3 September 2024

കേരളത്തിലെ കലകള്‍‍‍‍ - 02

കേരളത്തിലെ കലകള്‍‍‍‍

ഭാഗം - 02

കുത്തിയോട്ടം
♦️➖➖➖ॐ➖➖➖♦️
ദക്ഷിണകേരളത്തിലെ ഭഗവതീക്ഷേത്രങ്ങളിൽ നടക്കുന്ന ഒരു ദ്രാവിഡ അനുഷ്ഠാനകലയാണ്‌ കുത്തിയോട്ടം. ചെട്ടികുളങ്ങര ശ്രീഭഗവതി ക്ഷേത്രം, ആറ്റുകാൽ ശ്രീഭഗവതി ക്ഷേത്രം, കാർത്തികപ്പള്ളി വലിയകുളങ്ങര ദേവി ക്ഷേത്രം തുടങ്ങി പല ശാക്തേയക്ഷേത്രങ്ങളിലും കുത്തിയോട്ടം നടത്തിവരുന്നു. ഭക്തജനങ്ങൾ ആദിപരാശക്തിക്ക് വഴിപാടായി നടത്തുന്ന ഒന്നാണ് ഇത്.

ചെട്ടികുളങ്ങരയുടെ പരിസരപ്രദേശങ്ങളിൽ നിരവധി കുത്തിയോട്ടസംഘങ്ങളും ആശാന്മാരും ഉണ്ട്. പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. ചിലയിടങ്ങളിൽ പുരുഷന്മാരും കുത്തിയോട്ടത്തിൽ പങ്കെടുക്കാറുണ്ട്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടം ​വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരുന്നു. കുത്തിയോട്ടത്തിൽ ആൺകുട്ടികൾക്ക് എല്ലാ അനുഷ്ഠാനപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രി മുതൽ ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവിൽ കുട്ടി വ്രതാനുഷ്ഠാനം ചെയ്യണം. ഈ ഏഴു ദിവസവും പരിശീലനം നടത്തുന്ന ഗൃഹത്തിൽ വരുന്ന എല്ലാ ആളുകൾക്കും സദ്യ ഉണ്ടാകും, പിന്നീട് ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര അങ്ങനെയാണ് ചെലവ് ലക്ഷങ്ങൾ വേണ്ടി വരുന്നത്. കുംഭഭരണി ദിവസം രാവിലെ ചൂരൽ മുറിയലിന് ശേഷം ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു.

ബാലന്മാരെ ഒരുക്കി തലയിൽ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യിൽ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തു പിടിച്ച്‌ കയ്യിൽ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും. പിന്നീട്‌ കുട്ടികളുടെ അരയിൽ സ്വർണ്ണമോ, വെള്ളിയോ കൊണ്ടു നിർമ്മിച്ച നൂൽ പുറമേ ചുറ്റുകയോ അല്ലെങ്കിൽ തൊലിക്കുള്ളിൽ കൂടി കൊരുത്തു കെട്ടുകയോ ചെയ്യുന്നു. ഇതാണ്‌ "ചൂരൽ മുറിയൽ" എന്ന ചടങ്ങ്. തൊലിക്കുള്ളിൽ കൂടി കൊരുക്കുന്നത് ചെറിയ മുറിവും വേദനയും ഉണ്ടാക്കുമെന്നതിനാൽ ഏറെ വിവാദമായ ഒരു ചടങ്ങ് ആണിത്.

വെഞ്ചാമരം കൊണ്ടു വീശിയും പനിനീർ തളിച്ചും ഘോഷയാത്രയായാണ്‌ ബാലന്മാരെ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. ലോഹനൂൽ ഊരിയെടുത്ത്‌ ഭഗവതിക്ക്‌ സമർപ്പിക്കുന്നതോടെ കുത്തിയോട്ടം അവസാനിക്കും.

ആറ്റുകാലിൽ ബാലന്മാർ അഞ്ചുദിവസം ക്ഷേത്രസന്നിധിയിൽ വ്രതാനുഷ്ഠാനത്തോടെ താമസിക്കുകയും പൊങ്കാല ദിവസം നടത്തുന്ന ചൂരൽമുറിയലിന് ശേഷം ഘോഷയാത്രയിൽ പങ്കെടുക്കുകയും ചെയ്യുന്നു. ഐശ്വര്യത്തിനും ഉയർച്ചക്കും വേണ്ടിയാണ് ഈ വഴിപാട് നടത്തുന്നത് എന്നാണ് വിശ്വാസം.

