി വള്ളംകളി

കുമാരനല്ലൂര്‍ ഊരു ചുറ്റി വള്ളംകളി
💗●➖➖●ॐ●➖➖●💗
ഓണനാള്‍ കഴിഞ്ഞ് ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് കുമാരനല്ലൂര്‍ ഊരു ചുറ്റി വള്ളംകളി. കുമരാനല്ലൂര്‍ ഭഗവതി പ്രജകളുടെ ക്ഷേമം അന്വേഷിച്ച് ആണ്ടിലൊരിക്കല്‍ ഊരു ചുറ്റാനിറങ്ങുമെന്നണ് ഭക്തരുടെ വിശ്വാസം. ഭഗവതിയുടെ വാഹനമായ സിംഹത്തിന്റെ ബിംബത്തില്‍ ശക്തി ആവാഹിച്ച് ഒരു ചുരുളന്‍ വള്ളത്തിലാണ് ഈ ഊരു ചുറ്റല്‍. ദേവിക്കൊപ്പം നട്ടാശ്ശേരി, മള്ളൂശ്ശേരി, പെരുമ്പായിക്കാട്ടുശ്ശേരി, എന്നീ മൂന്നു കരക്കാര്‍ മറ്റു കളിവള്ളങ്ങളില്‍ ഈ സിംഹവാഹനത്തിന് അകമ്പടി സേവിക്കും. ഈ വള്ളങ്ങള്‍ സൂര്യകാലടി മനയിലെത്തി ഭട്ടതിരിപ്പാടില്‍ നിന്നും ദേവിക്കുള്ള വഴിപാട് സ്വീകരിക്കും. പിന്നീട് വഞ്ചിപ്പാട്ടുകള്‍ പാടിയുള്ള ഊരു ചുറ്റല്‍ ഘോഷയാത്രയാണ്.

ക്ഷേത്രത്തിന്റെ ആറാട്ടുകടവില്‍ നിന്ന് ആരംഭിച്ച് ക്ഷേത്രത്തിനെ ചുറ്റിയൊഴുകുന്ന മീനച്ചിലാറിന്റെ കൈവഴിയിലൂടെ അഞ്ചു മൈല്‍ ചുറ്റി ഘോഷയാത്ര ക്ഷേത്രക്കടവില്‍ തിരിച്ചെത്തും. ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളില്‍ കരക്കാര്‍ പറകളൊരുക്കി സ്വീകരിക്കും. ഉത്രട്ടാതി നാളിലാണ് കളിവള്ളങ്ങളുടെ അകമ്പടിയോടെ ഊരുചുറ്റുന്നത് എന്നതിനാല്‍ ഇതിനെ ഉത്രട്ടാതി ഊരു ചുറ്റി വള്ളം കളിയെന്നും പറയുന്നു. ഓടിവള്ളങ്ങളും, ചുണ്ടന്‍ വള്ളങ്ങളും ഇതില്‍ പങ്കെടുക്കാറുണ്ട്.

ഊരുചുറ്റി വള്ളംകളിക്ക് മറ്റൊരു ചരിത്ര കഥ കൂടിയിട്ടുണ്ട്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് 1749 ല്‍ തെക്കുകൂര്‍ ആക്രമിച്ച് കീഴടക്കി വേണാടിനൊപ്പം ചേര്‍ത്തിരുന്നു. അന്ന് തെക്കുംകൂറിനെ സഹായിക്കാന്‍ നട്ടാശ്ശേരി പെരുമ്പായിക്കാട്ടുശ്ശേരി, മള്ളൂശ്ശേരി, കരകളിലെ 3000 ത്തിലധികം പടയാളികള്‍ മുന്നിട്ടിറങ്ങിയിരുന്നുവത്രെ. ഈ പടനീക്കങ്ങള്‍ക്കായി തെക്കുംകൂര്‍ നിരവധി പോര്‍വള്ളങ്ങള്‍ പണി കഴിപ്പിച്ചിരുന്നു. യുദ്ധത്തില്‍ തോറ്റെങ്കിലും പോര്‍ വള്ളങ്ങള്‍ പിന്നീട് കളിവള്ളങ്ങളായി. അന്നത്തെ യുദ്ധത്തിന്റെ അനുസ്മരണ യാത്രയാണ് ഊരു ചുറ്റു വള്ളംകളിയെന്നും മറ്റൊരു വിശ്വാസം കൂടിയുണ്ട്. 

No comments:

Post a Comment