കൊല്ലം ജില്ലയിലെ പല ക്ഷേത്രങ്ങളിലും കുത്തിയോട്ടം എന്ന പേരിൽ പുരുഷന്മാർ നിലവിളക്ക് കൊളുത്തി വച്ചു ചുറ്റും കൂടിനിന്ന് പ്രത്യേകം ചിട്ടപ്പെടുത്തിയ ദേവീസ്തുതികൾ പാടി നൃത്തം ചെയ്യുന്നു. ഇവിടങ്ങളിൽ ചൂരൽമുറിയൽ പോലെയുള്ള ആചാരം നിലവിലില്ല. മഹിഷാസുരനുമായുള്ള യുദ്ധത്തിൽ ദേവിയുടെ വിജയം ആഘോഷിക്കുന്ന പരാശക്തിയുടെ ഭടന്മാർ ആണ് കുത്തിയോട്ടക്കാർ എന്നാണ് സങ്കല്പം.

വിവിധ കുത്തിയോട്ടങ്ങൾ
💗●➖➖●ॐ●➖➖●💗
ചെട്ടിക്കുളങ്ങരയിലും ആറ്റുകാൽ ക്ഷേത്രത്തിലും കുത്തിയോട്ടമുണ്ടെങ്കിലും അവ തമ്മിൽ നടത്തിപ്പിൽ വലിയ വൈജാത്യം ഉണ്ട്. ചെട്ടിക്കുളങ്ങരയിൽ കുത്തിയോട്ടം തികച്ചും വഴിപാടായാണ് നടത്തുന്നത്. ചൂലൽ മുറിയാനുള്ള കുട്ടികളെ വ്യക്തികൽ എറ്റെടുത്ത് എഴുദിവസത്തെ വ്രതത്തോടെ കുംഭഭരണി നാൽ ആഘോഷത്തോടെ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു. കൊല്ലം ജില്ലയിലും മറ്റും പുരുഷന്മാർ നിലവിളക്ക് വെച്ച് ദേവീസ്തുതികൾ ചൊല്ലി നൃത്തം ചെയ്താണ് കുത്തിയോട്ടം നടത്തുന്നത്. എന്നാൽ ആറ്റുകാൽ ക്ഷേത്രത്തിൽ കുത്തിയോട്ടത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ക്ഷേത്രത്തിലാണ് ഭജനമിരിക്കേണ്ടത്.

ചടങ്ങുകൾ
♦️●➖➖●ॐ●➖➖●♦️

ആചാര്യനെ തെരഞ്ഞേടുക്കൽ
💗●➖➖●ॐ●➖➖●💗
കുത്തിയോട്ടം വഴിപാടായി നേരുന്ന ഭക്തർ ആദ്യമായി യോഗ്യനായ അചാര്യന്റെ (ആശാൻ) നിശ്ചയിക്കുന്നു. യജ്ഞവിധിയറിയുന്നവനും, ഭയഭക്തിബഹുമാനത്തോടെ കാര്യങ്ങൾ നടത്തുന്നയാളൂം കർമ്മങ്ങളറിയുന്നയാളൂം അബ്രാഹ്മണനും ആയിരിക്കണം ഈ ആചാര്യൻ. അചാര്യനെ നിശ്ചയിച്ചാൽ ആചാര്യനെ കർമ്മം നടത്താൻ ആചാരപൂർവ്വം ഏൽപ്പിക്കണം. പിന്നീട് കുത്തിയോട്ടസംബന്ധിയായ എല്ലാകാര്യങ്ങളും ആചാര്യന്റെ അനുജ്ഞവാങ്ങി നിർദ്ദേശാനുസാരം വേണം നടത്തേണ്ടത്. കുത്തിയോട്ടം ആരംഭിക്കുന്നതിനുമുമ്പ് വഴിപാടുകാരൻ കുടുംബദേവത, ദേശദേവത്, ആരാധനാമൂർത്തികൾ, സർപ്പദൈവങ്ങൾ, പിതൃക്കൾ തുടങ്ങിയവർക്ക് യഥാവിധി വഴിപാടുനടത്തി അനുവാദം വാങ്ങണം. കൂടാതെ ഏതെങ്കിലും വിധത്തിൽ നേർന്നതും വിട്ടുപോയതുമായ എല്ലാ നേർച്ചകളും, വഴിപാടുകളും ഉണ്ടെങ്കിൽ അവയും തീർത്തിരിക്കണം.

കുട്ടികളെ തെരഞ്ഞെടുക്കൽ
💗●➖➖●ॐ●➖➖●💗
5 മുതൽ 7 വയസ്സുവരെയുള്ള അംഗവൈകല്യമോ, പകർച്ചവ്യാധിയോ ഇല്ലാത്ത വഴിപാടുകാരന്റെ സ്വന്തമോ രക്തബന്ധത്തിലുള്ളതോ ചാർച്ചയിലുള്ളതോ ആകണം ഈ കുട്ടികൾ. വഴിപാടുകാരന്റെ കുട്ടികളെയോ, ബന്ധുക്കളുടെ കുട്ടികളെയോ കിട്ടാതെ വരികയാണെങ്കിൽ മാത്രം അന്യ കുട്ടികളെ ദത്തെടുക്കാം. ഒരിക്കൽ ചൂരൽ മുറിഞ്ഞ ആളെ ഒരു കാരണവശാലും തെരഞ്ഞെടുത്തുകൂട. ശിവരാത്രി നാളിൽ രാവിടെ കുത്തിയോട്ട വഴിപാടുകാരന്റെ ഭവനത്തിൽ മാതാപിതാക്കൾ കുട്ടികളെ ഗണപതിഹോമത്തിൽ പങ്കെടുപ്പിച്ച് ആശാന്മാരും വഴിപാടുകാരുമൊത്ത് ക്ഷേത്രത്തിലെത്തി ക്ഷേത്രക്കുളത്തിൽ സ്നാനം ചെയ്യിച്ച് കുട്ടികളെ ചുവന്ന വസ്ത്രം ധരിപ്പിച്ച് ദേവീദർശനം നടത്തുന്നു. തുടർന്ന് മേൽശാന്തിക്ക് ദക്ഷിണനൽകി മാലവാങ്ങി കുട്ടികളെ അണിയിക്കുന്നു. കുട്ടികളും വഴിപാടുകാരും ചേർന്ന് ക്ഷേത്രത്തിനു വലം വച്ച് ഉപദേവതകളെ തൊഴുതുവന്ന് കുട്ടികളെക്കൊണ്ട് മാതാപിതാക്കൾക്കും ആശാന്മാർക്കും ദക്ഷിണനൽകി കുട്ടികളെ സ്വീകരിക്കുന്നു. ഈ ചടങ്ങാണ് ദത്തെടുക്കൽ. കുട്ടികളെയും കൊണ്ട് കെട്ടുകാഴ്ചാ നിർമ്മാണസ്ഥാനത്തെത്തി (കുതിരമൂട്ടിൽ) ദക്ഷിണ സമർപ്പിച്ച് കരനാഥന്മാരോട് തന്റെ വഴിപാട് മംഗളകരമാക്കിതരാൻ അപേക്ഷിക്കുന്നു.

കുത്തിയോട്ടം അനുഷ്ഠാനം
💗●➖➖●ॐ●➖➖●💗
ശിവരാത്രി നാളിൽ വഴിപാടുകാരന്റെ ഭവനത്തിൽ നിന്ന് കുട്ടികളെ ക്ഷേത്രദർശനം നടത്തിച്ച് വന്നശേഷം ആശാന്മാർക്ക് കൈമാറുന്നു. വഴിപാടുകാരന്റെ വീട് ഈ ദിവസങ്ങളിൽ ശുദ്ധമായിരിക്കണം. കുത്തിയോട്ടഭവനങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ദേവിയെ പത്മമിട്ട് ഒരു പീഠത്തിൽ ആവാഹിച്ചിരുത്തി ഒരു വാളും വെച്ചു പൂജ ചെയ്യുന്നു. ഗണപതി പൂജ ചെയ്ത ശേഷം പന്ത്രണ്ട് വിളക്കുകൾ സ്ഥാപിക്കുന്നു. ഇത് പന്ത്രണ്ട് രാശികളെ പ്രതിനിഥാനം ചെയ്യുന്നു. വിളക്ക് കൊളുത്തിയശേഷം ആശാന്മാർ കുട്ടികളെ ആരതി ഉഴിഞ്ഞ് മാലയിടീച്ച് കുത്തിയോട്ടകളത്തിലേക്ക് ആനയിക്കുന്നു. കുത്തിയോട്ട ആശാന്മാർ കുത്തിയോട്ട പ്പാട്ടും ചുവടുകളും ഈ കുട്ടികളെ പരിശീലിപ്പിക്കുന്നു എന്നാണ് സങ്കല്പം. ഗണപതി മണ്ഡപത്തിൽ വിളക്ക് വെക്കുമ്പോൾ ഭദ്രദീപം, ബ്രഹ്മാവിഷ്ണു മഹേശ്വ്രരന്മാർ, അഷ്ടദിക്പാലകന്മാർ, സർപ്പദൈവങ്ങൾ, പിതൃക്കൾ, ഉപാസനാമൂർത്തി എന്നിവർക്കും സങ്കല്പത്തിൽ വിളക്കൊരുക്കണം. കൂടാതെ നിലത്ത് ചാണകം മെഴുകി അരിപ്പൊടി, കുങ്കുമം, കരിപ്പൊടി, മഞ്ഞൾപൊടി, എന്നിവ കൊണ്ട് കളം വരച്ച് അതിനുചുട്ടും വാഴപ്പോളകൾ വച്ച് കുരുത്തോല മുറിച്ചു കുത്തി കളത്തിന്റെ മദ്ധ്യഭാഗത്തായി നെല്ല് നിറച്ച് പറവെച്ച് അതിൽ തെങ്ങിൻപൂക്കുല കുത്തിനിർത്തിയാണ് കളമൊരുക്കുന്നത്.

വേഷം
💗●➖➖●ॐ●➖➖●💗
പണ്ട് പട്ടും കുരുത്തോലയുമായിരുന്നു ചുവടാശാന്മാർ അണിഞ്ഞിരുന്നത്. 1106ൽ മുതുകുളം പരമേശ്വരൻപിള്ള, പുന്നൂർ വേലായുധൻ പിള്ള, വെന്നിയിൽ ശങ്കരപ്പിള്ള, കടവൂർ മാധവൻപിള്ള തുടങ്ങിയ ആശാന്മാർ അത് തോർത്തുമുണ്ടാക്കി. ഇന്ന് ഉപയോഗിക്കുന്ന കച്ചയും മുണ്ടും കൊല്ലവർഷം 1174ൽ ശ്രീലളിതാംബിക കുത്തിയോട്ടസൈതിയാണ് രൂപകല്പന ചെയ്തത്.

പാട്ടുകൾ
💗●➖➖●ॐ●➖➖●💗
ദേവിസ്തുതികളും ദേവിമഹാത്മ്യം കഥയുമാണ് കളത്തിൽ ആദ്യം പാടുന്നത്. കിരാതം, ബാണയുദ്ധം, ദക്ഷയാഗം, കുചേലവൃത്തം, കാളിയമർദ്ദനം, നൈഷധം, ശാകുന്തളം ദാരികവധം, അയ്യപ്പചരിതം തുടങ്ങി പുരാണകഥകളും, കെട്ടുകാഴ്ചാ വിവരണങ്ങളും കുമ്മിപാട്ടുകളും പാടാറുണ്ട്. കുത്തിയോട്ടത്തിന്റെ അവസാനദിവസമായ രേവതിനാളിൽ രാത്രിയിൽ ഭക്തർക്ക് പവഴിപാട് സമർപ്പിക്കാൻ ക്ഷണിക്കുന്ന പൊലിവുപാട്ടുകൾ പാടുന്നു. പിന്നീട് മംഗളം പാടി ഏഴുരാത്രികളിൽ ഭക്തിയിലാറാടിച്ച ചടങ്ങു അവസാനിപ്പിച്ച് അശ്വതി നാളിൽ കരക്കാർക്ക് സദ്യ നൽകുന്നു. പിന്നീറ്റ് കോതുവെട്ട് എന്ന ചടങ്ങാണ്

കോതുവെട്ട്
💗●➖➖●ॐ●➖➖●💗
അശ്വതി നാളിൽ സദ്യക്ക് ശേഷം സന്ധ്യക്ക്‌ മുമ്പായി കുത്തിയോട്ട കുട്ടികളെ പച്ചോല മെടഞ്ഞ് അതിലിലുത്തി അവരുടെ തലമുടി പ്രത്യേകരീതിയിൽ മുറിക്കുന്ന ചടങ്ങാണ് കോതുവെട്ട്. അതിനുശേഷം കുട്ടിയെ വാഴയിലയിൽ നിർത്തി മഞ്ഞൾ കലക്കിയ വെള്ളത്തിൽ വേപ്പിലയിട്ട് അവരുടെ ദേഹത്ത് ധാരകോരുന്നു. പിന്നീട് ബാലകരെ പാളകൊണ്ടുള്ള പാദുകമണിയിച്ച് മറ്റാരും സ്പർശിക്കാതെ വായ്ക്കുരവയിട്ട് കുത്തിയോട്ടമണ്ഡപത്തിലേക്ക് ആനയിച്ച് അലക്കി വെളുപ്പിച്ച വെള്ളത്തുണിയിൽ ഇരുത്തുന്നു. തുടർന്ന് വഴിപാടുകാരനും ഭക്തരും ചുറ്റുമിരുന്ന് പുലരും വരെ ഭഗവതീസ്തുതികൾ പാടുന്നു.

കുത്തിയോട്ടക്കളരികൾ
💗●➖➖●ॐ●➖➖●💗
ശ്രീദേവി കുത്തിയോട്ട സമിതി, ആഞ്ഞിലിപ്ര

ശ്രീദേവിവിലാസം കുത്തിയോട്ട സമിതി, ഈരെഴ വടക്ക്, ചെട്ടിക്കുളങ്ങര

ശൈലനന്ദിനി കുത്തിയോട്ട സമിതി

ശ്രീഭദ്ര കുത്തിയോട്ട സമിതി

ഓം ശക്തി കുത്തിയോട്ട സമിതി, കടവൂർ

ശിവരഞ്ജനി കുത്തിയോട്ട സമിതി,പൊന്നേഴ

ശ്രീ ലളിതാംബിക കുത്തിയോട്ട സമിതി, ചെട്ടികുളങ്ങര

കൈതതെക്ക് കുത്തിയോട്ടസംഘം, കൈത തെക്ക്.

പരിശീലനം
💗●➖➖●ॐ●➖➖●💗
പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. ചിലയിടങ്ങളിൽ പുരുഷന്മാരും കുത്തിയോട്ടത്തിൽ പങ്കെടുക്കാറുണ്ട്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. 'തന്നനാ താനനാ' എന്ന രീതിയിലുള്ള ഈ പാട്ടുകൾ മധ്യതിരുവിതാംകൂർകാർക്ക് പരിചിതമാണ്. ആദ്യകാലത്ത് ഈ കലാരൂപം ചെട്ടികുളങ്ങരയുടെ പരിസരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. എന്നാൽ പിന്നീട് മറ്റു വിദൂര സ്ഥലങ്ങളിലും ഉള്ള ആളുകൾ ഈ വഴിപാട് നടത്തുവാൻ തുടങ്ങി. അങ്ങനെ മറ്റ് സ്ഥലങ്ങളിലേക്കും ഇതു വ്യാപിക്കുവാൻ തുടങ്ങി.

കുത്തിയോട്ടക്കുമ്മി
💗●➖➖●ॐ●➖➖●💗
കുത്തിയോട്ടത്തിനുപയോഗിക്കുന്ന പ്രത്യേകമായി ചിട്ടപ്പെടുത്തിയ പാട്ടുകളെ കുത്തിയോട്ടക്കുമ്മികൾ എന്നു പറയുന്നു. ആദ്യകാലങ്ങളിൽ കുമ്മിരീതിയിലുള്ള പാട്ടുകൾ ഉണ്ടായിരുന്നില്ല. കുത്തിയോട്ടത്തിന് ദ്രുത രീതിയിലുള്ള ചലനങ്ങൾ നൽകുവാനായി പിന്നീട് കുമ്മിശൈലിയിലുള്ള പാട്ടുകൾ കൂടി ഉണ്ടായി. ഈ പാട്ടുകൾ പ്രധാനമായും പരാശക്തിയുടെ മാഹാത്മ്യങ്ങളെ പ്രകീർത്തിച്ചു കൊണ്ടുള്ളതാണ്. കുത്തിയോട്ടപാട്ടുകളെ ജനപ്രിയമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച കലാകാരനാണ് വിജയരാഘവക്കുറുപ്പ്.





No comments:

Post a Comment